ഇടുക്കിയിലെ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ക്ക് തൊഴിലാളികളെ വേണമായിരുന്നു. അതിനായി ചിലര്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളിലേക്ക് പോയി. അവിടെ കടുത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ദളിതര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം മോഹനവാഗ്ദാനങ്ങള്‍ നല്‍കി. ആ പാവപ്പെട്ട മനുഷ്യരെ ബ്രിട്ടീഷുകാരന്റെ തോട്ടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ അറിയപ്പെട്ടിരുന്നത് കങ്കാണി എന്നായിരുന്നു. ക്രൂരനായ ഇടനിലക്കാരന്‍. തലപ്പണത്തിനായി തോട്ടം തൊഴിലാളികളെ തങ്ങളുടെ അടിമകളായി മാത്രം കണ്ടിരുന്ന കങ്കാണിമാര്‍ക്കായിരുന്നു അവരുടെ ജീവന്റെയും ശരീരത്തിന്റെയും ഉടമസ്ഥത.
ഈ ദുരവസ്ഥ ചോദ്യം ചെയ്യാന്‍ ആളുണ്ടായി, യൂണിയനുകള്‍ വന്നു. അടിമകളായിരുന്നവര്‍ തൊഴിലാളികളായി മാറിയപ്പോള്‍, അവകാശങ്ങള്‍ നേടിയെടുത്തപ്പോള്‍ കങ്കാണിപ്പണിയും നിലച്ചെന്നു കരുതി. എന്നാല്‍ ഇടുക്കിയിലെ കങ്കാണിമാര്‍ അന്യം നിന്നിട്ടില്ല, അവര്‍ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സി പി മാത്യുവിന്റെ രൂപത്തില്‍ ഇവിടെ തന്നെയുണ്ട്.
വാഴത്തോപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോയി കെ പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തില്‍ സംസാരിക്കവെയായിരുന്നു മാത്യു തന്റെയുള്ളിലെ കങ്കാണിയെ വീണ്ടും പുറത്തെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ശശി തരൂരിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു അംഗപരിമിതനെ പരസ്യമായി അയാള്‍ തള്ളിമാറ്റിയത്. പഴയകാലത്ത് തൊഴിലാളികളെ ശിക്ഷിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ അധികാരം ഉണ്ടെന്ന് വിശ്വസിച്ചിരുന്ന കങ്കാണിയെ പോലെ അയാള്‍ തന്റെ ഗര്‍വ് കാണിച്ചത് കേരളം മുഴുവന്‍ കണ്ടതാണ്. വാര്‍ത്തകള്‍ വന്നെങ്കിലും കോണ്‍ഗ്രസ് നേതാവിന് മാധ്യമങ്ങളുടെ വിചാരണ നേരിടേണ്ടി വന്നില്ല, മാത്യുവിന്റെ പാര്‍ട്ടിക്കാര്‍ക്ക് മറുപടിക്കും സമയം കളയേണ്ടി വന്നില്ല.
അതുകൊണ്ടായിരിക്കാം ‘ എന്തും തുറന്നടിച്ചു പറയുന്ന’ മാത്യു തന്റെ കങ്കാണിത്തരം ആവര്‍ത്തിച്ചു. അയാള്‍ എതിര്‍ രാഷ്ട്രീയക്കാരെ വിരട്ടുന്നതിന്റെ വീരത്വം പറയുകയായിരുന്നു. കാപ്പി കമ്പ് ഏന്തിയ അനുരചവൃന്ദത്തിന്റെ തടിമിടുക്കില്‍ അയാളിലെ ആണത്ത ഗര്‍വ്വ് ആനന്ദിക്കുകയാണ്. പക്ഷേ അയാള്‍ യഥാര്‍ത്ഥ കങ്കാണിയായി മാറിയത് സ്ത്രീകളെ പരാമര്‍ശിച്ചപ്പോഴായിരുന്നു.
എല്‍ഡിഎഫിന്റെ പോസ്റ്ററുകളും ഫ്‌ളക്‌സും കീറാന്‍ മാത്യു നിയോഗിച്ചത് സ്ത്രീകളെയായിരുന്നു. നേതൃത്വം കൊടുക്കാന്‍ തിരഞ്ഞെടുത്തത് ഒരു അദിവാസി വനിത നേതാവിനെയും. എതിര്‍ പാര്‍ട്ടിക്കാര്‍ എതിര്‍ക്കാന്‍ വന്നാല്‍ ബ്ലൗസ് വലിച്ചു കീറുക! കുറ്റത്തിന്റെ ആഴം കൂടും ആദിവാസി സ്ത്രീയാകുമ്പോള്‍. അയാളുടെ തന്ത്രം അതായിരുന്നു.
