നീരജും അര്‍ഷാദും ഒരേ പ്രായക്കാരാണ്. ഒരേ അഭിനിവേശവും പങ്കിടുന്നവര്‍
ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ഇനത്തില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയത് ഓര്‍മയുണ്ടോ. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇവന്റിലെ ഇന്ത്യയുടെ പ്രഥമ മെഡലായിരുന്നു അത്. ആവേശകരമായ സ്വീകരണമാണ് അന്ന് നീരജിനായി രാജ്യം ഒരുക്കിയത്. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ കേള്‍ക്കാന്‍ കോടികണക്കിന് വരുന്ന ഇന്ത്യക്കാര്‍ കാത്തിരുന്ന നാളുകള്‍. ആ നാളില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ നീരജ് ചോപ്ര പരാമര്‍ശിച്ച ഒരു പേര്. ആ പേരാണ് ഇന്ന് ലോകം കൊണ്ടാടുന്നത്. അത് പാക് താരമായ അര്‍ഷദ് നദീമിന്റേതായിരുന്നു. മല്‍സരത്തിനിടെ നദീം ആകസ്മികമായി തന്റെ ജാവലിന്‍ എടുത്ത കാര്യമാണ് നീരജ് അഭിമുഖത്തില്‍ പങ്കുവച്ചത്.
‘ഭായ് ഈ ജാവലിന്‍ എനിക്ക് തരൂ! എനിക്കത് കൊണ്ട് എറിയണം,-എന്നാണ് സഹ മല്‍സരാര്‍ത്ഥിയായ നദീം തന്നോട് ആവശ്യപ്പെട്ടതെന്നാണ് നീരജ് പറഞ്ഞത്. മല്‍സര ശേഷം നദീം കൂടി മെഡല്‍ കരസ്ഥമാക്കിയിരുന്നെങ്കില്‍, അന്ന് ആ വേദിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നെങ്കില്‍ അത് സന്തോഷമാവുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിന്നീട് നടന്നത് അപ്രതീക്ഷിതമായ സംഭവമായിരുന്നു. നീരജിന്റെ പ്രസ്താവനയിലെ ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്ത ചിലര്‍ പാക് താരം ഇന്ത്യയെ ഒളിമ്പിക്‌സ് വേദിയില്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്ന് വരെ പറഞ്ഞു. പക്ഷെ നീരജ് ആ പ്രചാരണത്തിനെതിരെ രംഗത്ത് വന്നു. തന്റെ സുഹൃത്തായ നദീമിനൊപ്പം ഉറച്ച് നിന്ന് രാജ്യത്തിന്റെ മതേതര പാരമ്പര്യം വിളിച്ചോതുകയാണ് അദ്ദേഹം ചെയ്തത്. ‘നിങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി എന്നെയും എന്റെ അഭിപ്രായങ്ങളെയും ഉപയോഗിക്കരുത്. ഞാന്‍ കായികതാരമാണ്. സ്‌പോര്‍ട്‌സ് നമ്മളെ പഠിപ്പിക്കുന്നത് ഒരുമിച്ച് ജീവിക്കാനാണ്. ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഞാന്‍ അങ്ങേയറ്റം നിരാശനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
നാല് വര്‍ഷത്തിനിപ്പുറം 2024ല്‍ അഭിമുഖത്തില്‍ നീരജ് പറഞ്ഞത് സത്യമായി. വെള്ളി മെഡല്‍ കൊണ്ട് ഇന്ത്യയ്ക്ക് തൃപ്തിപെടേണ്ടി വന്നെങ്കിലും പാരീസിലെ മെഡല്‍ പോഡിയത്തില്‍ നീരജിന്റെ ഒപ്പം നദീം ഉണ്ടായിരുന്നു. നീരജിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞതുപോലെ, ‘ഞങ്ങള്‍ വെള്ളിയില്‍ സന്തുഷ്ടരാണ്. സ്വര്‍ണം കിട്ടിയതും എന്റെ കുട്ടിയാണ്. അതേ നീരജും അര്‍ഷാദും ഒരേ പ്രായക്കാരാണ്. ഒരേ അഭിനിവേശവും പങ്കിടുന്നവര്‍.ലളിതവും മാന്യവുമായ സൗഹൃദവും സ്‌നേഹവും തന്നെയാണ് അവര്‍ക്കിടയില്‍ ഉണ്ടാവേണ്ടത്.
English summary: Neeraj Chopra and Arshad Nadeem, the Jai-Veeru we need in polarised times