വിവരാവകാശ നിയമത്തിൽ പൗരന്മാരുടെ അവകാശത്തിന് കടിഞ്ഞാണിട്ട് സംസ്ഥാന സർക്കാർ. സംസ്ഥാന വിജിലൻസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. പൗരന്മാര്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങള്‍ നേടാനും അവയുടെ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ആർടിഐയിൽ നിന്നും ഓരോ വിഭാഗങ്ങൾ ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവാദമായ കേസുകളുടെ രേഖകൾ ജനങ്ങൾ ആവശ്യപ്പെടുന്നത് കണക്കിലെടുത്താണ് പുതിയ നീക്കമെന്നാണ് ലഭിക്കുന്ന വിവരം. വിവരാവകാശ നിയമത്തിലെ 24-ാം വകുപ്പ് പ്രകാരം വിജിലൻസിനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് ജനുവരിയിൽ വിജലൻസ് ഡയറക്ടർ കത്ത് നൽകിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട ഫയൽ നിയമവകുപ്പിൻ്റെ പരിഗണനയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാലക്രമേണ ഓരോ വിഭാഗങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നത്, ജനങ്ങൾക്ക് ഭരണസംവിധാനത്തിലുള്ള സുതാര്യതയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് പൗരന്മാരുടെ അവകാശത്തെ ലംഘിക്കുന്നതാണെന്നും രാജ്യസുരക്ഷയെ ബാധിക്കാത്ത കാര്യങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ലിറ്റോ പാലത്തിങ്കൽ അഴിമുഖത്തോട് പറഞ്ഞു.
‘വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശം തന്നെ സുതാര്യതയാണ്. അങ്ങനെയൊരു നിയമം പാർലമെന്റ് പാസാക്കുമ്പോൾ അതിൽ ഏതൊക്കെ ഉൾപ്പെടാം ഉൾപ്പെടുത്താൻ കഴിയില്ല എന്ന കാര്യങ്ങൾ തുടക്കത്തിൽ തന്നെ വ്യക്തമാക്കേണ്ടതാണ്. അന്ന് എന്തുകൊണ്ട് സംസ്ഥാന വിജിലൻസ് വിഭാഗത്തെ വിവരാവകാശത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയില്ല?
നിയമം പാസാക്കിയപ്പോൾ സർക്കാരുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾ ആർടിഐയിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് അന്ന് ഒഴിവാക്കിയിരുന്നത്. പാർലമെന്റ് ഒഴിവാക്കാത്ത കാര്യങ്ങൾ പൗരന്മാർക്ക് അറിയാൻ അവകാശമുണ്ട് എന്നാണ് അതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
അതേസമയം, പിന്നീട് ഓരോ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പല വിഭാഗങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുകയാണ്. സർക്കാർ ഓഫീസുകളിൽ പോയി അന്വേഷിച്ച് ലഭിക്കുന്ന വിവരങ്ങൾ മാത്രമേ ഒരു സാധാരണക്കാരന് ഭരണസംവിധാനത്തെക്കുറിച്ച് അറിയാൻ കഴിയുകയുള്ളൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. അവിടെയാണ് ഇത്തരം ഒഴിവാക്കലുകളുടെ അപകടമിരിക്കുന്നത്. നികുതി നൽകുന്ന പൗരന്മാർക്ക് അവരുടെ സർക്കാരിനെക്കുറിച്ച് അറിയാനുള്ള അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
വിജിലൻസിലായാലും പൊലീസിലായാലും അന്വേഷണവുമായി ബന്ധപ്പെട്ട ചാർജ് ഷീറ്റും എഫ്ഐആറും ചോദിക്കുമ്പോൾ കേസ് ഡയറിയിലെ കാര്യങ്ങൾ ചോദിക്കാൻ കഴിയില്ലല്ലോ. അതായത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണം ഒന്നും വിവരാവകാശ നിയമം വഴി നമുക്ക് ലഭിക്കില്ല. അത്തരത്തിലുള്ള വിവരങ്ങൾ പുറത്തുപോകുന്നത് അപകടം തന്നെയാണ്. അതേസമയം, ഒരു വിഭാഗത്തിലെ ഏതൊക്കെ വിവരങ്ങൾ വിവരാവകാശ നിയമം വഴി ലഭിക്കില്ല എന്ന കാര്യമാണ് വ്യക്തമാക്കേണ്ടത്. അന്വേഷണ സംബന്ധമായ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പറയാൻ കഴിയില്ല, അന്വേഷണം പൂർത്തീകരിച്ചിട്ടില്ല, കുറ്റപത്രം സമർപ്പിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങൾ അറിയിക്കുകയാണെങ്കിൽ രാജ്യത്തെ പൗരന് അത് മനസിലാക്കാൻ സാധിക്കും. അല്ലാതെ പൂർണമായി ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ശരിയായ നടപടിയല്ല. ഓരോ സമയത്തും ഓരോ അമെൻഡ്മെന്റിലൂടെ കൊണ്ട് വരുന്ന കാര്യങ്ങൾ സത്യസന്ധമായ ആവശ്യത്തെ ബാധിക്കുമെന്നതാണ് ഇവിടെ ഉയരുന്ന പ്രധാന പ്രശ്നം’, അഡ്വ. ലിറ്റോ പാലത്തിങ്കൽ അഴിമുഖത്തോട് പറഞ്ഞു.
