മൂന്ന് വർഷം മുമ്പ് നടന്ന ടോക്കിയോ ഒളിമ്പിക്‌സിനെ അപേക്ഷിച്ച് ഇത്തവണ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അത്‌ലെറ്റുകൾ കുറവാണ്. എന്നിരുന്നാലും, അത്‌ലെറ്റുകൾക്കൊപ്പം കൂടുതൽ പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും എണ്ണം കൂടുതലായതിനാൽ ഒളിംപിക്സിന് വേണ്ടി പോകുന്ന മുഴുവൻ അംഗങ്ങളുടെ എണ്ണം കൂടുതലാണ്. India Olympics 257 members
ജൂലൈ 17 ബുധനാഴ്ചയാണ്, കായിക മന്ത്രാലയം ഒളിമ്പിക്സിൽ പങ്കെടുക്കുന്നവരുടെ പട്ടിക അംഗീകരിച്ചത്. ജൂലൈ 26 ന് ആരംഭിക്കുന്ന ഗെയിംസിൽ 117 അത്‌ലെറ്റുകൾ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചിട്ടുള്ളത്. കൂടാതെ, 140 സപ്പോർട്ടിങ് സ്റ്റാഫുകളും അത്‌ലറ്റുകൾക്കൊപ്പം ഉണ്ടാകും. ആകെ 257 പേർ ആണ് പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയിൽ നിന്ന് പോകുന്നത്. എന്നാൽ ടോക്കിയോ ഗെയിംസിന് 121 അത്‌ലെറ്റുകൾ ഉൾപ്പെടെ 228 പേരുടെ സംഘമാണ് ഇന്ത്യയിൽ നിന്ന് പോയത്.
പാരീസ് സംഘാടക സമിതിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി അനുവദനീയമായ പരിധി പ്രകാരം 67 സപ്പോർട്ടിങ് ഉദ്യോഗസ്ഥർ ഗെയിംസ് വില്ലേജിൽ താമസിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചീഫ് പി ടി ഉഷയ്ക്ക് അയച്ച കത്തിൽ യുവജനകാര്യ, കായിക മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള, 72 പേർ സർക്കാർ ചെലവിൽ ഗെയിംസ് വില്ലേജിന് പുറത്ത് താമസിക്കും.
ടോക്കിയോ ഒളിമ്പിക്‌സും പാരീസ് ഒളിമ്പിക്‌സും തമ്മിലുള്ള പ്രധാന വ്യത്യാസം അത്‌ലെറ്റുകളും സപ്പോർട്ടിങ് സ്റ്റാഫും തമ്മിലുള്ള മികച്ച അനുപാതമാണ്. ഇത് മനഃപൂർവം ചെയ്തതാണെന്നും, അത്‌ലെറ്റുകളും സപ്പോർട്ട് സ്റ്റാഫും തമ്മിലുള്ള സാധാരണ 3:1 അനുപാതത്തിന് പകരം, 1:1 ആക്കികൊണ്ട് അൽപ്പം മികച്ചതാക്കാൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്ന്, പി ടി ഉഷ ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
അതോടപ്പം, ആൻ്റിം പംഗലിൻ്റെ ടീമുമായുള്ള പ്രശ്നങ്ങൾക്ക് അഡ്-ഹോക്ക് റെസ്ലിംഗ് കമ്മിറ്റിയെ പി ടി ഉഷ വിമർശിക്കുകയും ചെയ്തു. അംഗീകൃത ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഉൾപ്പെട്ട കോച്ച് ഭഗത് സിംഗ്, ഫിസിയോതെറാപ്പിസ്റ്റ് ഹീര, സ്പാറിംഗ് പാർട്ണർ വികാസ് എന്നിവർക്കുള്ള വിസയ്ക്കായി ആൻ്റിം ഇപ്പോഴും കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഒളിമ്പിക് ഗെയിംസ് സംഘാടക സമിതിക്ക് അയച്ച പട്ടികയിൽ ആൻ്റിമിൻ്റെ പരിശീലകൻ്റെയോ ഫിസിയോതെറാപ്പിസ്റ്റിൻ്റെയോ പേരുകൾ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ഐഒഎ നിയോഗിച്ച ഗുസ്തിയുടെ ചുമതലയുള്ള അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിച്ചതായാണ് പി ടി ഉഷ വ്യക്തമാക്കിയത്. ടോക്കിയോയിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനം നടത്തികൊണ്ടാണ് മടങ്ങിയെത്തിയത്. പ്രധാന സ്പോർട്സ് ഫെഡറേഷനുകൾ പ്രവചിക്കുന്നത് ഇന്ത്യക്ക് ഇത്തവണ 10 മെഡലുകൾ നേടാനാകുമെന്നാണ്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ, ജാവലിനിൽ നീരജ് ചോപ്രയുടെ ആദ്യ സ്വർണം ഉൾപ്പെടെ ഇന്ത്യ ഏഴ് മെഡലുകൾ നേടിയിരുന്നു.
പാരിസ് ഒളിമ്പിക്സിൽ ബോക്‌സിഗിൽ മൂന്ന് മെഡലുകളാണ് പ്രവചിക്കുന്നത്, ബാഡ്മിൻ്റണിൽ രണ്ട് മുതൽ മൂന്ന് മെഡലുകളും പ്രതീക്ഷിക്കുന്നുണ്ട്. അതോടൊപ്പം, അമ്പെയ്ത്തിലും ഭാരോദ്വഹനത്തിലും ഓരോ മെഡൽ വീതം നേടുമെന്നാണ് കരുതുന്നത്. ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലിനൊപ്പം പതാകവാഹകയായി തെരഞ്ഞെടുക്കപ്പെട്ട പി വി സിന്ധു ഇത്തവണ ഹാട്രിക് മെഡലുകളാണ് ലക്ഷ്യമിടുന്നത്. ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്‌നും ഇന്ത്യയിൽ നിന്നുള്ള ഒന്നിലധികം മെഡൽ ജേതാക്കളുടെ ഗ്രൂപ്പിൽ ചേരാൻ ലക്ഷ്യമിടുന്നുണ്ട്.
അത്‌ലെറ്റിക്സിലാണ് ഇത്തവണത്തെ ഏറ്റവും വലിയ സംഘം, 29 പേരാണ് അത്‌ലെറ്റിക്സിൽ മത്സരിക്കുന്നത്. 29 അംഗ സംഘത്തിൽ 18 പുരുഷന്മാരും 11 വനിതകളും ഉൾപ്പെടുന്നുണ്ട്. ഷൂട്ടിങിൽ 21 പേരും ഹോക്കിയിൽ 19 ഉം ടേബിൾ ടെന്നീസിൽ എട്ടും, ബാഡ്മിന്റണിൽ ഏഴും, ഗുസ്തി അമ്പെയ്ത്ത് ബോക്സിങ് എന്നിവയിൽ ആറ് വീതവും ഗോൾഫിൽ നാല്, ടെന്നീസിൽ മൂന്ന്, നീന്തലിൽ രണ്ട്, സെയ്‌ലിങ്ങിൽ രണ്ടും, അശ്വാഭ്യാസം, ഭാരോദ്വഹനം, ജൂഡോ, തുഴച്ചിലിൽ ഒന്നും വീതമാണ് ഇന്ത്യയിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കുന്നത്.
content summary ; Fewer athletes but a bigger group than last time! India Olympics 257 members