മഹാരാഷ്ട്രയിലെ നാസിക് ജില്ലാ പരിഷത്തില്‍ ശിവസേനയ്ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും. ബിജെപിയ്‌ക്കെതിരെ ശിവസേനയെ സിപിഎമ്മും, കോണ്‍ഗ്രസും പിന്തുണച്ചതോടെ ജില്ലാ പരിഷത്ത് പ്രസിഡണ്ടായി ശിവസേനയിലെ ശീതള്‍ സാംഗ്‌ളെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ എട്ട് അംഗങ്ങളുടേയും സിപിഎമ്മിന്റെ മൂന്ന് അംഗങ്ങളുടേയും പിന്തുണയോടെയാണ് ശീതള്‍ സാംഗ്‌ളെ ജില്ലാ പ്രസിഡണ്ടായത്. കോണ്‍ഗ്രസിന്റെ നയ്‌ന ഗവിറ്റ് വൈസ് പ്രസിഡണ്ടായി. ശിവസേനക്ക് ആകെ 25 അംഗങ്ങളാണ് ജില്ലാ പരിഷത്തിലുള്ളത്. നാസിക്കില്‍ ശിവസേന, ബിജെപി പിന്തുണ സ്വീകരിച്ചിരുന്നില്ല. അവര്‍ കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. എന്‍സിപി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തിരഞെടുപ്പിന് ശേഷം നടന്ന യോഗത്തില്‍ ശീതള്‍ സാംഗ്‌ളെയും നയ്‌ന ഗവിറ്റും ബാല്‍ താക്കറേയേയും സോണിയാ ഗാന്ധിയെയും പുകഴ്ത്തി സംസാരിച്ചു.
ബോംബെ നഗരത്തില്‍ ഒരു കാലത്ത് എഐടിയുസിയും സിഐടിയുവും ശക്തമായ ട്രേഡ് യൂണിയനുകളായിരുന്നു. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും മഹാരാഷ്ട്ര നിയമസഭയിലും സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഭേദപ്പെട്ട പ്രാതിനിധ്യം ഉണ്ടായിരുന്നു. 1966ല്‍ ശിവസേന രൂപം കൊണ്ടത് മുതല്‍ 1980കള്‍ വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ശിവസേനയും തമ്മില്‍ ബോംബെയിലടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വലിയ സംഘര്‍ഷങ്ങളും രക്തചൊരിച്ചിലുകളും നടന്നിട്ടുണ്ട്. സിപിഎമ്മിന്റേയും സിപിഐയുടേയും നിരവധി പ്രവര്‍ത്തകര്‍ ശിവസേനക്കാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളെ അടിച്ചൊതുക്കിയാണ് ശിവസേനയുടേയും ബാല്‍താക്കറേ എന്ന നേതാവിന്റെയും ഉദയം തന്നെ. കൃഷ്ണ ദേശായ് എന്ന സിപിഐ എംഎല്‍എയുടെ കൊലപാതകമടക്കം നിരവധി സംഭവങ്ങള്‍ ഇത്തരം സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായി.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അശോക് ധാവ്‌ളെ ശിവസേന എന്ന പേരില്‍ ആ സംഘടനയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം ഇറക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ശക്തമായ സ്വാധീനം ഇല്ലാതാക്കാനും ഇടതുപക്ഷ പ്രവര്‍ത്തകരെ കായികമായി ആക്രമിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും കോര്‍പ്പറേറ്റ് മുതലാളിമാരുടേയും പിന്തുണയോടെ ശിവസേന പ്രവര്‍ത്തിച്ചതായി പുസ്തകത്തില്‍ അശോക് ധാവ്‌ളെ പറയുന്നുണ്ട്. ശിവസേനയെ ഒരു പ്രാദേശിക തീവ്രവാദ കക്ഷിയായി മാത്രമല്ല ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനയായി തന്നെയാണ് സിപിഎം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ നാസിക് ജില്ലാ പരിഷത്തില്‍ ശിവസേനയ്ക്ക് സിപിഎം നല്‍കുന്ന പിന്തുണ ശ്രദ്ധേയവും വിവാദവുമായി മാറുകയാണ്. എന്‍സിപിയും ശിവസേനയും യവത്മാലില്‍ കൈകോര്‍ത്തപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഇവിടെ സഖ്യകക്ഷികളായി. മറ്റ് സ്ഥലങ്ങളിലും ഇതേ പോലെ തന്നെയുള്ള സഖ്യങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്.