ആ യാത്ര രണ്ടാമൂഴമായി… ഇതിഹാസമെഴുതിയ എം.ടി യാത്രയായി. ഡിസംബറിന്റെ നഷ്ടം കഴിഞ്ഞ് 8 നാള്‍ തീരും മുന്‍പേ എം.ടിയുടെ രണ്ടാമൂഴം നോവല്‍ ആദ്യം വായിച്ച വായനക്കാരനും, അത് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച എസ്. ജയചന്ദ്രന്‍ നായര്‍ എന്ന എഡിറ്ററും എം.ടിക്ക് പിന്നാലെ വിട പറഞ്ഞു. അവസാനത്തെ രോഗാവസ്ഥയില്‍ തനിക്ക് വളരെ ആത്മബന്ധമുള്ള എം.ടി യെന്ന കാലത്തിനതീതനായ പ്രതിഭ കടന്നുപോയ വിവരം, അദ്ദേഹം അറിഞ്ഞിരിക്കില്ല. എം.ടിയെ കുറിച്ച് അദ്ദേഹം ഓര്‍മ്മക്കുറിപ്പും എഴുതിയില്ല. എം.ടിയുടെ സ്ഥായീഭാവമായ മൗനം പോലെ, അത് ജയചന്ദ്രന്‍ സാറിലൂടെ കടന്നുപോയി.December’s loss: After MT, S Jayachandran Nair is also being remembered
പക്ഷേ, രണ്ടാമൂഴവും എം.ടിയും, തന്നെ എങ്ങനെ സ്വാധീനിച്ചു എന്നത് ജയചന്ദ്രന്‍ സാര്‍ രണ്ട് വാചകത്തില്‍ പണ്ടേ പറഞ്ഞ് കഴിഞ്ഞിരുന്നു. ‘താന്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമുണ്ട് എന്ന് തോന്നിയത് രണ്ടാമൂഴം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോഴാണ്’
എഴുപതുകളുടെ മധ്യത്തില്‍ മലയാള മാഗസീന്‍ ജേര്‍ണലിസത്തിന്റെ തെളിച്ചമുള്ള മുഖം, കലാകൗമുദിയെന്ന വാരികയിലൂടെ വരയ്ക്കാന്‍ തുടങ്ങിയ എഡിറ്ററായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍. ആധുനിക ലോക സാഹിത്യത്തേയും തത്വചിന്തയേയും മലയാളവുമായി അടുപ്പിക്കുകയും വിശ്വസാഹിത്യത്തിലെ പ്രതിഭകളേയും പ്രതിഭാസങ്ങളേയും മലയാള സാഹിത്യകാരന്മാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മദ്രാസില്‍ ജീവിച്ചിരുന്ന പൊന്നാനിക്കാരനായ എം. ഗോവിന്ദന്‍. മലയാള മനസ്സുകളെ ആധുനീകരിക്കാന്‍ ജീവിച്ച ഒരു തുരുത്തായിരുന്നു എം. ഗോവിന്ദന്‍. മലയാളത്തില്‍ ഒരു ആധുനിക വാരിക തുടങ്ങുന്നതിന്റെ ആശയം എം. ഗോവിന്ദന്റെതാണ്. അതിന്റെ സാക്ഷാല്‍ക്കാരമായിരുന്നു 1975 ല്‍ ആരംഭിച്ച ‘കലാകൗമുദി’ വാരിക.
എം. ഗോവിന്ദൻ
തിരുവനന്തപുരത്ത് ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. പൊളിറ്റിക്‌സ് പാസായി പത്രപ്രവര്‍ത്തകനാകാന്‍ തീരുമാനിക്കുന്നു. എത്തിപ്പെട്ടത് കെ. ബാലകൃഷ്ണന്റെ കൗമുദി ദിനപത്രത്തിലാണ്. കാലം 1958. പ്രഗത്ഭരായവരായിരുന്നു പത്രത്തില്‍. കൈനിക്കര പത്മനാഭപിള്ള എഡിറ്റര്‍- കെ. ബാലകൃഷ്ണന്‍, സി.എന്‍ ശ്രീകണ്ഠന്‍ നായര്‍, കെ.സി.എസ്. മണി. കെ. വിജയരാഘവന്‍, ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ എഡിറ്റോറിയലില്‍. ഈ താരങ്ങളുടെ പിന്‍ സീറ്റിലിരുന്നാണ് ജയചന്ദന്‍ നായരെന്ന യുവാവ് പത്രപവര്‍ത്തനം ആരംഭിക്കുന്നത്.
പൊളിറ്റിക്കല്‍ ജേര്‍ണലിസമായിരുന്നു കൗമുദി ദിനപത്രത്തിന്റെ ശക്തി. അളവറ്റ സ്വാധീനമുള്ള തിരുവിതാംകൂറിലെ ഏറെ വായനക്കാരുള്ള പത്രം. ഒരു തലമുറയെ സ്വാധീനിച്ച ചിന്താശക്തിയുള്ള കെ. ബാലകൃഷ്ണന്‍ അതിലെഴുതിയ രാഷ്ട്രീയ കുറിപ്പുകള്‍ അപാരമായ നിരീക്ഷണങ്ങളുള്ളതും ആഴത്തിലുള്ള അവലോകനവും സുന്ദരമായ ശൈലിയും ഭാഷയുമായിരുന്നു.
ആറ് മാസത്തിനുള്ളില്‍ കെ. ബാലകൃഷ്ണന് ജയചന്ദ്രന്‍ നായരുടെ പത്രപ്രവര്‍ത്തനത്തില്‍ മതിപ്പായി. പത്രത്തിന്റെ എഡിറ്റോറിയല്‍ എഴുതാന്‍ നല്‍കി. അങ്ങനെയിരിക്കെയാണ്, സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലി കേരളത്തില്‍ റിലീസായത്. പടം കണ്ട ജയചന്ദ്രന്‍ നായര്‍ നല്ലൊരു ആസ്വാദനക്കുറിപ്പ് കൗമുദിയില്‍ എഴുതി. അപ്പോഴാണ് ആളുകള്‍ റേയുടെ ഈ ക്ലാസിക്ക് ചിത്രം ശ്രദ്ധിക്കുന്നത്. ജയചന്ദ്രന്‍ നായരുടെ കുറിപ്പ് വായിച്ച് അസഹ്യനായ നടന്‍ സത്യന്‍ കെ. ബാലകൃഷ്ണനോട് പറഞ്ഞു
‘ഇരുപത്തയ്യായിരം രൂപ തന്നാല്‍ ഇതിന്റെ അച്ഛന്‍ പടം ഞാനുണ്ടാക്കി കാണിച്ചു തരാം’
അത് കേട്ട ബാലകൃഷ്ണന്‍ ക്ഷുഭിതനായി പൊട്ടിത്തെറിച്ചു. ‘നിനക്ക് സത്യജിത്ത് റേയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ’? സത്യന്‍ ഉടനെ സ്ഥലം വിട്ടു.