അന്വേഷണം നടക്കുന്ന കേസുകളുടെ രഹസ്യസ്വഭാവത്തെ ബാധിക്കുന്നതിനാലാണ് വിജിലൻസ് വിഷയത്തിൽ ആർടിഐ നൽകാൻ കഴിയില്ലെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം, ഇത്തരം ഒഴിവാക്കലുകളിലൂടെ ജനങ്ങൾക്ക് അർഹതയുള്ള വിവരം പോലും ലഭിക്കാതെ വരുന്നുവെന്ന് ആർടിഐ ആക്ടിവിസ്റ്റ് രാജു വാഴക്കാല അഴിമുഖത്തോട് പ്രതികരിച്ചു.
‘വിവരാവകാശ നിയമം പാസാക്കുന്ന സമയത്ത് ഏകദേശം 20 ഓളം വിഭാഗങ്ങളെ ആർടിഐയുടെ പരിധിയിൽ നിന്നും മാറ്റിയിരുന്നു. ആഭ്യന്തര വകുപ്പ്, സിബിഐ, ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയവ ഒഴിവാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നവയാണ്. ക്രൈം റെക്കോർഡ്സ് ബ്യൂറോയും അത്തരത്തിൽ സംസ്ഥാന സർക്കാർ ഒഴിവാക്കപ്പെട്ടവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇത്തരം വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പൗരന് അർഹതയുള്ള വിവരങ്ങളും രേഖകളും നൽകണമെന്നാണ് നിയമം. എന്നാൽ, അത് പോലും ആർടിഐ ഫയൽ ചെയ്യുമ്പോൾ ലഭിക്കുന്നില്ല. കേസുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നുമല്ല ആവശ്യപ്പെടുന്നത്. മറിച്ച് എണ്ണമാണ് ഞാൻ അറിയാൻ ശ്രമിച്ചത്. റോഡിലെ മരം മുറിഞ്ഞ് വീണ് എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ട്, ഇതിന് എന്താണ് മറുപടി നൽകാൻ തടസം? അന്വേഷണത്തിലിരിക്കുന്ന കേസിന്റെ വിവരങ്ങൾ പുറത്തുപോകുന്നതിലെ ആശങ്കയാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതിന്റെ മറവിൽ യാതൊരു വിവരങ്ങളും ലഭിക്കാതെയാവുകയാണ്. വിഷയത്തിൽ ഞാൻ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കോടതിയിൽ നിന്ന് ഉത്തരവ് വന്നാൽ മാത്രമാണ് ഇനി ഇതിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയുകയുള്ളൂ. മോദി സർക്കാർ വന്നതിന് ശേഷം ആർടിഐയുടെ നിരവധി വകുപ്പുകൾ അമെൻഡ് ചെയ്തിട്ടുണ്ട്. ഓൺലൈൻ ആയി അപേക്ഷിക്കുമ്പോൾ പലതും തുറക്കാൻ പോലും പറ്റാത്ത രീതിയിലാണുള്ളത്’, രാജു വാഴക്കാല അഴിമുഖത്തോട് പറഞ്ഞു.
വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ചാൽ അഴിമതി കുറയ്ക്കാനും ഭരണത്തില്‍ നിയമപരവും കാര്യനിര്‍വ്വഹണപരവുമായ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നത് തന്നെയാണ് ആർടിഐയിലുള്ള ജനങ്ങളുടെ വിശ്വാസം. എന്നാൽ, ഇത്തരം ഒഴിവാക്കലുകൾ തങ്ങളെ ഭരിക്കുന്ന സർക്കാരുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശത്തെ പോലും ഇല്ലാതാക്കുന്നു. പുതിയ നീക്കത്തെ സംസ്ഥാന വിവരാവകാശ കമീഷണർ എതിർക്കുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
Content Summary: Citizens have the right to know; exemptions from the Right to Information Act are a violation of rights
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.