2025 സെപ്തംബര്‍ 24. ഉച്ച തിരിഞ്ഞ് പന്ത്രണ്ടരയായിട്ടുണ്ട്. ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ, ജഡ്ജിമാരുടെ വാഹനങ്ങള്‍ക്കായുള്ള ഗേറ്റ് വഴി ഒരു പൊലീസ് വാഹനം അകത്തേക്കു കയറി നിന്നു. വാഹനത്തില്‍ നിന്നും കൈവിലങ്ങുകളുമായി ‘അമ്മാവന്‍’
ഇറങ്ങി.
58 ദിവസങ്ങള്‍ക്ക് ശേഷമാണ് അമ്മാവന്‍ എന്ന സി എം സെബാസ്റ്റ്യന്‍ ഈ പട്ടണത്തിലേക്ക് വീണ്ടും എത്തിയത്. അയാളുടെ സ്ഥിരം കേന്ദ്രങ്ങളിലൊന്നായിരുന്നു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നില്‍ക്കുന്ന കോടതിക്കവല. പടിഞ്ഞാറ് ഇരുമ്പ് പാലത്തിലേക്ക് പോകുന്ന ദിശയില്‍ ഇടതുവശത്തായി കടമുറികളുടെ നിരയുണ്ട്, അതില്‍ ചിലത് ഇപ്പോള്‍ പൊളിച്ചിട്ടിരിക്കുകയാണ്. അതിലൊന്ന് സെബാസ്റ്റ്യന്റെ പതിവ് ഇരുപ്പ് കേന്ദ്രമായിരുന്നു. അവിടെയിരുന്നാല്‍ റോഡിന് വലതു വശത്തായി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഒന്നാം കോടതി കാണാം. ചേര്‍ത്തല, പട്ടണക്കാട്, കുത്തിയതോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കേസുകളൊക്കെ അവിടെയാണ് എടുക്കുന്നത്.
കറുത്ത കള്ളികളുള്ള ഇഷ്ടിക കളര്‍ ഷര്‍ട്ടായിരുന്നു സെബാസ്റ്റ്യന്‍ ധരിച്ചിരുന്നത്, അതേ നിറത്തില്‍ കരയുള്ള മുണ്ടും. അലക്കി തേച്ച ഷര്‍ട്ടും പാന്റ്സുമായിരുന്നു സെബാസ്റ്റ്യന്റെ പതിവ് വേഷം. ഇപ്പോഴയാള്‍ ധരിച്ചിരിക്കുന്ന ഷര്‍ട്ട് പഴക്കം തോന്നിക്കുന്നതും, മുണ്ട് കറകള്‍ പറ്റി മുഷിഞ്ഞു തുടങ്ങിയതുമായിരുന്നു. നീലനിറത്തിലുള്ള സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചിരുന്നു. ഇടയ്ക്ക് ആ മാസ്‌ക് മാറ്റുന്ന സമയത്ത്, അയാളുടെ മുഖം പൂര്‍ണമായി കാണാന്‍ സാധിച്ചു. ഷേവ് ചെയ്യാത്തതിനാല്‍ വളര്‍ന്നു തുടങ്ങിയ നരച്ച താടി രോമങ്ങളും വെട്ടിയൊതുക്കാത്ത മീശയും അയാളുടെ മുഖത്തെ വാര്‍ദ്ധക്യത്തിന്റെ അടയാളങ്ങളായി.

സി എം സെബാസ്റ്റ്യന്‍
‘പ്രതികള്‍’ എന്നെഴുതിയ ചുമരിന് താഴെ, ഒരാള്‍ വീതി മാത്രമുള്ള വാതിലിന് മുന്നില്‍ രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ കരുതലില്‍ നില്‍ക്കുമ്പോള്‍ റോഡിന് മറുവശത്ത് താന്‍ വന്നിരിക്കാറുള്ള സ്ഥലം സെബാസ്റ്റ്യന്‍ വ്യക്തമായി കണ്ടിരിക്കണം. അയാള്‍ അക്ഷോഭ്യനായിരുന്നു. മുണ്ടിന്റെ കോന്തല പിടിച്ച് കൈകള്‍ പിന്നില്‍ കെട്ടി, അയാള്‍ നിര്‍വികാരനായി നിന്നു, ഇടതുകാലിന്റെ മുട്ടിന് കീഴെ നീരുവന്ന് വീര്‍ത്തിരിക്കുന്നതൊഴിച്ചാല്‍ പുറമേ നിന്നു നോക്കുമ്പോള്‍ ആരോഗ്യദൃഢനായൊരു മനുഷ്യനായി കാണപ്പെട്ടു.
