യൂത്ത് ഫെസ്റ്റിവലിന് തിരുവാതിരയ്‌ക്കോ സംഘനൃത്തത്തിനോ കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍ കറുത്ത പെണ്‍കുട്ടികള്‍ സെലക്ഷനില്‍ ഉള്‍പ്പെടാറില്ല. അത് വര്‍ണ്ണവിവേചനമാണ്. അധ്യാപകരുടെ അബോധം നടത്തുന്ന വര്‍ണ്ണ വിവേചനം. പക്ഷേ അത് വര്‍ണ്ണവിവേചനമാണെന്ന് അവരൊരിക്കലും തിരിച്ചറിയാറില്ല എന്ന് മാത്രം…colorism and casteism are the basis of kerala’s public consciousness
ജാഥകളുടെ മുന്നില്‍ ബാനര്‍ പിടിക്കാന്‍ വെളുത്ത പെണ്‍കുട്ടികളെ മാത്രം തിരയുന്നവരും നടത്തുന്നത് വര്‍ണ വിവേചനം തന്നെയാണ്, പക്ഷേ അവര്‍ക്കത് പിടികിട്ടാറില്ല. സ്വാതന്ത്ര്യ ദിനത്തിന്, റിപ്പബ്ലിക് ദിനത്തിന് ഭാരതാംബയെ തിരഞ്ഞെടുക്കുമ്പോള്‍ വെളുത്ത പെണ്‍കുട്ടികളെമാത്രം വേഷം കെട്ടിക്കുമ്പോള്‍, അവിടെ അവര്‍ നടത്തുന്നത് വര്‍ണ്ണവിവേചനമാണെന്ന് അവര്‍ തിരിച്ചറിയാറില്ല.
വിദ്യാസമ്പന്നരായ സമൂഹവും ജാതീയവും വര്‍ണ്ണപരവുമായ പൊതുബോധത്തില്‍ നിന്നും ഒട്ടും വളര്‍ച്ച നേടിയിട്ടില്ല എന്നതിന്റെ തെളിവാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വര്‍ണവെറി സംബന്ധിക്കുന്ന വെളിപ്പെടുത്തല്‍. ജാതിബദ്ധമായ പൊതുബോധവും ആ പൊതുബോധം പിന്‍പറ്റുന്ന സിനിമയും സാഹിത്യവും ഒക്കെ ചേര്‍ന്നാണ് വിദ്യാസമ്പന്നര്‍ അടക്കമുള്ളവരില്‍ ഇത്തരം അബോധങ്ങളെ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്.
ഇന്ദുലേഖയുടെ നിറമെന്താണ്? അവള്‍ ധരിച്ചിരിക്കുന്ന ബ്ലൗസിന്റെ കസവിന്റെ നിറവും ശരീരത്തിന്റെ നിറവും വേര്‍തിരിക്കാന്‍ കഴിയാത്ത വിധത്തില്‍ വെളുപ്പാണെന്ന് ഇന്ദുലേഖയുടെ സൗന്ദര്യമായി ചന്തുമേനോന്‍ നോവലില്‍ എഴുതിയിരിക്കുന്നു. മണിപ്രവാള കവിതയുടെ ഗദ്യവിവര്‍ത്തനമാണ് ഇന്ദുലേഖയിലെ സ്ത്രീ വര്‍ണ്ണന. കഥകളിലും സാഹിത്യത്തിലും അതുവഴി സിനിമയിലും വെളുപ്പ് സൗന്ദര്യത്തിന് മോഡലായും കറുപ്പ് അതിന്റെ എതിര്‍വശമായും സ്ഥാപിച്ചത് സവര്‍ണ്ണമായി തുടരുന്ന കേരളത്തിലേതടക്കമുള്ള സാഹിത്യവും സിനിമയും തന്നെയാണ്.
ഉദയനാണ് താരം എന്ന സിനിമയില്‍ കറുത്ത രാജപ്പനെ സരോജ്കുമാറായി വെളുപ്പിക്കുന്ന രംഗമുണ്ട്. ‘മേക്കപ്പിനും ഒരു പരിധിയില്ലേ’ എന്ന സിനിമയിലെ വംശീയമായ തട്ടുപൊളിപ്പന്‍ ഡയലോഗ് കേട്ട് കയ്യടിച്ച് ചിരിച്ചവരാണ് മലയാളികള്‍. അത് ഏറ്റെടുത്ത് നിരന്തരം പറയുന്നവരുമാണ് അവര്‍. കറുത്ത്‌പൊക്കം കുറഞ്ഞ രാജപ്പനല്ല (ശ്രീനിവാസന്‍) വെളുത്ത്, ഉയരമുള്ളവനായ ഉദയന്‍(മോഹന്‍ലാല്‍) തന്നെയാണ് താരമെന്ന് ആ സിനിമ സ്ഥാപിച്ചപ്പോള്‍ കയ്യടിയോടെ സ്വീകരിച്ചവരാണ് കേരളത്തിലെ മനുഷ്യര്‍.
