‘അയാളൊരു നശിച്ച കമ്യൂണിസ്റ്റാണ്’ അര്‍ജന്റീനയുടെ പ്രസിഡന്റ് ഹാവിയേര്‍ മിലെ ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള തന്റെ അമര്‍ഷം തീര്‍ത്തതങ്ങനെയായിരുന്നു. അധഃസ്ഥിതരെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് പാപ്പ, മിലെയെ സംബന്ധിച്ച് ‘ ഭൂമിയിലെ ദുഷ്ടന്റെ പ്രതിനിധി’ ആയിരുന്നു. താനാണ് അര്‍ജന്റീനയുടെ മിശിഹ എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് മിലെ ജനങ്ങളോട് വിളിച്ചു കൂവിയിരുന്നത്. അര്‍ജന്റീനയുടെ സംരക്ഷകനായ മിശിഹ എന്ന് മിലെ അവകാശപ്പെട്ടപ്പോള്‍, ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മാതൃരാജ്യത്തെ ജനങ്ങളോ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതി. ആരുടെയെങ്കിലും പേരെടുത്ത് പറയാതെ, മാര്‍പാപ്പ ജനങ്ങളെ ഓര്‍മിപ്പിച്ചു; ഈ ലോകത്തിന് ഒരേയൊരു മിശിഹായെയുള്ളൂ. മാര്‍പാപ്പ, മിലേയുടെ കണ്ണില്‍ ദുഷ്ടനും കമ്യൂണിസ്റ്റുമായി മാറാന്‍ ആ ഒരൊറ്റ വരിയായിരുന്നു കാരണം.
മിലെയെ പോലുള്ളവര്‍ ഉയര്‍ത്തുന്ന അവകാശവാദങ്ങളില്‍ നിന്നും അവര്‍ ലോകത്തിന് മുന്നില്‍ സൃഷ്ടിക്കുന്ന മിഥ്യാബോധങ്ങളില്‍ നിന്നും ജനത്തെ സത്യത്തിന്റെ വഴിയിലേക്ക് ഇറക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു മാര്‍പാപ്പ. സഭയുടെ പാരമ്പര്യങ്ങളെ പോലും അദ്ദേഹം ചോദ്യം ചെയ്തു. ക്ലാവ് പിടിച്ച ആചാരങ്ങളെ അദ്ദേഹം തകര്‍ത്തെറിയാന്‍ ശ്രമിച്ചു. വിമര്‍ശിക്കപ്പെടേണ്ട പ്രവര്‍ത്തികളും വാക്കുകളും ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും ഫ്രാന്‍സിസ് മാര്‍പാപ്പ വിപ്ലവകരമായ പലതിനും ശ്രമിച്ചു.
ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനുശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയശേഷമാണ്, മറ്റൊരു ഉയര്‍പ്പ് തിരുന്നാളിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പ ഭൂമിയിലെ ജീവിതം അവസാനിപ്പിക്കുന്നത്. മരണം ഉറപ്പായ നിമിഷങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യം പറഞ്ഞിരുന്നു. അവിടെ നിന്നും അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റു വന്നു. സ്വസ്ഥമായൊരു മരണത്തിനായുള്ള വിശ്രമകാലമായിരുന്നോ അദ്ദേഹത്തിന് ദൈവം അനുവദിച്ച് നല്‍കിയത്? പക്ഷേ, ആ സമയം പോലും പാപ്പ ഉപയോഗിച്ചത് ലോകത്തെക്കുറിച്ചുള്ള തന്റെ ഉത്ക്ഠണ അറിയിക്കാനായിരുന്നു. ഗാസയിലെ നിലവിളികളും ദാരിദ്ര്യവും അവസാനിപ്പിക്കാനായിരുന്നു ദുര്‍ബലമായ ശബ്ദത്തിലും അദ്ദേഹം അപേക്ഷിച്ചത്. കേവലം വിശ്വാസ വൈകാരിതയ്ക്കപ്പുറം, ക്രിസ്തുവിന്റെ അനുയായ ഒരു സാധാരണ മനുഷ്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പ. അവിടെയാണ് അദ്ദേഹം വ്യത്യസ്തനാകുന്നതും.
