മിക്ക മാധ്യമ സ്ഥാപനങ്ങളും പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു എന്ന് മാത്രമല്ല ‘ദി മിന്റ്’ പോലെയുള്ള ചില പത്രമാധ്യമങ്ങള്‍ നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ഒരു വിഭാഗമായിരിക്കും മാസശമ്പളക്കാര്‍; അതായത് 2017 അവരെ സംബന്ധിച്ച് ഒരു മോശം വര്‍ഷമായിരിക്കും.
തീര്‍ത്തും ആലോചനാ ശൂന്യമായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം മൂലമുള്ള നിയന്ത്രണങ്ങള്‍ തൊഴില്‍ കമ്പോളത്തെ നിശ്ചലമാക്കിയതായും ഏതെങ്കിലും തരത്തിലുള്ള പ്രത്യക്ഷമായ ശമ്പളവര്‍ദ്ധനവിനുള്ള സാധ്യതകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കിയതായും പ്രൊഫണല്‍ ഏജന്‍സികളും വന്‍കിട കമ്പനികളിലെ എച്ച്ആര്‍ മാനേജര്‍മാരും നടത്തിയ അവലോകനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണഗതിയില്‍ സാമ്പത്തികമാന്ദ്യം തുടക്കത്തില്‍ തന്നെ പിടികൂടാറുള്ള മാധ്യമ വ്യവസായം വരാനിരിക്കുന്ന പ്രവണതയെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. മിക്ക മാധ്യമ സ്ഥാപനങ്ങളും പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു എന്ന് മാത്രമല്ല ‘ദി മിന്റ്’ പോലെയുള്ള ചില പത്രമാധ്യമങ്ങള്‍ നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പോലെയുള്ള സ്ഥാപനങ്ങള്‍ പുതിയ നിയമനങ്ങള്‍ അനൗദ്യോഗികമായി മരവിപ്പിച്ചിരിക്കുകയാണ്.
അപൂര്‍വം ചില മേഖലകളില്‍ ഒഴികെ ഈ വര്‍ഷം തൊഴില്‍ കമ്പോളങ്ങള്‍ സുസ്ഥിരമായി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ജനുവരി-മാര്‍ച്ച് മാസങ്ങളിലേക്കെങ്കിലും പുതിയ നിയമനങ്ങള്‍ കുത്തനെ ഇടിയുമെന്ന് വ്യവസായിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അപൂര്‍വം ചില മേഖലകള്‍ പഴയപടി തുടര്‍ന്നേക്കാമെങ്കിലും നിലവില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ദൃശ്യമായതില്‍ ഏറ്റവും വലിയ മാന്ദ്യമാണ് തൊഴില്‍ കമ്പോളത്തില്‍ ഉണ്ടായിരിക്കുന്നത്.
‘ഒരു സാമ്പത്തികരംഗത്തിനും അനിശ്ചിതത്വം നല്ലതല്ല. ഒരു ചെറിയ തളര്‍ച്ചയ്ക്ക് ശേഷം തൊഴില്‍ കമ്പോളത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയ സമയത്താണ് നോട്ട് നിരോധനം അതിനെ തടസ്സപ്പെടുത്തിയത്. 2017-ല്‍, പുതിയ ജിഎസ്ടി നയങ്ങളാവും അതിനെ തടസ്സപ്പെടുത്തുക,’ – എന്ന് ഇഎംഎ പാര്‍ട്ടണേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ മനേജിംഗ് പാര്‍ട്ട്ണര്‍ കെ സുദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
വില്ലിസ് ടവേഴ്‌സ് വാട്‌സണ്‍ സാലറി ബഡ്ജറ്റ് പ്ലാനിംഗിന്റെ ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ കമ്പനികളിലെ ജീവനക്കാരുടെ 2017-ലെ ശമ്പള വര്‍ധന 10 ശതമാനമായിരിക്കും എന്ന് കണക്കാക്കിയിരുന്നു. ഏഷ്യ പസഫിലെ വികസിത, വികസ്വര കമ്പോളങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ നോട്ട് നിരോധനം മൂലം ഈ സ്ഥിതി വഷളാവാനാണ് സാധ്യത.
ഇന്ത്യയിലെ മികച്ച എഞ്ചിനീയറിംഗ് സ്‌കൂളുകളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടികള്‍) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2016ല്‍ വളരെ കുറച്ച് കമ്പനികള്‍ മാത്രമാണ് ഉദ്യോഗാര്‍ത്ഥികളെ അന്വേഷിച്ച് എത്തിയത്.