‘ഒരു കാലത്ത് കേരളത്തിന്റെ ധൈഷണിക ലോകത്തിന്റെ, യുവാക്കളുടെ ആരാധ്യപുരുഷനായിരുന്നു അദ്ദേഹം. കൗമുദിയെന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ എന്ന പദവി അദ്ദേഹത്തെ പിന്നീട് കൗമുദി ബാലന്‍ എന്ന് അറിയപ്പെടുന്ന പ്രതിഭയാക്കി. സാഹിത്യം, പ്രസംഗം എന്നിവയില്‍ ഒരു തലമുറയിലെ ആവശമായിരുന്നു കെ. ബാലകൃഷ്ണന്‍. ‘തന്റെ വാരികയിലൂടെ നിരവധി എഴുത്തുകാരെ കണ്ടെത്തിയ ബാലന്‍ കൗമുദിയിലൂടെ കണ്ടെത്തിയ ഒരു കോളത്തിന് പേരിട്ടത് ‘സാഹിത്യ വാരഫലം’ അത് എഴുതിയത് എം. കൃഷ്ണന്‍ നായര്‍. ബഷീര്‍ മതിലുകള്‍ എഴുതാന്‍ കാരണം കൗമുദി ബാലന്‍, മലയാളത്തില്‍ സ്‌പോട്‌സ് ജേര്‍ണലിസത്തിന് തുടക്കം കുറിച്ചത് ബാലകൃഷ്ണന്റ കൗമുദിയാണ്. ജയചന്ദ്രന്‍ സാര്‍ ഏറെ ആദരിച്ച ബാലണ്ണനെ കുറിച്ച് എഴുതി.
‘കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പ്രാസംഗികനായിരുന്നു. തന്റെ ചിന്തകളും രചനകളും പ്രസംഗങ്ങളും കൊണ്ട് ഒരു കാലഘട്ടം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയും എഴുത്തുകാരുടെ രണ്ട് തലമുറയെ തന്നെ സൃഷ്ടിക്കുകയും ചെയ്തു ഈ ധീഷണാശാലി. വിമോചന സമരകാലത്ത് വാഷിങ്ടണ്‍ പോസ്റ്റിന്റെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും ലേഖകന്മാര്‍ കാണാന്‍ കാത്തുനിന്ന കെ. ബാലകൃഷ്ണനെ ഞാന്‍ എന്നും ഓര്‍മ്മിച്ചു പോകാറുണ്ട്.’ അദ്ദേഹം പത്രപ്രവര്‍ത്തനത്തിലെ തന്റെ ആചാര്യനെ കുറിച്ചെഴുതി.
നാല് വര്‍ഷത്തിന് ശേഷം കൗമുദിയിലെ ഒരു മുതിര്‍ന്ന പത്രപവര്‍ത്തകനായ ജി. വേണുഗോപാലുമായി അഭിപ്രായ വ്യതാസമുണ്ടായപ്പോള്‍ അവിടം വിട്ട് കൊല്ലത്തെ ‘മലയാള രാജ്യത്തില്‍ ‘ ചേര്‍ന്നു. കെ. ടി. ശങ്കറും, കെ.ജി. പരമേശ്വരന്‍ പിള്ളയുമായിരുന്നു ആ പത്രത്തിലെ പ്രമുഖര്‍. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ദിവസം കേരള കൗമുദി ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ ജി.ഗോവിന്ദപിള്ള എഴുതിയ ഒരു കത്ത് ജയചന്ദ്രന്‍ നായര്‍ക്ക് ലഭിച്ചു. ‘കേരളകൗമുദിയില്‍ ഇപ്പോള്‍ ഒഴിവുണ്ട് നീ വരണം.’ അങ്ങനെ ജയചന്ദ്രന്‍ നായര്‍ കേരളകൗമുദിയില്‍ ചേര്‍ന്നു. അപ്പോള്‍ വരുന്നു മറ്റൊരു കത്ത് ജയചന്ദ്രന്‍ നായര്‍ക്കല്ല. കേരള കൗമുദിയുടെ എഡിറ്റര്‍ കെ.സുകുമാരന്. അയച്ചത് മലയാള രാജ്യം പത്രത്തിന്റെ ക്ഷോഭിച്ച എഡിറ്റര്‍. ‘വിഷയം’: ”ഞങ്ങളുടെ മിടുക്കനായ സബ് എഡിറ്ററെ നിങ്ങള്‍ തട്ടിയെടുത്തു’.
ആദ്യം തന്നെ ജയചന്ദ്രന്‍ നായര്‍ക്ക് ഞായറാഴ്ച പതിപ്പിന്റെ ചുമതല കിട്ടി. അന്ന് മലയാളത്തിലെ പ്രമുഖ എഴുത്തുകാരെല്ലാം സ്ഥിരമായി അതിലെഴുതിയിരുന്നു. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി കേരള കൗമുദിയില്‍ ഞായറാഴ്ച്ച എഡിറ്റോറിയല്‍ എഴുതണം. എഴുതുന്നത് ജയചന്ദ്രന്‍ നായരും. 1970 ലെ മധുരയിലെ സിപിഎം കോണ്‍ഗ്രസിന്റെ നയപരിപാടികളെ അദ്ദേഹം എഡിറ്റോറിയലില്‍ ഒന്നു കുടഞ്ഞു. അത് വിവാദമായി. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കേണ്ട കേരള കൗമുദി ഇങ്ങനെ ചെയ്താല്‍? പത്രാധിപര്‍ കെ. സുകുമാരന് അത് രസിച്ചില്ല. അതോടെ അദ്ദേഹം ഞായറാഴ്ച എഡിറ്റോറിയല്‍ നിറുത്തി. എങ്കിലും പിന്നീട്, കേരള കൗമുദിയില്‍ എഴുതിയ എഡിറ്റോറിയലുകളിലൂടെടെയാണ് ജയചന്ദ്രന്‍ നായര്‍ എന്ന പത്രപ്രവര്‍ത്തകന്‍ ശ്രദ്ധേയനാവുന്നത്.
ജയചന്ദ്രന്‍ നായര്‍ കേരളകൗമുദിയിലെ പ്രധാന എഴുത്തുകാരനായി. ആ സമയത്താണ് നാടിനെ നടുക്കിയ കിളിമാനൂര്‍ നഗരൂര്‍ നക്‌സലാക്രമണം നടക്കുന്നത്. പോറ്റിയെന്ന ജന്മിയുടെ വീട് ആക്രമിച്ച് നക്‌സലുകള്‍ അയാളുടെ തലവെട്ടി. രാത്രി പന്ത്രണ്ട് മണിക്ക് മുതിര്‍ന്ന റിപ്പോര്‍ട്ടറായ വിജയരാഘവന്റെ വാര്‍ത്തയും ഫോട്ടോയും എത്തി. നൈറ്റ് ഷിഫ്റ്റില്‍ ചാര്‍ജ് ജയചന്ദ്രന്‍ നായര്‍ക്കാണ്. തലയില്ലാത്ത ഉടലുകളുടെ ഭീകര ഫോട്ടോകള്‍. അദേഹം പത്രാധിപര്‍ സുകുമാരനോട് പറഞ്ഞു. ഫോട്ടോകള്‍ നമുക്ക് അകത്ത് കൊടുക്കാം. രാവിലെ ഒരാള്‍ പത്രം നോക്കുമ്പോള്‍ ഈ പൈശാചികത കണ്ട് ഞെട്ടരുത്. പത്രാധിപര്‍ സമ്മതിച്ചു. പിറ്റേനാള്‍ കേരള കൗമുദി ഒഴികെ ബാക്കി പത്രങ്ങളിലെല്ലാം മുന്‍പേജില്‍ ഭീകരമായ ആ ഫോട്ടോകള്‍ അടിച്ചുവന്നു. കേരള കൗമുദിയില്‍ മുന്‍പേജില്‍ വാര്‍ത്തയും അകത്തെ പേജില്‍ പടങ്ങളും. ‘പത്രത്തിന്റെ മര്‍മ്മം അറിയുന്ന എഡിറ്ററായിരുന്നു കെ. സുകുമാരന്‍. അതുകൊണ്ടു മാത്രമാണ് എനിക്ക് ഇത് ചെയ്യാന്‍ സ്വാതന്ത്ര്യം തന്നത്. ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത്.’ ദേശീയ പത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ പോലും ഇപ്പോള്‍ ഒന്നാം പേജില്‍ ഇത്തരം അറപ്പുളവാക്കുന്ന ചിത്രങ്ങള്‍ കൊടുക്കുന്നു. അത് കാണുമ്പോഴാണ് കെ. സുകുമാരന്‍ എന്ന എഡിറ്ററുടെ നിലപാടുകളോട് ആദരവ് തോന്നുന്നത്. ജയചന്ദ്രന്‍ നായര്‍ തന്റെ കേരള കൗമുദിയനുഭവങ്ങളില്‍ ഓര്‍മ്മിച്ചു.
