July 24, 2026 |
Share on

ജന്തര്‍ മന്തറിലെ പെല്ലറ്റ് ആക്രമണം; അന്വേഷണം ആരംഭിച്ച് സിആര്‍പിഎഫ്‌

ഒരു മാധ്യമപ്രവര്‍ത്തകന് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പെല്ലറ്റ് കൊണ്ട് ഗുരുതര പരിക്കേറ്റു, ഒരു വിദ്യാര്‍ത്ഥിയുടെ കാഴ്ച്ച ശക്തി നഷ്ടപ്പെടാന്‍ സാധ്യത

ജൂലൈ 20-ലെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ പ്രയോഗിച്ച സംഭവത്തില്‍ കേന്ദ്ര റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) അന്വേഷണം ആരംഭിച്ചു. തങ്ങളുടെ ഭാഗമായ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ (ആര്‍.എ.എഫ്) ഉദ്യോഗസ്ഥരാണോ പെല്ലറ്റ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാനും നടന്ന കാര്യങ്ങളുടെ കൃത്യമായ വിവരങ്ങള്‍ കണ്ടെത്താനുമാണ് അന്വേഷണം. കലാപങ്ങളോ, അതിനു സമാനമായ ക്രമസമാധാന പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ നേരിടാന്‍ സി.ആര്‍.പി.എഫിന്റെ ഒരു പ്രത്യേക വിഭാഗമായി 1992-ല്‍ രൂപീകരിച്ചതാണ് ആര്‍.എ.എഫ്.

യുവജന-വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്ന ജന്തര്‍ മന്തര്‍ ഡ്യൂട്ടിയിലുള്ള സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി വിവരമുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ സിആര്‍പിഎഫ് തയ്യാറായിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നുമാണ് സി.ആര്‍.പി.എഫ് വക്താവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം. കലാപ നിയന്ത്രണ ഉപകരണങ്ങളുടെ ഭാഗമായി ആര്‍.എ.എഫിന്റെ പക്കല്‍ പെല്ലറ്റ് തോക്കുകളും ഷോക്ക് ബാറ്റണുകളും ഉണ്ടെങ്കിലും, പ്രക്ഷോഭകര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച കാര്യം സി.ആര്‍.പി.എഫില്‍ ആര്‍ക്കും തുടക്കത്തില്‍ അറിവുണ്ടായിരുന്നില്ലെന്ന് വിശ്വസനീയമായ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ജൂലൈ 20-ല്‍ മൂന്ന് പേര്‍ക്കെങ്കിലും പെല്ലറ്റ് കൊണ്ട് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗുഡ്ഗാവ് സ്വദേശി ഇര്‍ഷാദ് ഷെയ്ഖ് (25), ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി സാഹില്‍ ലോചബ് (19), ഔട്ട്‌ലുക്ക് മാഗസിനിലെ മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചെന്ന വാര്‍ത്തകള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നായിരുന്നു ഡല്‍ഹി പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ ഇതിന് ശേഷമാണ് പരിക്കേറ്റവരുടെ വിവരങ്ങള്‍ പുറത്തുവന്നത്.

എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സാഹില്‍ ലോചബിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാഹിലിന്റെ ശരീരത്തിന്റെ വലതുഭാഗത്ത് പെല്ലറ്റ് കൊണ്ടുള്ള പരിക്കുകളുണ്ടെന്ന് എയിംസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ നിലവില്‍ സുരക്ഷിതനാണെന്നും വേദനസംഹാരികള്‍ നല്‍കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു. കാഴ്ചശക്തിയുടെ കാര്യത്തില്‍ ഇപ്പോള്‍ നിഗമനങ്ങളിലെത്താന്‍ സാധിക്കില്ലെന്നും മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 2024-ല്‍ ഡല്‍ഹി പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതിലുള്ള പ്രതിഷേധം കാരണമാണ് താന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്ന് ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലെ വിദ്യാര്‍ത്ഥിയായ സാഹില്‍ പറഞ്ഞു.

സുരക്ഷാസേനയ്ക്കു മുന്നില്‍ താന്‍ കൈകൂപ്പി നില്‍ക്കുകയായിരുന്നുവെന്നും, പെട്ടെന്ന് മുഖത്തിന്റെ വലതുഭാഗത്ത് എന്തോ വന്ന് പതിച്ച് താഴെ വീഴുകയായിരുന്നുവെന്നും സാഹില്‍ ഓര്‍ത്തെടുത്തു. തുടര്‍ന്ന് ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയിലും പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കിന്റെ തീവ്രത കണക്കിലെടുത്താണ് ഒടുവില്‍ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയത്. നജഫ്ഗഢില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ദീപക്കിന്റെ മകനാണ് സാഹില്‍.

പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ജൂലൈ 22-ന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, ജന്തര്‍ മന്തറില്‍ വെച്ച് പെല്ലറ്റ് തോക്ക് ഉപയോഗിച്ചുള്ള അക്രമത്തിലാണ് പരിക്കേറ്റതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇയാളുടെ വലതുകൈ, നെഞ്ച്, മുതുക് എന്നിവിടങ്ങളില്‍ കാണപ്പെട്ട മുറിവുകള്‍ പെല്ലറ്റ് കൊണ്ടുള്ള പരിക്കുകള്‍ക്ക് സമാനമാണെന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു. പരിക്കുകള്‍ സാരമുള്ളതാണെങ്കിലും ഇദ്ദേഹം നിലവില്‍ വീട്ടിലിരുന്ന് തന്റെ ജോലികള്‍ തുടരുകയാണ്.

Content Summary; CRPF initiates an inquiry into pellet gun injuries during the Jantar Mantar protest crackdown in Delhi.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×