June 03, 2026 |
എ സജീവന്‍
എ സജീവന്‍
Share on

മന്ത്രിക്കസേരകളില്‍ കണ്ണുനട്ട് കോണ്‍ഗ്രസ് എം.പി മാര്‍

തരൂരിന്റെ കണ്ണ് മുഖ്യമന്ത്രി പദത്തിലാണ്

പണ്ട് എം.പിയാകാനായിരുന്നു കോണ്‍ഗ്രസ് നേതാക്കളില്‍ പലരുടെയും മോഹം. കാരണം, രാജ്യം ഭരിക്കുമെന്നുറപ്പുള്ള പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡില്‍ ഒന്ന് ആഞ്ഞുപിടിച്ചാല്‍ കേന്ദ്രമന്ത്രിയാകാം. ക്യാബിനറ്റ് കിട്ടിയില്ലെങ്കിലും സഹസ്ഥാനമെങ്കിലും പ്രതീക്ഷിക്കാം. നാട്ടില്‍ സംസ്ഥാന മന്ത്രിയാകുന്നതിനേക്കാള്‍ ഗമയുണ്ട്. നാട്ടുകാരുടെയും മാധ്യമങ്ങളുടെയും കുറ്റപ്പെടുത്തലും ശല്യവുമില്ല. ഇനി മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ എം.പി ക്ക് ഇത്തിരി വെയിറ്റ് കാണുമല്ലോ.

ഇപ്പോള്‍ അതല്ല സ്ഥിതി. 2014 ല്‍ അധികാരത്തിലേറിയ മോദി ആ കസേരയില്‍ നിന്ന് ഇറങ്ങുന്ന പ്രശ്‌നമേയില്ലെന്ന വാശിയിലാണ്. മോദി താഴെയിറങ്ങിയാല്‍ ചാടിക്കയറാന്‍ തറ്റുടുത്തിരിക്കുകയാണ് അമിത് ഷാ.

2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ 2018 ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു മഹാസഖ്യം ഉണ്ടാക്കിയിരുന്നു. 18 രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അതില്‍ പങ്കാളികളായി. പക്ഷേ, 2019ല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അത് തകര്‍ന്നടിഞ്ഞു. പഴയ യു.പി.എ മാത്രം അവശേഷിച്ചു. മോദി വീണ്ടും അധികാരത്തില്‍.
2019 ല്‍ സംഭവിച്ചത് തന്നെ 2024 ലും ആവര്‍ത്തിച്ചു. ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരേ പോരാടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അവരുടെ തമ്മില്‍ത്തല്ല് കൊണ്ടാണല്ലോ കേരളത്തില്‍ ബി.ജെ.പി സ്വപ്നം കാണുകപോലും ചെയ്യാത്ത തൃശൂര്‍ കൈവെള്ളയില്‍ കിട്ടിയത്. ഇപ്പോഴത്തെ സ്ഥിതി നോക്കിയാല്‍ 2029 ലും സ്വാഹാ ആവാനാണ് സാധ്യത. കേരളത്തില്‍ നിന്നു ജയിച്ച് പാര്‍ലമെന്റിലെത്തിയാല്‍ പോലും സെഷനുകളില്‍ പങ്കെടുത്ത് ശമ്പളവും ബത്തയും വാങ്ങി അടങ്ങിയൊതുങ്ങി ഇരിക്കേണ്ടി വരും.

കേരളത്തില്‍ വീണ്ടുമൊരു പിണറായി (എല്‍.ഡി.എഫ്) ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പിച്ചു കഴിഞ്ഞു. അതോടെ ആദ്യം നിയമസഭാ സ്ഥാനാര്‍ത്ഥിത്വവും തൊട്ടുപിന്നാലെ മന്ത്രിസ്ഥാനവും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണവര്‍. അതിനുള്ള പണി പതിനെട്ടും അണിയറയില്‍ പയറ്റിത്തുടങ്ങി.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നു പിടിച്ചിറക്കിയിട്ടും കെ. സുധാകരന്‍ കോലാഹലം കൂട്ടാതെ അടങ്ങിയിരിക്കുന്നതെന്തുകൊണ്ടായിരിക്കാം? വര്‍ക്കിങ് കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതിനാലാവില്ല. അത് അതില്‍ അത്ര കാര്യമില്ലെന്ന് സുധാകരന് അറിയാം. കണ്ണ് നിയമസഭയിലേക്ക് തന്നെ. കണ്ണൂരും ഇരിക്കൂറുമൊക്കെയുണ്ടല്ലോ. ജയിച്ചാല്‍ പഴയപോലെ വനംവകുപ്പൊന്നും മതിയാകില്ല സുധാകരന്.

