ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, കാര്‍ലോസ് ജാരഡ് എന്ന ജന്തുശാസ്ത്രജ്ഞന്‍ ബ്രസീലിലെ കാറ്റിംഗ എന്ന വരണ്ട പ്രദേശത്ത് പര്യവേക്ഷണം നടത്തുകയായിരുന്നു. പൊതുവെ വരണ്ടതും സസ്യങ്ങള്‍ കുറഞ്ഞതുമായ ആമസോണ്‍ പ്രദേശത്തെ കാറ്റിംഗ എന്നു പറയാറുണ്ടെങ്കിലും, ശാസ്ത്രപ്രകാരം അങ്ങനെയല്ല. ബ്രസീലിന്റെ വടക്കുകിഴക്കുള്ള അനന്യമാം സാവന്നയാണ് കാറ്റിംഗ. കാറ്റിംഗയില്‍ മാത്രം കാണപ്പെടുന്ന ഗ്രീനിംഗ് തവളകള്‍ (കൊറിത്തോമാന്റിസ് ഗ്രീനിംഗ്) എന്നറിയപ്പെടുന്ന ഒരിനം മരത്തവളയെപ്പറ്റി പഠിക്കുകയായിരുന്നു കാര്‍ലോസ് ജാരെഡിന്റെ ഉദ്ദേശ്യം. അവിടെവെച്ച് അതിലൊരെണ്ണത്തിന്റെ തൊട്ടടുത്തുപോയി ചിത്രങ്ങളെടുക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിനിടയില്‍ ആ തവളയുടെ തൊട്ടടുത്ത് കൈവെച്ച്, ഒന്നതിനെ തൊടാനും കാര്‍ലോസ് ശ്രമിച്ചു. ആ സമയം പ്രതികരണമെന്നോണം തവള തലയൊന്നു കുനിച്ച് മുന്നോട്ടാഞ്ഞപ്പോള്‍ കാര്‍ലോസ് പ്രത്യേകിച്ചൊന്നും പ്രതീക്ഷിച്ചിരിക്കില്ല. എന്നാല്‍, ഗ്രീനിംഗ് തവള കാര്‍ലോസിനു കരുതിവെച്ചത് ചിന്തിക്കാത്തതിലും അപ്പുറത്തുള്ള ഒന്നായിരുന്നു. അപൂര്‍വ്വമാം വിധം കൂര്‍പ്പുകളുള്ള ആ തലയുപയോഗിച്ച് കാര്‍ലോസിന്റെ കൈയില്‍ തവളയുടെ വക ഒരൊറ്റയിടി! 2006 ഫിഫാ ലോകകപ്പ് ഫൈനലില്‍ സിനദീന്‍ സിദാന്‍ മാര്‍ക്കോ മറ്റരാസിയുടെ നെഞ്ചത്തിടിച്ചതുപോലെയൊന്ന്. അല്ലെങ്കില്‍ അതിന്റെയൊരു ചെറുപകര്‍പ്പ്. തവളയിടി. ഒരൊറ്റ നിമിഷം! പക്ഷെ, നടുങ്ങിപ്പോവുന്നതായിരുന്നു ആ അനുഭവം. കാര്‍ലോസിന്റെ കൈയ്യിലൂടെ വൈദ്യുതിപ്രവാഹം പോലെയൊരു കൊടുംപിടച്ചില്‍ പടര്‍ന്നുകയറി. കഠിനമായ വേദനകൊണ്ട് കൈ പൊടുന്നനെ പിന്‍വലിച്ചെങ്കിലും ഭയങ്കരമായ ഒരനുഭവമായിരുന്നു അത്. കൈയാകെ കത്തിക്കാളുന്നപോലെ അത് അഞ്ചു മണിക്കൂറോളം നീണ്ടുനില്‍ക്കുകയും ചെയ്തു. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ സമയമെടുത്തു. അതൊരു വിഷപ്രയോഗമായിരുന്നു! വിഷസ്പര്‍ശമല്ല. സാക്ഷാല്‍ വിഷദംശനം!
ഒരു ഹെല്‍മറ്റ് വെച്ചതു പോലെയാണ് ഗ്രീനിംഗ് തവളയുടെ തല. അതില്‍ നിരനിരയായി ചെറുകൂര്‍പ്പുകളാണ്. തലയോട്ടിയില്‍ നിന്നെഴുന്നുനില്‍ക്കുന്ന മുള്ളുകള്‍പോലെ. പത്തു സെന്റി മീറ്ററില്‍ താഴെ വലിപ്പമേയുള്ളൂ ഈ ജീവിക്ക്. സാമാന്യം കൂര്‍ത്തതാണ് തല. കണ്ണിനു പുറകിലും തലയിലുമായി നിറയെ മുള്ളുകള്‍. ശരീരമാകട്ടെ നിറയെ അരിമ്പാറകള്‍ നിറഞ്ഞ പോലെയും തോന്നും. ആ കാഴ്ച ചിലരെ പിന്നാക്കം വലിച്ചാല്‍ ഞാന്‍ തെറ്റുപറയില്ല. പക്ഷെ, ശാസ്ത്രജ്ഞന്മാരും ജന്തുസ്‌നേഹികളും അങ്ങനെയല്ലല്ലോ.