ക്രിസ്തുവിന്റെ ജീവിതം പകര്‍ത്തിയ അസീസിയിലെ വിശുദ്ധന്‍. സമ്പത്തും പ്രതാപവുമെല്ലാം ഉപേക്ഷിച്ച് സ്വയം ദരിദ്രനായി മാറിവന്‍. ദരിദ്രരുടെയും നിരാലംബരുടെയും ദാസനായവന്‍. സഭ ചരിത്രത്തില്‍ ഫ്രാന്‍സിസിന് അതുല്യമായ സ്ഥാനം ലഭിക്കുന്നത് തന്റെ ത്യാഗപൂര്‍ണമായ ജീവിതത്തിലൂടെയായിരുന്നു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം അര്‍ജന്റീനിക്കാരന്‍ കര്‍ദിനാള്‍ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയ്ക്ക് എന്തായിരിക്കണം തന്റെ ഔദ്യോഗിക നാമം എന്നതില്‍ സംശയമില്ലായിരുന്നു. പേരില്‍ മാത്രമല്ല, തന്റെ കര്‍ത്തവ്യത്തിലും അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ പിന്തുടരാനാണ് മരിയോ ബെര്‍ഗോളിയോ തീരുമാനിച്ചത്. ആ ജീവിതം അവസാനിക്കുമ്പോള്‍, ലോകം സംശയമില്ലാതെ പറയും; പേരില്‍ മാത്രമല്ല, കര്‍മം കൊണ്ടും അസീസിയിലെ വിശുദ്ധന്റെ പിന്‍ഗാമിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
ലോകത്തിന്റെ തെറ്റുകള്‍ തിരുത്താന്‍ ആഹ്വാനം ചെയ്തതുപോലെ, സഭയുടെ തീരുത്തലുകള്‍ക്കു വേണ്ടിയും ധീരമായ നിലപാടുകള്‍ എടുക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്ത കത്തോലിക്ക തലവന്‍ കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാറ്റങ്ങള്‍ക്കായാണ് അദ്ദേഹം ശ്രമിച്ചത്. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് പള്ളിയില്‍ നിന്നും ആശിര്‍വാദം സ്വീകരിക്കാന്‍ അസവരമൊരുക്കിയ ഒരൊറ്റ തീരുമാനം മതി, അദ്ദേഹത്തെ മാറ്റത്തിന്റെ കാരണക്കാരനായി കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍.
2013ല്‍ LGBTQ+ സമൂഹത്തെസംബന്ധിച്ചുളള വത്തിക്കാന്റെയും ആഗോള കത്തോലിക്ക സഭയുടെയും പരമ്പരാഗത വീക്ഷണങ്ങളെ വെല്ലുവിളിക്കുന്ന ഒരു പ്രസ്താവന ഇറക്കുമ്പോള്‍ അദ്ദേഹേം മാര്‍പാപ്പ സ്ഥാനത്ത് എത്തിയിട്ട് നാലു മാസങ്ങള്‍ മാത്രമെ ആയിരുന്നുള്ളൂ. ബ്രസീലില്‍ നിന്ന് റോമിലേക്കുള്ള ഒരു വിമാന യാത്രയ്ക്കിടെ സ്വവര്‍ഗരതിയെക്കുറിച്ചുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘വിധിക്കാന്‍ ഞാന്‍ ആരാണ്?’ എന്ന ചരിത്രപ്രസിദ്ധമായി തീര്‍ന്ന പ്രതികരണമായിരുന്നു മാര്‍പാപ്പ നടത്തിയത്. ഈ അഭിപ്രായം LGBT+ ക്രിസ്ത്യാനികളോടുള്ള സ്വീകാര്യതയും തുറന്ന നിലപാടായും ലോകം വിലയിരുത്തു. ലോകമെമ്പാടുമുള്ള LGBT+ ക്രിസ്ത്യാനികള്‍ക്ക് സഭയില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു മാര്‍പാപ്പ നല്‍കിയത്.
