ജനറൽ കമ്പാർട്ട്‌മെന്റിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അൺറിസർവ്ഡ് ടിക്കറ്റ് സിസ്റ്റ(യുടിഎസ്)ത്തിലൂടെ ശനിയാഴ്ച്ച വൈകീട്ട് 6 മണിക്കും 8 മണിക്കുമിടെ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ പതിവിലും കൂടുതലായി 2,600 ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ശനിയാഴ്ച്ച രാത്രി 9നും 9.20നും ഇടയിൽ റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 18 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ദിവസേന വൈകീട്ട് ആറിനും ഏഴ് മണിക്കുമിടയിൽ 7,000 ടിക്കറ്റുകൾ എങ്കിലും ബുക്ക് ചെയ്യപ്പെടാറുണ്ട്. എന്നാൽ ശനിയാഴ്ച്ച മാത്രം ഇതേ സമയത്ത് ബുക്ക് ചെയ്യപ്പെട്ടത് 9,600 ലധികം ജനറൽ ക്ലാസ് ടിക്കറ്റുകളാണ്.
ശനിയാഴ്ച്ച യുടിഎസ് വഴി ബുക്ക് ചെയ്തത് 54,000 ജനറൽ ക്ലാസ് ടിക്കറ്റുകളായിരുന്നു. ഫെബ്രുവരി 15ന് പ്ലാറ്റ്‌ഫോം തിങ്ങി നിറഞ്ഞ് ആളുകളുണ്ടായിരുന്നു എന്നത് വാസ്തവമാണ്, എന്നാൽ ഫെബ്രുവരി 8നും ജനുവരി 29നും യുടിഎസ് വഴി ബുക്ക് ചെയ്ത ജനറൽ ക്ലാസ് ടിക്കറ്റുകളുടെ എണ്ണം ഇതിനെക്കാൾ കൂടുതലാണ്. ഈ രണ്ട് ദിവസങ്ങളിലും യഥാക്രമം 54,660, 58,000 ജനറൽ ക്ലാസ് ടിക്കറ്റുകളായിരുന്നു ബുക്ക് ചെയ്തിരുന്നത്. അന്നത്തെ ആൾക്കൂട്ടം നിയന്ത്രണ വിധേയമായിരുന്നുവെന്നും റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ടിക്കറ്റുകൾ വിതരണം ചെയ്തുവെന്നും ഓരോ മണിക്കൂറിലും 1500 ടിക്കറ്റുകളാണ് വിൽക്കപ്പെട്ടതെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
പ്രായാഗ് രാജിലേക്ക് പോകുന്നതിനായി ശനിയാഴ്ച രാത്രി നൂറുകണക്കിന് യാത്രക്കാർ പ്ലാറ്റ്‌ഫോം നമ്പർ 14 ൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ന്യൂഡൽഹിയിൽ നിന്നും ദർഭംഗയിലേക്ക് പോകുന്ന സ്വതന്ത്രസേനാനി എക്‌സ്പ്രസിൽ യാത്രചെയ്യുന്നതിനായി നിരവധി പേർ പ്ലാറ്റ്‌ഫോം നമ്പർ 13 ലും ഉണ്ടായിരുന്നു. എന്നാൽ ഈ ട്രെയിൻ വൈകുകയും അർധ രാത്രിയിലേക്ക് ഷെഡ്യൂൾ ചെയ്യുകയുമായിരുന്നു. ഇതിന് പുറമെ കൂടുതൽ ടിക്കറ്റുകൾ കൂടി വിറ്റതോടെ പ്ലാറ്റ്‌ഫോം നമ്പർ 14 ൽ യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയും വലിയ ആൾക്കൂട്ടം രൂപപ്പെടുകയുമായിരുന്നു. ആളുകൾക്ക് നിൽക്കാൻ പോലും കഴിയാത്ത സാഹചര്യം രൂപപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
തിരക്ക് വർധിച്ചു വന്ന മണിക്കൂറുകൾക്കിടയിൽ യുടിഎസ് വഴി കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നു എന്ന് മനസിലാക്കി റെയിൽവേ ഒരു മുൻകരുതൽ എടുത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ അപകടം നടന്ന സ്റ്റേഷനിലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ 16 പ്ലാറ്റ്‌ഫോമുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ (ആർപിഎഫ്) 60 ഓളം ഉദ്യോഗസ്ഥരും 20 ഡൽഹി പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
2004ലും 2010ലും ഉത്സവ സീസണുകളിൽ തിക്കും തിരക്കും മൂലം നിരവധി ആളുകൾക്ക് അപകടം സംഭവിച്ച സാഹചര്യങ്ങൾ ഉണ്ടായിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേള അവസാനിക്കുന്നത് വരെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉൾപ്പെടെ നിരവധി ഉദ്യഗസ്ഥരെ റെയിൽവേ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്.
content summary; In the two hours before the Delhi stampede, a clear sign was noticed: 2,600 extra general tickets were sold.