ബ്രസീലിലെ മിനാസ് ഗെരായിസ് സംസ്ഥാനത്തിലാണ് അങ്ങേയറ്റം വരണ്ട ഈ പ്രദേശം. കാറ്റിംഗ. പ്രദേശത്തിനു യോജിച്ചവിധം അവിടെ നിറയെ കള്ളിച്ചെടികളാണ്. എല്ലാം നിറയെ മുള്‍ശരീരമുള്ളവ. വരണ്ട മുള്‍വനം എന്നുതന്നെ പറയാം കാറ്റിംഗയെ. അത്ഭുതമെന്നു പറയട്ടെ, കാറ്റിംഗയിലെ കള്ളിച്ചെടികള്‍ക്കു സമാനമാംവിധം മുള്‍ത്തലയാണ് ഗ്രീനിംഗ് തവളകള്‍ക്ക്. ഈ മുള്‍ജീവിയും മുള്‍ച്ചെടിയും തമ്മിലുള്ള സഹവാസമാകട്ടെ ജന്തുശാസ്ത്രത്തിലെ കൗതുകങ്ങളില്‍ ഒന്നും. ആ കൗതുക രഹസ്യം തേടിയാണ് കാര്‍ലോസ് കാറ്റിംഗയില്‍ എത്തിച്ചേര്‍ന്നത്.
പിന്നീട്, ഗ്രീനിംഗ് തവളകളെ കൂടുതല്‍ പഠനവിധേയമാക്കിയപ്പോള്‍ ഒന്നു മനസ്സിലായി. അവയുടെ തലയിലെ അസ്ഥിക്കൂര്‍പ്പുകളോടുചേര്‍ന്ന് വിഷഗ്രന്ഥികള്‍ ഉണ്ടത്രെ. ഒരു സിനദീന്‍ സിദാന്‍ ഇടിയിലൂടെ ഈ ശിരോമുള്ളുകള്‍ ഇരയില്‍ ചെറുപോറലുകളുണ്ടാക്കുകയും, ആ പോറലിലൂടെ വിഷം ശരീരത്തിനകത്തു രക്തത്തിലേക്കു കടക്കുകയും ചെയ്യുന്നു. അക്കാരണം കൊണ്ടാണ് കാര്‍ലോസ് വേദനയില്‍ പുളഞ്ഞുപോയത്. ഇവിടെ വിഷസ്പര്‍ശമല്ല ഉണ്ടായത്. മറിച്ച്, തലയിലെ അസ്ഥിക്കൂര്‍പ്പുകളിലൂടെ വിഷം കുത്തിവെയ്ക്കുന്നതിനു തുല്യമായ ഒന്നാണു സംഭവിച്ചത്. അങ്ങനെ വരുമ്പോള്‍ എന്തായാലും ഗ്രീനിംഗ് തവള ഒരു വിഷജന്തുവാണ് എന്നതുറപ്പായി.

ഇനിയാണ് ചോദ്യം. ഗ്രീനിംഗ് തവള വിഷജന്തു ആണെന്ന കാര്യം ഇംഗ്ലീഷില്‍ പറയൂ. അതായത്, ഈ വിഷത്തവള പോയ്‌സണസ് ആണോ അതോ വെനമസ് ആണോ? രണ്ടും വിഷജീവികള്‍ക്ക് വിശേഷണമായി ഉപയോഗിക്കുന്ന വാക്കുകള്‍. ഇതില്‍ ഏതുപയോഗിക്കണം ഈ മുള്‍ത്തലയോട്ടിക്കാരനെ വിവരിക്കാന്‍?
ഇത്ര വലിയ പ്രശ്‌നം ഇതിലെന്താണന്നല്ലേ. പറയാം. മലയാളത്തില്‍ ഒരൊറ്റ വാക്കേയുള്ളൂ ഇതാക്കെ വിശദീകരിക്കാന്‍. വിഷം! മറ്റൊന്നിനെ അപകടപ്പെടുത്തുന്ന എല്ലാതരം രാസവസ്തുക്കളേയും കുറിക്കാനായി വിഷം എന്ന വാക്ക്. എന്നാല്‍, ഇംഗ്ലീഷില്‍ രണ്ടു വാക്കുണ്ട്. പോയ്‌സന്‍, പിന്നെ വെനം. എന്താണിവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്നല്ലേ. നമുക്കു നോക്കാം.