കറുത്തുതടിച്ചവരെയും പൊക്കം കുറഞ്ഞവരെയുമെല്ലാം ആക്ഷേപിക്കപ്പെടുന്ന കഥാപാത്രമാക്കി അപരവത്കരിച്ചത് മലയാള സാഹിത്യവും മലയാള സിനിമയും ചേര്‍ന്നുണ്ടാക്കിയ പൊതുബോധം തന്നെയാണ്. കറുപ്പിനഴക് വെളുപ്പിനഴക് എന്ന് പാട്ട് പാടുമ്പോഴും അതിനൊപ്പം ചാടുന്നത് രണ്ടും വെളുത്ത പെണ്ണുങ്ങള്‍ ആയിരുന്നു എന്നത് ഓര്‍ക്കുക.
മലയാളിയുടെ സൗന്ദര്യ സങ്കല്പത്തിന്റെ വൈകല്യങ്ങള്‍ അതേപടി പ്രഖ്യാപിക്കുന്ന ഒരു സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. ആ സിനിമയില്‍ സാജന്‍ പള്ളുരുത്തി അവതരിപ്പിക്കുന്ന കഥാപാത്രത്തെ നിവിന്‍ പോളി അവതരിപ്പിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ രണ്ട് അടി പൊട്ടിക്കുന്നുണ്ട്. അതില്‍ ഒരടി മറ്റുള്ളവരുടെ ഭാര്യയെ പ്രണയിച്ചതിനാണ് എന്നു പറയുന്നു. രണ്ടാമത്തെ അടിയുടെ കാരണത്തില്‍ മലയാളിയുടെ വര്‍ണവെറിയുടെ പ്രഖ്യാപനം വ്യക്തമാണ്. കറുത്ത ഒരു സ്ത്രീ ശരീരത്തിനെ വിരല്‍ ചൂണ്ടിക്കൊണ്ട് ഇതുപോലൊരു സാധനത്തെ പ്രണയിച്ചതിന് എന്ന് പറയുന്നുണ്ട്. ഇതിനെല്ലാം കയ്യടിച്ചവരാണ് നമ്മള്‍ പുകഴ്ത്തി പറയുന്ന ഇതേ മലയാളി.
സൗഹൃദ കൂട്ടായ്മകളില്‍ പോലും കറുത്ത കുട്ടികളെ നിരന്തരം കളിയാക്കുന്ന കാഴ്ച, വിദ്യാലയങ്ങളില്‍ ഇന്നും സുലഭമാണ്. സോഷ്യല്‍ മീഡിയയില്‍ കറുത്ത മനുഷ്യരുടെ മുഖം ചേര്‍ത്ത് ഒരു ഉമ്മ തരട്ടെ എന്ന് ചോദിക്കുന്ന സ്റ്റിക്കറുകള്‍ പോലും പ്രകടമാണ്. അത്രയ്ക്ക് വൈകൃതമാണ് നിറവും ജാതിയും സംബന്ധിക്കുന്ന മലയാളികളുടെ മനസ്സ്.
‘സൗമിനി,
കറുപ്പഴകാണെന്ന്
നീ പറഞ്ഞുവല്ലോ.
കവികള്‍ പാടിയല്ലോ.
എന്നിട്ടും കറുത്തവരെങ്ങനെ അപമാനിക്കപ്പെട്ടു?
കറുപ്പ് അഴകാണ് നീ വെറുതെ പറയരുത്
എന്ന് ജി ശശി മധുരവേലി പ്രണയപൂര്‍വ്വം എന്ന കവിതയില്‍ എഴുതുന്നുണ്ട്.
‘കേരളത്തിലെരു ദളിതന്‍
പോരെങ്കില്‍ കറുമ്പന്‍
എങ്ങനെ ജീവിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
നിങ്ങള്‍ എന്താണ് കരുതുന്നത്
കോംപ്ലക്‌സ് എന്നോ ?
