ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് കരതൊട്ടപ്പോൾ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് വീശിയിരുന്നത്. കൊൽക്കത്തയിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനാൽ കനത്ത മഴയും കാറ്റുമാണ്. പ്രീ മൺസൂൺ സീസണിൽ ആദ്യമായി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റാണ് റിമാൽ. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. remal cyclone
ബംഗാളിലെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ കേന്ദ്രം നേരത്തെ തന്നെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം സിക്കിം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശിന് സമീപമുള്ള ബംഗാൾ തീരങ്ങൾക്കുമിടയിൽ സാഗർ ദ്വീപുകൾക്കും ഖെപുപാറയ്ക്കും ഇടയിൽ ഞായറാഴ്ച രാത്രി 135 കിലോമീറ്റർ വേഗതയിൽ റിമാൽ ആഞ്ഞടിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. റിമാൽ ചുഴലിക്കാറ്റിൽ രണ്ട് പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടതായി ബംഗ്ലാദേശ് ദുരന്തനിവാരണ മന്ത്രാലയം സെക്രട്ടറി കമ്രുൾ ഹസൻ എഎഫ്‌പിയോട് പറഞ്ഞിരുന്നു.
എഎൻഐയുടെ റിപ്പോർട്ട് പ്രകാരം, ചില സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്, അത്തരം പ്രദേശങ്ങളിൽ കൊൽക്കത്ത മുനിസിപ്പാലിറ്റി ടീം, കൊൽക്കത്ത പോലീസ് ഡിസാസ്റ്റർ മാനേജ്മെൻ്റ് സംഘത്തിൻെറ ദുരന്ത നിവാരണ ജോലികൾ പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ പോലീസിൻ്റെ പ്രത്യേക ഏകീകൃത കൺട്രോൾ റൂം രാത്രി മുഴുവൻ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. മുനിസിപ്പാലിറ്റി കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംസ്ഥാനത്ത് ആകെ 14 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ മുൻകരുതലുകളുടെ ഭാഗമായി , പശ്ചിമ ബംഗാളിലെ ദുർബല പ്രദേശങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.
അറബിക്കടലിലെ നിലവിലെ ശരാശരി താപനില പതിവിലും കൂടുതലായതിനാൽ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങി ബംഗ്ലാദേശിനെയും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ തീരത്തെയും കടന്ന് സാഗർ ദ്വീപുകൾക്കും ഖെപുപാറയ്ക്കും ഇടയിൽ മോംഗ്ലയുടെ തെക്കുപടിഞ്ഞാറുഭാഗത്തേക്ക് അടുക്കുന്നതായി ഐഎംഡി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറ് മണിക്കൂറിൽ, ഓരോ മണിക്കൂറിലും 135 കിലോമീറ്റർ വേഗതയിലാണ് റിമാൽ ചുഴലിക്കാറ്റ് സഞ്ചരിച്ചിരുന്നത്.
എന്താണ് റിമാൽ ചുഴലിക്കാറ്റ്
ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനുചുറ്റും നിൽക്കുന്ന കൊടുങ്കാറ്റുകളുടെ കൂട്ടമാണ് ചുഴലിക്കാറ്റ്. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ ഒരാഴ്ചയോ അതിലേറെയോ നീണ്ടുപോകുന്നവയാണ്. ഒരേസമയം ഒന്നിലധികം ചുഴലികാറ്റ് രൂപപ്പെടാനുള്ള സാധ്യതകളുമുണ്ട്. കാലാവസ്ഥ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും ശക്തിയിലും ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ചുഴലികാറ്റുകൾക്ക് പേരുകൾ നിർദേശിക്കുന്നത് മാലിദ്വീപ്, ഇന്ത്യ, ഇറാന്‍, മ്യാന്‍മര്‍, ഒമാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‍ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങളാണ്.
content summary : what is remal cyclone