ഈ വര്‍ഷത്തെ ബെസ്‌റ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേയ്ക്കു ഓസ്‌കര്‍ കിട്ടിയ കോണ്‍ക്ലേവ് (Conclave) കണ്ടുകൊണ്ടിരുന്നപ്പോള്‍ ദി ടു പോപ്‌സ് (The two popes) ഓര്‍മ വന്നു. വളരെ സ്വാഭാവികമായ സന്ദര്‍ഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അടുത്തറിഞ്ഞു വളര്‍ന്നു വലുതാവുന്ന രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങള്‍. രണ്ടു പോപ്പുകള്‍. അസൂയ തോന്നിയ സ്‌ക്രിപ്റ്റ്. അവതരണം. ഏതു പാതിരാത്രിയിലും ഇരുന്നു കാണുന്ന സിനിമ. പോപ്പ് ഫ്രാന്‍സിസിന്റെ മരണശേഷം, ഈ രണ്ടു സിനിമകളും കൂടുതല്‍ പോപ്പുലര്‍ ആയിട്ടുണ്ട്. ദി ടു പോപ്സില്‍, പോപ്പ് ഫ്രാന്‍സിസ് സമാനതകള്‍ ഏറെയുണ്ടെന്നുള്ള തിയറികള്‍ ആണെങ്കില്‍, ‘കോണ്‍ക്ലേവി’ല്‍ അത് ലോകത്തിലെ അതിപുരാതനമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള തുറന്ന അവതരണമാണ്. അതായതു, ഇപ്പോഴത്തെ പോപ്പ് ആയ ലിയോ പതിനാലാമന്‍ (ലിയോ XIV) തിരഞ്ഞെടുക്കപ്പെട്ടതിന്റെ അണിയറ ദൃശ്യങ്ങള്‍ കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്കെല്ലാം കോണ്‍ക്ലേവ് കാണാവുന്നതാണ്. മുറപ്രകാരമുള്ള ചടങ്ങുകളും, അതിനു നിയുക്തമാക്കപ്പെട്ട മനുഷ്യരുടെ ധാര്‍മിക സംഘര്‍ഷങ്ങളും, ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസവും, ഒഴിവാക്കാന്‍ പറ്റാത്ത രാഷ്ട്രീയവും അത്യാവശ്യം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തമാശകള്‍ ഉണ്ട് ഇടയില്‍. പക്ഷെ, അവിടെയും സ്‌ക്രിപ്റ്റ് വലിയ കടുപ്പമില്ലാതെ ചിന്തിപ്പിക്കുന്നു പ്രേക്ഷകരെ.
കത്തോലിക്ക സഭയിലെ പരമോന്നത പദവിയായ പോപ്പ് ഇലക്ഷന് വരുന്ന കര്‍ദിനാള്‍മാര്‍ക്കു വലിയ സ്ഥാനമാണ്. വിശ്വാസികളുടെ ഇടയിലും ഈ ബഹുമാനം പ്രസക്തമാണ്. അങ്ങിനെ, നിലവിലുള്ള പോപ്പ് മരിച്ചതിനു ശേഷം, ക്ഷണിക്കപ്പെട്ട അതിഥികളായി വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ എത്തുന്ന കര്‍ദിനാള്‍മാര്‍ക്കു കൊടുക്കുന്ന സ്വീകരണവും, അവരുടെ വിഭിന്ന വ്യക്തിത്വങ്ങളും, ബാക്ഗ്രൗണ്ട് ചെക്കും, അഭിപ്രായ ഭിന്നതകളും, വോട്ടിങ്ങും, ഒടുവിലെ തിരഞ്ഞെടുപ്പും ഒക്കെയാണ് കോണ്‍ക്ലേവിന്റെ ഇതിവൃത്തം.