ഇവിടെയാണ് സി.പി. മാത്യു എന്ന രാഷ്ട്രീയ നേതാവ് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആ പഴയ കങ്കാണിയുടെ അതേ ക്രൂരമനസ്സുമായി വെളിപ്പെടുന്നത്. സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഒരു ആദിവാസി സ്ത്രീയെ ‘ആയുധമായി’ ഉപയോഗിക്കാം എന്ന ചിന്തയോളം വലിയൊരു സ്ത്രീവിരുദ്ധത മറ്റെന്തുണ്ട്? എതിരാളികളെ കുടുക്കാന്‍ ഒരു സ്ത്രീയുടെ വസ്ത്രം വലിച്ചുകീറാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ അയാള്‍ അപമാനിക്കുന്നത് ആ സ്ത്രീയെ മാത്രമല്ല, മറിച്ച് കേരളം പൊരുതിനേടിയ മുഴുവന്‍ രാഷ്ട്രീയ സംസ്‌കാരത്തെയുമാണ്.
കുറ്റത്തിന്റെ ആഴം കൂട്ടാന്‍ ഒരു ആദിവാസി സ്ത്രീയെ തന്നെ മുന്നില്‍ നിര്‍ത്തണം എന്ന മാത്യുവിന്റെ കുടിലതന്ത്രം ശ്രദ്ധിക്കുക. ഇവിടെ ആദിവാസി എന്നത് അയാള്‍ക്ക് കേവലം ഒരു ഉപായമാണ്. പണ്ട് തോട്ടങ്ങളില്‍ അടിമ പണി ചെയ്തിരുന്ന തൊഴിലാളി സ്ത്രീകളോട് ഇടനിലക്കാര്‍ കാണിച്ചിരുന്ന അതേ മനോഭാവത്തോടെയാണോ തന്റെ പാര്‍ട്ടിയിലെ വനിതാ നേതാക്കളെ മാത്യു കാണുന്നത്?
ശശി തരൂരിനൊപ്പം നില്‍ക്കാന്‍ ശ്രമിച്ച അംഗപരിമിതനെ തള്ളിമാറ്റിയപ്പോഴും, പൊതുവേദിയില്‍ സ്ത്രീവിരുദ്ധത വിളിച്ചുപറഞ്ഞപ്പോഴും മാത്യുവിന് ലഭിക്കുന്ന മൗനാനുവാദം ആണ് അയാള്‍ സ്വന്തം നേതാക്കളാല്‍ തിരുത്തപ്പെടാതെ പോകുന്നത് വഴി കിട്ടുന്നത്. കോണ്‍ഗ്രസ് എന്ന ജനാധിപത്യ പ്രസ്ഥാനത്തിന് ഉള്ളില്‍ ഇങ്ങനെയൊരു ‘കങ്കാണി മനസ്സ്’ സുരക്ഷിതമായി വാഴുന്നുവെങ്കില്‍ ആ പാര്‍ട്ടിയുടെ മൂല്യച്യുതിയെയാണ് കാണിക്കുന്നത്. ഇത് കേവലം ഒരു നാക്കുപിഴയല്ല, നാടന്‍ പ്രയോഗവുമല്ല, മറിച്ച് തലമുറകളായി കൈമാറിക്കിട്ടിയ അധികാരഗര്‍വ്വിന്റെ ബാക്കിപത്രമാണ്.
ഇടുക്കിയിലെ തേയിലക്കാടുകളില്‍ കങ്കാണിമാര്‍ പണ്ട് വിതച്ച കണ്ണീരിന്റെ ചരിത്രം മാത്യു മറന്നുപോയിരിക്കാം. പക്ഷേ, ആധുനിക കേരളം ഇത് മറക്കില്ല. വസ്ത്രം വലിച്ചുകീറാന്‍ ആഹ്വാനം ചെയ്യുന്ന നേതാവ് പ്രതിനിധീകരിക്കുന്നത് ആ പഴയ കങ്കാണി സംസ്‌കാരത്തെയാണ്. ആദിവാസി സ്ത്രീകളെ രാഷ്ട്രീയ ചതുരംഗത്തിലെ കരുക്കളാക്കി മാറ്റുന്ന ഈ കങ്കാണിത്തം കേരളത്തിന്റെ മണ്ണില്‍ ചെലവാകില്ല. അധികാരത്തിന്റെ ഹുങ്കില്‍ പാവപ്പെട്ടവന്റെ ആത്മാഭിമാനത്തിന് വിലയിടുന്നവര്‍ക്ക് കാലം കാത്തുവെച്ചിരിക്കുന്നത് കനത്ത തിരിച്ചടിയായിരിക്കും. കാരണം, ഇത് ലായങ്ങളിലെ അടിമത്തത്തിന്റെ കാലമല്ല, അവകാശങ്ങള്‍ ഉറക്കെ വിളിച്ചുപറയുന്ന മനുഷ്യരുടെ കാലമാണ്.
Content Summary: Congress Idukki DCC President C.P. Mathew’s misogynistic and anti-tribal remarks. Kerala Assembly Election 2026
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.