ഷാരുഖ് ഖാന്‍- ദീപിക പദുകോണ്‍ ജോടി ഒത്തുചേര്‍ന്ന ഓം ശാന്തി ഓം ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ്. വീണ്ടും ഈ ജോടി സ്‌ക്രീനില്‍ ഒത്തു ചേരുന്നതു കാണാന്‍ ആരാധകര്‍ കാത്തിരുന്നെങ്കിലും നടന്നില്ല. ഒടുവില്‍ അങ്ങനെയൊരു അവസരം വന്നപ്പോള്‍ ദീപിക തന്നെ അതില്‍ നിന്നും പിന്മാറിയിരിക്കുന്നു.
ആനന്ദ് എല്‍ റായ് ഷാരുഖിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് ദീപികയെയാണു തീരുമാനിച്ചതെങ്കിലും ഓഫര്‍ ദീപിക നിരസിക്കുകയായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയിലാണു ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. പത്മാവതിയുടെ ഷൂട്ടിംഗ് അവസാനിച്ചിട്ടില്ലാത്തതിനാല്‍ പുതിയ ചിത്രത്തിനു നല്‍കാന്‍ ഡേറ്റില്ലെന്ന കാരണത്താലാണു ഷാരുഖ് ചിത്രത്തില്‍ നിന്നും പിന്മാറേണ്ടി വന്നതെന്നു ദീപികയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ചരിത്രപ്രധാനമായ സിനിമയായ പത്മാവതിയിലെ കേന്ദ്രകഥാപാത്രത്തെയാണു ദീപിക അവതരിപ്പിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ ചിത്രത്തിലെ നായകന്‍ റണ്‍വീര്‍ സിംഗ് ആണെന്നതാണ്. റണ്‍വീറിനു വേണ്ടി ഷാരുഖിനെയും ദീപിക ഒഴിവാക്കി എന്നാണ് ബോളിവുഡില്‍ ഇപ്പോള്‍ കഥ പ്രചരിക്കുന്നത്.