പുതിയ വെളിപ്പെടുത്തലുകലുമായി മങ്കിഗേറ്റ് വിവാദം വീണ്ടും സജീവമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം തന്റെ ആത്മകഥാ പ്രകാശനച്ചടങ്ങിനിടെയാണ് ക്ലാര്‍ക്കിന്റെ വെളിപ്പെടുത്തല്‍. ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദമുണ്ടാക്കുകയും ഇന്ത്യാ-ഓസീസ് ക്രിക്കറ്റ് ബന്ധത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് പോയ ഈ വിഷയം 2008-ല്‍ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു.
ഓസിസ് താരം ആന്‍ഡ്രൂ സൈമണ്ട്സിനെ ഹര്‍ഭജന്‍ സിംഗ് കുരങ്ങനെന്ന് വിളിച്ചെന്നായിരുന്നു ആരോപണം. ഇതേതുടര്‍ന്ന് വംശീയ അധിക്ഷേപത്തിന്റെ പേരില്‍ ഹര്‍ഭജന് വിലക്ക് നേരിടേണ്ടിയും വന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ സാക്ഷി പറഞ്ഞ വിഷയം പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സംഭവം നടന്ന് എട്ടു വര്‍ഷത്തിനേ ശേഷം നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ക്ലാര്‍ക്ക്.
ഹര്‍ഭജന്‍ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് സൈമണ്ട്സ് തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് ക്ലാര്‍ക്ക് പറയുന്നത്. സംഭവത്തിനു പിന്നാലെ താന്‍ സൈമണ്ട്സിനോട് ‘വംശീയമായി ഹര്‍ഭജന്‍ എന്തെങ്കിലും പറഞ്ഞോ?’ എന്ന് അന്വേഷിച്ചിരുന്നു. ‘ഇല്ല’ എന്നായിരുന്നു സൈമണ്ട്സിന്റെ മറുപടിയെന്നുമായിരുന്നു ക്ലാര്‍ക്ക് വ്യക്തമാക്കിയത്.
കൂടാതെ സൈമണ്ട്സ് അനാവശ്യമായി വിഷയം നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ക്ലാര്‍ക്ക് കുറ്റപ്പെടുത്തി. ചടങ്ങില്‍ പങ്കടുത്ത മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ക്ലാര്‍ക്കിന്റെ വെളിപ്പെടുത്തലില്‍ കാര്യമായി പ്രതികരിച്ചില്ല. ‘എന്താണ് പറഞ്ഞത് എന്ന് ഹര്‍ഭജന് മാത്രമേ അറിയൂ’ എന്നാണ് ദാദ പ്രതികരിച്ചത്.