July 23, 2026 |
Share on

ശത്രുക്കളെ തുപ്പി തോല്‍പ്പിക്കുന്ന ക്യൂട്ട് ലാമകള്‍

ശത്രുക്കള്‍ വന്ന് പേടിപ്പിച്ചാല്‍ മറ്റ് മൃഗങ്ങളെപ്പോലെ ഗര്‍ജ്ജിക്കുക, ചീറ്റുക, അല്ലെങ്കില്‍ ആളെക്കണ്ട് പേടിച്ചോടുക ഇതൊന്നും ലാമകളുടെ ലൈനല്ല. പകരം, അന്തസായി മുന്നില്‍ നിന്നങ്ങ് തുപ്പും!

ആരോടെങ്കിലും നല്ല ദേഷ്യം തോന്നുമ്പോള്‍ അത് പുറത്തുകാട്ടാനാവാതെ പല്ലിറുമ്മി നില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഉണ്ടാകും, എന്നാല്‍ മുഖത്ത് നോക്കി നല്ല രണ്ട് വര്‍ത്തമാനം പറയുന്നവരും കുറവല്ല, പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോകുമ്പോള്‍ അടിപിടിയിലും കയ്യാങ്കളിയിലും കലാശിക്കാറുമുണ്ട്. അടുത്തകാലത്തായി സാമൂഹ്യമാധ്യമങ്ങളിലെല്ലാം വൈറലായ ‘നിന്റെ മുഖത്ത് ഞാന്‍ തുപ്പും …………. എന്ന് തുടങ്ങുന്ന ഡയലോഗ് വെറുമൊരു വാക്കിലൊതുക്കാതെ, കട്ടയ്ക്ക് പ്രാക്ടിക്കലാക്കുന്ന ഒരു കൂട്ടരുണ്ട്, അവരാണ് ലാമകള്‍. തുപ്പലിനെ ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളില്‍ പുച്ഛത്തിന്റെയും വെറുപ്പിന്റെയും നിന്ദയുടേയും പ്രതീകമായി കാണാറുണ്ട് പക്ഷേ ലാമകള്‍ക്ക് ഈ പ്രവൃത്തി ഒരു സ്വാഭാവിക പ്രതിരോധ തന്ത്രമാണ്.

കണ്ടാലൊരു പാവത്താന്‍ ആണെങ്കിലും, പണി കൊടുക്കുന്ന കാര്യത്തില്‍ ലാമയെ കഴിഞ്ഞേ ആരുമുള്ളൂ. ശത്രുക്കള്‍ വന്ന് പേടിപ്പിച്ചാല്‍ മറ്റ് മൃഗങ്ങളെപ്പോലെ ഗര്‍ജ്ജിക്കുക, ചീറ്റുക, അല്ലെങ്കില്‍ ആളെക്കണ്ട് പേടിച്ചോടുക ഇതൊന്നും ലാമകളുടെ ലൈനല്ല. പകരം, അന്തസായി മുന്നില്‍ നിന്നങ്ങ് തുപ്പും!

funny spiting llama

ഈ തുപ്പല്‍ വെറുമൊരു സാധാരണ ഉമിനീര് മാത്രമല്ലെന്നതാണ് പ്രധാന പ്രത്യേകത. കൂടുതലായി ദേഷ്യമോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോഴും അപായ മുന്നറിയിപ്പ് നല്‍കേണ്ട സന്ദര്‍ഭങ്ങളിലും, ഉമിനീരിനൊപ്പം ആമാശയത്തില്‍ കിടക്കുന്ന പകുതി ദഹിച്ച ഭക്ഷണാവശിഷ്ടങ്ങളും ദഹനരസങ്ങളും ചേര്‍ത്തുള്ള മിശ്രിതമാണ് ഇവ ശക്തിയായി തുപ്പുന്നത്. അസഹനീയമായ ദുര്‍ഗന്ധമാണ് ഈ ദ്രാവകത്തിന്.

