June 26, 2026 |
Share on

‘ഓട്ടര്‍ഷയ്ക്ക് തീവണ്ടി എന്ന് പേരിടാന്‍ പറ്റില്ലാലോ’; അനുശ്രീ നായികയാവുന്ന ‘ഓട്ടര്‍ഷ’യുടെ ട്രെയിലര്‍

ചിത്രത്തിൻ്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്.

നടി അനുശ്രീയെ കേന്ദ്ര കഥാപാത്രമാക്കി ഛായാഗ്രഹകനും സംവിധായകനുമായ സുജിത് വാസുദേവ് ഒരുക്കുന്ന ഓട്ടര്‍ഷയുടെ ട്രെയ്ലര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. ചിത്രത്തിൽ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ ഒഴികെ ചിത്രത്തിലെ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്.

നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷയുമായി നമ്മളെ കൂട്ടുവാന്‍ അവള്‍ വരുന്നു… നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ ‘സുധി’യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്’ എന്ന ക്യാപ്ഷനോടുകൂടിയാണ് മോഹന്‍ലാല്‍ വീഡിയോ പുറത്തുവിട്ടത്.

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിൽ റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൻ്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്.

ജെയിംസ് ആൻ്റ് ആലീസ് എന്ന ചിത്രത്തിന് ശേഷം ക്യാമറാമാൻ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നവംബര്‍ 23നാണു ചിത്രം പുറത്തിറങ്ങുക. ലാല്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള എല്‍.ജെ. ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×