UPDATES

സിനിമ

സമരം നടത്തി സിനിമയെ തോല്‍പ്പിക്കുന്ന സംഘടനകള്‍; സത്യന്‍ അന്തിക്കാടിനു പറയാനുള്ളത്

ഉത്സവ അവധിക്കാലങ്ങളില്‍ സിനിമ സമരം പാടില്ലെന്നു സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം

                       

ക്രിസ്മസ്‌കാല റിലീസ് മുടക്കിയ സംഘടന സമരത്തെ ചോദ്യം ചെയ്തു സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സമരത്തിന്റെ പേരില്‍ ചാനലുകളില്‍ സ്വന്തം മുഖവും ശബ്ദവും പ്രദര്‍ശിപ്പിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം വെറും തര്‍ക്കങ്ങളും ചര്‍ച്ചകളും മാത്രം നടത്തി ആനന്ദം അനുഭവിച്ച സംഘടന നേതാക്കള്‍ തോല്‍പ്പിച്ചത് മലയാള സിനിമയെയാണെന്നു മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ തനിക്കുള്ള വേദന പ്രകടിപ്പിച്ചുകൊണ്ട് സത്യന്‍ അന്തിക്കാട് എഴുതുന്നു.

മോഹന്‍ലാലിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും ജയസൂര്യയുടെയും എല്ലാം സിനിമകള്‍ മാറിമാറി കാണാം എന്നാഗ്രഹിച്ച പ്രേക്ഷകരെ തിയേറ്റര്‍ വളപ്പില്‍ നിന്നും അകറ്റിനിര്‍ത്തിയാണ് തിയേറ്ററുകാരുടെ സംഘടന ശക്തി തെളിയിച്ചതെന്ന വിമര്‍ശനത്തോടെയാണ് സത്യന്‍ ലേഖനം തുടങ്ങുന്നത്. സര്‍ക്കാരും സിനിമാപ്രവര്‍ത്തകരും പ്രേക്ഷകനും അവര്‍ക്കു മുന്നില്‍ തോറ്റുപോയതായും സത്യന്‍ നിസ്സഹായതയോടെ കുറിക്കുന്നു.

ക്രിസ്തുമസ് പോലെ ഉത്സവകാല സമയത്ത് തന്നെ ഇങ്ങനെയൊരു സമരം നടത്താനുള്ള തീരുമാനത്തിനു പിന്നില്‍ ഒരു സമ്മര്‍ദ്ദ തന്ത്രമുണ്ടെന്നാണു സത്യന്‍ പറയുന്നത്. അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. ഓരോ സംഘടനയ്ക്കും അവരവരുടെ ന്യായങ്ങള്‍ ഉണ്ടാകാം. അതുമുഴുവന്‍ കച്ചവടക്കാരന്‍ അല്ലാത്ത ഒരു സംവിധായകന് മനസിലാകണം എന്നില്ല. പക്ഷേ മനസിലാകുന്ന ഒന്നുണ്ട്- പിടിച്ചു നിര്‍ത്തി വിഹിതം വാങ്ങുന്നതിന് ഈ അവധിക്കാലം തന്നെ എന്തിനു തെരഞ്ഞെടുത്തു? സത്യന്‍ ചോദിക്കുന്നു.

കഴിഞ്ഞ ഏഴെട്ടു കൊല്ലത്തിനിടയില്‍ സിനിമ വ്യവസായം ലാഭത്തിലേക്കു നീങ്ങിയ വര്‍ഷമായിരുന്നു 2016. തിയേറ്ററുകള്‍ കല്യാണമണ്ഡപങ്ങള്‍ ആകുന്നു എന്ന ആരോപണത്തിനു മാറ്റം വരികയും കല്യാണമണ്ഡപങ്ങള്‍ തിയേറ്ററുകള്‍ ആവുന്നതും കണ്ട വര്‍ഷമായിരുന്നു ഇതെന്നു സത്യന്‍ പറയുന്നു. ടി വിയുടെ മുന്നില്‍ നിന്നും ആളുകള്‍ തിയേറ്ററില്‍ എത്തിയതും വ്യാജസിഡികള്‍ പോലും ആളുകള്‍ കാണാതായതും ഈ വര്‍ഷം കണ്ടു. അല്‍പമെങ്കിലും ആസ്വദിക്കാവുന്ന സിനിമകളൊന്നും പ്രേക്ഷകര്‍ കൈവിട്ടില്ല. എണ്‍പതിനുശേഷം വീണ്ടുമൊരു സുവര്‍ണകാലം എന്ന പ്രതീക്ഷ നിറഞ്ഞു നില്‍ക്കുമ്പോഴാണ് എല്ലാ ഉത്സാഹവും തല്ലിക്കെടുത്തി കൊണ്ട് കരിനിഴല്‍പോലെ ഒരു സമരം വന്നുവീഴുന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

സമരം സംഘടനേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടാകുന്നതാണെന്ന കുറ്റപ്പെടുത്തലിന്റെ ധ്വനിയും സത്യന്റെ കുറിപ്പില്‍ ഉണ്ട്. ആവേശപൂര്‍വം എടുക്കുന്ന തീരുമാനങ്ങളില്‍ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കു ചിലപ്പോള്‍ തെറ്റുപറ്റിയേക്കാം. അതു തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍, അല്‍പം വൈകിയാണെങ്കില്‍പ്പോലും തിരുത്താനുള്ള ബാധ്യത സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്കുണ്ട്. അതിനു മടിച്ചുനില്‍ക്കരുത്; സത്യന്‍ ഓര്‍മപ്പെടുത്തുന്നു.

