ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി പ്രതിഷേധം നടത്തിയ പ്രവർത്തകരെ അവഗണിച്ചുവെന്ന ഗുരുതര ആരോപണത്തെ തുടർന്ന് സി.ജെ.പി (CJP) നേതൃത്വത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും ആഘോഷപരിപാടിയിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദം ശക്തമായത്.
സാമൂഹിക പ്രവർത്തകനായ മേഘ്‌നാദ് എസ്. സി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഒരു മാസത്തിലേറെയായി സമരത്തിലിരുന്ന പ്രവർത്തകരെയും വിദ്യാർഥികളെയും ഭക്ഷണവും താമസസൗകര്യവും പോലുമില്ലാതെ ജന്തർ മന്തറിൽ ഉപേക്ഷിച്ചുവെന്നാണ് ആരോപണം. നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയോടെ വിജയം കണ്ടെങ്കിലും ഡാൻസ് വീഡിയോയുടെ പേരിൽ കടുത്ത വിമർശനമാണ് സി.ജെ.പി നേതാക്കൾ നേരിടുന്നത്. പ്രധാന്റെ രാജിക്ക് പിന്നാലെ സി.ജെ.പി വക്താവ് സൗരവ് ദാസ് ഉൾപ്പെടെയുള്ള നേതാക്കൾ ഇൻഡോർ ഹാളിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന വീഡിയോ ‘റെസിഗ്നേഷൻ പാർട്ടി’ എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ വീഡിയോയെ അതിരൂക്ഷമായി വിമർശിച്ച മേഘ്‌നാദ് താനും മറ്റ് ചിലരും സ്വന്തം പണം മുടക്കിയാണ് ഭരണവും താമസസൗകര്യവുമില്ലാതെ വിഷമിച്ച ഏഴുപതിലേറെ സമരക്കാരെ വീടുകളിലേക്ക് തിരിച്ചയച്ചതെന്ന് വെളിപ്പെടുത്തി. നേതാക്കൾ ജന്തർ മന്തറിൽ നിന്ന് മടങ്ങിയതോടെ ഡൽഹി പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരുടെ സാധനസാമഗ്രികൾ പടിച്ചെടുക്കുകയും അവരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ആത്മാർഥമായി പ്രവർത്തിച്ചവരെ അവഗണിച്ച് നേതാക്കൾ ആഘോഷം നടത്തിയത് നിർഭാഗ്യകരമാണഎന്നും സി.ജെ.പിയും മറ്റേതൊരു പരമ്പരാഗത രാഷ്ട്രീയ പാർട്ടിയെയും പോലെയായി മാറിയെന്നും മേഘ്‌നാദ് കുറ്റപ്പെടുത്തി.

വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണമാണ് ഉയർന്നത്. സമരത്തിന് നേതൃത്വം നൽകിയവർ പ്രതിഷേധക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റിയില്ലെന്നും, അതേസമയം ആഘോഷപരിപാടികളിൽ പങ്കെടുത്തുവെന്നുമാണ് വിമർശകർ ആരോപിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്ത ചിലരും സമരകാലത്ത് ഭക്ഷണം, താമസം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്ക് ബുദ്ധിമുട്ടുകൾ നേരിട്ടതായി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
പ്രതിഷേധത്തിൽ പങ്കെടുത്ത ആരെയും തനിച്ചാക്കില്ലെന്ന് കേന്ദ്രസർക്കാർ പ്രതിനിധികളുമായി അർധരാത്രി നടന്ന ചർച്ചകൾക്ക് പിന്നാലെ സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. സർക്കാരുമായി ചർച്ചകൾ തുടരുകയാണെന്നും സമരത്തിൽ പങ്കെടുത്ത എല്ലാവരുടെയും സുരക്ഷയും നിരമപരമായ സംരക്ഷണവും ഉറപ്പാക്കാൻ പാർട്ടി ശക്തമായി ആവശ്യപ്പെടുമെന്നും സൗരവ് ദാസ് പറഞ്ഞു.
അതേസമയം, വൈറലായ ഡാൻസ് വീഡിയോകൾക്കെതിരായ വിമർശനങ്ങളിൽ സി.ജെ.പി നേതൃത്വം പ്രതികരിച്ചില്ല. ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് സമൂഹ മാധ്യമങ്ങളിൽ ആവശ്യം ശക്തമാണ്.
Content Summary: The Cockroach Janata Party (CJP) is facing widespread criticism after videos of party leaders celebrating following Education Minister Dharmendra Pradhan’s resignation went viral on social media.