പ്രതികൂട്ടിലേക്ക് കയറ്റി നിര്‍ത്തുമ്പോഴും അയാളുടെ മുഖം ശാന്തമായിരുന്നു. ഇടയ്ക്ക് വക്കീലന്മാരില്‍ ചിലര്‍ അയാളെ പരിചയഭാവത്തില്‍ നോക്കി, അവര്‍ക്കൊക്കെയും അയാള്‍ ചിരികള്‍ കൊണ്ട് മറുപടി നല്‍കി.
പ്രതി കൂട്ടില്‍ നിന്നിറക്കിയശേഷം ഏകദേശം അരമണിക്കൂര്‍ കോടതി വരാന്തയിലെ ബഞ്ചില്‍ സെബാസ്റ്റ്യന്‍ ഉണ്ടായിരുന്നു. അയാളുടെ വക്കാലത്ത് എടുത്ത അഭിഭാഷകന്റെ ഗുമസ്തന്‍ വക്കാലത്ത് സംബന്ധമായ കാര്യങ്ങള്‍ ഇതിനകം തീര്‍ത്തു, തന്റെ പോക്കറ്റില്‍ കരുതിയിരുന്ന ചില പേപ്പറുകള്‍ ഗുമസ്തനു കൈമാറിയ സെബാസ്റ്റ്യന്‍ എന്തൊക്കെ കാര്യങ്ങള്‍ രഹസ്യമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു.
‘ചേര്‍ത്തലയിലെ സീരിയല്‍ കില്ലറെ’ മുന്നില്‍ കണ്ട്, കേസുകളുമായി ബന്ധപ്പെട്ട് വന്നവര്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. റോഡിലൂടെ പോയ ചിലരും സെബാസ്റ്റ്യനെ കാണാനായി അകത്തേക്കു കയറി വന്നു. അവരെയാരെയും അയാള്‍ വകവച്ചില്ല. എന്നാല്‍ കോടതിയില്‍ വച്ചു കണ്ട തന്റെ പരിചയക്കാരോട് അയാള്‍ കുശലം പറഞ്ഞു. ”നീയതങ്ങ് സമ്മതിച്ചേക്കടാ, എല്ലാ കൂടി ഒറ്റശിക്ഷയെ കിട്ടൂ’ എന്നു പറഞ്ഞൊരു പരിചയക്കാരനോട്, ‘പോടാ, നീ നിന്റെ പാടുനോക്കി പോടാ, എന്ന് സെബാസ്റ്റിയന്‍ പറഞ്ഞത് കളിയോടെയായിരുന്നു.
ആധിപത്യവും ശക്തിയും പ്രകടിപ്പിക്കുന്നതുപോലെ, അല്ലെങ്കില്‍ ഇരിക്കുന്നതിന്റെ സൗകര്യം ആസ്വദിക്കുന്നതുപോലെ അയാള്‍ കാലുകള്‍ വിടര്‍ത്തിയാണിരുന്നത്. എന്തോ ഗൗരവമായി മനസില്‍ ആലോചിക്കുന്നതിന്റെ അടയാളം പോലെ ഉള്ളം കൈയിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് അയാളുടെ ഇരുപ്പ്, തല വലതുവശത്തേക്ക് ചരിച്ച് കുനിഞ്ഞ്, കാലുകള്‍ അകത്തിയായിരുന്നു. അവിടുത്തെ കാത്തിരിപ്പിന്റെ മുഷിച്ചിലായിരിക്കാം, അതല്ലെങ്കില്‍ അയാള്‍ ശാരീരികമായി ക്ഷീണം അനുഭവിക്കുന്നുണ്ടായിരിക്കാം. കുടിക്കാന്‍ എന്തെങ്കിലും വേണോ എന്ന് പൊലീസുകാര്‍ ചോദിച്ചെങ്കിലും അയാള്‍ ഒന്നും ആവശ്യപ്പെട്ടില്ല. തന്റെ മുന്നിലൂടെ കടന്നു പോവുകയും, തന്നെ കാണാന്‍ വന്നു നില്‍ക്കുകയും ചെയ്ത പരിചയക്കാരെ, അയാള്‍ അവരുടെ കൈത്തണ്ടയില്‍ തട്ടിയാണ് അഭിവാദ്യം ചെയ്തിരുന്നത്. കൊലക്കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഒരു കുറ്റാരോപിതനാണ് താനെന്ന് ആശങ്കയില്ലാതെ, ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റം. ചില സമയങ്ങളിലല്ലാതെ, സെബാസ്റ്റ്യന്റെ തല ഉയര്‍ന്നു തന്നെയായിരുന്നു.
