കരിക്കുലവും ഏകതാനമായ പരിശീലന രീതികളുമുള്ള അക്കാദമികളാണോ അതോ ഹരിയാനയിലെ കുഗ്രാമങ്ങളിലുള്ള മണ്‍പാടങ്ങളാണോ ഇന്ത്യക്ക് ശരിക്കുമുള്ള പ്രതിഭകളെ തന്നത് എന്ന ചോദ്യവും സിനിമ ചോദിക്കുന്നുണ്ട്.
ആമിർ ഖാൻ സിനിമകൾക്ക് വേണ്ടി ഇന്ത്യ മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. എല്ലാത്തരം സിനിമാസ്വാദകരെയും ഒന്നിച്ചു നിർത്താനും തൃപ്തിപ്പെടുത്താനും കുറെയൊക്കെ ആമിർ സിനിമകൾക്ക് കഴിയാറുമുണ്ട്. സമരം മൂലം ഉത്സവകാല റിലീസുകൾ കേരളത്തിൽ നീണ്ടു പോകുന്ന സാഹചര്യത്തിൽ ഇവിടത്തെ സിനിമാപ്രേമികൾക്ക് കിട്ടിയ താത്ക്കാലിക ആശ്വാസം കൂടിയാണ് ദംഗൽ. നിതേഷ് തിവാരിയുടെ ഈ സിനിമ റിലീസിന് മുൻപേ ഇന്ത്യ മുഴുവൻ സംസാരമായതാണ്. മഹാവീർ സിംഗ് ഫോഗാട്ട്, മക്കളായ ഗീത, ബബിത എന്നീ രാജ്യാന്തര ഗുസ്തി താരങ്ങളുടെ ജീവിതം ആസ്പദമാക്കിയ സിനിമ എന്ന രീതിയിലാണ് ദംഗൽ ആദ്യം വാർത്തയിൽ നിറഞ്ഞത്. ആമിറിന്റെ വർക്ക് ഔട്ട് വീഡിയോ, സ്ഥിരം സംസാരമാകാറുള്ള ഡെഡിക്കേഷൻ, ആമിറിനൊപ്പം ട്രയിലറിലും പാട്ടുകളിലും കണ്ട ഫാത്തിമ സനയുടെയും സാനിയ മൽഹോത്രയുടെയും സൈറയുടെയും സുഹാനിയുടെയും പ്രകടനങ്ങൾ ഒക്കെ ജനങ്ങൾ ഏറ്റെടുത്തു. വ്യത്യസ്തമായ ഒരു ആമിർ ഖാൻ സ്പോർട്സ് സിനിമ എന്ന പ്രതീക്ഷയുടെ ഭാരത്തിലേക്കാണ് ദംഗൽ റിലീസ് ആയത്
സിനിമക്ക് വേണ്ടിയുള്ള ചില ചില്ലറ കൂട്ടി ചേർക്കലുകളും വിട്ടു വീഴ്ച്ചകളും ചെയ്ത ഒരു യഥാർത്ഥ സംഭവം എന്ന മുന്‍കുറിപ്പോടെയാണ് ദംഗൽ തുടങ്ങുന്നത്. മഹാവീർ സിംഗ് ഫോഗാട്ട് (ആമിർഖാൻ) ദേശീയ ചാമ്പ്യനായ ഗുസ്തി താരമായിരുന്നു. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ജീവിത പ്രാരാബ്ധങ്ങൾ കാരണം മഹാവീറിന് ഗോദയില്‍ നിന്നും വിടേണ്ടി വരുന്നു. അതിന്റെ നിരാശയെ അയാൾ മറികടക്കുന്നത് തന്റെ ഗ്രാമത്തിലെ ഗുസ്തി പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ചും ജനിക്കാനിരിക്കുന്ന തന്റെ ആണ്മക്കളിലൂടെ തന്റെ ഗുസ്തിക്കു തുടർച്ച സ്വപ്നം കൊണ്ടുമാണ്. ജനിച്ച നാലും പെൺകുട്ടികളായത് മഹാവീറിനെ കൊടിയ നിരാശയിലാക്കുന്നു. ഇനി പ്രതീക്ഷകൾ ബാക്കി ഇല്ല എന്ന ബോധത്തിൽ ജീവിക്കുന്നതിടയിലാണ് മൂത്ത മക്കളായ ഗീതയും ബബിതയും അസാമാന്യ സിദ്ധിയുള്ള ഗുസ്തി താരങ്ങളുണ്ടെന്നു മഹാവീർ യാദൃശ്ചികമായി മനസിലാക്കുന്നത്. അന്ന് മുതൽ അവരെ ഗുസതി താരങ്ങളാക്കാന്‍
മഹാവീർ തീരുമാനിക്കുന്നു. അതുവരെയുള്ള പെൺശീലങ്ങളോട് വിട പറയേണ്ടി വന്നതും സമൂഹത്തിന്റെ തുറിച്ച നോട്ടവും ഒട്ടും കരുണയില്ലാത്ത അച്ഛന്റെ പരിശീലന മുറകളും ഗീതക്കും ബബിതക്കും കടുത്ത നിരാശ നൽകി. പക്ഷെ പിന്നീട് ബോക്സിങ് തന്നെയാണ് തങ്ങളുടെയും വഴി എന്ന് തിരിച്ചറിഞ്ഞ അവർ തങ്ങളുടെ കരിയർ തുടങ്ങുന്നു. പുരുഷ ഗുസ്തിക്കാരോട് മല്ലടിച്ചാണ് ഇവർ പരിശീലനത്തിന്റെ ആദ്യ ഘട്ടം മുതൽ കടന്നു പോകുന്നത്. പിന്നീട് ലോകമറിയുന്ന ഗുസ്തി താരങ്ങളായുള്ള ഇവരുടെ യാത്രയും അതിനു നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഇവർക്കിടയിൽ തന്നെ ഉണ്ടാകുന്ന വൈകാരിക പ്രശ്നങ്ങളും ഉയർച്ച താഴ്ചകളും ഒക്കെയാണ് സിനിമ. ഒരേസമയം ഒരു സ്പോർട്സ് ഡ്രാമയും ഇമോഷണനാൽ ഡ്രാമയുമാണ് ദംഗൽ.