കറുപ്പിനെ പ്രശ്‌നങ്ങള്‍ക്കെതിരെ കവിതയില്‍ എസ് ജോസഫ് ഇങ്ങനെ എഴുതുന്നു. കളിയാക്കലിനെ തുറന്നുപറഞ്ഞാല്‍ കോംപ്ലക്‌സ് എന്ന് മറ്റൊരു കുറ്റാരോപണത്തിലേക്ക് വീഴ്ത്തുന്നതാണ് ഇരട്ടഹിംസ.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുല ആത്മബലി നടത്തിയ സന്ദര്‍ഭത്തെ തുടര്‍ന്ന് ജാതിയും നിറവുമെല്ലാം ഇന്ത്യയില്‍ സജീവ ചര്‍ച്ചയായിരുന്നു. ജയ എന്ന ആര്‍ട്ടിസ്റ്റ് മുഖത്ത് കറുത്ത ചായം തേച്ചുകൊണ്ട് രോഹിത് വെമുലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു മാസത്തിലേറെ നടന്ന കാര്യം വലിയ ചര്‍ച്ചയായിരുന്നു. അന്ന് മനോരമ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ദളിത് പക്ഷത്തുനിന്നും ഉയര്‍ത്താന്‍ ശ്രമിച്ച ഒരു കാര്യം ഇന്ത്യയിലെ കറുത്ത മനുഷ്യരുടെ പ്രതിസന്ധികള്‍ വര്‍ണ്ണവെറിയുടെ മാത്രം പ്രശ്‌നമല്ല മറിച്ച് ജാതി വെറിയുമായി ഇഴപിരിഞ്ഞു നില്‍ക്കുന്ന ഒന്നാണ് എന്നതാണ്.
വെയിലത്തിറങ്ങി കൃഷിപ്പണി ചെയ്തു പോന്നിരുന്നത് ഭൂരിഭാഗവും ദളിതര്‍ ആയിരുന്നതുകൊണ്ട് തന്നെ ഇന്ത്യയിലെയും കേരളത്തിലെയും കറുത്ത മനുഷ്യരില്‍ കുറച്ച് അധികം പേര്‍ ദളിതരോ ആദിവാസികളോ ആയിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദളിതരല്ലാത്തവര്‍ അനുഭവിക്കുന്ന കറുപ്പ് നിറമെന്ന മാറ്റിനിര്‍ത്തല്‍, ദളിതരെന്ന മാറ്റിനിര്‍ത്തലും ചേര്‍ന്നു വരുന്നതാണ്.
കറുപ്പില്‍ നിന്നും വെളുപ്പിലേക്ക് തൊലി നിറം മാറ്റി സ്ഥാപിക്കുന്ന ഫെയര്‍ ആന്‍ഡ് ലൗലി അടക്കമുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യങ്ങള്‍ കറുപ്പ് എന്നത് ഒരാളുടെ മരുന്നു പുരട്ടി ചികിത്സിച്ചു മാറ്റേണ്ട രോഗമാണെന്ന രോഗാതുരമായ ബോധമാണ് എക്കാലത്തും പകര്‍ന്നു നല്‍കുന്നത്.
നമ്മുടെ ചാനലുകള്‍ നിരന്തരം തുടരുന്ന കോമഡി പ്രോഗ്രാമുകള്‍ നോക്കുക. കറുത്തവരെയോ ഉന്തിയ പല്ലുള്ളവരെയോ ഭിന്നശേഷിക്കാരായ മനുഷ്യരെ പോലുമോ കളിയാക്കാന്‍ ഒരു മടിയുമില്ല. അപരഹിംസ കൊണ്ട് മാത്രം ഹാസ്യം ഉണ്ടാക്കുന്ന നെറികേടുകളുടെ നാടാണ് കേരളം എന്ന് ബോധ്യപ്പെടാന്‍ അത്തരം കോമഡി ഷോകള്‍ മാത്രം മതിയാവും. അത്തരം അവഹേളനങ്ങളെ നിയമം മൂലം നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഈ തുറന്നുപറച്ചില്‍ അടച്ചുവെച്ച ബോധങ്ങളെ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനും അതുവഴി കുറേക്കൂടി മനുഷ്യത്വപരമായ അവബോധം സൃഷ്ടിക്കുന്നതിനും ഇടവരുത്തുന്നത് തന്നെയാണ്. ആര്‍ എല്‍ വി രാമകൃഷ്ണന് നേരെ കറുപ്പ് എന്ന പേരില്‍ നടത്തിയ ചര്‍ച്ചകളും കേരളത്തില്‍ പുതിയ വഴി തുറന്നിട്ടുണ്ട്. കുക്കു ദേവകി അഭിനയിച്ച കറുപ്പഴകി എന്ന സിനിമ കറുത്ത സൗന്ദര്യത്തിന്റെ തുറന്ന പ്രഖ്യാപനവുമാണ്.
‘കറുപ്പ് അഴകാണെന്ന് നീ
വെറുതെ പറയരുത്’
എന്ന് ജി ശശി മധുരവേലിയുടെ താക്കീത് എക്കാലത്തും പ്രസക്തമാണ്.colorism and casteism are the basis of kerala’s public consciousness
Content Summary: colorism and casteism are the basis of kerala’s public consciousness