July 17, 2026 |

ദിവ്യ നേരിട്ട വിചാരണയില്‍ നിന്ന് ഐ സി ബാലകൃഷ്ണന്‍ രക്ഷപ്പെടുന്നതെങ്ങനെ?

കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും മാധ്യമങ്ങളുടെയും നിലപാടുകള്‍ പൊളിച്ചെഴുതേണ്ടത്

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യാ കുറിപ്പും തെളിവുകളും ഉണ്ടായിട്ടും രണ്ട് ജീവനുകള്‍ ഇല്ലാതാക്കിയവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല മാധ്യമങ്ങള്‍ പോലും ആത്മഹത്യയ്ക്ക് കാരണക്കാരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍ ഡി.സി.സി ട്രഷറര്‍ കെ.കെ ഗോപിനാഥന്‍, അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ ആരോപണമുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കെയാണ്  യാതൊരു കൂസലുമില്ലാതെ എംഎല്‍എ പൊതുജന മധ്യത്തിലൂടെ സഞ്ചരിക്കുന്നതെന്നതും എടുത്തുപറയേണ്ട കാര്യമാണ്.death of wayanad dcc treasurer wants to file a murder case to congress leaders 

2024 ഡിസംബര്‍ 24 നാണ് എന്‍എം വിജയന്‍ മാനസിക പ്രശ്നമുള്ള മകന് വിഷം നല്‍കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. താന്‍ മരിക്കുകയാണെങ്കില്‍ ഉത്തരവാദികള്‍ കത്തില്‍ പേരുള്ള നേതാക്കളാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാമെന്നിരിക്കെയാണ് 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുപോലും യാതൊരു നടപടിയും കുറ്റക്കാര്‍ക്കെതിരെ ഉണ്ടാകാത്തത്. അതേസമയം, അന്തിചര്‍ച്ചകള്‍ നടത്തുന്ന ചാനലുകള്‍ പോലും പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളായതുകൊണ്ട് തന്നെ ഈ ആത്മഹത്യകളെ സൗകര്യപൂര്‍വം ഒഴിവാക്കിയ മട്ടാണ്.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ പിപി ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സംഭവ വികാസങ്ങള്‍ കൃത്യവും വ്യക്തവുമായി മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് വേളയില്‍ ക്ഷണിക്കാതെ കയറിയെത്തിയ ദിവ്യയുടെ പ്രസംഗത്തില്‍ നവീന്‍ ബാബുവിന് ജീവനൊടുക്കേണ്ടി വന്നു എന്നായിരുന്നു ആരോപണം. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഞ്ച് ദിവസം ജയിലില്‍ കിടന്നു. കൂടാതെ അതുവരെ അവര്‍ വഹിച്ച സ്ഥാനമാനങ്ങളും പദവികളും നഷ്ടപ്പെട്ട് പാര്‍ട്ടിയുടെ ഏറ്റവും താഴത്തെ ഘടകത്തിലേക്ക് നീക്കം ചെയ്യപ്പെട്ടു. വയനാട് ഡിസിസി ട്രഷററുടെ മരണത്തില്‍ ആത്മഹത്യയ്ക്ക് കാരണക്കാരായവരുടെ പേര് സഹിതം എഴുതി വച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുപോലും നേതാക്കളെ എല്ലാം സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടുകളും അഭിപ്രായങ്ങളുമാണ് ഉയര്‍ന്നത്.

എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യാ വിഷയത്തില്‍ മാധ്യമങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കാണിക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. എംഎല്‍എ കൂടിയായ ഐസി ബാലകൃഷ്ണന്റെ പേരില്‍ ഗുരുതര ആരോപണങ്ങള്‍ ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിട്ടും മാധ്യമങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കെ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള ധാര്‍മികതയാണ് ഈ അവസരത്തില്‍ ഐസി ബാലകൃഷ്ണന്‍ സ്വീകരിക്കേണ്ടത്.

രണ്ട് ജീവനുകള്‍ പൊലിഞ്ഞിട്ടും ആത്മഹത്യയ്ക്ക് കാരണക്കാരായവരെ സംരക്ഷിക്കുന്നതിനായി സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നാല് പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് നിലവില്‍ നടപടി എടുത്തിരിക്കുന്നത്. തെളിവുകള്‍ ഉണ്ടായിട്ടും അവയെല്ലാം പൂഴ്ത്തിവച്ചാണ് എംഎല്‍എയുടെ സംരക്ഷണം കോണ്‍ഗ്രസ് നേതൃത്വം ഉറപ്പുവരുത്തിയിരിക്കുന്നത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍എം വിജയന്‍. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഈ ഡി.സി.സി ട്രഷററെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരു ജനപ്രതിനിധി കൂടിയായ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ നടന്ന കൊടിയ അഴിമതിയാണ്.