വിഷമുള്ള ഒരുപാടു ജീവികളുണ്ട്. അതില്‍ ചില ജന്തുക്കള്‍ പോയ്‌സനസ് ആണ്. മറ്റു ചിലത് വെനമസും. പാമ്പിനെ നമ്മള്‍ വെനമസ് എന്നാണ് പറയുക. പോയ്‌സനസ് എന്നല്ല. ഒരു ജീവി അതിന്റെ ശരീരത്തില്‍ പ്രകൃതിദത്തമായി ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തു അഥവാ ടോക്‌സിന്‍ മറ്റൊരു ജീവിയില്‍ അപകടമോ മരണമോ ഉണ്ടാക്കുമ്പോള്‍ ആദ്യത്തെ ജീവി വിഷജീവി ആവുന്നു. അതായത് ഇത്തരം രാസവസ്തുക്കള്‍ എല്ലാം വിഷം തന്നെ. പക്ഷെ, പോയ്‌സന്‍, വെനം എന്ന വ്യത്യാസം വരുന്നത് ആ വിഷത്തിന്റെ രാസഘടന എന്നതിനേക്കാളറെ മറ്റൊരു കാരണം കൊണ്ടാണ്. ആ വേര്‍തിരിവ് വരുന്നത് ആ വിഷം ആ ജീവി എങ്ങനെ പ്രയോഗിക്കുന്നു എന്നതിനെ അനുസരിച്ചാണ്. അതായത് ഇപ്പറഞ്ഞ വിഷം എങ്ങനെ മറ്റൊരു ജീവിയില്‍ പ്രവേശിക്കുന്നു എന്നതു മനസ്സിലാക്കിയതുകൊണ്ടുള്ളത്.
വെനം എന്നത് ഒരു മുറിവിലൂടെയാണ് മറ്റൊരു ജീവിയിലേക്കു കടക്കുക. അതായത്, ഒരു വിഷജീവി മറ്റൊന്നിനെ കടിക്കണം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശരീരഭാഗം ഉപയോഗിച്ചൊരു മുറിവുണ്ടാക്കണം. എന്തായാലും ഒരു ചര്‍മ്മഭ്രംശം സൃഷ്ടിക്കപ്പെട്ടേ മതിയാവൂ. അതിലൂടെ വേണം വിഷം അകത്തു കടക്കാന്‍. ശരീരത്തിനകത്തേക്ക് ഉണ്ടാക്കപ്പെടുന്ന മുറിവിലൂടെയാണ് വിഷം പടരുന്നതെങ്കില്‍ അതു വെനം. അത്തരം മുറിവുകളുണ്ടാക്കാന്‍ പലതരം മാര്‍ഗ്ഗങ്ങള്‍ ജീവികളിലുണ്ട്. പല്ല്, മുള്ള്, അസ്ഥിക്കൂര്‍പ്പുകള്‍, നഖങ്ങള്‍ ഇതൊക്കെ മുറിവുണ്ടാക്കും. അതിലൂടെ വിഷം കുത്തിവെപ്പെന്നോണം പ്രവഹിപ്പിക്കുകയും ചെയ്യും. അങ്ങനെ വിഷം നേരെ രക്തപ്രവാഹത്തില്‍ കലരുന്നു. ഇപ്രകാരം ചെയ്യുന്നവരാണ് വെനമസ് ജീവികള്‍. പാമ്പ്, കടന്നല്‍, സിംഹമത്സ്യം, എന്നിവയൊക്കെയാണ് ഇതിനുദാഹരണങ്ങള്‍.

ഇനി വായിലൂടെ അകത്തു ചെല്ലുന്നതിനെ തുടര്‍ന്ന് വിഷം പടരുകയാണെങ്കില്‍ അതു പോയ്‌സന്‍. ഈ പടര്‍ച്ച തൊലിപ്പുറത്തുകൂടിയും ആവാം. ചില ജീവികളെ അല്ലെങ്കില്‍ ചെടികളെ തൊട്ടാല്‍ ചില രാസവസ്തുക്കളിലൂടെ വിഷബാധയുണ്ടാവാം. അതും പോയ്‌സന്‍ തന്നെ. പണ്ടാരോ പറഞ്ഞപോലെ ഒരു ജീവി മറ്റൊരു ജീവിയെ കടിച്ചു, എന്നിട്ട് കടിച്ച ജീവിതന്നെയാണ് മരിച്ചതെങ്കില്‍, മരണകാരണം പോയ്‌സണ്‍. എന്നാല്‍ കടി കിട്ടിയ ജീവിയാണ് മരിച്ചതെങ്കില്‍ അതു വെനം. വ്യത്യാസം മനസ്സിലായോ.
