നിര്‍ണായകമായ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നാളെ(ബുധന്‍) നടക്കാനിരിക്കുമ്പോള്‍ പത്ത് വര്‍ഷത്തിലേറെയായി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കാല്‍നൂറ്റാണ്ടിലേറെയായി ഡല്‍ഹി ഭരിക്കാന്‍ ശ്രമം നടത്തുന്ന ബി.ജെ.പിയും ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ ഉറച്ച ദളിത്-മുസ്ലീം വോട്ടുകളെ കാര്യമായി വിഭജിപ്പിക്കാന്‍ കോണ്‍ഗ്രസിലാകുമോ? മുസ്ലീങ്ങള്‍ക്ക് നേരെ അക്രമം നടന്ന പ്രദേശങ്ങളില്‍ വലിയ പ്രചരണം നടത്തുന്ന ആള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദുള്‍ മുസല്‍മീന്‍ എന്ന, അസുദുദ്ദീന്‍ ഒവൈസി നയിക്കുന്ന, എ.ഐ.എം.ഐ.എം ആത്യന്തിമായി ബി.ജെ.പിക്ക് തുണയാകുമോ? 70 -ല്‍ 55 മുതല്‍ 60 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തിരിച്ച് വരുമെന്ന് അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും ആണയിടുന്നുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ അവര്‍ക്ക് അത്ര എളുപ്പമാകില്ല എന്നതാണ് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹി വോട്ടര്‍മാരില്‍ ധനികരും സാധാരണക്കാരും തമ്മില്‍ ഇത്രയേറെ അഭിപ്രായ അന്തരമുണ്ടായ കാലം വേറെയില്ലന്ന് ‘ദ വയ്ര്‍’ പൊളിറ്റക്കല്‍ എഡിറ്റര്‍ അജോയ് ആശീര്‍വാദ് എഴുതുന്നു. മധ്യവര്‍ഗ്ഗ, സമ്പന്ന വര്‍ഗ്ഗവും ഭൂരിപക്ഷം കച്ചവടക്കാരും ബി.ജെ.പിക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ സാധാരണക്കാരും ചേരി നിവാസികളും റിക്ഷാതൊഴിലാളികളും ശുചിത്വതൊഴിലാളികളും അടങ്ങുന്ന ഡല്‍ഹിയിലെ അടിസ്ഥാന വര്‍ഗ്ഗം ആംആദ്മി പാര്‍ട്ടിക്ക് പിന്നില്‍ ഉറച്ച് നില്‍ക്കുന്നു. പാവപ്പെട്ടവരുടെ പേര് പറഞ്ഞ് ഭരണത്തിലേറിയ അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും അഴിമതി നടത്തി, ചില്ലുകൊട്ടാരങ്ങളില്‍ താമസിക്കുന്നു എന്നതായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഴുവന്‍ ആവര്‍ത്തിച്ചത്. സി.ബി.ഐയും ഇഡിയും ചേര്‍ന്ന് അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിനേയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയേയും മറ്റ് നേതാക്കളേയും ജയിലില്‍ അടച്ചതും അരവിന്ദ് കെജ്വരിവാള്‍ ലക്ഷക്കണക്കിന് രൂപ ചെലഴവിച്ച് സ്വന്തം വസതി മോടി പിടിപ്പിച്ചുവെന്ന ആരോപണവുമാണ് അവരുടെ മുഖ്യ ആയുധം.
കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും (സി.എ.ജി) ഈ ആരോപണം തള്ളിയിരുന്നു. രാഷ്ട്രീയ പ്രേരിതവും ഊതിവീര്‍പ്പിച്ചതുമായ ആരോപണം എന്നാണ് സി.എ.ജി പറഞ്ഞത്. എന്നാല്‍ ബി.ജെ.പി ഈ പ്രചാരണം തുടര്‍ന്നതോടെ മാധ്യമങ്ങളേയും പൊതുജനങ്ങളേയും ഔദ്യോഗിക വസതി കണ്ട് പരിശോധിച്ച് ബോധ്യപ്പെടാന്‍ കെജ്രിവാള്‍ ക്ഷണിച്ചു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രായലത്തിന്റെ നേരിട്ടുള്ള ചുമതലുള്ള ഡല്‍ഹി പോലീസ് മാധ്യമങ്ങളേയും ജനങ്ങളേയും മുഖ്യമന്ത്രിയുടെ വസതിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. അഴിമതിക്കെതിരെയുള്ള, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന ആംആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുക എന്നതാണ് ബി.ജെ.പിയുടെ ഏകലക്ഷ്യം.