2016ല്‍ ഇറങ്ങിയ റോബര്‍ട്ട് ഹാരിസിന്റെ ഇതേ പേരിലുള്ള ബുക്ക് ആണ് കോണ്‍ക്ലേവിനു ആധാരം. ലൈറ്റ് റീഡിങ്ങിനു പറ്റിയ ഒരു ബുക്ക് ആയിട്ടാണ് കോണ്‍ക്ലേവിനെ വിമര്‍ശകര്‍ കാണുന്നത്. സിനിമയ്ക്കും അതെ മൂഡ് ഉണ്ടെന്നു പരക്കെ അഭിപ്രായമുണ്ട്. കണ്ടു കഴിഞ്ഞപ്പോള്‍ അങ്ങിനെ തോന്നിയില്ല. ഇടയില്‍ പല സബ്‌പ്ലോട്ടുകളും ഒന്ന് കൂടി വികസിപ്പിക്കാമായിരുന്നു, അതിനു അര്‍ഹിക്കുന്ന ഗൗരവവും ആവാമായിരുന്നു എന്നത് സത്യമാണ്. പക്ഷെ, പ്രേക്ഷകര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത, എന്നാല്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു തീം എടുക്കുമ്പോള്‍, അത് എത്ര മാത്രം വ്യക്തതയോടെ കൊണ്ട് വരാം എന്നിടത്തു സംവിധായകന്‍ എഡ്വേഡ് ബെര്‍ഗെര്‍ ഒരു വിജയം തന്നെയാണ്. ചെറിയ ത്രില്ലര്‍ സ്വഭാവം ഉണ്ട് ചില സീനുകള്‍ക്ക്. പുറമെ നിന്നും സൂര്യനെ പോലും കടത്താത്ത, വോട്ടിംഗ് ചേമ്പറിലേക്കു കടക്കുന്നതിനു മുന്‍പ്, തുറന്ന വരാന്തയില്‍ നിന്ന് ശുദ്ധവായു ഏറെ ആസ്വദിക്കുന്ന, സിഗരറ്റ് വലിക്കുന്ന, മൊബൈലുകളില്‍ ധൃതിയില്‍ ബ്രൗസ് ചെയ്യുന്ന, ഇതിനിടയില്‍ കൊച്ചു വര്‍ത്തമാനവും പറയുന്ന കര്‍ദിനാള്‍മാര്‍, അവരെ ഒളിഞ്ഞു നോക്കുന്ന ചാപ്പലിലെ സിസ്റ്റര്‍മാര്‍. ഒക്കെ രസകരമായ കാഴ്ചകളാണ്. സിസ്റ്റീന്‍ ചാപ്പലിനകത്തെ പ്രസിദ്ധമായ മൈക്കലാഞ്ചലോ പെയിന്റിംഗ് കോണ്‍ക്ലേവിലെ നിര്‍ണായക നിമിഷങ്ങളില്‍ ഫോക്കസ് ചെയ്യപ്പെടുന്നു.
അല്പമൊന്നു പരുങ്ങിയാണ് ചാപ്പലിലെ ഡീന്‍ ആയ ലോറെന്‍സ് കര്‍ദിനാള്‍മാരെ സ്വീകരിക്കുന്നത്. ആത്മസംഘര്ഷങ്ങളുടെ ഭാരവും, ആരെയും നയിക്കാനുള്ള താത്പര്യവും ഇല്ലാതെ, കോണ്‍ക്ലേവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്ന ബ്രിട്ടീഷ് ലിബറല്‍ ലോറെന്‍സിനെ വളരെ സൂക്ഷ്മമായാണ് റെയ് ഫൈന്‍ (Ralph Fiennes) അവതരിപ്പിക്കുന്നത്. കൂടെ, അമേരിക്കന്‍ ലിബറല്‍ കര്‍ദിനാള്‍ ആയ ആല്‍ദോ ബെല്ലിനിയുണ്ട്. ബെല്ലിനിക്കും പോപ്പ് പദവിയിലേക്കുള്ള യാത്രയില്‍ സന്ദേഹങ്ങള്‍ ഉണ്ട്. സ്റ്റാന്‍ലി ടൂച്ചി (Stanley Tucci)യുടെ ബോഡി ലാങ്അജില്‍ സ്വയം ഉറപ്പില്ലാത്ത, എന്നാല്‍ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു അവബോധമുള്ള, വിമര്‍ശനബുദ്ധിയുള്ള ഒരു പുരോഗമനവാദി ഉണ്ട്. കോണ്‍ക്ലേവിലെ മറ്റു ന്യൂന്യതകള്‍ വിസ്മരിക്കപ്പെടുന്നു ഇവരുടെ സാനിധ്യത്തില്‍. അഭിനേതാക്കളില്‍ പിന്നെ ഇഷ്ടപെട്ടത് കര്‍ദിനാള്‍ ജോഷ ആദയമി ആയി വന്ന ഗെയിം ഓഫ് ത്രോണ്‍ ഫെയിം ലൂസിയന്‍ സമാജി (Lucian Msamati) ആണ്. കോണ്‍ക്ലേവിലെ ഒരേയൊരു പ്രാധാന്യമുള്ള സ്ത്രീ സാനിധ്യത്തെ, സിസ്റ്റര്‍ ആഗ്‌നസ് -അവതരിപ്പിക്കുന്നത് ഇസബെല്ല റോസിലിനി ആണ്. പക്ഷെ, അവര്‍ക്കു കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ല. കര്‍ദിനാള്‍ വിന്‍സെന്റ് ആയി വരുന്ന കാര്‍ലോസ് ഒരൊറ്റ സീനിലാണ് സ്‌കോര്‍ ചെയ്തത് എന്ന് തോന്നി.