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി എന്ന് പ്രതി സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് ചേര്‍ത്തല കോടതിയില്‍ അറിയിച്ചതിന് ശേഷമുള്ള കാഴ്ച്ചകളായിരുന്നു ഇതെല്ലാം.
ജെയ്നമ്മ തിരോധന കേസില്‍ ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റ് കസ്റ്റഡയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സെബാസ്റ്റ്യന്‍ ബിന്ദുവിന്റെ കൊലപാതകം സമ്മതിച്ചതെന്നാണ് ആലപ്പുഴ യൂണിറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ക്രൈം ബ്രാഞ്ച് സംഘം വിയ്യൂര്‍ ജയിലില്‍ എത്തി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കസ്റ്റഡിക്ക് അപേക്ഷ നല്‍കി. ഈ അപേക്ഷ പരിഗണിച്ചാണ് സെപ്തംബര്‍ 24 ന് കോടതി ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ഇന്ന് സെബാസ്റ്റ്യനെ കോടതിയില്‍ വീണ്ടും ഹാജരാക്കുന്നുണ്ട്.
ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞു കാണണം, എല്ലാ നടപടികളും പൂര്‍ത്തിയാക്കി സെബാസ്റ്റ്യനുമായി കോടതിക്ക് പുറത്ത് കാത്തു കിടന്നിരുന്ന പൊലീസ് വാഹനത്തിലേക്ക് ഉദ്യോഗസ്ഥര്‍ നടന്നു. അടുത്തകാലം വരെ അയാളുടെ ഇഷ്ടകേന്ദ്രമായിരുന്നിടത്ത് നിന്നും ആ വണ്ടി പുറപ്പെടുമ്പോള്‍ സെബാസ്റ്റ്യന്റെ മുഖം ശാന്തമായിരുന്നു. ഒരുപക്ഷേ അയാള്‍ എല്ലാം അംഗീകരിക്കാന്‍ തയ്യാറെടുക്കുകയാണോ, അതോ ആത്മവിശ്വാസത്തിന്റെതായ ശാന്തതയാണോ അത്?
ഒരു മിസിംഗ് കേസ്, മര്‍ഡര്‍ കേസ് ആകുന്നു
പറഞ്ഞു പഴകിയൊരു വാചകമുണ്ട്; സത്യം എല്ലാക്കാലത്തും മൂടി വയ്ക്കാന്‍ സാധിക്കില്ല, ഒരുനാള്‍ അത് മറ നീക്കി പുറത്തു വരും.
സെബാസ്റ്റ്യന്റെ കാര്യത്തില്‍ കാലം എങ്ങനെയായിരുന്നു കളി തുടങ്ങിയത്?
2017 ഡിസംബര്‍ 20ന് പട്ടണക്കാട് പൊലീസ് സ്റ്റേഷനില്‍ 1400/ 2017 എന്ന എഫ് ഐ ആര്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ഒരു മിസ്സിംഗ് കേസാണ്, കേരളം മുഴുവന്‍ ചര്‍ച്ചയായ ബിന്ദു തിരോധാനത്തിന്റെ തുടക്കം. ബിന്ദുവിന്റെ മൂത്ത സഹോദരന്‍ പ്രവീണ്‍ ആയിരുന്നു പരാതിക്കാരന്‍. കുത്തിയതോട്. പട്ടണക്കാട് സ്റ്റേഷനുകളില്‍ ആരംഭിച്ച അന്വേഷണം പിന്നീട് ഡിവൈഎസ്പി തലത്തില്‍ അന്വേഷിക്കുകയും, അതിനു ശേഷം ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് ഏറ്റെടുക്കുകയും ചെ്തു. 348/ 2018 എന്ന എഫ് ഐആര്‍ നമ്പറില്‍ ആലപ്പുഴ ക്രൈം ബ്രാഞ്ച് യൂണിറ്റ് ഏറ്റെടുത്ത കേസ് ഇപ്പോള്‍ ബിന്ദു കൊലക്കേസായി മാറിയത്.