ലാമകള്‍ (Llamas) തുപ്പുന്നത് പ്രധാനമായും ആധിപത്യം ഉറപ്പിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയാണ്. അതോടൊപ്പം തങ്ങളുടെ മേല്‍ക്കോയ്മ തെളിയിക്കാനും, ഭക്ഷണത്തിനായും, അല്ലെങ്കില്‍ അസ്വസ്ഥത പ്രകടിപ്പിക്കാനും ഇവ പരസ്പരം തുപ്പാറുണ്ട്. ഇതിനുപുറമേ, പെണ്‍ ലാമകള്‍ക്ക് താല്‍പര്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആണ്‍ ലാമകളെ അകറ്റിനിര്‍ത്താനും ഈ മാര്‍ഗ്ഗം ഉപയോഗിക്കും.

മൃഗങ്ങള്‍ തമ്മില്‍ മാത്രമല്ല, മനുഷ്യരും ചിലപ്പോള്‍ ഇവയുടെ ഇരകളായി മാറാറുണ്ട്. ഭയപ്പെടുത്തുകയോ, അമിതമായി ശല്യം ചെയ്തലോ ഇവയെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുകയോ ചെയ്യുമ്പോള്‍ ലാമകള്‍ മനുഷ്യര്‍ക്ക് നേരെയും തുപ്പാം. പക്ഷെ അവിടെയും മാന്യത കാണിക്കുന്നവരാണ് ഇക്കൂട്ടര്‍. പെട്ടെന്നൊരു മുന്നറിയിപ്പുമില്ലാതെ ലാമകള്‍ ആരെയും ആക്രമിക്കാറില്ല. തുപ്പുന്നതിന് തൊട്ടുമുമ്പ് ചില അപായ സൂചനകള്‍ ഇവ നല്‍കും. ചെവികള്‍ പിന്നോട്ട് മടക്കുക, തല ഉയര്‍ത്തിപ്പിടിക്കുക, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുക , തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അതോടൊപ്പം, എല്ലാ
ആക്രമണങ്ങളും ഒരേ തീവ്രതയിലുള്ളത് ആയിരിക്കില്ലെന്നതും ശ്രദ്ധേയമാണ്. നേരിയ രീതിയില്‍ ദേഷ്യം വരുമ്പോള്‍ ചെറിയ തോതില്‍ ഉമിനീര് മാത്രമാണ് പുറത്തുവരുന്നതെങ്കില്‍, ദേഷ്യംകൂടുമ്പോള്‍ ആമാശയത്തിലെ ദഹനരസങ്ങള്‍ അടങ്ങിയ മിശ്രിതം വളരെ ദൂരത്തേക്ക് കൃത്യമായ ലക്ഷ്യത്തോടെ പുറത്തേക്ക് എത്തിക്കാന്‍ ഇവയ്ക്ക് കഴിയും.

ലാമകളെപ്പോലെ തന്നെ ഒട്ടകങ്ങളും സമാനമായ പ്രതിരോധ തന്ത്രം ഉപയോഗിക്കാറുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാകുമ്പോഴോ, ഭീഷണി നേരിടുമ്പോഴോ ആണ് ഒട്ടകങ്ങളും ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം ഈ തന്ത്രം വിചിത്രവും അറപ്പുളവാക്കുന്നതുമാണെങ്കിലും, മൃഗങ്ങളെ സംബന്ധിച്ചിത് ശാരീരിക ഏറ്റുമുട്ടലുകളും പരിക്കുകളും ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശത്രുവിനെ ഉടനടി ആക്രമിക്കുന്നതിന് പകരം, അവരെ പെട്ടെന്ന് അകറ്റിനിര്‍ത്താനുള്ള ശക്തമായ മുന്നറിയിപ്പായി ഈ തന്ത്രം പ്രവര്‍ത്തിക്കുന്നു. ദുര്‍ഗന്ധവും അതുണ്ടാക്കുന്ന ആഘാതവും അത്രവേഗം മറക്കാന്‍ കഴിയാത്തതിനാല്‍, മനുഷ്യരുള്‍പ്പെടെയുള്ള ഭൂരിഭാഗം ശത്രുക്കള്‍ക്കും ഈ അപായസന്ദേശം വളരെ വേഗം മനസ്സിലാകുകയും പിന്മാറുകയും ചെയ്യും.

Cute llamas that defeat enemies by spitting

Leave a Reply

Your email address will not be published. Required fields are marked *

×