ഇത്തരം സമരങ്ങളില്‍പ്പെട്ട് ഞെരുങ്ങിപ്പോകുന്നവരെ കുറിച്ചും സത്യന്‍ സംഘടന നേതാക്കന്മാരെ ഓര്‍മപ്പെടുത്തുന്നുണ്ട്. റിലീസിംഗ് മുടങ്ങിയിരിക്കുന്ന നാലു സിനിമകളുടെ നിര്‍മാതക്കളുടെ കാര്യമാണ് സത്യന്‍ പറയുന്നത്. കുത്തക മുതലാളിമാര്‍ ആരുമല്ല ഈ സിനിമകളൊന്നും നിര്‍മിച്ചിരിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങളുടെ നിര്‍മാതാവ് സേതു മണ്ണാര്‍ക്കാടിനു വര്‍ഷങ്ങളോളം സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ജോലി നോക്കിയതിന്റെ പരിചയം മാത്രമാണു കൈമുതല്‍. നല്ല സിനിമയുടെ ഭാഗമാകണം എന്നാഗ്രഹിച്ചു വന്നൊരാളിന്റെ ആദ്യ ചിത്രത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടതെന്നാണു ചോദ്യം. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍ നിര്‍മിച്ചിരിക്കുന്ന സോഫിയ പോളും നിര്‍മാണരംഗത്ത് താരതമ്യേന പുതുമുഖമാണ്. ഫുക്രിക്കുവേണ്ടി പണം മുടക്കിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ സിദ്ദിഖും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നാണ്. ഇവരാരും തിയേറ്റര്‍ സംഘടനയുടെ ശത്രുക്കളല്ലെന്നോര്‍ക്കണമെന്നും സത്യന്‍ എഴുതുന്നു.

സര്‍ക്കാരിന് നികുതിയിനത്തില്‍ നല്ലൊരു തുകയാണ് സിനിമവ്യവസായത്തിലൂടെ കിട്ടുന്നത്. സമരം മൂലം ഈ ഉത്സവകാലത്ത് സര്‍ക്കാരിനു കിട്ടേണ്ടിയിരുന്ന കോടികളാണ് നഷ്ടമായത്. ഇതും കൂടി മുന്നില്‍ കണ്ടായിരിക്കണം സിനിമ മന്ത്രി എ കെ ബാലന്‍ മാന്യമായ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവച്ചത്-നിലവിലുള്ള രീതിയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക, ക്രിസ്തുമസ് അവധിക്കാലം നഷ്ടപ്പെടുത്താരിക്കുക, തര്‍ക്കങ്ങള്‍ ഒരു കമ്മറ്റിയെവച്ചോ കമ്മിഷനെവച്ചോ ചര്‍ച്ച ചെയ്തുവേഗം പരിഹരിക്കാം- എന്നിവയായിരുന്നു മന്ത്രി മുന്നോട്ടുവച്ച കാര്യങ്ങള്‍. മറ്റെല്ലാ സംഘടനകളും ഈ കാര്യങ്ങള്‍ അംഗീകരിച്ചപ്പോഴും തിയേറ്റര്‍ ഉടമകളുടെ സംഘടന മാത്രം എതിര്‍പ്പ് പ്രകടിപ്പിച്ചതെന്തിനാണെന്നു സത്യന്‍ ചോദിക്കുന്നു. ജുഡീഷ്യല്‍ സ്വഭാവമുള്ള ഒരു കമ്മിഷനെ എന്തിനാണവര്‍ പേടിക്കുന്നത്?

തന്റെ സിനിമയായ ജോമോന്റെ സുവിശേഷങ്ങളുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളിലെ ആദ്യവരുമാനത്തിന്റെ നേര്‍പകുതി വേണമെന്ന ആവശ്യം തീയേറ്റര്‍ ഉടമകള്‍ ഉന്നയിച്ചിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു വ്യവസ്ഥ പാലിച്ചുകൊണ്ട് ഒരു സിനിമ നിര്‍മിക്കണമോയെന്നു നിര്‍മാതാാവിന് ആലോചിക്കാമായിരുന്നു. ഡിസംബര്‍ 15 വരെയുണ്ടായിരുന്ന നിലപാടില്‍ നിന്നും പെട്ടെന്നൊരു മാറ്റം ഉണ്ടാകാന്‍ തക്ക കാരണങ്ങളും ആരുടെ മുന്നിലും ഉണ്ടായിരുന്നില്ലെന്നും സത്യന്‍ തിയേറ്റര്‍ സംഘടനയുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്തുകൊണ്ട് ഉന്നയിക്കുന്നു.

സര്‍ക്കാരിനു മുന്നില്‍ ഒരപേക്ഷ എന്ന നിലയില്‍ ചില കാര്യങ്ങള്‍ കൂടി സത്യന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയ ഉത്സവകാലങ്ങളില്‍ ഒരു കാരണത്തിന്റെ പേരിലും സിനിമസമരങ്ങള്‍ പാടില്ലെന്നു സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാണു സത്യന്‍ അന്തിക്കാടിന്റെ ആവശ്യം.

കേരളത്തിലെ കുടുംബങ്ങളുടെ ചെറിയ ആഘോഷമാണ് സിനിമ. അത് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുരുത്; സത്യന്‍ അഭ്യര്‍ത്ഥിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