UPDATES

സിനിമ

മലയാളത്തിന് അഭിമാനിക്കാം; മൂത്തോനും ജെല്ലിക്കെട്ടും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

രണ്ടുവര്‍ഷം മുമ്പ് അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ എത്തിയ ‘പിന്നെയും’ എന്ന ചിത്രമാണ് ഒടുവിൽ ഈ മേളയിൽ പ്രദര്‍ശിപ്പിച്ച മലയാള ചിത്രം

                       

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ഗീതു മോഹൻദാസിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ മൂത്തോനും ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന്. ഫെസ്റ്റിവലിലെ കണ്ടംപററി വേൾഡ് സിനിമ വിഭാഗത്തിലാണ് ജെല്ലിക്കെട്ട് പ്രദർശിപ്പിക്കുക. മൂത്തോൻ സ്പെഷ്യൽ പ്രസൻ്റേഷൻസ് വിഭാഗത്തിലും പ്രദർശിപ്പിക്കും.

രണ്ടുവര്‍ഷം മുമ്പ് അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ എത്തിയ ‘പിന്നെയും’ എന്ന ചിത്രമാണ് ഒടുവിൽ ഈ മേളയിൽ പ്രദര്‍ശിപ്പിച്ച മലയാള ചിത്രം. സെപ്റ്റംബര്‍ 5 മുതൽ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

ജല്ലിക്കെട്ട്’ എന്ന പേര് പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടിലെ കാളപ്പോരായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്നാണ് എല്ലാവരുടേയും ചോദ്യം. എന്നാല്‍ സിനിമയുടെ പ്രമേയം ഇതുവരെ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിട്ടില്ല. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് ലിജോ ജോസ് പെല്ലിശ്ശേരി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ആന്‍റണി വര്‍ഗീസും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തും. ഹരീഷ് എഴുതിയ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

നിവിൻ പോളി നായകനാകുന്ന മൂത്തോൻ ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു 14 വയസുകാരന്‍ യുവാവിന്റെ കഥയാണ് പറയുന്നത്. ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, ശോഭിത ധുളിപാല, റോഷന്‍ മാത്യു, എന്നിവരാണ് മറ്റ് താരങ്ങള്‍.

ചിത്രത്തിന്‍റെ ഹിന്ദി ഡയലോഗുകള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായന്‍ അനുരാഗ് കാശ്യപാണ്. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്.

മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നിവര്‍ക്കൊപ്പം അനുരാഗ് കശ്യപും ചിത്രത്തിന്‍റെ നിര്‍മാണ രംഗത്തുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. നിവിന്‍ പോളിക്ക് പുറമെ റോഷന്‍ മാത്യു ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ലോകത്തിലെ ഏറ്റവും ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ടൊറന്‍റോ ഫിലിം ഫെസ്റ്റിവല്‍ ( ടി ഐ എഫ് എഫ്). 40 വർഷം പാരമ്പര്യമുള്ള ഈ മേളയിൽ ഒട്ടേറെ മലയാള സിനിമകൾ ഇതിനു മുൻപും പ്രദർശിപ്പിച്ചിട്ടുണ്ട്. വർഷം തോറും 480,000 ആളുകൾ ഈ ചലച്ചിത്രോത്സവത്തിൽ പങ്കാളികളാകാറുണ്ട്. 1976-ൽ സ്ഥാപിതമായതിനു ശേഷം ടിഎഫ്എഫ്എഫ് ബെൽ ലൈറ്റ് ബോക്സ് (TIFF Bell Lightbox), സിനിമാ സംസ്കാരത്തിന്റെ ഒരു ചലനാത്മക കേന്ദ്രമായി മാറിക്കഴിഞ്ഞു. പുതിയ റിലീസുകൾ, ലൈവ് ഫിലിം ഇവന്‍റുകൾ, സംവേദനാത്മക ഗാലറി ടി എഫ്എഫ്എഫ് ബെൽ ലൈറ്റ് ബോക്സ് സ്ക്രീനിംഗ്, പ്രഭാഷണങ്ങൾ, ചർച്ചകൾ, ഉത്സവങ്ങൾ, വർക്ക്ഷോപ്പുകൾ, വ്യവസായ പിന്തുണ എന്നിവയും കാനഡയിൽ നിന്നും ലോകത്തെമ്പാടും സിനിമാ നിർമാതാക്കളെ കണ്ടുമുട്ടാനുള്ള അവസരവും ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന്‍റെ പ്രത്യേകതയാണ്.

READ MORE: നദികള്‍ വഴിമാറി, ഒരാഴ്ചയായി നിലമ്പൂര്‍ മുണ്ടേരിയിലെ ആദിവാസികള്‍ കാട്ടിനുള്ളില്‍, ഭക്ഷണം കിട്ടിയത് രണ്ട് തവണ; വിവരം പുറത്തെത്തിച്ചത് ചാലിയാര്‍ നീന്തിക്കടന്നെത്തിയ യുവാക്കള്‍

Share on

മറ്റുവാര്‍ത്തകള്‍