ഔദ്യോഗിക പദവിയില്‍ തുടക്കം മുതല്‍ തന്നെ അദ്ദേഹം സഭയില്‍ വരുത്തേണ്ട നവീകരണത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. മാര്‍പാപ്പമാര്‍ക്ക് പരമ്പരാഗതമായി നല്‍കി വരുന്ന സമൃദ്ധിയും ആഡംബരവും നിരസിച്ചുകൊണ്ട്, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന ‘ദരിദ്രര്‍ക്കു വേണ്ടിയുള്ള ദരിദ്രരുടെ സഭ ‘(church of the poor for the poor )’ നയിക്കുമെന്നാണ് അദ്ദേഹം പ്രതിജ്ഞയെടുത്തത്. മുന്‍ മാര്‍പാപ്പമാരുടെ സമ്പന്നവും ആചാരപരവുമായ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുപകരം പുതിയ പ്രതിജ്ഞകള്‍ സ്വീകരിച്ച മാര്‍പാപ്പ നൂറ്റാണ്ടുകളുടെ സിദ്ധാന്തത്തെ അട്ടിമറിക്കുമെന്ന വലിയ പ്രതീക്ഷ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. സ്ത്രീകളുടെ കത്തോലിക്കാ പൗരോഹിത്വം, ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി, സ്വവര്‍ഗ ദമ്പതികള്‍ക്ക് പള്ളി വിവാഹങ്ങള്‍ നടത്തനായുള്ള അനുവാദം തുടങ്ങി പല മാറ്റങ്ങളും നടപ്പിലാക്കുമെന്നുള്ള പ്രതീക്ഷകളില്‍, ഏറെയൊന്നും നടപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും ധീരമായ പലതിനും അദ്ദേഹം മുതിര്‍ന്നു.
കേള്‍ക്കുമ്പോള്‍ നിസാരമെന്നും, എന്നാല്‍ ഗൗരവമുള്ളതുമായ പല നിര്‍ദേശങ്ങളും മാര്‍പാപ്പയില്‍ നിന്നുണ്ടായി. താന്‍ നയിക്കുന്ന സഭയിലെ മാറ്റങ്ങളായിരുന്നു അദ്ദേഹം ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിട്ടത്. കേള്‍ക്കുന്നവര്‍ ഉറങ്ങിപ്പോകരുതെങ്കില്‍ ആത്മീയ പ്രഭാഷണങ്ങള്‍ എട്ടു മിനിട്ടില്‍ ചുരുക്കണമെന്നാണ് മാര്‍പാപ്പ ആഹ്വാനം ചെയ്തത്.
സ്വവര്‍ഗാനുരാഗികളെ ഫ്രോസിയാജിന്‍ എന്ന പദം ഉപയോഗിച്ച് വിമര്‍ശിച്ചതും (സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കുന്ന ഒരു ഇറ്റാലിയന്‍ പദമാണ് ഫ്രോസിയാജിന്‍) സഭയില്‍ നടന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് അപേക്ഷിച്ചപ്പോള്‍ തന്നെ, പലതും അറിഞ്ഞിട്ടും മറച്ചുവച്ചു എന്ന ആരോപണം നേരിട്ടതുമൊക്കെ ഫ്രാന്‍സിസിന് എതിരായ വാര്‍ത്തകളായിരുന്നുവെങ്കിലും ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക തീര്‍ച്ചയായും ആ കറുത്തപാടുകളെ പ്രതിയാകില്ല, മറിച്ച് ദരിദ്രര്‍ക്കും, വേദനിക്കുന്നവര്‍ക്കും, ഒറ്റപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദിച്ച ഒരു നല്ല ഇടയനായിട്ടായിരിക്കും. critics called the pope a ‘corrupt communist’ for speaking out for humanity
Content Summary: critics called the pope a ‘corrupt communist’ for speaking out for humanity
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.