കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. കെ രാഗേഷിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയിൽ പോസ്റ്റിട്ടതിന് പിന്നാലെ ദിവ്യ. എസ്. അയ്യർ ഐഎഎസിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ വർഷം . കോൺഗ്രസ് നേതാക്കളാണ് ദിവ്യ. എസ്. അയ്യറിനെതിരെ സൈബർ ആക്രമണം നടത്തുന്നവരിൽ അധികവും. പ്രമുഖ കോൺഗ്രസ് നേതാക്കളടക്കം ദിവ്യക്കെതിരെ കുറ്റപ്പെടുത്തലുകളും ഭീഷണിയുമായി എത്തിയിരിക്കുകയാണ്. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ വിമർശിച്ചു. ദിവ്യയുടെ പ്രവൃത്തികൾ ഭാവിയിൽ ദോഷം ചെയ്യുമെന്ന തരത്തിലുള്ള ഭീഷണിയും മുരളീധരൻ്റെ വാക്കുകളിലുണ്ടായിരുന്നു.
വിഷയത്തിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ വിവാദങ്ങൾ ശക്തമാണെങ്കിലും ഇപ്പോഴാണ് കോൺഗ്രസ് നേതാക്കൾ പ്രകടമായി തങ്ങളുടെ അതൃപ്തി അറിയിച്ച് എത്തിയിരിക്കുന്നത്.
ഇന്നലെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ കെ രാഗേഷ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. കർണന് പോലും അസൂയ തോന്നും വിധമാണ് കെകെആറിൻ്റെ കവചമെന്നും ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നുവീക്ഷിച്ച തനിക്ക് ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങളുണ്ടെന്നും ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു. കെകെ രാഗേഷും മുഖ്യമന്ത്രിയും ഒപ്പം നിൽക്കുന്ന ചിത്രം അടക്കം പങ്കുവെച്ച് കൊണ്ടുള്ളതായിരുന്നു പോസ്റ്റ്.
രാഗേഷിനെ പ്രകീർത്തിച്ചുള്ള ദിവ്യ എസ്. അയ്യരുടെ വാക്കുകൾ യൂത്ത് കോൺഗ്രസിന് വലിയ രീതിയിൽ അതൃപ്തിയുണ്ടാക്കി. തുടർന്ന് കടുത്ത സൈബർ ആക്രമണം ദിവ്യക്കെതിരെ നടത്തുകയായിരുന്നു. എകെജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജിൽ മോഹനൻ കുറ്റപ്പെടുത്തി.
വളരെ മോശമായ കമന്റുകളാണ് ദിവ്യയുടെ പോസ്റ്റിന് താഴെ വന്നത്. ദിവ്യക്ക് ഖജനാവിൽ നിന്ന് ശമ്പളം തരുന്നത് സിപിഎമ്മിന്റെ പിആർ വർക്കിനാണോ..? , ഇന്ത്യൻ ഭരണ സർവീസ് രാഷ്ട്രീയക്കാരുടെ വാഴ്ത്തു പാട്ട് സർവീസായി മാറി, ശബരിയെ വിട്ട് രാഗേഷിന്റെ കൂടെ പോകുന്നു…. തുടങ്ങിയ രീതിയിലാണ് ദിവ്യ. എസ്. അയ്യർക്കെതിരെ അധിക്ഷേപ കമന്റുകൾ വന്നത്.
കോൺഗ്രസിനെതിരെ നിൽക്കുന്ന സ്ത്രീകൾക്കെതിരെ മോശമായ പരാമർശങ്ങൾ മുൻപും കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. കെ. മുരളീധരന്റ് സഹോദരിയായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നപ്പോൾ അവര്‍ കരുണാകരന്റെ മകള്‍ തന്നെയാണോ എന്നാണ് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ ചോദിച്ചത്.