ഒന്നര ലക്ഷത്തിനായൊരു അരുംകൊല
പത്മനാഭ പിള്ളയുടെ മരണശേഷം എല്ലാ സ്വത്തുക്കളും സ്വന്തം പേരിലായ ബിന്ദു അവ ഓരോന്നും വില്‍ക്കാന്‍ തുടങ്ങി. ചേര്‍ത്തലയിലെ വസ്തുക്കള്‍ കൂടാതെ വേറെയും ഉണ്ടായിരുന്നു ബിന്ദുവിന്റെ പേരില്‍ ഭൂമി. അതിലൊന്നായിരുന്നു അമ്പലപ്പുഴയിലെ പത്തു സെന്റ്. ആ മണ്ണാണ് ബിന്ദുവിന്റെ ജീവന്‍ എടുത്തതെന്നാണ് ഇപ്പോള്‍ സെബാസ്റ്റ്യന്റെ കുറ്റസമ്മതത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
അമ്പലപ്പുഴയിലെ സ്ഥലം കച്ചവടം ചെയ്യാന്‍ ഇടനിലക്കാരനായി നിന്നത് ബിന്ദുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ സെബാസ്റ്റ്യന്‍ ആയിരുന്നു. വാങ്ങാന്‍ ഏര്‍പ്പാടാക്കിയത് പള്ളിപ്പുറത്ത് തന്നെയുള്ള ഒരു വ്യക്തിയെയും. അയാള്‍ സെബാസ്റ്റ്യന്റെ അടുപ്പക്കാരില്‍ ഒരാളായിരുന്നു.

പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്, ഇവിടെ വച്ചാണ് ബിന്ദുവിനെ കൊലപ്പെടുത്തിയത്
ഭൂമി വാങ്ങാന്‍ തീരുമാനിച്ച വ്യക്തി, 2006 മേയ് ഏഴിന് പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ ചൊങ്ങുംതറ വീട്ടില്‍ വച്ച് അഡ്വാന്‍സായി ഒന്നരല ലക്ഷം രൂപ ബിന്ദുവിന് നല്‍കി. ഈ സമയം സെബാസ്റ്റ്യന്‍ മാത്രമായിരുന്നു അവരെ കൂടാതെ അവിടെ ഉണ്ടായിരുന്നത്. ബിന്ദുവിനെ അവസാനമായി കണ്ടൊരാള്‍ ഭൂമി വാങ്ങാന്‍ തയ്യാറായ വ്യക്തിയായിരുന്നു. അയാള്‍ കേസില്‍ പ്രധാന സാക്ഷിയാകും.
അമ്പലപ്പുഴയിലെ വസ്തുവിന് കിട്ടിയ അഡ്വാന്‍സ് തുക സെബാസ്റ്റ്യനു വേണമായിരുന്നു. അതുമായി ബന്ധപ്പെട്ട് ചൊങ്ങുംതറ വീട്ടില്‍ വച്ചു ബിന്ദുവും സെബാസ്റ്റ്യനും തമ്മില്‍ തര്‍ക്കമുണ്ടായി. ബിന്ദുവിന്റെ എതിര്‍പ്പില്‍ പ്രകോപിതനായ സെബാസ്റ്റ്യന്‍ അവരെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു.
ചൊങ്ങുംതറ വീട്ടില്‍ തന്നെ ആ പദ്ധതി സെബാസ്റ്റ്യന്‍ നടപ്പാക്കുകയും ചെയ്തു. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ബിന്ദുവിനെ കൊന്നത്. ശേഷം ശരീരം പല കഷ്ണങ്ങളായി മുറിച്ചു. ആ ശരീരഭാഗങ്ങള്‍ പലയിടങ്ങളിലായി കുഴിച്ചിട്ടു. ജീര്‍ണിച്ച് അസ്ഥികളായ ശേഷം അവ കത്തിച്ചു ചാരമാക്കി. ചാരം ഓരോരോയിടങ്ങളിലായി വിതറി. ബിന്ദുവിനെ ഈ ലോകത്ത് നിന്നും യാതൊരു തെളിവുമില്ലാതെ ‘അമ്മാവന്‍’ ഒഴിവാക്കി.