കാട്ടുകള്ളന്മാർ പുതിയ പതിപ്പ്
ഏറെ താമസിയാതെ പത്രാധിപര്‍ സുകുമാരന്റെ മകന്‍ എം.എസ് മണി കേരള കൗമുദിയുടെ എഡിറ്ററായി. കേരള കൗമുദി വളര്‍ച്ച ആരംഭിച്ചത് അവിടെ നിന്നാണ്. കേരള കൗമുദിയിലെ പത്രപ്രവര്‍ത്തകര്‍ക്ക് നല്ല സ്വാതന്ത്രമനുവദിച്ച എഡിറ്ററായിരുന്നു എം.എസ്. മണി. കുറച്ചുകാലം സ്വന്തം പത്രത്തിന്റെ ഡല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് പത്രപ്രവര്‍ത്തനത്തെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. അക്കാലത്താണ് കേരളത്തിന്റെ വനം കൊള്ളയെ കുറിച്ച് ജയചന്ദ്രന്‍ നായരും പത്രാധിപ സമിതിയിലെ പ്രധാനിയായ എന്‍.ആര്‍.എസ് ബാബുവും ചേര്‍ന്ന് കേരളത്തിലെ പ്രധാന വനമേഖലയിലൊക്കെ സഞ്ചരിച്ച് നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കി വനമേഖലയിലെ അഴിമതിയെ കുറിച്ച് ‘കാട്ടു കള്ളമാര്‍’ എന്ന പരമ്പര കേരളകൗമുദിയില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. മലയാളത്തിലെ ആദ്യത്തെ ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറിയായിരുന്നു അത്.
കോളിക്കമുണ്ടാക്കിയ ആ വാര്‍ത്താ പരമ്പര വന്നതോടെ കെ. കരുണാകരന്റെ മന്ത്രിസഭ ആടിയുലഞ്ഞു. വനം വകുപ്പ് മന്ത്രിയായ കെ.ജി. അടിയോടിക്ക് രാജി വെയ്‌ക്കേണ്ടി വന്നു. കേരള കൗമുദിക്കെതിരെ ഗവണ്‍മെന്റ് കേസ് ഫയല്‍ ചെയ്തു. എ.കെ. ആന്റണി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടും കരുണാകരന്‍ വഴങ്ങിയില്ല. പക്ഷേ, ഒരു കുടംബപത്രമായ കേരള കൗമുദിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഇതിനെതിരായി തിരിഞ്ഞു. കനത്ത സമ്മര്‍ദം വന്നിട്ടും പത്രസ്വാതന്ത്യത്തിനേയും പത്രത്തിന്റെ അന്തസ്സിനെയും എഡിറ്ററായ എം.എസ് മണി കൈ വിട്ടില്ല. ഒടുവില്‍ അദ്ദേഹത്തിനെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് ഡയറക്ടര്‍ ബോര്‍ഡ് നീക്കം ചെയ്ത് പത്രാധിപര്‍ സുകുമാരന്റെ മറ്റൊരു മകനായ എം.എസ്. മധുസൂദനെ എഡിറ്ററാക്കി. പിന്നീട് ഈ വിവാദ പരമ്പര ‘കാട്ടുകള്ളമാര്‍’എന്ന പേരില്‍ പുസ്തകമായി അന്ന് പ്രസിദ്ധീകരിച്ചു.
എം.എസ്. മണി. പുതിയൊരു വാരിക തുടങ്ങാന്‍ പദ്ധതിയിടുന്നു. ‘ കലാകൗമുദി’ വാരിക ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ്. ബാബുവും അതില്‍ ചേരുന്നു. മലയാളത്തില്‍ പുതിയൊരു വീക്കിലി ജേര്‍ണലിസത്തിന് വഴിയൊരുങ്ങുകയായിരുന്നു…
എം ഗോവിന്ദന്റെ ആശയങ്ങളായിരുന്നു പുതിയ പ്രസിദ്ധീകരണത്തിന്റെ മാര്‍ഗരേഖ. ജയചന്ദ്രന്‍ നായര്‍ മദ്രാസില്‍ ചെന്ന് എം. ഗോവിന്ദനെ കണ്ടു. അദേഹം തന്റെ സങ്കല്‍പ്പത്തിലെ വാരികയുടെ കൃത്യമായ ആശയം ജയചന്ദ്രന്‍ നായരോട് പറയുന്നു. വാര്‍ത്തകള്‍ക്ക് പ്രാധാന്യമുള്ള ഒരു വാരികയായിരിക്കണം. ആദ്യം ലോക വാര്‍ത്ത, പിന്നെ ഇന്ത്യന്‍ വാര്‍ത്ത തുടര്‍ന്ന് കേരള വാര്‍ത്ത. കേരളവാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണം. വാരികയുടെ ആദ്യഭാഗത്ത് വാര്‍ത്തകളുടെ ക്രോഡീകരണമായിരിക്കണം. തുടര്‍ന്ന് സാഹിത്യം, ദര്‍ശനം, സിനിമ, ചിത്രകല, തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കണം. പുതുമയുള്ള സര്‍ഗാത്മക രചനകള്‍ക്ക് പ്രാധാന്യം നല്‍കണം. അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ഗോവിന്ദന്റെ ഈ പത്രാധിപസങ്കല്‍പ്പങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. അന്ന് എം. ഗോവിന്ദന്‍ പറഞ്ഞ വാചകം ജയചന്ദ്രന്‍ നായര്‍ എന്നും ഓര്‍ക്കാറുണ്ട്. ‘ജയാ, ഇത് വലിയൊരു അവസരമാണ്’.
അങ്ങനെ തിരുവനന്തപുരത്ത് തൈക്കാട് മ്യൂസിക്ക് കോളേജിന് സമീപം ഒരു വാടകക്കെട്ടിടത്തില്‍ 1975 ഓഗസ്റ്റില്‍ കലാകൗമുദി വാരിക ആരംഭിക്കുന്നു. അതിന് രണ്ട് മാസം മുന്‍പാണ് ഇന്ദിരാഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തെ ഞെരിച്ചമര്‍ത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കേരളത്തിലെ സര്‍വ്വാധികാരിയായ ആഭ്യന്തരമന്ത്രി കരുണാകരന്‍ ‘കാട്ടുകള്ളന്മാരെ’ വെളിച്ചത്ത് കൊണ്ടുവന്ന കേരള കൗമുദിയെ വേട്ടയാടാന്‍ തുടങ്ങുന്നു. അടിയോടി കേസിന്റെ രേഖകള്‍ കണ്ടെത്താന്‍ കേരള കൗമുദി ഓഫീസ് വരെ റെയ്ഡ് ചെയ്തു. അതോടെ കേരളകൗമുദി പതറി. ഒടുവില്‍ എഡിറ്റര്‍ എം.എസ്. മധുസുദനന്‍ സഞ്ജയ് ഗാന്ധിയെ ഡല്‍ഹിയില്‍ ചെന്ന് കണ്ട് അഭിമുഖം ചെയ്ത് അത് പത്രത്തില്‍ അച്ചടിച്ചു. തീര്‍ത്തും കീഴടങ്ങിയ കേരള കൗമുദിയില്‍ നിന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒരു വിരലനക്കം പോലും ഉണ്ടായില്ല.
