സൈബർ ആക്രമണത്തെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവറിന്റെ ഉത്പാദനം നിർത്തി വച്ചതായി റിപ്പോർട്ട്. സെപ്തംബർ 24 വരെയാണ് കമ്പനി ഉത്പാദനം നിർത്തി വച്ചത്. സൈബർ ആക്രമണത്തെ തുടർന്ന് ഒരു കാർ പോലും നിർമ്മിക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് ഉത്പാദനം നിർത്തി വയ്ക്കാൻ കമ്പനി നിർബന്ധിതമായത്.
കഴിഞ്ഞ മാസം അവസാനമാണ് കമ്പനിയുടെ സിസ്റ്റങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്ന്, ഡാറ്റാ ചോർച്ച ഒഴിവാക്കാനും കൂടുതൽ നാശനഷ്ടങ്ങൾ തടയാനുമാണ് ജാഗ്വാർ ലാൻഡ് റോവർ അവരുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചത്. ഇത് കമ്പനിക്ക് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. റേഞ്ച് റോവർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഉത്പാദനം നിലച്ചത് ജാഗ്വാർ ലാൻഡ് റോവറിനെ മാത്രമല്ല, അതിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി. ഓർഡറുകൾ നിലച്ചതോടെ പല സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയാണ്. നിലവിൽ, സൈബർ സുരക്ഷാ വിദഗ്ദ്ധരുടെ സഹായത്തോടെ സിസ്റ്റങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. എന്നാൽ ഇത് എത്രത്തോളം സമയമെടുക്കുമെന്ന് വ്യക്തമല്ല.
സൈബർ സുരക്ഷാ വിദഗ്ദ്ധരുടെ സഹായത്തോടെ തങ്ങളുടെ സിസ്റ്റം സുരക്ഷിതമായി അതിവേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാർ ലാന്റ് റോവർ. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മുൻപ് കമ്പനി പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ചില ഡാറ്റ ചോർന്നിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. സൈബർ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടനിലെ സിഗ്നൽസ് ഇൻ്റലിജൻസ് ഏജൻസിയുടെ ഭാഗമായ യുകെയുടെ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്ററുമായി ജാഗ്വാർ ലാന്റ് റോവർ സഹകരിക്കുന്നുണ്ട്. കൂടാതെ, തങ്ങളുടെ വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധി ലഘൂകരിക്കാൻ ലണ്ടനിലെ സംവിധാനങ്ങളുുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്.
കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ സൈബർ ആക്രമണം ജ്വാഗാറിന് മേൽ പതിക്കുന്നത്. ലാഭം കുറഞ്ഞത് മൂലം വലിയ പ്രതിസന്ധിയാണ് ജ്വാഗാർ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇതിന് പുറമേ യു എസ് തീരുവയും ജ്വാഗറിന് മേലുള്ള വെല്ലുവിളിയാണ്. നേരത്തെ സൈബർ സുരക്ഷ ഉറപ്പാക്കാനായി ടി സി എസുമായി ചേർന്ന് 800 മില്യൺ പൗണ്ടിന്റെ കരാറിൽ ജ്വാഗാർ ഒപ്പുവച്ചിരുന്നു. 2023ലായിരുന്നു കരാർ. ഐടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കരാർ. എന്നാൽ, ജ്വാഗാർ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായ സംഭവം.
content summary: Cyberattack Cripples Jaguar Land Rover, Production Halted for Two Weeks