അമ്മയെ പോലും വെറുതെ വിടാതെ സൈബര്‍ ആക്രമണം; അധികം സംസാരിക്കില്ലെന്ന് കരുതി മിണ്ടാതിരിക്കുമെന്ന് കരുതരുതെന്ന് നീരജ് ചോപ്ര

പാക് താരത്തെ ക്ഷണിച്ചതിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരേ നീരജ് ചോപ്ര

പാരിസ് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവും പാകിസ്താന്‍ ജാവലിന്‍ ത്രോ താരവുമായ അര്‍ഷദ് നദീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ നീരജ് ചോപ്രയ്ക്കും കുടുംബത്തിനുമെതിരേ ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണം. ബെംഗളൂരുവില്‍ അടുത്ത മാസം സംഘടിപ്പിക്കുന്ന എന്‍ സി ക്ലാസിക്ക്(നീരജ് ചോപ്ര ക്ലാസിക്ക്) എന്ന ജാവലിന്‍ മത്സരത്തിലേക്ക് അര്‍ഷാദിനെ ക്ഷണിച്ചതിന്റെ പേരിലാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളെ ആക്രമിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്, ഒരു പാകിസ്താനിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് നീരജിനെതിരായ കുറ്റമായി പറയുന്നത്. എന്നാല്‍ ആക്രമണം നടക്കുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പാണ് അര്‍ഷാദിനെ ക്ഷണിക്കുന്നത്. മാറിയ സാഹചര്യത്തില്‍ അര്‍ഷാദ് നദീമിനുള്ള ക്ഷണം റദ്ദാക്കിയിട്ടുണ്ട്.

ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണവും വെള്ളിയും നേടിയ കായിക താരമാണ് നീരജ് ചോപ്ര. എന്നാല്‍, അദ്ദേഹം ഇപ്പോള്‍ പരാതിപ്പെടുന്നത്, തന്റെ അമ്മയെ പോലും മോശം പറയുന്നുവെന്നാണ്. കുടുംബത്തിനെതിരേ വെറുപ്പ് പ്രചരിപ്പിക്കുകയാണ്. രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുകയാണ് ഹിന്ദുത്വവാദികള്‍.

അര്‍ഷാദ് നദീമിനെ ക്ഷണിക്കാനുണ്ടായ സാഹചര്യവും, ഇപ്പോഴത്തെ തന്റെ നിലപാട് എന്താണെന്നും വ്യക്തമാക്കി നീരജ് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതില്‍ അദ്ദേഹം വളരെ വികാരപരമായാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

നീരജ് ചോപ്ര ക്ലാസിക്കില്‍(എന്‍സി ക്ലാസിക്ക്) മത്സരിക്കാന്‍ അര്‍ഷാദ് നദീമിനെ ക്ഷണിക്കാനുള്ള എന്റെ തീരുമാനത്തെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്, അതില്‍ ഭൂരിഭാഗവും വെറുപ്പും അധിക്ഷേപവുമായിരുന്നു. അവര്‍ എന്റെ കുടുംബത്തെ പോലും അതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. അര്‍ഷാദിനെ ഞാന്‍ ക്ഷണിച്ചത് സ്‌പോര്‍സ്മാന്‍ഷിപ്പിന്റെ പുറത്താണ്- അതിനപ്പുറത്തേക്ക് ഒന്നുമില്ല. എന്‍സി ക്ലാസിക്കിന്റെ ലക്ഷ്യം ഇന്ത്യയിലേക്ക് മികച്ച അത്ലറ്റുകളെ കൊണ്ടുവരികയും നമ്മുടെ രാജ്യം ലോകോത്തര കായിക മത്സരങ്ങളുടെ കേന്ദ്രമാക്കുകയും ചെയ്യുക എന്നതായിരുന്നു. പഹല്‍ഗാം ആക്രമണം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ്(തിങ്കളാഴ്ച്ച) എല്ല കായിക താരങ്ങള്‍ക്കും ക്ഷണക്കത്ത് അയിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ഷാദ് നദീം എന്‍സി ക്ലാസിക്കില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതുപോലുമില്ല” നീരജ് ചോപ്ര തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ വഴി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങളാണിത്.