അതേസമയം കലാകൗമുദിയില്‍ ഒ.വി.വിജയന്റെ കാര്‍ട്ടൂണുകള്‍ ‘ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ‘ എന്ന ശീര്‍ഷകത്തില്‍ പ്രതൃക്ഷപ്പെട്ടു. നിശിതമായ വിമര്‍ശനങ്ങള്‍ പക്ഷേ, സെന്‍സര്‍മാരുടെ പിടി വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അടിയന്തരാവസ്ഥ കഴിഞ്ഞതോടെ കലാകൗമുദി മലയാളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ സാഹിത്യ വാരികയായി മാറി. 70 കളുടെ അവസാനവും 80 കളും കലാകൗമുദി കേരളീയ സമൂഹത്തിന്റെ ബൗദ്ധികമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. കേരളത്തിന്റെ ഇടതുപക്ഷ വീക്ഷണങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കിയ കലാകൗമുദിയുടെ വീക്ഷണങ്ങള്‍ പൊതുജനാഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അക്കാലങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇടതും വലതും സ്വതന്ത്രവും വാരികയില്‍ സംവാദങ്ങളില്‍ സമ്മേളിച്ചു. ജയചന്ദ്രന്‍ നായരെന്ന മികച്ച എഡിറ്ററുടെ നോട്ടമെത്താത്ത കേരളത്തിലെ സാമൂഹിക സാംസ്‌കാരിക സംഭവങ്ങള്‍ അക്കാലത്ത് ഇല്ലായിരുന്നു. പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംഭവങ്ങളുടെ മറുവശം കാണാന്‍ എപ്പോഴും കലാകൗമുദി വായനക്കാരെ സഹായിച്ചിരുന്നു.
നക്‌സല്‍ നേതാവ് അജിതയുടെ ജയില്‍ മോചനം, കേശവദേവിന് കുടുംബ ഫണ്ട് രൂപീകരിച്ചത്, തുടങ്ങിയവയൊക്കെ ജയചന്ദ്രന്‍ നായരുടേയും കലാകൗമുദിയുടേയും ഇടപെടലുകള്‍ സാധ്യമാക്കിയവയാണ്.
വൈക്കം മുഹമ്മദ് ബഷീർ മരിച്ചപ്പോൾ കലാകൗമുദി ബഷീർ പതിപ്പിൽ എം.ടി.യുടെ ലേഖനം
മലയാള സാഹിത്യത്തിലെ കുലപതികളായ കേശവദേവ്, തകഴി, ബഷീര്‍ തുടങ്ങിയവരെല്ലാം കലാകൗമുദിയില്‍ എഴുതി. മാതൃഭൂമി ആഴ്ചപ്പതിപ്പിന് സമാന്തരമായി കലാകൗമുദി മലയാള സാഹിത്യത്തെ ആധുനിക കാലത്തേക്ക് വഴിതെളിച്ചു. സാഹിത്യകാരന്മാരും കലാകാരന്മാരുമായി ജയചന്ദ്രന്‍ നായര്‍ക്ക് നല്ല സൗഹാര്‍ദ ബന്ധമുണ്ടായിരുന്നതിനാല്‍ അവരെല്ലാം കലാകൗമുദിക്ക് മികച്ച പരിഗണന നല്‍കി. പുതിയ എഴുത്തുകാരെ കലാകൗമുദി പ്രോത്സാഹിച്ചു. മലയാളികളുടെ ചിന്തകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പര ‘ചെറിയ മനുഷ്യരും വലിയ ലോകവും’ അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നു പോവുകയോ അരവിന്ദനെ വിഷമിപ്പിച്ചു കൊണ്ട് അവസാനിപ്പിക്കുകയോ ചെയ്തിരുന്നു. ശരാശരി മലയാളിയുടെ ആസ്വാദനത്തില്‍ അതുണ്ടാക്കിയ വിടവ് വളരെ വലുതായിരുന്നു. കാര്‍ട്ടൂണ്‍ പരമ്പര വീണ്ടും കലാകൗമുദിയില്‍ ആരംഭിക്കാന്‍ തനിക്ക് വളരെ ആത്മബന്ധമുള്ള അരവിന്ദനോട് ജയചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു.
ഒ.വി. വിജയൻ്റെ കലാകൗമുദിയിലെ കാർട്ടൂൺ
തന്റെ പ്രിയപ്പെട്ട രാമുവിന്റെ ലോകത്തെ വീണ്ടും മനസ്സിലേക്ക് ആവാഹിച്ചെടുക്കാനുള്ള വിഷമമോ ഒരു പ്രമുഖ പ്രസിദ്ധീകരണത്തില്‍ ഏറെക്കാലം നിറഞ്ഞ് നിന്നിരുന്ന ഒരു കലാസൃഷ്ടിയെ മറ്റൊന്നിലേക്ക് പറിച്ച് നടാനുള്ള വൈമുഖ്യമോ കാരണം അരവിന്ദന്‍ അതിന് തയ്യാറായില്ല. മാത്രമല്ല അരവിന്ദന്‍ ചലച്ചിത്ര ലോകത്തിലെ തന്റെ ആദ്യ കലാ സൃഷ്ടിയായ ഉത്തരായനത്തിന്റെ പ്രാരംഭ ജോലിക്ക് തുടക്കമിട്ടു കഴിഞ്ഞിരുന്നു. അതിനാല്‍ ആ ആശയം അവിടെ അവസാനിച്ചു. ഏതൊരു ഉത്തമ കലാസൃഷ്ടിക്കും അതിന്റെതായ സമയവും ആയുസ്സുമൊക്കെയുണ്ടെന്ന വിശ്വാസം ഒരിക്കല്‍ക്കൂടി ശരിയായി.
എന്നാല്‍ എസ്.കെ നായരുടെ മലയാള നാടില്‍ പ്രസിദ്ധീകരിച്ച എം. കൃഷ്ണന്‍ നായരുടെ ‘സാഹിത്യ വാരഫലം ‘ കലാകൗമുദിയില്‍ തുടര്‍ന്നും അദ്ദേഹത്തെക്കൊണ്ട് എഴുതിപ്പിക്കാന്‍ ജയചന്ദ്രന്‍ നായര്‍ക്ക് കഴിഞ്ഞു. കലാകൗമുദിയില്‍ വന്നതോടെയാണ് ‘സാഹിത്യ വാരഫലം ‘ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും.
കലാകൗമുദി ഒരു വർഷം തികഞ്ഞപ്പോൾ
വി.ടി. ഭട്ടതിരിപ്പാടിന്റെ ‘കണ്ണീരും കിനാവും’ന്റെ തുടര്‍ച്ചയായ ‘ദക്ഷിണായനം’ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. നേരിട്ട് കാണും മുന്‍പേ വിടിയുമായി കത്തുകള്‍ വഴിയുള്ള അടുപ്പമായിരുന്നു ജയചന്ദ്രന്‍ നായര്‍ക്ക്. ഒരിക്കല്‍ പ്രതിഫലത്തിന് പകരം വി.ടി. തനിക്ക് ഒരു ലെറ്റര്‍ പാഡ് അച്ചടിച്ച് തന്നുകൂടെയെന്ന് പറഞ്ഞപ്പോള്‍ ഉടനെ ജയചന്ദ്രന്‍ നായര്‍ അത് എത്തിച്ചുകൊടുത്തു.
