June 08, 2026 |
Share on

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടും പിന്‍വലിച്ചും പുലിവാലു പിടിച്ച് ദംഗല്‍ ഗേള്‍ സൈറ വസിം

കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിനു പിന്നാലെയാണു സൈറയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചതുള്‍പ്പെടെയുള്ള തന്റെ സമീപകാല നടപടികള്‍ മാപ്പ് ചോദിച്ച് ദംഗല്‍ താരം സൈറ വാസിം രംഗത്തെത്തി. എന്നാല്‍ സംഭവം വിവാദമായതോടെ അവര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ കശ്മീര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു. കുറ്റവാളികളെയല്ല ഇന്‍ഷയെ പോലുള്ള ഇരകളെയാണ് സൈറ സന്ദര്‍ശിക്കേണ്ടിയിരുന്നത് എന്നുള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ അവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നു.

ഇതൊരു തുറന്ന ക്ഷമപറച്ചിലാണ് എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് സൈറയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സമീപകാലത്തെ തന്റെ ചില നടപടികളും ചില സന്ദര്‍ശനങ്ങളും ഏറെ പേര്‍ക്ക് അപ്രീതി ഉണ്ടാക്കിയിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറുമാസത്തിനിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ തനിക്ക് ഖേദമുണ്ടെന്നും എന്നാല്‍ താന്‍ വെറും പതിനാറ് വയസ് മാത്രമുള്ള ഒരു പെണ്‍കുട്ടിയാണെന്ന കാര്യം വിസ്മരിക്കരുതെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. മെഹബൂബയെ സന്ദര്‍ശിക്കാനുള്ള തീരുമാനം ബോധപൂര്‍വമായിരുന്നില്ലെന്നും കശ്മീരിലെ ജനങ്ങള്‍ തന്നോട് പൊറുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.



കശ്മീരി യുവാക്കളുടെ റോള്‍ മോഡല്‍ ആയാണ് തന്നെ പലരും കണക്കാക്കുന്നത്. എന്നാല്‍ തന്റെ പാത പിന്തുടരാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കുറിപ്പ് വാര്‍ത്തയായതോടെ അവര്‍ അത് പിന്‍വലിക്കുകയായിരുന്നു. അതിന് ശേഷം അവര്‍ മറ്റൊരു വിശദീകരണക്കുറിപ്പും ഇറക്കി. എന്നാല്‍ കുറെ നേരത്തിന് ശേഷം ആ കുറിപ്പും സൈറ വസീം പിന്‍വലിച്ചു. തന്റെ കുറിപ്പ് വലിയ വാര്‍ത്തയാവുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പറഞ്ഞാണ് രണ്ടാമത്തെ പോസ്റ്റ് ആരംഭിക്കുന്നത്. ആരുടെയും വികാരങ്ങള്‍ വൃണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമായിരുന്നു കഴിഞ്ഞ പോസ്റ്റിട്ടത്. എന്നാല്‍ പെട്ടെന്ന് തന്നെ അത് ദേശീയ വാര്‍ത്തയായി. ആരും ഒന്നും ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി സൈറ പറഞ്ഞു. ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ച താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും അവര്‍ ആവര്‍ത്തിച്ചു. കാര്യങ്ങള്‍ക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ വലിയ പ്രാധാന്യം നല്‍കരുതെന്ന് അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അമീര്‍ ഖാന്‍ ചിത്രമായ ദംഗലിലെ താരമാണ് സൈറ വസീം. 62-ാമത് ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനും സംവിധാനത്തിനും നല്ല നടനുമുള്ള അവാര്‍ഡുകള്‍ ദംഗല്‍ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×