ബോളിവുഡിൽ സ്ത്രീകൾ സുരക്ഷിതരായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് നടി ദിയ മിർസ. സെറ്റുകളിലെ തന്റെ മുറിയുടെ വാതിലിൽ മറ്റുള്ളവർ മുട്ടുന്നത് താൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അതിനാൽ എല്ലാ ഷൂട്ടിങ്ങ് സെറ്റുകളിലും ഹെയർ ഡ്രെസറിനൊപ്പമാണ് മുറിയിൽ കഴിഞ്ഞിരുന്നതെന്നും ദിയ മിർസ പറഞ്ഞു.
വളരെക്കാലം ഷൂട്ടിങ്ങ് സെറ്റുകളിൽ സുരക്ഷിതത്വം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. എന്റെ ഹെയർഡ്രെസ്സറെ എപ്പോഴും ഞാൻ എന്നോടൊപ്പം മുറിയിൽ കിടക്കാൻ നിർബന്ധിച്ചിരുന്നു. എന്റെ സഹപ്രവർത്തകരുടെ വാതിലിൽ മറ്റുള്ളവർ മുട്ടാറുണ്ടായിരുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. പല ദുരനുഭവങ്ങളും അവർ നേരിടേണ്ടി വന്നിട്ടുണ്ട്. ഭാഗ്യവശാൽ എനിക്ക് അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. സൗന്ദര്യമത്സര വിജയി എന്ന നിലയിലുള്ള തന്റെ പശ്ചാത്തലമാണ് എന്റെ സുരക്ഷിതത്വത്തിന് ഒരു കാരണം. ഒരുപക്ഷേ എന്റെ പ്രശസ്തി എന്നോട് മോശമായി പെരുമാറുന്നതിൽ നിന്ന് അവരെ നിരുത്സാഹപ്പെടുത്തിയിരിക്കാമെന്ന് ദിയ മിർസ പറഞ്ഞു.
സ്ത്രീ അഭിനേതാക്കൾക്ക് മികച്ച വേഷങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചും ദിയ മിർസ സംസാരിച്ചു. തന്നെ സിനിമയിൽ ലൈംഗികവത്കരിക്കുന്നതായും ഉപഭോഗവസ്തുവായി ചിത്രീകരിച്ചുവെന്ന് തോന്നിയിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖ്യധാരാ സിനിമയിൽ നിന്ന് അകന്നുനിന്നതെന്നും ദിയ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമാകാൻ ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. എന്റെ മനസ്സിൽ, ഞാൻ ഷബാന ആസ്മിയെയും സ്മിത പാട്ടീലിനെയും പോലെയാണ്. എനിക്ക് യഥാർത്ഥ സിനിമകൾ ചെയ്യണം. ദിയ മിർസ കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സ്ത്രീ അഭിനേതാക്കൾക്ക് ലഭിക്കുന്ന റോളുകളുടെ പരിമിതിയെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ദിയ മിർസയുടെ പരാമർശം. മുമ്പും തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് കെെയ്യടി നേടിയിട്ടുണ്ട് ദിയ. ബോളിവുഡിലെ പുരുഷാധിപത്യത്തിനെതിരെ ദിയ മിർസ ആരോപണമുന്നയിച്ചിരുന്നു.
ഐശ്വര്യ റായിക്ക് പിന്നാലെ സൗന്ദര്യ മത്സരത്തിലൂടെ തിളങ്ങിയ താരമാണ് ദിയ മിര്‍സ.ഗൗതം വാസുദേവ് മേനോന്റെ 2001ൽ പുറത്തിറങ്ങിയ രഹ്ന ഹേ തെരേ ദിൽ മേ എന്ന ചിത്രത്തിലൂടെയാണ് നായികയായി അവർ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
Content Summary: Dia Mirza Wanted to Be Like Shabana Azmi or Smita Patil, But Felt Objectified in Bollywood
Dia Mirza Bollywood