‘നാല് പതിറ്റാണ്ട് മുന്‍പ് ദൈവത്തിന്റെ വരദാനം പോലെ എം.ടി വാസുദേവന്‍ നായരുടെ മഹത്തായ ഇതിഹാസം കലാകൗമുദി വാരികയില്‍ ”രണ്ടാമൂഴം” നോവല്‍ തുടങ്ങുകയാണ്. മലയാള സാഹിത്യത്തില്‍ ഒരു ഇതിഹാസത്തിന്റെ ഇതള്‍ വിടരുന്നു. 1977 കാലത്തിലാണ് കലാകൗമുദിയുടെ എഡിറ്ററായ ജയചന്ദ്രന്‍ നായര്‍ എം. ടിയുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീടത് ഒരു എഴുത്തുകാരനും ആനുകാലികത്തിന്റെ എഡിറ്ററും തമ്മിലുള്ള ദൃഢമായ ബന്ധമായി അവസാനം വരെ തുടര്‍ന്നു. രണ്ടാമൂഴത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ കലാകൗമുദിയുടെ പ്രചാരം ആദ്യമായി ഭാരതപ്പുഴ കടന്നു തെക്ക് മലബാറിലേക്ക് എത്തിച്ചു. അതുവരെ മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു അവരുടെ വായനാലോകം. ഒരു മലയാള വാരിക അന്ന് ഒരിക്കലും എത്തിച്ചേരാത്ത പ്രചാരം, 90,000 കോപ്പികളായി കലാകൗമുദി വാരിക കുതിച്ചു. രണ്ടാമൂഴത്തിന്റെ വരകള്‍ നമ്പൂതിരിയെന്ന ചിത്രകാരനെ വ്യത്യസ്തമായ ചിത്രവരക്കാരനായി മാറ്റി… അവിടെ നിന്നാണ് നമ്പൂതിരിയെന്ന ചിത്രകാരന്‍ വരയില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നത്.
‘എന്റെ ജീവിതത്തില്‍ വളരെ കുറച്ച് പേരെ മാത്രമേ പരിചയപ്പെടാനായിട്ടുള്ളൂ. അവരില്‍ ഹൃദയബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞവരുടെ എണ്ണം കൈവിരലില്‍ ഒതുങ്ങുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് പലവട്ടം ഞാന്‍ ആലോചിച്ചിട്ടുണ്ട്. എന്റെ സ്വഭാവത്തിലെ ന്യൂനതകളായിരിക്കുമോ കാരണം? ഒരു പരിധിവരെ അത് ശരിയായിരിക്കാം. എന്നാല്‍ ആകാംക്ഷപൂര്‍വമായ ഒരു കാത്തിരിപ്പിന് ശേഷം പരിചയപ്പെടാന്‍ ഇടയാകുന്ന വ്യക്തി പലപ്പോഴും എന്നെ നിരാശനാക്കുന്നു ‘Clay footed idols’ ആണ് അവരില്‍ പലരും എന്ന് ഞെട്ടലോടെ അറിയുന്നതോടെ ഞാന്‍ പിന്‍മാറുന്നു. എന്നാല്‍ ഡോക്ടര്‍ കെ.എന്‍. രാജ് അസാധാരണമായ തന്റെ വ്യക്തിപ്രഭാവത്തിലൂടെ എന്നെ കീഴ്‌പ്പെടുത്തി; ലോകപ്രസിദ്ധനായ സാമ്പത്തിക വിദഗ്ധന്‍ ഡോക്ടര്‍ കെ. എന്‍. രാജിനെ കുറിച്ചാണ് ജയചന്ദ്രന്‍ നായര്‍ പറഞ്ഞത്.
ഘോഷയാത്ര – നമ്പൂരിയുടെ വര
സ്വതന്ത്ര ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാനപ്പെട്ട എല്ലാ പദ്ധതികളുടെയും, സ്ഥാപനങ്ങളുടെയും പിന്നിലും കെ.എന്‍.രാജ് ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ ഒന്നാം പ്ലാനിംങ്ങ് കമ്മീഷന്‍ രൂപീകരണം തൊട്ട് തിരുവനന്തപുരത്ത്, ഉള്ളൂരിലെ സി.ഡി.എസ് ആരംഭിക്കുന്നതുവരെ. കേരളത്തിന് പരിചിതമല്ലാത്ത സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ചിന്താശേഷി മലയാളിയില്‍ വളര്‍ത്തിയ മാര്‍ഗദര്‍ശിയായിരുന്നു ഡോ. കെ. എന്‍. രാജ്.
1971 ല്‍ കേരളത്തില്‍ മടങ്ങിയെത്തിയ കെ.എന്‍. രാജിനെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ക്ഷണിക്കുന്നു. അദ്ദേഹം രാജിനോട് പറഞ്ഞു. കേരളത്തിലെ യൂണിവേഴ്‌സിറ്റി വിദ്യഭ്യാസത്തിന്റെ നിലവാരം വളരെ താഴ്ന്നതാണ്. വികസന പ്രവര്‍ത്തനം പഠിക്കാനും പോം വഴി നിര്‍ദ്ദേശിക്കാനും ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കണം’ പഠിക്കണമെന്നും പഠിപ്പിക്കണമെന്നും കെ.എന്‍ രാജിന്റെ എന്നത്തെയും ജീവിത ലക്ഷ്യമായിരുന്നു. മഹത്തായ ഒരു കര്‍മ്മം പോലെ, കെ.എന്‍. രാജ് 1971 ല്‍ തിരുവനന്തപുരത്ത് ഉളളൂരില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS) ആരംഭിച്ചു. മുഖ്യമന്ത്രി അച്യുതമേനോന്‍ വ്യക്തിപരമായി താല്‍പ്പര്യം എടുത്ത് ആ സ്ഥാപനത്തിന് താങ്ങും തണലുമായി കൂടെ നിന്നു. മഹത്തായ ഈ അസാധാരണ കര്‍മ്മശേഷിയുള്ള ഈ പ്രതിഭയുടെ ജീവിതം തന്റെ വാരികയിലൂടെ അടയാളപ്പെടുത്തേണ്ടതാണ് എന്ന് ജയചന്ദ്രന്‍ നായര്‍ക്ക് തോന്നി.
1990 ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബര്‍ 19 വരെയുള്ള ലക്കങ്ങളില്‍ കലാകൗമുദിയില്‍ ‘ ഓര്‍മ്മയില്‍ ചില ഇതളുകള്‍’ എന്ന ശീര്‍ഷകത്തില്‍ കെ.എന്‍ രാജിന്റെ അനുഭവങ്ങള്‍ മുരളി എഴുതി. ഇങ്ങനെയൊരു മലയാളി ഇവിടെയുണ്ട് എന്ന് പലരും അറിഞ്ഞ അനുഭവക്കുറിപ്പായിരുന്നു അത്. എം.കെ.കെ. നായരുടെ ‘പ്രശസ്തമായ ആത്മകഥ – ‘ ഒരു കാലഘട്ടത്തിന്റെ കഥ യെന്ന് വിശേഷിപ്പിച്ച ‘ആരോടും പരിഭവമില്ലാതെ’ യായിരുന്നു ജയചന്ദ്രന്‍ നായര്‍ മുന്‍കൈ എടുത്ത് പ്രസിദ്ധീകരിച്ച മറ്റൊരു കൃതി’. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ആത്മകഥ എന്റെ ജീവിതം: അരങ്ങിലും അണിയറയിലും, എന്‍. കൃഷ്ണപിള്ളയുടെ ആത്മകഥ, മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘നെട്ടൂര്‍ മഠം,’ ഐപ്പ് പാറമേലിന്റെ ‘ചേറപ്പായ് കഥകള്‍,’ മലയാറ്റൂരിന്റെ തന്നെ ‘ബ്രിഗേഡിയര്‍ കഥകള്‍ ‘, മാധവികുട്ടിയുടെ നീര്‍മാതളം പൂത്തകാലം തുടങ്ങിയ സാഹിത്യ കൃതികള്‍ മലയാള വായനയെ പുഷ്‌കലമാക്കിയ ഒരു സുവര്‍ണ കാലമായിരുന്നു അത്.