കോണ്‍ക്ലേവിനു എത്തിയ അതിഥികള്‍ താമസിക്കുന്ന മുറികള്‍ക്ക് ഹോട്ടല്‍ ഛായ ഉണ്ട്. ഉള്ളിലെ ടേബിള്‍ ലാംപ് അടക്കമുള്ള നേര്‍ത്ത വെളിച്ചവും, ആ കോണിപ്പടികളും, മറ്റു സെറ്റിങ്ങുകളും കൊള്ളാം, പക്ഷെ ഗംഭീരമല്ല. സൃഷ്ടിക്കപ്പെട്ട പഴമയുടെ പരിമിതികള്‍ ഉണ്ട്. വൈറ്റ് ബാക്ക്ഗ്രൗണ്ടില്‍ ചുവപ്പില്‍ കുതിര്‍ന്ന കര്‍ദിനാളുമാര്‍ നിറഞ്ഞു നില്‍ക്കുന്ന ആ ഷോട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. സ്റ്റെഫാനെ ഫൊന്റൈനിന്റെ സിനിയമറ്റോഗ്രഫി, കോണ്‍ക്ലേവിനുള്ളിലെ കഥാപാത്രങ്ങളുടെ അകവും പുറവും, അവിടെ പുകയുന്ന അധികാര മോഹവും, വഴി തെറ്റുന്ന ചര്‍ച്ചകളും, അതിന്റെ രാഷ്ട്രീയവും, മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.
കോണ്‍ക്ലേവിന്റെ വോട്ടിംഗ് നിയമങ്ങള്‍, ദിവസങ്ങളിലേക്ക് നീളുന്ന അനിശ്ചിതത്വവും, പൊങ്ങുന്ന കറുത്ത പുകയും, എല്ലാത്തിലും ഉപരി ളോഹക്കുള്ളിലെ മനുഷ്യരുടെ സാധാരണ വികാരങ്ങള്‍, പാപങ്ങളിലെ തെറ്റും ശരിയും, വിശ്വാസങ്ങളിലെ പതര്‍ച്ചകള്‍, എത്തിയ അതിഥികള്‍ക്ക് പാചകം ചെയ്തു, അവരെ സത്കരിക്കാന്‍ മാത്രം റോളുള്ള സിസ്റ്റേഴ്‌സ്, ഇടയില്‍ ഉറച്ച മനസ്സോടെ മുന്നോട്ടു വന്നു സംസാരിക്കുന്ന സിസ്റ്റര്‍ ആഗ്‌നസ്… ഒന്നും പരത്തി പറയുന്നില്ല പീറ്റര്‍ സ്‌ട്രോഗന്റെ സ്‌ക്രിപ്റ്റ്. പക്ഷെ അതാതു അവസരങ്ങളില്‍ എല്ലാം പരാമര്‍ശിക്കുന്നു.
കോണ്‍ക്ലേവിന്റെ ഹൈലൈറ് അവസാനത്തെ ട്വിസ്റ്റ് തന്നെയാണ്. ചിപ്പിക്കുള്ളില്‍ ഒളിപ്പിച്ച മുത്ത് പോലെ, അതിന്റെ നിഗൂഢതയും, പ്രകാശവും, അവതരണത്തിലെ നേര്‍മയും ഉള്ളില്‍ നിറഞ്ഞു
‘ചര്‍ച്ച് ഒരു പാരമ്പര്യമോ, പ്രതാപമോ, അല്ല, അത് ഭാവിയാണ്.’ ചേംബറിനുള്ളിലെ പദവിയുള്ള മനുഷ്യരുടെ ഉള്ളിലേക്കും, സിസ്റ്റീന്‍ ചാപ്പലിനു മുകളിലേക്ക് വെള്ളപുക പാറുന്നതു കാത്തിരിക്കുന്ന പുറത്തെ വിശ്വാസികള്‍ക്കും ഇതുള്‍ക്കൊള്ളാന്‍ കഴിയുന്ന കാലമാണ് കോണ്‍ക്ലേവിന്റെ മെസ്സേജ്. Conclave movie review
Content Summary; Conclave movie review
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.