പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷം ഏറെക്കുറെ ശാന്തമായെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചെങ്കിലും ആക്രമണം സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. രാജ്യം യുദ്ധഭീതിയിലും പ്രത്യാക്രമണത്തിന്റെ നടുക്കത്തിലൂടെയും കടന്നു പൊയ്ക്കൊണ്ടിരുന്ന ഈ സമയത്ത് രാഷ്ട്രീയ പാർട്ടികളും നേതൃത്വവും നേതാക്കളും ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടുകളും ചർച്ചയായിരുന്നു. യുദ്ധഭീകരയ്ക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ വാക്കുകളാണ് ഈ കൂട്ടത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത്. ഇന്ത്യാ പാക് സംഘഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചാനൽ ചർച്ചയിൽ രാഷ്ട്രീയ പാർട്ടികളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ ചരിത്രത്തേക്കുറിച്ച് സ്വരാജ് പറഞ്ഞത് 1978ലെ ഒരു വിമാനം റാഞ്ചൽ കഥ ചൂണ്ടിക്കാട്ടിയാണ്. അതിന് പിന്നിലാവട്ടെ കോൺഗ്രസ് പാർട്ടിയും. 46 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് ആ വിമാനം റാഞ്ചിയത് എന്തിനായിരുന്നു എന്ന സംശയങ്ങളുമുയരുന്നുണ്ട്.
1978ലായിരുന്നു ഇന്ത്യ ഞെട്ടിച്ച ആ വിമാനം റാഞ്ചൽ നടക്കുന്നത്. കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്കുള്ള ആ വിമാനം റാഞ്ചലിന് പിന്നിൽ കോൺഗ്രസ് നേതാക്കളായ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്രപാണ്ഡെയുമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിലിൽ അടയ്ക്കപ്പെട്ട ഇന്ദിരാ ഗാന്ധിയെ മോചിപ്പിക്കുകയും സഞ്ജയ് ഗാന്ധിക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുകയും ആയിരുന്നു വിമാനം റാഞ്ചലിന് പിന്നിലെ ലക്ഷ്യം. 1978 ഡിസംബർ ഡിസംബർ 20ന് കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഐഎ 410 എന്ന വിമാനത്തിന്റെ 14ാം നിരയിൽ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്രപാണ്ഡെയും സ്ഥാനം പിടിച്ചിരുന്നു. പാലം വിമാനത്താവളത്തിലേക്ക് വിമാനമെത്താൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കെ ഭോലാനാഥ് ഫ്ലൈറ്റ് പേഴ്സർ ജിവി ഡേയുടെ അടുത്തേക്ക് ചെന്ന് വിമാനത്തിന്റെ കോക്പിറ്റ് സന്ദർശിക്കാൻ സാധിക്കുമോയെന്ന് ചോദിക്കുന്നു. അനുവാദം ലഭിച്ച് കോക്പിറ്റിലേക്ക് നടക്കുന്ന ഭോലാനാഥിനെ ദേവേന്ദ്ര പാണ്ഡെയും പിന്തുടർന്നു. എന്നാൽ കോക്പിറ്റിലേക്ക് കടന്നയുടനെ ഇരുവരും വാതിൽ ശക്തിയായി അടക്കുകയും ഈ വിമാനം ഞങ്ങൾ ഹൈജാക്ക് ചെയ്തുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിന് മുമ്പായി രണ്ട് യാത്രക്കാർ കോക്പിറ്റിലേക്ക് നടന്ന് ചെന്ന് വിമാനം റാഞ്ചിയതായി അലറി വിളിച്ചതായാണ് അന്നത്തെ സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ എഴുതിയത്.
നീണ്ട നാടകീയമായ ചർച്ചകൾക്ക് ശേഷം വിമാനം റാഞ്ചിയതിന്റെ ഉദ്ദേശം വ്യക്തമാക്കി കൊണ്ട് വികാരഭരിതമായി ഹൈജാക്കർമാർ യാത്രക്കാരോട് സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ദിരാ ഗാന്ധിയ്ക്കും സഞ്ജയ് ഗാന്ധിക്കുമെതിരായ ജനതാ പാർട്ടി നേതൃത്വത്തിന്റെ പ്രതികാരമാണ് ഈ നടപടികളെന്നായിരുന്നു കോൺഗ്രസ് നേതാക്കളായ ഭോലാനാഥ് പാണ്ഡെയുടെയും ദേവേന്ദ്രപാണ്ഡെയുടെയും വാദം.
ഇരുവരുമായി പൈലറ്റ് ബട്ടിവാല നടത്തിയ ചർച്ചകൾക്ക് ഒടുവിൽ വിമാനം റദ്ദാക്കി പട്നയിലേക്ക് പോവുകയാണെന്ന് എയർഹോസ്റ്റസ് യാത്രക്കാരെ അറിയിച്ചു. എന്നാൽ കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാനം വാരണാസിയിലേക്കാണ് പോവുന്നതെന്ന് അറിയിപ്പുണ്ടായി. വിമാനം വാരണാസിയിൽ എത്തിയതിന് ശേഷം യുപി മുഖ്യമന്ത്രി രാം നരേഷ് യാദവുമായി സംസാരിക്കണമെന്ന് ഹൈജാക്കർമാർ ആവശ്യപ്പെട്ടു. നീണ്ട ചർച്ചകൾ നടന്നെങ്കിലും അന്നത്തെ പ്രധാനമന്ത്രി മൊറാൾജി ദേശായിയുടെ നിർദേശങ്ങൾ അംഗീകരിക്കാൻ ഇരുവരും തയ്യാറായില്ല. കളിത്തോക്ക് ഉപയോഗിച്ചാണ് കോൺഗ്രസ് നേതാക്കൾ യാത്രക്കാരെ ബന്ദികളാക്കി വച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കൈവശം സൂക്ഷിച്ചിരിക്കുന്ന ബോംബ് യാത്രക്കാർക്ക് നേരെ പ്രയോഗിക്കുമെന്നും ഭീഷണിയുയർത്തിയിരുന്നു എന്നാൽ ബോംബെന്ന വ്യാജേന കൈവശം സൂക്ഷിച്ചിരുന്നതാകട്ടെ ക്രിക്കറ്റ് ബോളായിരുന്നുവെന്ന് വിമാനത്തിന്റെ പൈലറ്റ് പിന്നീടൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നാടകീയത നിറഞ്ഞ നീണ്ട മണിക്കൂറുകൾക്ക് ശേഷം വിമാനം വാരണാസിയിൽ ഇറക്കി മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇന്ദിരാ ഗാന്ധിയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് ഇരുവരും കീഴടങ്ങി.
ഈ സംഭവം ഭോലാനാഥിന്റെയും ദേവേന്ദ്ര പാണ്ഡെയുടെയും ജീവിതം മാറ്റിമറിച്ചു രാഷ്ട്രീയ ഭാവി ശക്തിപ്പെടുത്തുകയും ചെയ്തു. വിമാനം റാഞ്ചലിന് ഏതാണ്ട് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ദിരാ ഗാന്ധിയെ വിട്ടയച്ചു. 1980ൽ ഭരണത്തിൽ തിരികെയെത്തിയതിന് ശേഷം ഇന്ദിരാ ഗാന്ധി ഇരുവർക്കുമെതിരെയുള്ള എല്ലാ കേസുകളും പിൻവലിച്ചു.
content summary: In 1978, two Congress supporters hijacked a plane in an attempt to pressure the government into releasing congress leader Indira Gandhi from jail