July 15, 2026 |
Share on

ഡല്‍ഹി സ്‌ഫോടനം: മൂന്ന് പേര്‍ കാറിനുള്ളില്‍ ഉണ്ടായതായി സൂചന; കേരളത്തിലും ജാഗ്രതാ നിര്‍ദേശം

മരണസംഖ്യ 13 ആയി

രാജ്യത്തെ നടുക്കി തലസ്ഥാനത്ത് ഉണ്ടായ സ്‌ഫോടനം ബോംബ് സ്‌ഫോടനം തന്നെ ആയിരുന്നോവെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

”ചെങ്കോട്ട ട്രാഫിക് സിഗ്നലിൽ നിർത്തിയിരുന്ന സാവധാനത്തിൽ നീങ്ങിയ ഒരു വാഹനത്തിലാണ് സ്ഫോടനം നടന്നത്. സ്ഥലത്ത് സ്‌ഫോടനം മൂലമുള്ള കുഴികള്‍ രൂപപ്പെട്ടിട്ടില്ല. അതിനാല്‍ നടന്നത് ബോംബ് സ്‌ഫോടനം തന്നെയാണോ എന്ന് പറയാന്‍ കഴിയില്ല” മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സ്‌ഫോടനത്തെ തുടര്‍ന്ന് അപകടകാരണമായ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ രണ്ടോ മൂന്നോ പേര്‍ ഉണ്ടായിരുന്നു. വെള്ള ഹ്യൂണ്ടായ് ഐ 20 കാറാണെന്നാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചത് വന്‍ അഗ്‌നിബാധയ്ക്ക് കാരണമായി. ആറ് കാറുകള്‍, രണ്ട് ഇ റിക്ഷകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. പത്ത് യൂണിറ്റ് ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നതോടെ പ്രദേശത്ത് പരിഭ്രാന്തി ഉയരുകയായിരുന്നു. ചാന്ദ്നി ചൗക്ക് വ്യാപാരി അസോസിയേഷന്‍ പങ്കുവച്ച വീഡിയോകളില്‍ കത്തിക്കരിഞ്ഞ വാഹനങ്ങളും റോഡില്‍ ചിന്നിച്ചിതറി കിടക്കുന്ന മൃതദേഹങ്ങളും ദൃശ്യമാണ്.

സ്‌ഫോടനം വലിയ ശബ്ദത്തിലായിരുന്നു. ഭൂകമ്പം പോലെയാണ് തോന്നിയത്. ഏകദേശം 800 മീറ്റര്‍ അകലെയുള്ള ഞങ്ങളുടെ കെട്ടിടം വരെ കുലുങ്ങി” അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജയ് ഭാര്‍ഗവ് പറഞ്ഞു.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായി എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഡല്‍ഹി പോലീസും ഫോറന്‍സിക് വിദഗ്ധരും കാറിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചു വരികയാണ്. തലസ്ഥാനത്തുടനീളം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുംബൈ, കൊല്‍ക്കത്ത, ജയ്പൂര്‍, ഹരിയാന, പഞ്ചാബ്, ഹൈദരാബാദ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങള്‍ അതീവ ജാഗ്രതയിലാണ്, നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറും സുരക്ഷ ശക്തമാക്കി. കേരളത്തിലും സുരക്ഷ ശക്തമാക്കാന്‍ അധികാരികള്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹരിയാന പോലീസ്, കശ്മീരി ഡോക്ടറായ ഡോ. മുസമ്മില്‍ ഗനായിയെ ഫരീദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ഇയാളുടെ വാടക വീട്ടില്‍ നിന്ന് 360 കിലോഗ്രാം വരുന്ന അമോണിയം നൈട്രേറ്റ്, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ടൈമറുകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ നടുക്കിക്കൊണ്ട് സ്‌ഫോടനം ഉണ്ടായത്.

Content Summary: Delhi explosion: Indication that three people were inside the car

Leave a Reply

Your email address will not be published. Required fields are marked *

×