നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇഡി ഓഫീസുകൾ ഉപരോധിച്ചായിരുന്നു പ്രതിഷേധം. രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്ന് ഷമ മുഹമ്മദ് പറഞ്ഞു. കേസ് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസ് പാർട്ടി ദേശീയ വക്താവ് സുപ്രിയ ശ്രീനേതും ആരോപിക്കുന്നുണ്ട്.
മോദി സർക്കാർ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒരിക്കൽ പ്രസ്താവിച്ചിരുന്നു. കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. അഴിമതിക്കാരായ ബിജെപി നേതാക്കളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നുമായിരുന്നു പ്രിയങ്ക ചോദിച്ചത്. എന്നാൽ മറ്റു നേതാക്കൾക്കെതിരെ ഇഡി റെയ്ഡ് നടക്കുമ്പോൾ ഈ തത്വം മറന്നു കൊണ്ടാണ് പലപ്പോഴും കോൺഗ്രസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ നേതാക്കൾക്ക് എതിരെ വരുന്ന ആരോപണങ്ങൾ സത്യസന്ധവും കോൺഗ്രസിനെതിരെ വരുമ്പോൾ രാഷ്ട്രീയ ആയുധവുമാണെന്ന തരത്തിലാണ് കോൺഗ്രസ് ഈ സാഹചര്യത്തെ വളച്ചൊടിക്കുന്നത്.
ഇത്തരത്തിൽ കോൺഗ്രസ് നേതാക്കൾക്ക് എതിരായി ഇ.ഡി അന്വേഷണമുണ്ടാവുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ മുൻഗതാഗത മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രതാപ് സിംഗ് ഖച്ചാരിയവാസിന്റെ ജയ്പൂരിലെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നത്. പേൾ അഗ്രോ കോർപ്പറേഷൻ ലിമിറ്റഡ് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇഡിയെ ഭയപ്പെടുന്നില്ലെന്നുമാണ് ഖച്ചാരിയവാസ് മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി സർക്കാർ ഇഡിയിലൂടെ രാഷ്ട്രീയം കളിക്കരുതെന്നും ഖച്ചാരിയവാസ് ആവശ്യപ്പെട്ടിരുന്നു. ഈ മാർച്ചിലാണ് ഛത്തീസ്ഗഡിലെ മദ്യ നയകേസുമായി ബന്ധപ്പെട്ട് ഇ.ഡി വ്യാപകമായി പരിശോധന നടത്തുന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെയും മകൻ ചൈതന്യ ബാഗലിന്റെയും വസതിയിലടക്കം പതിനാല് ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. തന്റെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് 33 ലക്ഷത്തോളം രൂപ ഇഡി കൊണ്ടുപോയെന്നും രാഷ്ട്രീയ പകപോക്കലാണ് റെയ്ഡിന് പിന്നിലെ കാരണമെന്നും ബാഗേൽ ആരോപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഛത്തീസ്ഗഡിലെ കോൺഗ്രസ് എംഎൽഎയും മുൻ എക്സൈസ് മന്ത്രിയുമായ കവാസി ലഖ്മയുടെയും വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്ത് നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. റായ്പൂരിലെ ലഖ്മയുടെ വസതിയും സുക്മ ജില്ലയിലെ മകൻ ഹരീഷ് ലഖ്മയുടെ വസതിയും ഉൾപ്പെടെ ഏഴ് സ്ഥലങ്ങളായിരുന്നു കള്ളപ്പണ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇഡി പരിശോധിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗമായി കോൺഗ്രസ് നേതാക്കളെ ദ്രോഹിക്കാനുള്ള ശ്രമമാണ് ഇഡി റെയ്ഡെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. 2024 മെയ് മാസത്തിലായിരുന്നു കോൺഗ്രസ് എംഎൽഎയായ അംബ പ്രസാദിന്റെ ഔദ്യോഗിക വസതിയിൽ ഇഡി റെയ്ഡ് നടത്തുന്നത്. 2023ൽ റാഞ്ചിയിലെ ഇഡിയുടെ റാഞ്ചി സോണൽ ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കും ബിജെപിയ്ക്കുമെതിരെ ആരോപണവുമായി അംബ പ്രസാദ് രംഗത്തു വന്നിരുന്നു. ബിജെപിയിൽ അംഗത്വം സ്വീകരിക്കാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത് നിരസിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ റെയ്ഡ് നടത്തിയതെന്ന് അംബ ആരോപിക്കുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങളിലെല്ലാം തന്നെ അടിവരയിട്ട് പറയേണ്ടുന്നത് രാഷ്ട്രീയ പകപോക്കലെന്ന ആ പരാമർശം തന്നെയാണ്. തങ്ങൾക്കെതിരെ അന്വേഷണമുണ്ടാവുമ്പോൾ അത് രാഷ്ട്രീയ പ്രേരിതവും എന്നാൽ മറ്റു രാഷ്ട്രീയ പാർട്ടികളിലേക്ക് വരുമ്പോൾ ഇരട്ടത്താപ്പെടുക്കുകയും ആണ് കോൺഗ്രസ് ചെയ്യുന്നത്. എക്സാലോജിക് വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് ഇക്കാര്യത്തിൽ വ്യക്തത നൽകുന്നുണ്ട്. സിഎംആർഎൽ-എക്സാലോജിക് കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത് ഇക്കഴിഞ്ഞ മാസമാണ്. കേസിൽ തെളിവുകളില്ലെന്ന് ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രിയ്ക്കെതിരെ ഇതൊരു രാഷ്ട്രീയ ആയുധമായി പ്രയോഗിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലും പിണറായി സർക്കാരിനെതിരെ ആരോപണങ്ങളുമായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെത്തിയത്. കേരളത്തിലെത്തുമ്പോൾ ഇഡി മൃദുസമീപനമാണ് സ്വീകരിക്കുന്നു എന്നായിരുന്നു വി ഡി സതീശന്റെ ആരോപണം.
പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ വേണ്ടി കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നു, ഇത് രാഷ്ട്രീയ പകപോക്കലാണ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങൾ ഇഡി അന്വേഷണത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.
content summary: Congress claims that the ED has become a ‘political weapon’ used exclusively against them but the leadership adopting double standards in other cases
Leave a Comment