ഡിസംബര്‍ 30-നു എല്ലാ പ്രശ്നങ്ങളും അവസാനിച്ചില്ലെങ്കില്‍ തന്നെ ശിക്ഷിക്കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
പണം പിന്‍വലിക്കലിന് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്ന് രാജ്യത്തെ ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ നോട്ട് നിരോധനം മൂലമുള്ള ദുരിതങ്ങള്‍ ഡിസംബര്‍ 30-ന് അവസാനിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം നടപ്പാകില്ല എന്നുറപ്പായി.
ആവശ്യത്തിനുള്ള പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നതു വരെ ബാങ്കുകളില്‍ നിന്ന് നോട്ട് പിന്‍വലിക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ബാങ്കുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോട്ട് പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ നീക്കിയാല്‍ വലിയ തോതില്‍ ആളുകള്‍ പണം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുമെന്നും ബാങ്കുകള്‍ ധനകാര്യ മന്ത്രാലയത്തോട് വ്യക്തമാക്കി.
ഡിസംബര്‍ 30-നു ശേഷം നിലവിലുള്ള നിയമങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ ധനകാര്യ മന്ത്രാലയം രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍ നിന്ന് അനൗദ്യോഗികമായി അഭിപ്രായം തേടിയിരുന്നു. ഇപ്പോള്‍ ഒരാള്‍ക്ക് എ.ടി.എമ്മില്‍ നിന്ന് ദിവസം 2,500 രൂപയും ആഴ്ചയില്‍ ബാങ്കില്‍ നിന്ന് 24,000 രൂപയുമാണ് പിന്‍വലിക്കാന്‍ കഴിയുക. എന്നാല്‍ ഇതില്‍ ഇപ്പോള്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.
നോട്ട് പിന്‍വലിക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും.
“ആവശ്യത്തിനുള്ള നോട്ടുകള്‍ ലഭ്യമാണ് എന്നുറപ്പായതിനു ശേഷമേ നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാകൂ. അതുകൊണ്ടു തന്നെ ഒറ്റയടിക്ക് ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ ആളുകള്‍ കൂട്ടത്തോടെ കൂടുതല്‍ പണം പിന്‍വലിക്കും. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കു”മെന്നും എസ്.ബി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 24,000 രൂപാ മാത്രം പിന്‍വലിക്കാനേ സാധിക്കൂ എന്ന നിയന്ത്രണം നിലനിന്നിട്ടു പോലും പല ബാങ്കുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഈ തുക നല്‍കാന്‍ ഇപ്പോഴും സാധിക്കുന്നില്ല. നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 19 വരെ ആകെ 5.92 ലക്ഷം കോടി രൂപ മാത്രമാണ് ബാങ്കുകള്‍ വഴിയും എ.ടി.എമ്മുകള്‍ വഴിയും ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് ആര്‍.ബി.ഐ കണക്കുകള്‍ പറയുന്നു. അതായത്, ആകെ പിന്‍വലിച്ച 15.44 ലക്ഷം കോടി രൂപയുടെ 38.3 ശതമാനം മാത്രമാണ് ഇതുവരെ തിരികെ എത്തിക്കാന്‍ ആര്‍ബിഐക്ക് കഴിഞ്ഞിട്ടുള്ളത്.
പുതിയ 500 രൂപാ നോട്ടുകളുടെ ക്ഷാമവും ഉള്ളവ പൂഴ്ത്തിവയ്ക്കുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു കാരണമെന്ന് ബാങ്കുകള്‍ പറയുന്നു. കൂടുതല്‍ 500 രൂപാ നോട്ടുകള്‍ എത്തുന്നതോടെ ഇങ്ങനെ പൂഴ്ത്തി വയ്ക്കുന്നത് കുറയും. സാധാരണ നിലയില്‍ വ്യാപാരികള്‍ തിരികെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതു പോലെ ഇപ്പോള്‍ നിക്ഷേപം നടക്കുന്നില്ല. പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം അവര്‍ ഇത് സൂക്ഷിച്ചു വയ്ക്കുകയാണെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആര്‍ബിഐയുടെ കണക്കനുസരിച്ച് ഡിസംബര്‍ 10 വരെ പഴയ 500, 1000 രൂപാ നോട്ടുകള്‍ തിരിച്ചെത്തിയത് 12.44 ലക്ഷം കോടി രൂപ വരും. അതിനു ശേഷം എത്രത്തോളം നോട്ടുകള്‍ തിരികെ എത്തി എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല.
പഴയ 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം പിടികൂടും എന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഡിസംബര്‍ 10 വരെയുള്ള സമയത്തിനുള്ളില്‍ നിരോധിച്ച നോട്ടിന്റെ 90 ശതമാനവും തിരികെ എത്തിയിരുന്നു. അതുകൊണ്ടു തന്നെ എവിടെയാണ് കള്ളപ്പണമെന്ന ആക്ഷേപം ഉയരുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.
നോട്ട് നിരോധനത്തിന്റെ ദുരിതങ്ങള്‍ അവസാനിക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദിവസത്തിന് ഇനി രണ്ടു ദിവസം മാത്രമേ ബാക്കിയുള്ളൂ. ഇപ്പോഴും പണം പിന്‍വലിക്കാനുളള നീണ്ട ക്യൂകള്‍ എ.ടി.എമ്മുകള്‍ക്കു മുന്നില്‍ ദൃശ്യമാണ്. ഒപ്പം വ്യാപാരികള്‍, കര്‍ഷകര്‍ തുടങ്ങിയരെ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു. അത് ഉടന്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇപ്പോഴുള്ള യാഥാര്‍ഥ്യം. ഇനി ബാങ്കുകളുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് അവസാനിപ്പിച്ചാല്‍ കൂടുതല്‍ പ്രതിസന്ധിയാവും ജനങ്ങളെ കാത്തിരിക്കുന്നത്.