ഈയാഴ്ച്ച ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എന്‍സി ക്ലാസിക്കില്‍ മറ്റ് ജാവലിന്‍ ത്രോ താരങ്ങള്‍ക്കൊപ്പം പാരിസ് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അര്‍ഷാദ് നദീമിനെയും ക്ഷണിച്ചിട്ടുണ്ടെന്ന കാര്യം അറിയിച്ചത്. എങ്കിലും പാക് താരം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ നീരജ് സ്ഥിരീകരണം നടത്തിയിരുന്നില്ല. പല്‍ഗാം ആക്രമണം നടന്ന പശ്ചാത്തലത്തില്‍ നീരജ് അസന്നിഗ്ധമായി വ്യക്തമാക്കുന്നത്, അര്‍ഷാദ് നദീം പരിപാടിയില്‍ പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നില്ലെന്നാണ്. കഴിഞ്ഞ രാത്രിയില്‍ എന്‍സി ക്ലാസിക്കുമായി ബന്ധപ്പെട്ട് സംഘാടകര്‍ പുറത്തുവിട്ട അവസാന പട്ടികയില്‍ അര്‍ഷാദ് നദീമിന്റെ പേര് ഇല്ല.

പാരീസ് ഒളിമ്പിക്‌സിലെ സ്വര്‍ണ-വെള്ളി മെഡല്‍ ജേതാക്കളാണ് അര്‍ഷാദ് നദീമും നീരജ് ചോപ്രയും. രണ്ട് പേരും അന്നു കാണിച്ച സ്‌നേഹവും ഐക്യവും ലോകത്തിന് തന്നെ മാതൃകയായി മാറിയിരുന്നു. അര്‍ഷാദും തനിക്ക് മകനാണെന്നും, അര്‍ഷാദ് സ്വര്‍ണം നേടിയതില്‍ സന്തോഷിക്കുന്നുണ്ടെന്നുമായിരുന്നു നീരജിന്റെ അമ്മ പറഞ്ഞത്. തന്റെ ജാവലിന്‍ അര്‍ഷാദിന് സമ്മാനിച്ചും നീരജ്, രാജ്യങ്ങള്‍ക്കിടയിലെ വിടവ് നികത്തി കായിക മഹത്വം ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ അതേ നീരജിനെയാണ് ഇപ്പോള്‍ ഒരു വിഭാഗം കുറ്റവാളിയാക്കുന്നതും.

സാധാരണയായി ഞാന്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണ്, പക്ഷേ അതിനര്‍ത്ഥം എനിക്ക് തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കെതിരെ ഞാന്‍ സംസാരിക്കില്ല എന്നല്ല. ഈ രാജ്യത്തോടുള്ള എന്റെ സ്‌നേഹത്തെയും എന്റെ കുടുംബത്തോടുള്ള ബഹുമാനത്തെയും ചോദ്യം ചെയ്താല്‍ മിണ്ടാതിരിക്കില്ലെന്നാണ് നിരജ് സൈബര്‍ ഇടത്തെ അക്രമികളെ ഓര്‍മിപ്പിക്കുന്നത്.

എന്റെ രാജ്യത്തിനും അതിന്റെ താല്‍പ്പര്യങ്ങള്‍ക്കുമാണ് ഞാന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതില്‍ ദുഃഖിക്കുന്നവര്‍ക്കൊപ്പം എപ്പോഴും എന്റെ പ്രാര്‍ത്ഥനകളുണ്ട്. സംഭവിച്ച കാര്യങ്ങളില്‍ ഈ രാജ്യത്തിനൊപ്പം തന്നെ എനിക്കും വേദനയും ദേഷ്യവുമുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ശക്തി കാണിക്കുമെന്നും നീതി നടപ്പാക്കപ്പെടുമെന്നും എനിക്ക് ഉറപ്പുണ്ട് എന്നും പ്രസ്താവനയില്‍ നീരജ് വ്യക്തമാക്കുന്നുണ്ട്.  Neeraj Chopra’s Statement on Arshad Nadeem Invite

Content Summary; Neeraj Chopra’s Statement on Arshad Nadeem Invite

 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment