January 21, 2025 |

ലോസ് ആഞ്ചലസ് കത്തിപ്പടരുന്നു; ഹോളിവുഡ് താരങ്ങളുടെ വീടുകളും ചാമ്പലായി

പ്രദേശത്തെ വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ അധികൃതർ ഉത്തരവിട്ടു

യുഎസിലെ ലോസ് ആഞ്ചലസില്‍ ചൊവ്വാഴ്ച മുതല്‍ പടരുന്ന കാട്ടുതീയ്ക്കിടെ ഇതുവരെ മരിച്ചവരുടെ എണ്ണം അഞ്ചായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. ഒന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. 1.5 ദശലക്ഷത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. അതേസമയം തെക്കന്‍ കാലിഫോര്‍ണിയയിലുടനീളം താമസിക്കുന്ന 17 ദശലക്ഷം പേര്‍ കനത്ത പുക കാരണം ദുരിതത്തിലാണ്. ലോസ് ആഞ്ചലസിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ സ്‌പേസ് എക്‌സ് സൗജന്യ സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ നല്‍കുമെന്ന് ടെസ്ല സിഇഒ എലോണ്‍ മസ്‌ക് അറിയിച്ചു.los angeles

പ്രദേശത്തെ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. നിര്‍ബന്ധിത ഒഴിപ്പിക്കലും ഇവിടെ നടത്തുന്നുണ്ടെന്നാണ് വിവരം. കാട്ടുതീയെ തുടര്‍ന്ന് ലോസ് ആഞ്ചലസ് സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരക്കണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുള്‍പ്പെടെ പല പ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ നശിച്ചതിനൊപ്പം 3000 ഏക്കറോളം ഭൂമി കത്തിനശിക്കുകയും ചെയ്തു. നിരവധി ചലച്ചിത്രതാരങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണിത്. അടുത്തിടെ വിവാഹിതരായ അഭിനേതാക്കളായ ലെയ്ടണ്‍ മീസ്റ്ററുടെയും ആദം ബ്രോഡിയുടെയും വീടടക്കം കത്തിനശിച്ചു. പ്രസിദ്ധമായ വാക് ഓഫ് ഫെയിം അടക്കമുള്ള മേഖലകള്‍ കാട്ടുതീ ഭീഷണിയിലാണ്.

മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ കാരണം. രണ്ടകാറ്റിന് സാധ്യതയുള്ളതിനാല്‍ സ്ഥിതിരൂക്ഷമാകുമെന്ന് ലോസ് ആഞ്ചലസ് മേയര്‍ കാരെന്‍ ബാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോസ് ആഞ്ചലസിലെ അമൂല്യമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപം മരങ്ങള്‍ കത്തിച്ചാമ്പലായി. എന്നാല്‍ തീ പടരുന്നത് തടഞ്ഞതിനെ തുടര്‍ന്ന് കലാസൃഷ്ടികള്‍ സുരക്ഷിതമാണെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു.

അതേസമയം, യുഎസിലെ ടെക്‌സസ്, ഒക്ലഹോമ, ആര്‍ക്കന്‍സോ എന്നീ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലും ബുധനാഴ്ച രാത്രി മുതല്‍ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി. ഉത്തരധ്രുവത്തില്‍ നിന്നുള്ള തണുത്തകാറ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന,കാന്‍സസ് കെന്റക്കി, വാഷിങ്ടണ്‍ തുടങ്ങിയ ഇടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കിടയാക്കിയിരുന്നു.

കാലിഫോര്‍ണിയന്‍ നഗരമായ പസഡേനയ്ക്ക് സമീപത്തുള്ള അള്‍ട്ടാഡേനയില്‍ കാട്ടുതീ 200 ഏക്കറില്‍ നിന്ന് ആയിരം ഏക്കറിലേക്ക് ഏതാനും മണിക്കൂറുകള്‍ കൊണ്ട് പടര്‍ന്നു. പസഡേനയിലെ ഒരു നേഴ്‌സിങ് ഹോമില്‍ നിന്ന് നൂറോളം ആളുകളെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒഴിപ്പിച്ചു. ലോസ് ആഞ്ചലസ് കൗണ്ടിയില്‍ കാട്ടുതീ മുന്നറിയിപ്പ് നാഷണല്‍ വെതര്‍ സര്‍വീസ് പുറപ്പെടുവിച്ചിരുന്നു. ലോസ് ആഞ്ചലസില്‍ ഇതുവരെ ആറിടങ്ങളില്‍ തീ പടര്‍ന്നതായി ലോസ് ആഞ്ചല്‍സ് ഭരണകൂടം അറിയിച്ചിരുന്നു.los angeles

content summary; Devastating wildfires are sweeping through Los Angeles, leaving a trail of destruction and loss

×