സ്പോർട്സ് ഗണത്തിൽ ഇന്ത്യയിൽ നിന്നും ഒരുപാട് സിനിമകൾ ഉണ്ടാകുന്നുണ്ട്. മേരി കോം, സാല ഖാദൂസ് (ഇരുധി സുട്രു), ഗുസ്തിക്കാരുടെ കഥ പറഞ്ഞ സല്‍മാന്‍ ഖാന്‍ സിനിമ സുൽത്താൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ബയോ പിക് ആവാതെ ഒരു യഥാർത്ഥ സംഭവം പറയുക എന്ന അധിക ഉത്തരവാദിത്വത്തിൽ ആ സിനിമകളുടെ തുടർച്ചയിലേക്കാണ് ദംഗൽ വരുന്നത്. ഈ സിനിമകൾ എല്ലാം ചർച്ച ചെയ്യുന്ന ഫെഡറേഷന്റെ കായിക താരങ്ങളോടുള്ള അവഗണന, അതിന്റെ തലപ്പത്തിരിക്കുന്നവരുടെ അറിവില്ലായ്മ, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം ഒക്കെ ദംഗലിലും ചർച്ചയാവുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ഏകാധിപത്യ മനോഭാവവും അലംഭാവവും കാരണം നഷ്ടപെട്ട മെഡലുകളുടെ കാര്യത്തിലും സമ്പന്നമാണ് ഇന്ത്യ എന്നിരിക്കെ അത് പ്രാധാന്യമുള്ള വിഷയവുമാണ്.
കരിക്കുലവും ഏകതാനമായ പരിശീലന രീതികളുമുള്ള അക്കാദമികളാണോ അതോ ഹരിയാനയിലെ കുഗ്രാമങ്ങളിലെ മണ്‍പാടങ്ങളാണോ ഇന്ത്യക്ക് ശരിക്കുമുള്ള പ്രതിഭകളെ തന്നത് എന്ന ചോദ്യവും സിനിമ ചോദിക്കുന്നുണ്ട്. ഇന്ത്യയുടെ സവിശേഷമായ കായികാന്തരീക്ഷത്തിൽ ഈ ചോദ്യത്തിനും വലിയ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയെ അവന്റെ/അവളുടെ സ്വാഭാവികമായ കളി രീതിയിലേക്ക് വിടുമ്പോളാണ് മികച്ച നേട്ടങ്ങൾ ഉണ്ടാവുന്നത്. സ്വാഭാവികതയും അനിശ്ചിതത്വവുമാണ് ഗുസ്തിയുടെ അല്ലെങ്കിൽ ഏതു കായിക വിനോദത്തിന്റെയും സൗന്ദര്യം. ഇത്തരം അവസ്ഥകളുടെ വളർച്ച തളർച്ചകളെ സവിശേഷമായ ഇന്ത്യൻ സാഹചര്യത്തിൽ വരച്ചു കാട്ടുന്നുണ്ട് ദംഗൽ.