കോണ്‍ഗ്രസ് ഭരണമുള്ള വയനാട്ടിലെ സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച രേഖകളും പുറത്തുവന്നിട്ടുണ്ട്. എന്‍ എം വിജയനും ഒരു അധ്യാപകനും തമ്മിലുള്ള നിയമന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ പൂതാടി, മടക്കിമല എന്നിവിടങ്ങളിലെ സര്‍വീസ് സഹകരണ ബാങ്കിലോ ആദ്യം വരുന്ന ഒഴിവില്‍ അധ്യാപകന്റെ മകനെയോ മറ്റ് കുടുംബാംഗങ്ങളെയോ നിയമിക്കാം എന്നായിരുന്നു ഉടമ്പടി. ഇതിനായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം 30 ലക്ഷം രൂപയും അധ്യാപകനില്‍ നിന്ന് എന്‍എം വിജയന്‍ കൈപ്പറ്റിയതായും രേഖകള്‍ വ്യക്തമാക്കുന്നു. ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ എഗ്രിമെന്റ് മുദ്രപത്രത്തില്‍ എഴുതി അറ്റസ്റ്റ് ചെയ്ത രേഖകളാണ് ഉള്ളത്. 30 ലക്ഷം രൂപ കൈപ്പറ്റി ഐ. സി ബാലകൃഷ്ണന് കൈമാറി എന്ന് കൃത്യമായി കോടതി വ്യവഹാര ഭാഷയില്‍ എഴുതിയിട്ടുമുണ്ട്. എന്നാല്‍ 30 ലക്ഷം രൂപ നല്‍കിയിട്ടും മൂന്ന് ബാങ്കുകളിലും അധ്യാപകന്റെ മകന് ജോലി ലഭിച്ചിരുന്നില്ല.

ഇത് ഒരു ഉദ്യോഗാര്‍ത്ഥിയുടെ മാത്രം കാര്യമാണ്. ഇത്തരത്തില്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി കോടിക്കണക്കിന് രൂപയാണ് ജില്ലാ കോണ്‍ഗ്രസിന്റെ ചുമതല കൂടിയുള്ള സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ. സി ബാലകൃഷ്ണന് ലഭിച്ചത്. എന്നാല്‍ ജോലിയോ കോഴപ്പണമോ തിരിച്ച് നല്‍കാതെ എം.എല്‍.എ എന്‍. എം വിജയനെ കരുവാക്കി പണം പൂഴ്ത്തി. എന്‍. എം വിജയനോട് പണം തിരികെ ചോദിച്ച് പണം നല്‍കിയവര്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ തിരിച്ച് കൊടുക്കാനുള്ള കോടികളുടെ കണക്കുകളടക്കമുള്ള വിവരങ്ങള്‍ വിജയന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറിയിച്ചു. എന്നാല്‍ സുധാകരനും സംഭവത്തില്‍ ഇടപെട്ടില്ല. ഒടുവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നല്‍കി അദ്ദേഹം ആത്മഹത്യയിലേക്ക് തിരിയുകയായിരുന്നു. ഐ. സി ബാലകൃഷ്ണന് 17 ലക്ഷം രൂപ കൊടുത്തുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഐസക്ക് താമരച്ചാലില്‍ എന്ന മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി നിലവില്‍ രംഗത്ത് വന്നിട്ടുണ്ട്.

ജോലി നല്‍കാന്‍ സാധിക്കാത്തപക്ഷം പലിശ സഹിതം പണം തിരിച്ചു നല്‍കുമെന്നും, ആ ഉത്തരവാദിത്തം ട്രഷററായ എന്‍. എം വിജയനാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. കത്ത് കണ്ടില്ലെന്ന് നടിച്ച് കോണ്‍ഗ്രസ് നേതൃത്വവും കൈകഴുകി. ഇതിനുപുറമേ ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ 30 ലക്ഷം രൂപയും ഐ സി ബാലകൃഷ്ണന്‍ തിരിച്ചു നല്‍കിയില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലും വ്യക്തമാക്കുന്നത്.

ഇത്തരത്തില്‍ 22 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ കോഴപ്പണം കോണ്‍ഗ്രസ് നേതാക്കള്‍ വീതിച്ചെടുത്തു. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനം വാഗ്ദാനം ചെയ്ത് കോടികള്‍ കൈപ്പറ്റിയതിന് ഇടനില നിന്നാണ് എന്‍എം വിജയന് കടബാധ്യതകള്‍ ഉണ്ടായത്. ഇതിനുപുറമെയാണ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ താല്പര്യ പ്രകാരം ബാങ്കില്‍ മറ്റൊരാളെ നിയമിക്കുന്നതിനായി എന്‍എം വിജയന്റെ മകനെ ജോലിയില്‍ നിന്നും പുറത്താക്കി. ഇതെല്ലാം കെപിസിസി നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും ആറ് പേജുകളുള്ള ആത്മഹാത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആത്മഹത്യാക്കുറിപ്പ് നിലനില്‍ക്കെ ആരോപണവിധേയരായവരെ സംരക്ഷിക്കുന്ന മാധ്യമങ്ങളുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിലപാടുകള്‍ പൊളിച്ചെഴുതപ്പെടേണ്ടതാണ്. സമൂഹത്തില്‍ ഒരേ തരത്തിലുള്ള നീതി നടപ്പിലാക്കി കുറ്റക്കാരായവരെ ജനമധ്യത്തില്‍ കൊണ്ടുവരേണ്ടതാണ് മാധ്യമങ്ങളുടെയും ജനപ്രതിനിധികളുടെയും ചുമതല. സംശയരഹിതമായി ജനപക്ഷമാകേണ്ട പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരാകണം എന്ന തരം ചര്‍ച്ചകളിലാണ്. അതിനിടെ കാല്‍ക്കീഴിലെ അവശേഷിക്കുന്ന മണ്ണുകൂടി തോണ്ടിയെടുത്ത് കൊണ്ടാണ് എന്‍എം വിജയനും മകനും ദാരുണമായി ലോകം വിടേണ്ടി വരുന്നത് പോലുള്ള ദാരുണ സംഭവങ്ങളും ഉണ്ടായിരിക്കുന്നത്.death of wayanad dcc treasurer wants to file a murder case to congress leaders 

Content Summary: death of wayanad dcc treasurer wants to file a murder case to congress leaders

IC Balakrishnan wayanad DCC treasurer congress leaders ND Appachan 

Leave a Reply

Your email address will not be published. Required fields are marked *

×