പ്രശസ്ത ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. കൃഷ്ണ കിര്‍വാലെയുടെ കൊലപാതകമുയര്‍ത്തിയ ഞെട്ടലില്‍ മഹാരാഷ്ട്ര. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് വെസ്‌റ്റേണ്‍ മഹാരാഷ്ട്രയിലെ കേല്‍ഹാപ്പൂര്‍ ജില്ലയിലുള്ള വീട്ടില്‍ കിര്‍വാലെയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന് 62 വയസായിരുന്നു. പലവട്ടം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
കിര്‍വാലെയുടെ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. വ്യക്തിവിരോധമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതക സമയത്ത് കിര്‍വാലെയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നു. മരപ്പണിക്കെത്തിയ ഒരു പ്രീതം പാട്ടീലുമായി കിര്‍വാലെ തര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും തുടര്‍ന്ന് പാട്ടീല്‍ കിര്‍വാലെയെ കുത്തുകയായിരുന്നുവെന്ന് വിവരം കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പാട്ടീല്‍ ഒളിവിലാണ്. ഇതില്‍ മറ്റ് സാമൂഹിക പ്രശ്‌നങ്ങളില്ലെന്നാണ് മനസിലാക്കുന്നതെന്നും പോലീസ് പറയുന്നു.
കോല്‍ഹാപ്പൂര്‍ ശിവാജി യൂണിവേഴ്‌സിറ്റിയിലെ മറാത്തി വിഭാഗത്തിന്റെ തലവനായിരിക്കെ വിരമിച്ച ഡോ. കിര്‍വാലെ അംബേദ്ക്കറെറ്റ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. അക്കാദമിക് മേഖലയില്‍ അംബേദ്ക്കറൈറ്റ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന പേരുകളിലൊന്നാണ് അദ്ദേഹത്തിന്റേത്. ഡോ. ബാബാസാഹെബ് അംബേദ്ക്കര്‍ സെന്റര്‍ മഫാര്‍ റിസര്‍ച്ച് ഡവലപ്‌മെന്റ് സെന്റ്റിന്റേയും തലവനായിരുന്നു.
അംബേദക്കര്‍ ഫിലോസഫിയിലും മറാത്തി ഭാഷയിലും അഗാധമായ ജ്ഞാനമുണ്ടായിരുന്നു കിര്‍വാലേയുടെ എഴുത്തുകളാണ് പിന്നീട് പലരും റെഫറന്‍സ് ആയി ഉപയോഗിച്ചിരുന്നത്. മറാത്തി ഭാഷയില്‍ 1987-ല്‍ ഡോക്ടറേറ്റ് നേടി. ഡിക്ഷണറി ഓഫ് ദളിത് ആന്റ് ഗ്രാമീണ്‍ (റൂറല്‍) സാഹിത്യം, പ്രമുഖ ദളിത് സാഹിത്യകാരന്‍ ബാബുറാവു ബഗൂളിന്റെ ജീവചരിത്രം തുടങ്ങിയവ പ്രധാന കൃതികളാണ്.
അംബേദ്ക്കറൈറ്റ്- ദളിത് രാഷ്ട്രീയം ഏറ്റവുമധികം സജീവമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ദളിതര്‍ ഇവിടെ നിര്‍ണായക സ്വാധീനവുമുണ്ട്. അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ ഡോ. കിര്‍വാലെയുടെ കൊലപാതകം അതുകൊണ്ടു തന്നെ സംസ്ഥാനത്ത് വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്.