ഡല്‍ഹി വോട്ടര്‍മാരില്‍ സിംഹഭാഗവും ഇപ്പോഴും ദരിദ്രരും സാധാരണക്കാരുമാണ് എന്നുള്ളതാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ ‘ചേരിക്കാര്‍ക്ക്’ മാത്രം വേണ്ടി പ്രവര്‍ത്തിക്കുന്ന കെജ്രിവാളിനെതിരെ നിലപാടെടുക്കും എന്നുള്ളതാണ് മധ്യവര്‍ഗ്ഗക്കാരടക്കമുള്ള ഡല്‍ഹി നിവാസികളുടെ നിലപാട്. അതുകൊണ്ട് തന്നെ പാവപ്പെട്ടവരും മുസ്ലീങ്ങളും തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലെ സീറ്റുകള്‍ നിര്‍ണായകമായി മാറും. ആ സീറ്റുകള്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ നിലനിര്‍ത്തിയാല്‍ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരും; അല്ലെങ്കില്‍ ഹരിയാണ, രാജസ്ഥാന്‍, യു.പി, മധ്യപ്രദേശ് തുടങ്ങിയ ഡല്‍ഹിക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തിയ വന്‍വിജയം ഇവിടെയും ആവര്‍ത്തിക്കും. അതുകൊണ്ടാണ് കോണ്‍ഗ്രസും അസുദുദ്ദീന്‍ ഒവൈസിയും നടത്തുന്ന ശ്രമങ്ങള്‍ ആത്യന്തികമായി ബി.ജെ.പിയെ സഹായിക്കുമോ എന്ന സംശയം ഉയരുന്നത്.
13-14 സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഇത്തരത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. പത്ത് വര്‍ഷത്തിന് മുമ്പ് മൂന്ന് ടേം -പതിനഞ്ച് വര്‍ഷം- ഡല്‍ഹി അടുപ്പിച്ച് ഭരിച്ചിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എഴുപതില്‍ അറുപത്തിയഞ്ച് സീറ്റിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. ആ അവസ്ഥയില്‍ നിന്ന് കരേറാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേത് എങ്കിലും ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ അത് പ്രതിപക്ഷ, മതേതര സഖ്യത്തിന് തിരിച്ചടിയാകും. കെജ്രിവാളിനെതിരെ ബി.ജെ.പി നടത്തുന്ന പ്രചരണങ്ങളുടെ ചുവട് പിടിച്ച് കൊണ്ട് അഴിമതി ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി വരെ നടത്തിയതോടെ പ്രതിപക്ഷ ഐക്യത്തില്‍ വലിയ വിള്ളല്‍ വീണുകഴിഞ്ഞു.
2020-ലെ മുസ്ലിം വിരുദ്ധ കലാപത്തിന്റെ മുറിവുങ്ങാത്ത നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി പ്രദേശത്ത് ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസും അസുദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും നിലവിലുണ്ട്. ഡല്‍ഹി കലാപത്തിന്റെ പേരില്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്ന, ആംആദ്മി പാരട്ടിയുടെ മുന്‍ കൗണ്‍സിലര്‍, താഹിര്‍ ഹുസൈനാണ് എ.ഐ.എം.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥികളിലൊരാള്‍. ഇത് മുസ്ലീം സമുദായത്തില്‍ വലിയ വിടവുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. ഒവൈസിയുടെ ഈ തന്ത്രം ആത്യന്തികമായി ബി.ജെ.പിയെ മാത്രമേ സഹായിക്കൂ എന്നതാണ് പലരുടേയും കാഴ്ചപ്പാട്. മതേതര വോട്ടുകളും ബി.ജെ.പി വോട്ടുകളുമായി കൃത്യമായി വിഭജിച്ച് നില്‍ക്കുന്ന ഈ പ്രദേശത്തും മതേതര, ബി.ജെ.പി വിരുദ്ധ, വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ഈ പാര്‍ട്ടികളുടെ സാന്നിധ്യം നിമിത്തമായാല്‍ സന്തോഷിക്കുക ബി.ജെ.പിയായിരിക്കും. Delhi Election, Will Congress and AIMIM split votes?
Content Summary; Delhi Election, Will Congress and AIMIM split votes?