മാധ്യമങ്ങൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി എത്തിയതോടെ, വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കോൺഗ്രസ് എംഎൽഎയും ഭർത്താവുമായ എസ്. ശബരീനാഥൻ. കെ. കെ രാഗേഷിനെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റ് സദ്ദുദേശ്യപരമായിരുന്നെങ്കിലും ദിവ്യക്ക് വീഴ്ച പറ്റിയെന്ന് ശബരീനാഥ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാർ പദ്ധതികൾക്കും ഒപ്പം നിൽക്കണം എന്നുള്ളത് ഉദ്യോഗസ്ഥ ധർമമാണ്. അതിന്റെ ഭാഗമായി പോസിറ്റീവ് വാക്കുകൾ പറയുന്നതിൽ തെറ്റില്ല. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുകയും ചെയ്യാമെന്നും എന്നാൽ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ലെന്നും ശബരീനാഥ് പറഞ്ഞു.
ദിവ്യ. എസ്. അയ്യർക്കെതിരെ ഉയർന്ന അധിക്ഷപങ്ങൾ വ്യക്തിപരമാണെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് നിലപാട് ദൗർഭാഗ്യകരമെന്ന് രാഗേഷ് പ്രതികരിച്ചു. നല്ല വാക്കുകൾ പറഞ്ഞതിനാണ് ദിവ്യയെ അധിക്ഷേപിക്കുന്നത്. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും പ്രാകൃത മനസുള്ളവരാണ് ദിവ്യയെ അധിക്ഷേപിക്കുന്നതെന്നും കെ. കെ രാഗേഷ് പറഞ്ഞു.
അതേസമയം, തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളിൽ പ്രതികരിച്ച് ദിവ്യ. എസ്. അയ്യർ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. വളരെ വിചിത്രമായ ലോകമെന്നാണ് ദിവ്യ. എസ്. അയ്യർ സൈബർ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ടെന്നും ഒന്നര വർഷമായി താൻ നേരിടുന്ന വിമർശനത്തിന് കാരണം ഈ പ്രകൃതമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ പറഞ്ഞു. ദിവ്യക്കെതിരെ പരസ്യമായും അല്ലാതെയും കോൺഗ്രസ് വിമർശനം ശക്തമാക്കുകയാണ്.
മുൻപും ദിവ്യയുടെ വ്യക്തപരവും രാഷ്ട്രീയപരവുമായ നിലപാടുകൾക്കെതിരെ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയെ പ്രശംസിച്ച് ദിവ്യ എഴുതിയ കുറിപ്പിന്റെ പേരിൽ കോൺഗ്രസിന്റെ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കെപിസിസി മുൻ ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന്‍ ഉൾപ്പടെ ഫെയ്സ്ബുക്ക് പേജിലൂടെ വിഴിഞ്ഞം തുറമുഖ എം.ഡി കൂടിയായ ദിവ്യ എസ് അയ്യർക്കെതിരെ വിമർശനം നടത്തിയിരുന്നു. എംപിയും മുൻ മന്ത്രിയുമായ കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനും ദിവ്യക്കെതിരെ കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ഉയർന്നിരുന്നു.
കോൺഗ്രസ് നേതാവ്. എസ് ശബരീനാഥിന്റെ ഭാര്യയായ ദിവ്യ. എസ്. അയ്യർ എന്തിനാണ് സിപിഎമ്മിനെ പുകഴ്ത്തി സംസാരിക്കുന്നതെന്ന ചോദ്യങ്ങൾ പല ആവർത്തിയാണ് അവർക്ക് നേരിടേണ്ടി വന്നത്. ശബരീനാഥിന്റെ പങ്കാളിയായി മാത്രം കണ്ടുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ദിവ്യക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്തിയതും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതും. ദിവ്യ. എസ്. അയ്യർ ഒരു ഐഎഎസ് ഓഫീസറും അതിലുപരി രാഷ്ട്രീയ നിലപാടുള്ള ഒരു സ്ത്രീ കൂടിയാണ്. അതാണ് പലപ്പോഴും വിമർശനങ്ങൾ ഉയർത്തുന്നവർ വിസ്മരിക്കുന്നത്.
Content Summary: congress cyber attack against divya. s. iyer, congress leaders threatens and followers use abusive words