അമ്പലപ്പുഴയിലെ ഭൂമി കോടതി കയറി
ഒമ്പത് മാസത്തിനകം രജിസ്‌ട്രേഷന്‍ നടത്താമെന്ന കരാറിലായിരുന്നു അഡ്വാന്‍സ് നല്‍കിയത്. എന്നാല്‍ അഡ്വാന്‍സ് വാങ്ങിപ്പോയ ബിന്ദുവിനെ പിന്നീട് താന്‍ കണ്ടിട്ടില്ലെന്നാണ് പള്ളിപ്പുറം സ്വദേശി പറയുന്നത്. സെബാസ്റ്റ്യനോട് തിരക്കിയപ്പോള്‍ അയാള്‍ക്കും അതേക്കുറിച്ചറയില്ലെന്നു പറഞ്ഞു. ബിന്ദു എവിടെയാണെന്ന് വിവരമൊന്നും ഇല്ലാതെ വന്നതോടെ, സ്ഥലം വില്‍പ്പന നടത്തി, താന്‍ നല്‍കിയ അഡ്വാന്‍സ് തുക തിരികെ തരണമെന്ന് കാണിച്ച് ഇയാള്‍ കോടതിയെ സമീപിച്ചു.
സ്ഥലത്തിന്റെ അവകാശികള്‍ ഉണ്ടെങ്കില്‍ ഹാജരാകണമെന്ന് കാണിച്ചു കോടതി നിര്‍ദേശ പ്രകാരം പത്രത്തില്‍ പരസ്യം കൊടുത്തെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് കോടതിയുടെ മേല്‍നോട്ടത്തില്‍ സ്ഥലം ലേലം ചെയ്തു. സ്ഥലം ലേലം പിടിച്ചത് പള്ളിപ്പുറം സ്വദേശി തന്നെയായിരുന്നു. ബിന്ദുവിന് നല്‍കിയ അഡ്വാന്‍സ് തുക തിരികെ പിടിച്ചശേഷം, കോടതി സ്ഥലവിലയായി നിശ്ചയിച്ച തുകയില്‍ ബാക്കി അയാള്‍ സര്‍ക്കാരിലേക്ക് അടച്ചു.
19 വര്‍ഷം മുമ്പേ ബിന്ദു ഇല്ലാതായി?
സെബാസ്റ്റ്യന്റെ കുറ്റസമ്മത പ്രകാരം 2006 ല്‍ ബിന്ദു കൊല്ലപ്പെട്ടിട്ടുണ്ട്. നീണ്ട 19 വര്‍ഷങ്ങള്‍ക്കുശേഷം ആ സത്യം പുറത്തു വരുമ്പോള്‍ എല്ലാം കലങ്ങി തെളിഞ്ഞു എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. കാരണം, തെളിവുകളുടെ അഭാവം അമ്മാവന് അനുഗ്രഹമായേക്കാം. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും മാത്രമാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വഴി തെളിക്കുന്നത്.

ബിന്ദു പത്മനാഭന്‍
ബിന്ദുവിന്റെ ഒരു അസ്ഥി കഷ്ണമെങ്കിലും ബാക്കി കിട്ടുകയെന്നത് അസാധ്യമാണ്. അസ്ഥികള്‍ കരിച്ച് ചാരമാക്കി, അവ പലയിടങ്ങളിലായി വിതറി എന്നു സെബാസ്റ്റ്യന്‍ സമ്മതിക്കുമ്പോഴും, അവ എവിടെയൊക്കെയാണ് വിതറിയതെന്ന് ഓര്‍മയില്ലെന്നാണ് അയാള്‍ പറയുന്നത്. വീട്ടു വളപ്പിലാണ് കഷ്ണങ്ങളാക്കിയ ശരീരം കുഴിച്ചിട്ടതെന്നു സെബാസ്റ്റ്യന്‍ പറയുന്നുണ്ട്. ഇവിടെ നിന്നും മണ്ണ് ശാസ്ത്രീയ പരിശോധനയ്ക്കായി കൊണ്ടു പോയിട്ടുണ്ട്. പക്ഷേ 19 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നൊരു സംഭവത്തില്‍ എന്ത് തെളിവുകള്‍ ഇനി ബാക്കിയുണ്ടാകും? ആകെയുള്ളൊരു സാധ്യത ജെയ്‌നമ്മ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വീട്ടു വളപ്പില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ അസ്ഥി കഷ്ണങ്ങളാണ്. ഇതാരുടെതാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചുവെങ്കിലും ഫലം കിട്ടിയിട്ടില്ല. കേരളത്തിലെ ലാബുകളില്‍ അതിനുള്ള സൗകര്യം ഇല്ല.
