July 10, 2025 |

ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണം;പ്രതിക്കെതിരെ കൊലക്കുറ്റമില്ല

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുന്നത്

ചോറ്റാനിക്കര ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല. പ്രതി അനൂപിനെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുക്കാനാണ് പൊലീസ് തീരുമാനം. പ്രതിക്ക് പെൺകുട്ടിയെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുന്നത്. കഴുത്തിലിട്ട കുരുക്ക് കാരണമാണ് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോള്‍ ഷാള്‍ കത്തി ഉപയോഗിച്ച് മുറിച്ചത് കൊല്ലാൻ ഉദ്ദേശമില്ലാത്തതിനാലാണെന്നും പൊലീസ് വിശദീകരിച്ചു. അതിനാൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല.

മരണം സംഭവിക്കും എന്ന് അറിഞ്ഞിട്ടും വായും മൂക്കും പൊത്തിപ്പിടിച്ചതിനാലും, വൈദ്യസഹായം നല്‍കാന്‍ സാധിക്കുമായിരുന്നിട്ടും ചെയ്യാഞ്ഞതിനാലുമാണ് പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്തിരിക്കുന്നത്.

ഇതിനിടെ പ്രതി അനൂപിന്റെ മൊഴി പുറത്ത് വന്നിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രിയും അനൂപ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു എന്നാണ് മൊഴി. വീട്ടിൽ വെളിച്ചം കണ്ടപ്പോൾ പെൺകുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതി. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രതി അനൂപിനെ പൊലീസ് അയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പൊലീസിന് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.

പെൺകുട്ടിയെ അതിക്രൂരമായി ആക്രമിച്ച ഞായറാഴ്ച രാത്രിയും പ്രതി അനൂപ് വീട്ടിലെത്തിയിരുന്നു. വീടിനകത്തേക്ക് കയറിയില്ല. വീട്ടിൽ വെളിച്ചം കണ്ടതിനെ തുടർന്ന് ഇയാൾ തിരിച്ചു പോയി. കുട്ടിക്ക് പ്രശ്നമൊന്നുമില്ലെന്ന് കരുതിയാണ് വീട്ടിലേക്ക് തിരികെ പോയതും ഒളിവിൽ പോകാതിരുന്നത് എന്നും ആണ് അനൂപ് പൊലീസിന് നൽകിയ മൊഴി.

പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിക്രൂരമായ ആക്രമണത്തിന് കുട്ടി ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ഷാൾ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണ് ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. വീട്ടിലെ പൊതുദർശനത്തിനു ശേഷം ഉച്ചക്ക് ശേഷം മൃതദേഹം തൃപ്പൂണിത്തുറ പള്ളിയിൽ സംസ്കരിച്ചു. അനൂപിനെതിരെ നരഹത്യക്കുറ്റം കൂടി പൊലീസ് ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

content summary; chottanikkara pocso case; Anoop’s statement out

Leave a Reply

Your email address will not be published. Required fields are marked *

×