പ്രമുഖ വാരിക പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ച കെ. സുരേന്ദ്രന്റെ നോവല്‍ ‘ഗുരു’ ഒടുവില്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചത് ജയചന്ദ്രന്‍ നായരായിരുന്നു. ഗുരു പിന്നീട് വയലാര്‍ അവാര്‍ഡ് സുരേന്ദന് നേടി കൊടുത്തു. കൂടാതെ കവി മധുസൂദനന്‍ നായരുടെ ഒരു തലമുറ തന്നെ ഏറ്റെടുത്ത് പാടിയ കാവ്യം ‘നാറാണത്തു ഭ്രാന്തന്‍’ കലാകൗമുദിയാണ് പ്രസിദ്ധീകരിച്ചത്.
1976 ജനുവരി 1 തൊട്ട് 1989 ജനുവരി വരെയുള്ള സി. അച്യുത മേനോന്റെ ഡയറിക്കുറിപ്പുകള്‍ കലാകൗമുദി പ്രസിദ്ധീകരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഡയറി ഒരു വാരികയില്‍ പ്രസിദ്ധീകരിക്കുന്നത്. 3,548 ദിവസത്തെ കുറിപ്പുകള്‍. 22 വര്‍ഷത്തെ കലാകൗമുദി ജീവിതം ഒരു ദിവസം അവസാനിപ്പിച്ച് 1997 ല്‍ ജയചന്ദ്രന്‍ നായര്‍ പടിയിറങ്ങി. വ്യക്തിപരമായ കാരണങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ അവിടെ തുടരാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ബാങ്ക് ബാലന്‍സും കുടുംബസ്വത്തുമില്ലാത്ത പത്രപ്രവര്‍ത്തകനായി അന്ധാളിപ്പോടെ വീട്ടില്‍ കുറച്ചു ദിവസം കുത്തിയിരുന്നു. പല ഓഫറുകള്‍ വന്നു. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മലയാള ദിനപത്രത്തില്‍ നിന്ന് വരെ. ഒന്നിനും ചെവി കൊടുത്തില്ല. അപ്പോള്‍ ഒരു ഫോണ്‍ കോള്‍ പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ് വിളിക്കുന്നു. എനിക്ക് നിങ്ങളെ കാണണം. ടി.ജെ.എസ്. ജോര്‍ജ് അന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഉപദേശകനാണ്. ഒരു പുതിയ വാരികയുടെ ആശയം മുന്നോട്ടുവയ്ക്കുന്നു. ബോംബെയില്‍ നിന്ന് എം.പി. നാരായണ പിള്ള എന്ന നാണപ്പന്‍ ഫോണില്‍ വിളിക്കുന്നു.’ ജയാ ഇങ്ങനെ കുത്തിയിരുന്നാല്‍ പറ്റില്ല.’ അങ്ങനെ’ സമകാലിക മലയാളം വാരിക’ ആരംഭിക്കുന്നു. ഒരു പ്രാര്‍ത്ഥന പോലെ.
ചേറപ്പായി കഥകൾ നമ്പൂതിരിയുടെ ചിത്രീകരണം
എം. പി. നാരായണ പിള്ള പുതിയ വാരികയുടെ കാര്യത്തില്‍ സജീവമായി പങ്കെടുത്തു. നാണപ്പന്‍ ടി.ജെ.എസ് ജോര്‍ജിന് എഴുതി ‘ ജയചന്ദ്രന്‍ നായര്‍ ഫസ്റ്റ് ക്ലാസ് എഡിറ്റര്‍. പക്ഷേ, കുതന്ത്രം അറിയില്ല. മൂപ്പരെ പത്രാധിപരായി വെയ്ക്കുമ്പോള്‍ ഭരണപരമായ, കുതന്ത്രമാവശ്യമുള്ള കാര്യങ്ങള്‍ ഏല്‍പ്പിക്കരുത്. മദ്ധ്യതിരുവിതാംകൂര്‍ നസ്രാണിയായ നിങ്ങള്‍ മലബാറുകാരുടെ ഭാഷയില്‍ ജാത്യാ കള്ളനാണല്ലോ. നിങ്ങള്‍ ഏല്‍ക്കണം ഭരണം. ‘ഉപദേശം ഞാന്‍ കൈക്കൊണ്ടില്ല. ഇപ്പോഴിതാ ഫസ്റ്റ് ക്ലാസ്സ് എഡിറ്ററുടെ ഭരണത്തില്‍ ഫസ്റ്റ് ക്ലാസ് വാരികയായി 10 വര്‍ഷം പിന്നിട്ടിരിക്കുന്നു.’ ടി.ജെ. എസ്. ജോര്‍ജ് എഴുതി.
1997 മെയ് മാസത്തില്‍ ‘സമകാലിക മലയാളം’ കലൂരിലെ എക്‌സ്പ്രസ് ബില്‍ഡിംഗ് നിന്ന് ആരംഭിക്കുന്നു. ‘ അപ്പോള്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞു ‘ ജയേന്ദ്രന്‍ നായരെ എനിക്ക് നിങ്ങളുമായാണ് ബന്ധം. നിങ്ങള്‍ കാരണമാണ് ഞാന്‍ കലാകൗമുദിയില്‍ എത്തിയത്. നിങ്ങളോടൊപ്പം ഞാനും കലാകൗമുദി വിടുന്നു. ‘ ഒരുപാട് വര്‍ഷങ്ങള്‍ കലാകൗമുദിയില്‍ പണിയെടുത്തു. ഒരുപാട് ചെറുപ്പക്കാര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരുപാട് എഴുത്തുകാരും പക്ഷേ, ഇങ്ങനെ പറയാന്‍ ഒരു നമ്പൂതിരിയെ ഉണ്ടായിരുന്നുള്ളു’ ജയചന്ദ്രന്‍ നായര്‍ മലയാളം വാരികയുടെ ആരംഭം ഓര്‍ത്തു.’
