April 22, 2025 |

ബാങ്കോക്ക് ഹോട്ടലില്‍ നടന്നത് സയനൈഡ് കൂട്ടക്കൊല

അന്വേഷണത്തിന് എഫ്ബിഐയും

സെൻട്രൽ ബാങ്കോക്കിലെ ആഡംബര ഹോട്ടൽ മുറിയിലെ ആറ് പേരുടെ ദുരൂഹ മരണത്തിൽ പുതിയ വഴിത്തിരുവുമായി അന്വേഷണ സംഘം. മരണപ്പെട്ടവരിൽ ഒരാൾ ആത്മഹത്യ ചെയ്യുകയും മറ്റുള്ളവർക്ക് ചായയിൽ സയനൈഡ് നൽകുകയും ചെയ്തതായാണ് സംശയിക്കുന്നത്. പോലീസ് പരിശോധനയിൽ ടീ ഫ്ലാസ്കിലും ആറ് കപ്പുകളിലും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു, കൂടാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആറുപേരുടെയും മരണം സയനൈഡ് വിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുവിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൊലപാതകങ്ങൾ ബിസിനസിലെ അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ടതാകാമെന്നാണ് പോലീസ് കരുതുന്നത്. bangkok cyanide death

മരണപ്പെട്ട ആറുപേരും വിയറ്റ്നാമീസ് ആണ്, ഇതിൽ രണ്ടുപേർക്ക് അമേരിക്കൻ പൗരത്വമുള്ളതിനാൽ, അന്വേഷണത്തിൽ എഫ്ബിഐ സഹായിക്കുന്നുണ്ടെന്നും തായ് അതികൃതർ വ്യക്തമാക്കി.

ആറ് മൃതദേഹങ്ങളും ഒഴിഞ്ഞ ആറ് കപ്പുകളും; തായ് ടൂറിസത്തെ പ്രതിസന്ധിയിലാക്കി ഹോട്ടല്‍ മുറിയിലെ കൂട്ടമരണം 

ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിൻ്റെ അഞ്ചാം നിലയിലുള്ള മുറിയിലേക്ക് ഭക്ഷണവും ചായയും ഓർഡർ ചെയ്തതിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് വിഷബാധയേറ്റതെന്ന് തായ് പോലീസ് പറഞ്ഞു. ഭക്ഷണം നൽകാനായി ഹോട്ടൽ ജീവനക്കാർ മുറിയിൽ എത്തിയപ്പോൾ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്, 56 വയസ്സുള്ള സ്ത്രീയാണ് ഭക്ഷണം വാങ്ങിയത്. ഇവർ ചായ പകർന്ന് നൽകേണ്ടെന്ന് ജീവനക്കാരോട് പറഞ്ഞതായും, മെട്രോപൊളിറ്റൻ പോലീസ് ബ്യൂറോ ഡെപ്യൂട്ടി കമാൻഡർ നോപ്പാസിൻ പൂൺസാവത് പറഞ്ഞു.

കുറച്ച് സമയത്തിന് ശേഷം, ഹോട്ടൽ സിസിടിവിയിൽ ആറ് അംഗങ്ങളും ഇവരുടെ മുറിക്ക് പുറത്ത് എത്തുകയും ശേഷം അകത്തേയ്ക്ക് പ്രവേശിക്കുന്നതും കാണാൻ സാധിക്കും. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, സംഘത്തിലെ ആറ് അംഗങ്ങൾ ഒഴികെ മറ്റാരും പിന്നീട് മുറിക്കുള്ളിൽ പോയിട്ടില്ല, എന്നും നോപ്പാസിൻ വ്യക്തമാക്കി.

മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘത്തിനെ ജൂലൈ 16 ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെക്ക് ഔട്ട് ചെയ്യാൻ വൈകിയതിനെ തുടർന്ന് പരിശോധിക്കാനെത്തിയ ഹോട്ടൽ ജീവനക്കാരാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഘത്തിലെ, വിവാഹിതരായ ദമ്പതികൾ, ജപ്പാനിൽ ആശുപത്രി നിർമ്മിക്കുന്ന ബിസിനസ്സ് പ്രോജക്റ്റിൽ നിക്ഷേപിക്കുന്നതിനായി ഗ്രൂപ്പിലെ മറ്റൊരു അംഗത്തിന് 10 മില്യൺ തായ് ബാറ്റ് (2,32,46,512.90 രൂപ) വായ്പ നൽകിയതായും ഇതിന്റെ പേരിൽ തർക്കങ്ങൾ നിലനിന്നിരുന്നതായും പോലീസ് വ്യക്തമാക്കി. ആറുപേരുടെയും ലഗേജിനുള്ളിൽ നടത്തിയ പരിശോധനയിൽ അനധികൃത വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വിയറ്റ്നാമീസ് പൗരന്മാരായ തി ൻഗുയെൻ ഫുവോങ്, ഭർത്താവ് ഹോങ് ഫാം തൻ , തി ൻഗുയെൻ ഫുവോങ് ലാൻ, ദിൻ ട്രാൻ ഫു, യുഎസ് പൗരന്മാരായ 56 വയസുള്ള ഷെറിൻ ചോങ്, ഡാങ് ഹങ് വാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ ആറുപേരും ബാങ്കോക്കിൽ താമസിച്ചതിൻ്റെ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ്. രണ്ട് വ്യക്തികൾക്ക് അമേരിക്കൻ പൗരത്വമുള്ളതിനാൽ എഫ്ബിഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് തായ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ തന്റെ പ്രസ്‍താവനയിൽ പറഞ്ഞിരുന്നു.

ആറംഗ സംഘത്തിനൊപ്പം മുറിയെടുക്കുകയും എന്നാൽ ഹോട്ടലിൽ എത്താതിരുന്ന ഏഴാമത്തെ ആളെ പോലീസ് തെരഞ്ഞുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളുടെ ഇളയ സഹോദരിയാണ് ഏഴാമത്തെ വ്യക്തി. സംഭവത്തിന് മുമ്പ് അവർ വിയറ്റ്നാമിലേക്ക് മടങ്ങിയിട്ടുണ്ടെന്നും അതികൃധർ വ്യക്തമാക്കി. ചായയിൽ കലർത്തിയ സയനൈഡിൻ്റെ അളവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് കേസിന്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കോൺസുലാർ സഹായം നൽകാൻ തയ്യാറാണെന്നും വക്താവ് പറഞ്ഞു.

സയനൈഡ് ഉപയോഗിച്ചുകൊണ്ട് തായ്‌ലൻഡിൽ നടക്കുന്ന ആദ്യത്തെ കൊലപാതകമല്ല ഇത്, കഴിഞ്ഞ വർഷം, സയനൈഡ് ഉപയോഗിച്ച് കൊലപാതകങ്ങൾ നടത്തിയതിന് തായ് വനിതയ്‌ക്കെതിരെ 14 കൊലപാതക കുറ്റം ചുമത്തിയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ സീരിയൽ-കില്ലിംഗ് കേസുകളിൽ ഒന്നായിരുന്നുവത്. bangkok cyanide death

content summary;  Cyanide found in teacups shared by six found dead in Bangkok hotel

Leave a Reply

Your email address will not be published. Required fields are marked *

×