പൊതുവെ വെനമും പോയ്‌സണും തമ്മില്‍ രാസഘടനയിലും വ്യത്യാസം ഉണ്ട്. പോയ്‌സണ്‍ ചെറു തന്മാത്രകളാണ് അതിനാല്‍ തൊലിപ്പുറത്തു കൂടി അല്ലെങ്കില്‍ വായിലൂടെ കടന്ന് ദഹനവഴിയിലെ ആന്തരസ്തരങ്ങളിലൂടെ ശരീരത്തിനകത്തു കടക്കാനാവും. എന്നാല്‍, വെനം ആകട്ടെ വലിയ തന്മാത്രകളാണ്. അതകത്തു ചെല്ലണമെങ്കില്‍ രക്തത്തിലേക്കു കുത്തിവെച്ചേ പറ്റൂ. അത്തരം കുത്തിവെപ്പുകളാണ് പാമ്പ്, കടന്നല്‍, എന്നിവ ചെയ്യുന്നത്.
അങ്ങനെയെങ്കില്‍ ഇനി വെനം എന്ന രാസവസ്തു തൊലിപ്പുറത്തു പുരട്ടിയാലോ വിഴുങ്ങിയാലോ ഒന്നും പറ്റില്ല എന്നു പറയുമെങ്കിലും അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണ്. കാരണം തൊലിപ്പുറത്തു നേരത്തെയുള്ള മുറിവുകളോ വയറ്റിനുള്ളിലെ അള്‍സറുകളോ അതിനെ രക്തത്തില്‍ കലരാന്‍ ഇടയാക്കും. അപകടവും സംഭവിക്കും.

ഒരേ സമയം ഇതു രണ്ടുമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വിഷം ഉള്ള ജീവികളും ഉണ്ട്. തുപ്പും മൂര്‍ഖന്‍ തന്നെ ഏറ്റവും മികച്ച ഉദാഹരണം. അതു കൊത്തിയാല്‍ നാഡി തളര്‍ന്നു മരണം. അതായത് ഇവിടെ വെനം ആണ് മരണകാരിയാവുന്നത്. അതേ സമയം ഇവന്‍ വിഷം തുപ്പുകയും ചെയ്യും. അങ്ങനെ ദൂരേക്കു തെറിക്കുന്ന ആ വിഷം ഇരയുടേയോ ശത്രുവിന്റേയോ കണ്ണില്‍ വീണാല്‍ അന്ധതയുണ്ടാക്കും. ഇതുണ്ടാക്കുന്നത് പോയ്‌സണ്‍. കാരണം അതു മുറിവിലൂടെയല്ല പടരുന്നത്.
ഇനി പറയു. നമ്മുടെ ഗ്രീനിംഗ് തവള? അസ്ഥിക്കൂര്‍പ്പുകളിലൂടെ മുറിവേല്പിച്ച് ആ മുറിവിലൂടെ വിഷം അകത്തേക്കു കടത്തിവിടുന്നതിനാല്‍ ഇവര്‍ പാമ്പുകളെപ്പോലെ വെനമസ് തന്നെ. വിഷത്തവളകള്‍ പലതുമുണ്ടെങ്കിലും ഇത്തരത്തില്‍ വിഷപ്രയോഗം നടത്തുന്ന അപൂര്‍വ്വത്തില്‍ അപൂര്‍വ്വജീവി. അതായത് ഇവിടെ ആക്രമണരീതി വിഷദംശനം പോലെത്തന്നെ. ഒരു ചുണ്ടെലിയെ കൊല്ലാന്‍ മാത്രം വിഷം ഈ തവളയ്ക്കുണ്ട് എന്നും ഓര്‍ക്കണം. ഗ്രീനിംഗിനെപ്പോലെ മറ്റൊരു സ്പീഷീസ് കൂടിയുണ്ട് തവള കുടുംബത്തില്‍. ഗ്രീനിംഗ് തവളയുടെ ചാര്‍ച്ചക്കാരനായ അപരാസ്‌ഫെനഡോണ്‍ ബ്രൂണോയ് എന്നയിനം. ഗ്രീനിംഗിനേക്കാള്‍ അപകടകാരിയാണത്രെ ഇക്കൂട്ടര്‍. പറഞ്ഞുവന്നത്, വിഷത്തവളകള്‍ പലതുമുണ്ടെങ്കിലും പാമ്പുകളെപ്പോലെ വിഷം കുത്തിവെയ്ക്കുന്ന തവളകളും അപൂര്‍വ്വമായി ഉണ്ടെന്ന കാര്യമാണ്. അതാണിവന്‍ കാര്‍ലോസ് എന്ന ശാസ്ത്രജ്ഞനെ കുടുക്കിയ വിഷദംശനവീരന്‍ ഗ്രീനിംഗ്. Corythomantis Greeningi, a tree frog able to inject toxic venom
Content Summary; Corythomantis Greeningi, a tree frog able to inject toxic venom