ആദ്യ ലക്കം സമകാലീന മലയാളം വാരിക (1997)
ആദ്യ ലക്കം കവര്‍സ്റ്റോറി തന്നെ കേരളം ഇളകിമറയാന്‍ പോന്ന വാര്‍ത്താ സ്റ്റോറിയായിരുന്നു തീരുമാനിച്ചത്. കേരളത്തിലെ ഒരു തലമുറ ഭയത്തോടെ അതിലേറെ വെറുപ്പോടെ, ഏറെക്കാലം നോക്കിക്കണ്ടിരുന്നതായിരുന്നു ഒരു മുഖം – ജയറാം പടിക്കല്‍ ഐ.പി.എസ്. കേരളം കണ്ട ഏറ്റവും കുപ്രസിദ്ധനായ, അടിയന്തരാവസ്ഥയിലും രാജന്‍ കേസിലും വിവാദ പുരുഷനായ, വില്ലനായ സാക്ഷാല്‍ ജയറാം പടിക്കല്‍ റിട്ട. ഡി.ജി.പി തന്റെ കഥ പറയുന്നു. ജയറാം പടിക്കലിന് അടുപ്പമുള്ള ഇന്ത്യന്‍ എക്‌സ്പ്രസിലെ ഒരു പത്രപ്രവര്‍ത്തകന്‍ വഴിയായിരുന്നു കൊടുങ്കാറ്റാവാന്‍ സാധ്യതയുള്ള ഈ വാര്‍ത്ത സ്റ്റോറി കിട്ടുമെന്ന് ഉറപ്പിച്ചത്. അധികാരമില്ലാത്ത, പടിക്കല്‍ കഥ പറയുന്നു. പക്ഷേ, അവസാന നിമിഷം കാരണം പറയാതെ ജയറാം പടിക്കല്‍ പിന്‍മാറി. ഒരുപക്ഷേ, ഭയന്നിട്ടാകാം നല്ല കാലത്ത് പടിക്കലിനെ സംരക്ഷിച്ചവര്‍ അപ്പോള്‍ അയാളുടെ ബദ്ധശത്രുക്കളായി കഴിഞ്ഞിരുന്നു. അയാള്‍ ആ തുറന്നുപറച്ചിലില്‍ നിന്ന് ജീവഭയത്താല്‍ പിന്‍വാങ്ങി. പിന്നീട് ‘ സയാമീസ് ഇരട്ടകള്‍ ‘ എന്ന ശീര്‍ഷകത്തില്‍ ബേബി ജോണിനേയും ടി.എം. ജേക്കബിന്റെയും രാഷ്ട്രീയ നിലപാടുകള്‍ പ്രധാന സ്റ്റോറിയായി ‘സമകാലീന മലയാളം’ വാരിക 1997 മെയ് 16 ന് ആദ്യ ലക്കമായി വായനക്കാരുടെ മുന്നിലെത്തി. ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എം കൃഷ്ണന്‍ നായരുടെ ‘സാഹിത്യ വാരഫലം’ വീണ്ടും മൂന്നാം തവണ പുതിയ വാരികയിലൂടെ വായനക്കാരുടെ മുന്നിലെത്തി.
90 വയസ്സായ ഭരത് അവാര്‍ഡ് വാങ്ങിയ നടന്‍ പ്രേംജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ഒന്ന് തിരിഞ്ഞ് നോക്കാത്ത സാംസ്‌കാരിക വകുപ്പ് മന്ത്രിയേയും വകുപ്പ് സെക്രട്ടറിയേയും ചില കാര്യങ്ങള്‍ ശക്തിയായി ഓര്‍മ്മപ്പെടുത്തുന്ന ജയചന്ദ്രന്‍ നായരുടെ എഡിറ്റോറിയലായിരുന്നു ആദ്യ ലക്കത്തില്‍ ‘സംസ്‌കാരമില്ലായ്മ’. മലയാളത്തിലെ ഏറ്റവും വ്യത്യസ്തനായ കോളമിസ്റ്റ് എം.പി. നാരായണ പിള്ള മലയാളം വാരികയില്‍ വ്യക്തി ചിത്രങ്ങള്‍ എഴുതാന്‍ തുടങ്ങി. നാണപ്പന്റെ അപാര ശൈലിയില്‍ വന്ന ആദ്യ ലേഖനം- പ്രശസ്ത പത്രപ്രവര്‍ത്തകനായ സി.പി. രാമചന്ദ്രനെക്കുറിച്ചുള്ളത് വായനക്കാരെ മാത്രമല്ല, സി.പിയുടെ വീട്ടുകാരെയും ഞെട്ടിച്ചു. ‘ സ്വന്തം മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് തപാലില്‍ ലഭിക്കാനുള്ള ഭാഗ്യം എത്ര തന്തമാര്‍ക്കുണ്ടായിക്കാണും?’ ലേഖനത്തില്‍ നാണപ്പന്‍ ചോദിച്ചു. ലേഖനത്തെച്ചൊല്ലി പിന്നെ കത്തുകളുടെ പ്രവാഹമായിരുന്നു.’ പക്ഷേ, സിപിയുടെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല. അവര്‍ ജയചന്ദ്രന്‍ നായരോട് പിണങ്ങി. പക്ഷേ നാണപ്പന്‍ കുലുങ്ങിയില്ല. ലേഖനങ്ങള്‍ മുറയ്ക്ക് വന്നുകൊണ്ടിരുന്നു. വി.കെ.എന്‍, മാധവിക്കുട്ടി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, പി. ഗോവിന്ദപിള്ള, കെ. കരുണാകരന്‍, ബാബു ഭാസ്‌ക്കര്‍ എല്ലാം വ്യത്യസ്ത വ്യക്തികള്‍, ലേഖനങ്ങളും വ്യത്യസ്തം.
മലയാളം വാരികയിൽ ആദ്യമായി നമ്പൂതിരിയുടെ വര
കെ. കരുണാകരനെ കുറിച്ചുള്ള ലേഖനത്തില്‍ എഴുതി ‘ മുരളിയോട് കരുണാകരന് സ്‌നേഹമുണ്ടെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത്തരം ഒരു വികാരങ്ങളും കരുണാകരന്റെ ഉള്ളിന്റെയുള്ളില്‍ ഇല്ല. നാളെ മുരളിയുടെ കാല് വാരണമെന്ന് തോന്നിയാല്‍ കരുണാകരനത് ചെയ്തിരിക്കും.’ കരുണാകരനും മുരളിയും തമ്മില്‍ തെറ്റുന്നതിന് പത്ത് വര്‍ഷം മുന്‍പായിരുന്നു നാണപ്പന്‍ ഇത് എഴുതിയത്.
ക്ലാസിക്ക് വ്യക്തി ചിത്രമായ ഈ ലേഖനത്തെ വെല്ലുന്ന കരുണാകര ചരിതം നാണപ്പന്‍ എഴുതിയ പോലെ ഇനിയുമാരും എഴുതുമെന്ന് തോന്നുന്നില്ല. എറ്റവും അധികം വായിക്കപ്പെടുന്ന അക്കാലത്തെ കോളമിസ്റ്റായിരുന്നു നാരായണ പിള്ള. ലേഖന പരമ്പര കഴിഞ്ഞപ്പോള്‍ നാണപ്പന്‍ ജയചന്ദ്രന്‍ നായരോട് പറഞ്ഞു. ഞാന്‍ ‘ആത്മകഥകൂടി എഴുതാന്‍ പോകുന്നു. 365 കുറിപ്പുകള്‍ ഞാന്‍ എഴുതും. ‘ഫോര്‍ എ ചേഞ്ച് എന്ന പേരില്‍ നാണപ്പന്‍ എഴുതാന്‍ ആരംഭിച്ചു.’ കുറെക്കാലമായില്ലേ മറ്റുള്ളവരുടെ വീര സാഹസിക കഥകള്‍ എഴുതുന്നു. ഇനി എന്റെയൊരു കഥ സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഫോര്‍ എ ചേഞ്ച്’. പക്ഷേ, അപ്രതീക്ഷിതമായി വന്ന നാണപ്പന്റെ മരണം ഉജ്ജ്വലമായ ആ എഴുത്തിന് വിരാമമിട്ടു.