ഒരു സ്പോർട്സ് സിനിമയെന്ന നിലയിൽ ത്രസിപ്പിക്കുന്ന രംഗങ്ങൾ കൊണ്ട് സമ്പന്നമാകുമ്പോൾ തന്നെ ഒരു ഇമോഷണൽ ഡ്രാമ എന്ന രീതിയിൽ കൂടി കുറെയധികം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ദംഗലിന് സാധിക്കുന്നുണ്ട്. കുടുംബം, അച്ഛൻ-മക്കൾ ബന്ധം, വൈകാരിക അരക്ഷിതത്വങ്ങൾ, ഈഗോ തുടങ്ങി നിരവധി ഘടകങ്ങളെ കായിക സിനിമയുടെ ത്രിൽ നിലനിർത്തിത്തന്നെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്, സിനിമയിൽ ദേശീയ ഗാനത്തിന്റെ കടന്നുവരവ് ബുദ്ധിയുള്ള മേക്കിങ്ങിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
പതിനാലാം വയസിൽ സഹപാഠിയുടെ കല്യാണ വീട്ടിൽ വച്ചാണ് ഗീതയും ബബിതയും സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വത്വത്തെ പറ്റിയും എല്ലാം തിരിച്ചറിയുന്നത്. ഇപ്പോൾ സാക്ഷിയടക്കമുള്ള നിരവധി പെൺഗുസ്തിക്കാർ ഗോദയിലിറങ്ങുന്നത് ഗീതയുടെയും ബബിതയുടെയും കൂടി വഴി പിന്തുടർന്നാണ് എന്നത് യാഥാർഥ്യമാണ്. സ്വന്തം വഴി തിരഞ്ഞെടുത്തതിനൊപ്പം നിത്യേന പിന്തുടരുന്ന സമൂഹത്തിന്റെ നോട്ടങ്ങളെയും കുത്തുവാക്കുകളെയും എല്ലാം അതിജീവിച്ചാണ് ഇവരുടെ യാത്ര. ജനിക്കാൻ പോലും സമ്മതിക്കാതെ ഇല്ലാതാക്കുന്ന പെൺഭ്രൂണങ്ങൾക്കും ജനിക്കുമ്പോൾ മുതൽ കല്യാണം കഴിക്കാനായി മാത്രം പരിശീലിക്കപ്പെടുന്ന പെൺകുട്ടികൾക്കും ഇടയിൽ നിന്നും കോമണ്‍വെൽത്ത് സ്വർണം വരെയുള്ള യാത്രക്ക് തീർച്ചയായും ഗീതയും ബബിതയും പിന്നെ മഹാവീർ സിംഗ് ഫോഗാട്ടും ദംഗൽ പോലൊരു സ്നേഹം അർഹിക്കുന്നുണ്ട്.
ഗീതയുടെയും ബബിതയുടേയും കഥ എന്നവകാശപ്പെടുമ്പോളും അവരിലൂടെ കഥ തുടങ്ങുമ്പോളും ഏതോ ഒരു ഘട്ടത്തിൽ വച്ച് ഗീതയിലേക്ക് മാത്രമായി സിനിമയുടെ ഫോക്കസ് ചുരുങ്ങി പോകുന്നുണ്ട്. ബബിതയുടെ നേട്ടങ്ങളും വളർച്ചയുമെല്ലാം പിൻകുറിപ്പു മാത്രമായി ഒതുങ്ങി പോകുന്നു. ഗുസ്തി മത്സരങ്ങളുടെ പൂർണമായ സാധ്യതയും ഇമോഷണൽ ഡ്രാമയുടെ അംശങ്ങളും കൂടുതലായി ഉപയോഗിക്കാനായിരിക്കാം ഇത്. ആമിർ ഖാൻ പതിവ് പോലെ നല്ല നടനും പെർഫോമറും ഒക്കെയാണ് ദംഗലിലും. പക്ഷെ ഒരു ആമിർഖാൻ സിനിമ എന്നത് പോലെ തന്നെ ഒരുപക്ഷെ അതിലുമധികം, ഫാത്തിമ സന എന്ന അത്രയൊന്നും അഭിനയ പരിചയമില്ലാത്ത നടിയുടെ സിനിമ കൂടിയാണ് ദംഗൽ. ബോക്സിങ് രംഗങ്ങളിൽ ഫാത്തിമയും സാനിയയും സൈറയും സുഹാനിയും നടത്തിയ പ്രകടനങ്ങൾ കയ്യടി വാങ്ങുന്നു. പ്രീതത്തിന്റ്റെ പാട്ടുകളും മലയാളികൾക്ക് സുപരിചിതനായ സേതു ശ്രീറാമിന്റെ ക്യാമറയും ബാലുവിന്റെ എഡിറ്റിങ്ങും എല്ലാം സിനിമയുടെ അന്തരീക്ഷത്തോട് മുഴുവനായി ഇഴുകി ചേർന്നിരിക്കുന്നു.
സ്വത്വപരമായി നോക്കിയാലും സിദ്ധാന്തങ്ങളുടെ അകമ്പടിയോടെ പരിശോധിച്ചാലും ചോദ്യം ചെയ്യാനുള്ള ഘടകങ്ങൾ ദംഗലിൽ കണ്ടേക്കാം. പൂർണമായ കാഴ്ച്ചാനുഭവം എന്നത് തികച്ചും വ്യക്തിപരമാണ്. പക്ഷെ ഇന്ത്യൻ കായികാവസ്ഥയെ ഇത്ര തീവ്രമായി ഉൾക്കൊണ്ട സ്പോർട്സ് സിനിമകൾ ഇവിടെ അധികം ഉണ്ടായിട്ടില്ല എന്നത് തീർച്ചയാണ്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.