February 19, 2025 |
Share on

ഇനി മധുരത്തിന് ചെലവേറും

നിങ്ങള്‍ ചോക്ലേറ്റ് പ്രേമികളാണോ!

ചോക്ലേറ്റ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; ഇനി മധുരം നുണയാന്‍ ചെലവ് കൂടും. ചോക്ലേറ്റുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊക്കോയ്ക്ക് അന്താരാഷ്ട്ര വിപണയില്‍ വില കുതിച്ചു കയറിയതാണ് തിരിച്ചടിയായിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഒരു ടണ്‍ കൊക്കോയ്ക്ക് 10,000 അമേരിക്കന്‍ ഡോളര്‍(833300 രൂപ) കടന്നു. അഫ്രിക്കയില്‍ കൊക്കോ കൃഷി പ്രതിസന്ധിയിലായതാണ് വില വര്‍ദ്ധിക്കാന്‍ കാരണം. ന്യൂയോര്‍ക്ക് വിപണിയില്‍ ടണ്ണിന് 10,080 ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുമാസത്തേതില്‍ നിന്ന് ഇരട്ടി വര്‍ദ്ധനവ്. ആഗോള വിപണിയില്‍ കോക്കോയ്ക്ക് നേരിടുന്ന ക്ഷാമം ചോക്ലേറ്റ് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് വ്യാപാരികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ചെറിയൊരു ആശ്വാസം പറയാവുന്നതു സമീപ ദിവസങ്ങളില്‍ കോക്കോയുടെ വില പതിനായിരം ഡോളില്‍ നിന്നും ചെറുതായി താഴ്ന്നു(9,624 ഡോളര്‍) എന്നതാണ്.

ഐവറി കോസ്റ്റ്, ഘാന എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മോശം കാലാവസ്ഥയും കോക്കോ മരങ്ങളില്‍ പിടിപ്പെട്ട രോഗബാധയും കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങളുമാണ് ലോകത്തിനാവശ്യമായ കൊക്കോയുടെ മൂന്നില്‍ രണ്ടും ഉത്പാദിപ്പിക്കുന്നത്. ചോക്ലോറ്റ് കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിലും ആഫ്രിക്കയിലെ കൊക്കോ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. കുറഞ്ഞ പ്രതിഫലം മാത്രമാണ് ഇവര്‍ക്ക് കിട്ടുന്നത്. സാമ്പത്തിക നഷ്ടം ഇവരെ കൃഷി വിപുലീകരിക്കുന്നതില്‍ നിന്നും തടയുന്നു. തോട്ടങ്ങളില്‍ ഭുരിഭാഗവും പഴക്കം ചെന്ന കൊക്കോ മരങ്ങളാണ്. രോഗബാധിതമായ മരങ്ങളില്‍ നിന്നും ഫലോത്പാദനം വളരെ കുറഞ്ഞയളവില്‍ മാത്രമാണ് കിട്ടുന്നത്. ഇതിനൊപ്പം കലാവസ്ഥയും പ്രതികൂലമായതോടെയാണു കൊക്കോ ഉത്പാദനം വന്‍ പ്രതിസന്ധിയിലായത്. ഇതിപ്പോള്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കൊക്കോ ലഭ്യതയില്‍ കുറവ് നേരിടുന്നത്.

മുന്‍നിര ചോക്ലേറ്റ് നിര്‍മാതാക്കളായ നെസ്‌ലെ, ഹെര്‍ഷെയ്‌സ്, മൊണ്ടെലെസ് തുടങ്ങിയവരെ വിലക്കയറ്റം സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കൊക്കോ ക്ഷാമം ഉത്പാദന ചെലവ് കൂട്ടിയാല്‍ അതിന്റെ ആഘാതം അനുഭവിക്കേണ്ടി വരിക ഉപഭോക്താക്കളായിരിക്കും. ചോക്ലേറ്റ് അടങ്ങിയിരിക്കുന്ന മറ്റ് ഉത്പന്നങ്ങളെയും കൊക്കോ ക്ഷാമം ബാധിക്കും. ബിസ്‌കറ്റ്, ഐസ്‌ക്രീം തുടങ്ങിയവയ്ക്കും വില വര്‍ദ്ധിപ്പിക്കേണ്ടി വരും.

ഇന്ത്യയില്‍ കൊക്കോ വില മൂന്നിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് ഗുജറാത്ത് കോര്‍പ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍(ജിസിഎംഎംഎഫ്) എംഡി ജേയെന്‍ മേത്ത മാധ്യമങ്ങളോട് പറഞ്ഞത്. വലിയ ബ്രാന്‍ഡുകളെയാണ് കൊക്കോ വിലക്കയറ്റം കൂടുതലായി ബാധിക്കുന്നത്. പ്രാദേശിക ചോക്ലേറ്റ് നിര്‍മാതാക്കളെയും ബുദ്ധിമുട്ടിക്കും. ശുദ്ധമായ ചോക്ലേറ്റ് ഉപയോഗിക്കുന്നവര്‍ക്കാണ് പ്രശ്‌നം നേരിടേണ്ടി വരിക. ചോക്ലേറ്റ് രുചി കിട്ടുന്ന മറ്റ് വസ്തുക്കള്‍ ചേര്‍ത്ത് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നവരുമുണ്ട്. ചില ബ്രാന്‍ഡുകള്‍ വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിലരാകട്ടെ കൊക്കോ ബട്ടറിന് പകരമായി ഫുഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച വസ്തുക്കള്‍ തങ്ങളുടെ ഉത്പനത്തിനായി ഉപയോഗിക്കാനുള്ള തീരുമാനത്തിലും. മറ്റ് ചിലര്‍ വില വര്‍ദ്ധിപ്പിക്കാതെ ഉത്പന്നത്തിന്റെ പാക്കറ്റ് വലിപ്പം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. പക്ഷേ, രുചയില്‍ വിട്ടു വീഴ്ച്ച ചെയ്തുള്ള കച്ചവടത്തിന് കൂടുതല്‍ പേരും തയ്യാറാകില്ല. കമ്പോളത്തില്‍ വലിയ മത്സരം ഉള്ളതിനാല്‍ തങ്ങളുടെ ഉപഭോക്താക്കളെ വിട്ടുകളയാന്‍ ആരും തയ്യാറാകില്ല.

×