വടകരയില്‍ നിന്നു പറിച്ചെടുത്ത് തൃശൂരില്‍ കൊണ്ടുപോയി തോല്‍പ്പിച്ചതില്‍ അക്കാലത്ത് കടുത്ത കലിപ്പിലായിരുന്നു കെ.മുളീധരന്‍. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടിയോട് ഒട്ടി നില്‍ക്കുകയാണ്. സജീവമായത് തിരുവനന്തപുരത്താണ്. നേരത്തേ എം.പിയായ വടകരയിലോ തോറ്റുപോയ തൃശൂരിലോ അല്ല. ദേശീയനേതൃത്വത്തോട് ഇടഞ്ഞ് മോദിയെ പുകഴ്ത്തിയ ശശി തരൂരിനെ തിരുവനന്തപുരത്ത് പാര്‍ട്ടി പരിപാടികളിലൊന്നും അടുപ്പിക്കില്ല എന്നു വരെ ‘ധീര’മായി പറഞ്ഞു മുരളി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലൊരിടത്ത് സ്ഥാനാര്‍ത്ഥിത്വം. ജയിച്ചാല്‍, മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ മന്ത്രിസ്ഥാനം അതാണിപ്പോള്‍ മുരളിയുടെ ലക്ഷ്യമെന്നു തോന്നുന്നു.

അടൂര്‍ പ്രകാശ് താല്പര്യപ്പെട്ടത് കൊണ്ടല്ല ലോക്‌സഭയിലേയ്ക്കു മത്സരിച്ചത്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും അദ്ദേഹത്തിന്റെ മോഹപ്പട്ടികയിലില്ല. അടൂരിന് താല്പര്യം നിയമസഭയാണ്. ഗ്ലാമര്‍ കിട്ടുന്ന മന്ത്രിസ്ഥാനമാണ്. അദ്ദേഹം ഇപ്പോഴേ അണിയറയില്‍ കരുനീക്കം തുടങ്ങിയെന്നാണ് സംസാരം.

പാലക്കാട്ടെ എം.എല്‍.എ സ്ഥാനം രാജിവെപ്പിച്ച് ഷാഫി പറമ്പിലിനെ കോണ്‍ഗ്രസ് വടകരയില്‍ മത്സരിപ്പിച്ചത് ആ മണ്ഡലം കൈവിട്ടു പോകുമോ എന്ന ഭയം കൊണ്ടായിരുന്നു. ഷാഫി തിളക്കത്തോടെ ജയിച്ചു. പാലക്കാട്ട് അദ്ദേഹത്തിന്റെ പ്രിയശിഷ്യന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയും പിന്നെ എം.എല്‍.എയുമായി. അതോടെ ഷാഫി രാഷ്ട്രീയ തട്ടകം ഡല്‍ഹിയിലേക്ക് മാറ്റി എന്നാണോ വിചാരം? അതിന് ഷാഫിക്ക് കഴിയില്ല. ഷാഫിയുടെ മോഹപ്രദേശം കേരളമാണ്. നോട്ടം ഇവിടെയൊരു മന്ത്രിസ്ഥാനമാണ്.

അതിനെവിടെ മത്സരിക്കും? പാലക്കാട് രാഹുല്‍ വിട്ടുകൊടുക്കുമോ എന്ന ചോദ്യം ഇതുവരെയുണ്ടായിരുന്നു. ഇപ്പോള്‍ ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തെറിച്ച രാഹുലിന് പാലക്കാട്ട് ഇനിയൊരു അങ്കത്തിന് ഭാഗ്യമുണ്ടാകുമോ എന്നതാണ് ചോദ്യം? സംശയമാണ്. നറുക്ക് ഷാഫിക്കായിരിക്കും.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അനഭിമതനാണെങ്കിലും ശശി തരൂര്‍ കുറച്ചുകാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം കേരള ഭരണത്തിന്റെ കടിഞ്ഞാണാണ്. ലീഗിന്റെ പിന്തുണയ്ക്കും മറ്റും അദ്ദേഹം ശ്രമിച്ചതും ജനങ്ങള്‍ തന്റെ കൂടെയാണെന്ന് പരസ്യമായി പറഞ്ഞതും എന്തു സ്വപ്നസാക്ഷാത്കാര ലക്ഷ്യത്തോടെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

തരൂരിന്റെ കണ്ണ് മുഖ്യമന്ത്രി പദത്തിലാണെങ്കില്‍ ചത്താലും ആ കസേര വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ രണ്ടുപേര്‍ ഇവിടെത്തന്നെയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. സതീശന്‍ മുഖ്യമന്ത്രി ആയിക്കഴിഞ്ഞ മട്ടാണ്. ഒട്ടും വിട്ടുകൊടുക്കാതെ ചെന്നിത്തല മുന്‍നിരയില്‍ തന്നെയുണ്ട്.

ഇതിനിടയില്‍ മറ്റൊരു എം.പി ഓര്‍ക്കാപ്പുറത്ത് രംഗം കൈയടക്കുമോ എന്ന ആശങ്ക ഇവരില്‍ പലര്‍ക്കുമുണ്ട്. ഹൈക്കമാന്റിന്റെ വലംകൈയായ കെ.സി. വേണുഗോപാല്‍. അങ്ങനെ സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. അപ്പോഴും, ജനത്തിനൊരു സംശയമേയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്ര ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യേണ്ട ഗതികേട് ഞങ്ങള്‍ക്കുണ്ടാകും? Congress MPs have their eyes on ministerial chairs

Content Summary: Congress MPs have their eyes on ministerial chairs

എ സജീവന്‍

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×