അലയുന്ന ആത്മാക്കള്‍!
ജെയ്‌നമ്മ കേസില്‍ ചൊങ്ങുംതറ വീട്ടില്‍ അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ അയല്‍ക്കാര്‍ പറയുന്നൊരു കാര്യമുണ്ട്; ‘എത്ര പേര്‍ ഈ മണ്ണിനടിയില്‍ ഉണ്ടാകും, അതുങ്ങള് ഏത് ജാതിക്കാരാണെങ്കിലും അവസാനത്തെ കര്‍മങ്ങള്‍ ചെയ്യാനെങ്കിലും എന്തെങ്കിലും കിട്ടിയാല്‍ മതിയാരുന്നുവെന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന, അല്ലെങ്കില്‍ ഗതികിട്ടാതെ അവരെല്ലാം ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കും”.
അന്വേഷണ ഉദ്യോഗസ്ഥരുടെ ഉള്ളിലും ഇതേ പ്രാര്‍ത്ഥന കാണുമോ? എന്തെങ്കിലും ഒരു തുമ്പ്; ഈ കേസിന് ബലമേകാന്‍ കാലം അവേശഷിപ്പിച്ച എന്തെങ്കിലും ഒന്നു കിട്ടുമോ?
ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ കെ ഹേമന്ത് കുമാര്‍, എസ് ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള, ബിന്ദു കേസിലെ ഇപ്പോഴത്തെ അന്വേഷണ സംഘം ആത്മാര്‍ത്ഥമായി ജോലിയെടുക്കുന്നുണ്ട്. ചാരം വിതറിയെന്നു പറയുന്ന തണ്ണീര്‍മുക്കം ഒന്നാം ബണ്ടിലെ ചിറയില്‍ ഉള്‍പ്പെടെ സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുകയാണ്. ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതുപോലെ, കാര്യങ്ങള്‍ ട്രാക്കില്‍ ആയെന്ന വിശ്വാസത്തില്‍ തന്നെയാണ് അന്വേഷണ സംഘം ഇപ്പോള്‍ ഉള്ളത്.
എന്നാല്‍ ഒരു ചോദ്യം നിലനില്‍ക്കുന്നു; ശക്തമായ തെളിവുകള്‍ ബിന്ദു തിരോധാനത്തിലെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കിട്ടിയിട്ടും, എന്തുകൊണ്ട് അന്ന് സെബാസ്റ്റ്യനെ കൊണ്ട് കുറ്റസമ്മതം നടത്തിക്കാന്‍ കഴിഞ്ഞില്ല? നല്ല രീതിയില്‍ തുടങ്ങിയ അന്വേഷണത്തിന്റെ താളം പിഴച്ചത് എവിടെയായിരുന്നു? ആരെല്ലാം ചേര്‍ന്നാണ് സെബാസ്റ്റ്യനെ ‘ഊരിയെടുക്കാന്‍’ ശ്രമിച്ചത്? ജെയ്‌നമ്മയുടെയും ബിന്ദുവിന്റെയും ഐഷയുടെയുമെല്ലാം തിരോധാനങ്ങളിലെ യാഥാര്‍ത്ഥ്യം പുറത്തു വരുന്നതിനൊപ്പം സെബാസ്റ്റ്യന്റെ ‘കൂട്ടാളി’കളെ കൂടി പുറത്തു കൊണ്ടു വരണം, എങ്കിലേ അമ്മാവന്‍ എന്ന നിഗൂഢ വൃദ്ധന്റെ കഥ പൂര്‍ണമാകൂ.
സെബാസ്റ്റ്യന്‍ മൂടിവച്ച സത്യം എങ്ങനെയാണ് മറ നീക്കി പുറത്തു വന്നത്? ആ കഥകള്‍ നാളെ മുതല്‍
Content Summary; Bindu Padmanabhan murder case and Sebastian’s confession
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.