‘ഞാന്‍ തരിച്ചിരുന്നു പോയി നാണപ്പനില്ലാതെ ഇനിയെങ്ങനെ മലയാളം എന്നും ആലോചിച്ചു.’ ജയചന്ദ്രന്‍ നായര്‍ നാണപ്പന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞു. എങ്കിലും മലയാളം വാരിക വായനക്കാര്‍ സ്വീകരിച്ചു കഴിഞ്ഞിരുന്നു…
മലയാളം വാരിക ആരംഭിച്ചപ്പോള്‍ ജയചന്ദ്രന്‍ നായര്‍ എംടിക്ക് കത്തെഴുതി. വാരിക ഒന്ന് പൊക്കിയെടുക്കണം. എം.ടി. നോവല്‍ തരണം. എം.ടി യുടെ മറുപടി ‘കുറച്ച് വെയ്റ്റ് ചെയ്യൂ ഞാന്‍ നോവല്‍ തരാം’ താമസിയാതെ എം.ടി. വീണ്ടും ജയചന്ദ്രന്‍ നായരുടെ മലയാളത്തില്‍ തിരിച്ചെത്തി. രണ്ട് പ്രതിഭകളുടെയും രണ്ടാമൂഴം. ഒരുമാസം കൊണ്ട് എം.ടി.എഴുതി പൂര്‍ത്തിയാക്കി. കാശിയാണ് പശ്ചാത്തലം. പി.ആര്‍. നാഥന്‍ ആ പേരില്‍ ഒരു നോവല്‍ എഴുതിയതിനാല്‍ എം.ടി ഇതിന് ‘വാരാണസി’ യെന്ന് പേരിട്ടു. -‘ വാരാണസി’ 2001 ഡിസംബര്‍ ഒന്നാം ലക്കം മുതല്‍ മലയാളം വാരികയില്‍ ആരംഭിച്ചു. എംടിയുടെ അവസാനത്തെ ആ ക്ലാസിക്ക് നോവലും നമ്പൂതിരി ചിത്രങ്ങളും വായനക്കാര്‍ ഹര്‍ഷോന്മാദത്തോടെ ഹൃദയത്തില്‍ ഏറ്റുവാങ്ങി.
വാരാണസി ചിത്രീകരണം
സര്‍ക്കാരിന്റെ മാനവീയം പരിപാടി കുറച്ച് മലയാള പത്രപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു. അവരെ കൈയ്യിലെടുക്കാനുള്ള സൂത്രപ്പണിയാണെന്ന് വ്യക്തം. ഈ കോമാളിത്തത്തിനെതിരെ മലയാളത്തില്‍ ജയചന്ദ്രന്‍ നായര്‍ എഡിറ്റോറിയലില്‍ എഴുതി ‘ നിങ്ങള്‍ക്ക് തിരുവനന്തപുരത്ത് കേരള കൗമുദി എന്ന പത്രമുണ്ടെന്ന് അറിയാമോ? ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഏതെങ്കിലും എഡിറ്റര്‍ക്ക് പുരസ്‌കാരം നല്‍കുന്നെങ്കില്‍ അത് കേരള കൗമുദിയുടെ എം.എസ്. മണിക്ക് നല്‍കണം. ഒരു പത്രത്തിന്റെ മാനേജിംഗ് എഡിറ്ററേയും എം.എസ് മണിയേയും തിരിച്ചറിയാന്‍ കഴിയാത്ത മന്ത്രിയുടെ ഇടതുപക്ഷ രാഷ്ട്രീയം അപാരം തന്നെ. (ഒരു പ്രമുഖ ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ക്കും മാനവീയം പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു).
15 വര്‍ഷം സമകാലീന മലയാളത്തിന്റെ എഡിറ്ററായിരുന്ന എസ്. ജയചന്ദ്രന്‍ നായര്‍ 2012 ല്‍ വാരികയില്‍ നിന്ന് സ്വയം പിരിഞ്ഞു. പിന്നീടുള്ള കാലം മുഴുവന്‍ എഴുത്തും വായനയുമായി ബാംഗ്ലൂരില്‍ കഴിഞ്ഞു. അരവിന്ദനെ കുറിച്ചും, ഒ.വി.വിജയനെ കുറിച്ചും പുസ്തകങ്ങള്‍ എഴുതി. അദ്ദേഹത്തിന്റെ ആത്മകഥാപരമായ കുറിപ്പുകള്‍ ‘എന്റെ പ്രദക്ഷിണ വഴികള്‍’ സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. എഴുപതുകളുടെ ആദ്യം രൂപം കൊണ്ട ‘ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ അണിയറക്കാരനായി ജയചന്ദ്രന്‍ നായര്‍ ഉണ്ടായിരുന്നു. കലാകൗമുദിയുടെ ഭാഗമായി ‘ ഫിലിം മാഗസിന്‍ ‘ എന്ന നിലവാരമുള്ള ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ശില്‍പ്പിയും അദ്ദേഹമായിരുന്നു. പിറവി, സ്വം എന്നീ ചിത്രങ്ങളും നിര്‍മിച്ചത് അദ്ദേഹം തന്നെ. എന്നും പിന്നണിയില്‍ പ്രവര്‍ത്തിച്ച ആളായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ‘സ്വദേശാഭിമാനി ‘പുരസ്‌കാരം ലഭിക്കേണ്ട, അര്‍ഹതയുള്ള ആദ്യത്തെ പത്രപ്രവര്‍ത്തകനായിട്ടും അത് ചുമതലപ്പെട്ടവര്‍ നല്‍കിയില്ല. അത് എസ്. ജയചന്ദ്രന്‍ നായര്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന് നല്‍കാത്തത് മലയാള പത്രപ്രവര്‍ത്ത ചരിത്രത്തിലെ ക്രൂരമായ അവഗണനകളിലൊന്നാണ്. അരനൂറ്റാണ്ട് കാലം സജീവമായി പത്രപ്രവര്‍ത്തകനായിട്ടും ഏതോ സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹത്തിന് പത്ര പ്രവര്‍ത്തക പെന്‍ഷന്‍ അധികാരികള്‍ നിഷേധിച്ചു. ഇടതും വലതും അധികാരത്തില്‍ വന്നിട്ടും അത് നല്‍കാന്‍ തയ്യാറായില്ല.
അധികാരത്തിന്റെ രാജസദസ്സില്‍ ഒരിക്കലും കയറിപറ്റാത്ത എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രപ്രവര്‍ത്തകന് വേണ്ടി വാദിക്കാനോ, അത് നേടിക്കൊടുക്കാനോ എഴുത്തുകാരോ സാംസ്‌കാരിക സിംഹങ്ങളോ ശ്രമിച്ചില്ല. അദ്ദേഹം ഒടുവില്‍ നിസംഗതയോടെ, ഇനി തനിക്ക് പെന്‍ഷന്‍ വേണ്ട എന്ന് അധികാരസ്ഥാനത്തേക്ക് കത്തെഴുതി ആ വിഷയം അവസാനിപ്പിക്കുകയായിരുന്നു. താന്‍ എഡിറ്ററായ വാരികകളിലൂടെ മറ്റുള്ളവര്‍ക്ക് നേരിട്ട നീതി നിഷേധത്തിനെതിരെ എന്നും പ്രതികരിച്ച വൃക്തിയായിരുന്ന തനിക്ക് വേണ്ടി വാദിക്കാന്‍ ആരുമുണ്ടായില്ല എന്ന് അദ്ദേഹം ഒരിക്കല്‍ പോലും ഓര്‍ത്തിരിക്കില്ല. അതാണല്ലോ എസ്. ജയചന്ദ്രന്‍ നായര്‍ എന്ന വ്യക്തിയെ വേറിട്ടതാക്കുന്നത്.
പത്രപ്രവര്‍ത്തനത്തിന്റെ വിശുദ്ധിയും മഹത്വവും എന്നും കാത്തുസൂക്ഷിച്ച സൗമ്യനായ, അക്ഷരങ്ങളെ സ്‌നേഹിച്ച് നിശബ്ദനായി നടന്ന ഒരാളുടെ യാത്ര നിശബ്ദമായി അവസാനിച്ചു. അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്‌നേഹത്തണല്‍ കൂടിയാണ് നഷ്ടമായത്…December’s loss: After MT, S Jayachandran Nair is also being remembered
Content Summary: December’s loss: After MT, S Jayachandran Nair is also being remembered