March 27, 2025 |
Share on

ട്രംപിന്റെ ചുങ്കപ്പിരിവ് ഉണ്ടാക്കുന്ന നഷ്ടങ്ങള്‍

ഫെബ്രുവരി 4 മുതലാവും നികുതി നടപടികൾ പ്രാബല്യത്തിൽ വരുക

കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ചരക്ക് ഇറക്കുമതിക്ക് നികുതി ചുമത്തുമെന്ന ഡൊണാൾ‍ഡ് ട്രംപിന്റെ ഉത്തരവ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഫെബ്രുവരി ഒന്നു മുതൽ ഇത് നടപ്പാക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 4 മുതലാവും നികുതി നടപടികൾ പ്രാബല്യത്തിൽ വരുകയെന്ന് ട്രംപ് അറിയിച്ചു.

ട്രംപ് ഏർപ്പെടുത്തിയ നികുതികൾ

കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള എല്ലാ ചരക്കുകൾക്കും 25 ശതമാനം നികുതി  ചുമത്തുന്നതിനും കനേഡിയൻ ഓയിൽ, ചൈനീസ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 10 ശതമാനം നികുതി നൽകുന്നതിനുമുള്ള ഉത്തരവുകളിൽ ട്രംപ് ഒപ്പുവച്ചു. ഇതിനെതിരെ രാജ്യങ്ങൾ തിരിച്ചടിച്ചാൽ തീരുവ ഇനിയും ഉയരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

കാനഡയിലും മെക്സിക്കോയിലും ചൈനയിലും നികുതി ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും താരിഫുകളുടെ വ്യാപ്തി എത്രത്തോളമായിരിക്കും എന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് വ്യക്തത നൽകിയിട്ടില്ല. ചില മേഖലകളെ ട്രംപ് ഒഴിവാക്കുകയോ നികുതി ഏർപ്പെടുത്തുന്നത് പരിമിതപ്പെടുത്തുകയോ ചെയ്തേക്കാമെന്ന് ട്രംപിന്റെ ഉപദേശകർ പറഞ്ഞതായി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

എന്താണ് താരിഫ്?

ഒരു രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ വസ്തുക്കൾക്ക് ചുമത്തുന്ന നികുതിയാണ് താരിഫ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് ഇറക്കുമതിക്കാരാണ് യുഎസ്. 2022 ൽ യുഎസിൽ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ മൂല്യം 3.2 ട്രില്യൺ ഡോളറായിരുന്നു.  യുഎസ് നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും ആഭ്യന്തരമായി ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് സമ്മർദ്ദം ചെലുത്താൻ കഴിയുന്ന ഒരു നയമായാണ് ട്രംപ് താരിഫുകളെ ഉപയോ​ഗിക്കുന്നത്.

രാജ്യങ്ങൾ യുഎസിൽ പ്ലാൻ്റ് നിർമ്മിക്കുകയാണെങ്കിൽ അവർക്ക് താരിഫുകളൊന്നും തന്നെ ഉണ്ടാകില്ലയെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ പതിറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. ഉദാഹരണത്തിന്, യുഎസ് കർഷകർക്ക് മെക്സിക്കോ ഉൽപ്പാദിപ്പിക്കുന്ന അവോക്കാഡോകളുടെ എണ്ണം എത്ര വർഷമെടുത്താലും ഉത്പാദിപ്പിക്കാൻ കഴിയില്ല. ട്രംപ് തന്റെ ഉത്തരവ് നടപ്പാക്കുകയാണെങ്കിൽ ഇറക്കുമതിക്കാർ താരിഫുകളുടെ ചിലവ് ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കുകയും വില ഉയരാൻ കാരണമാവുകയും ചെയ്യും.

യുഎസ് ഉപഭോക്താക്കളെ താരിഫ് ബാധിക്കുന്നതെങ്ങനെ?

മെക്സിക്കോയിലും കാനഡയിലും 25 ശതമാനം നികുതി ചുമത്തുന്നതോടെ ഉപഭോക്തൃ വില വർദ്ധിക്കുന്നു. ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നതിൽ കാനഡ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ഓട്ടോ ഭാഗങ്ങൾ എന്നിവയുടെ വിതരണണത്തിൽ മെക്സിക്കോ ഒരു പ്രധാന ഘടകമാണ്. ചൈന ഇലക്ട്രോണിക്സ് ചിപ്പുകൾ നൽകുന്നു. 2023ൽ ഈ രാജ്യങ്ങളിൽ നിന്ന് 1.2 ട്രില്യൺ ഡോളറിൻ്റെ ചരക്കുകളാണ് യുഎസ് ഇറക്കുമതി ചെയ്തത്.

താരിഫുകൾ ചുമത്തുന്നതോടെ യുഎസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന സാമഗ്രികളുടെ വിലയും വർദ്ധിപ്പിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് ഉയർന്ന വിലയിലേക്ക് നയിക്കുന്നു. ഈ താരിഫുകൾ 1.2 ട്രില്യൺ ഡോളർ നികുതിയായി കൂട്ടിച്ചേർക്കുമെന്നാണ് ടാക്സ് ഫൗണ്ടേഷൻ കണക്കാക്കുന്നത്. ട്രംപ് താരിഫുകൾ സർക്കാരിനുള്ള വരുമാനമായി കാണുമ്പോൾ, അമേരിക്കക്കാർ ഉത്പന്നങ്ങൾക്ക് ആത്യന്തികമായി കൂടുതൽ പണം നൽകേണ്ടി വരുന്നു.

കോൺഗ്രസിന്റെ അനുമതി ഇല്ലാതെ തന്നെ പ്രസിഡൻ്റിന് നികുതി ചുമത്താൻ കഴിയുമെന്ന് യുഎസ് നിയമം പറയുന്നു. ഇറക്കുമതി നിയന്ത്രിക്കുന്നതിന് ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർസ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപിന് ദേശീയ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാകും. 2018-ൽ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്ന് അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് താരിഫ് ഏർപ്പെടുത്തിയതുപോലെ, നിർദ്ദിഷ്ട വ്യവസായങ്ങളെ ടാർഗെറ്റുചെയ്യാൻ അദ്ദേഹത്തിന് വ്യാപാര വിപുലീകരണ നിയമത്തിൻ്റെ സെക്ഷൻ 232 ഉപയോഗിക്കാനും കഴിയും.

Content Summary: Countries suffer losses due to Trump’s tariffs 
Donald Trump u.s foreign policy tariff 

×