June 18, 2025 |

തുടരുന്ന കസ്റ്റഡി മരണങ്ങളില്‍ ഇരകള്‍ക്ക് എന്നും ഒരേ മുഖം

കസ്റ്റഡി മർദനങ്ങളിൽ മരണപ്പെട്ട 60 ശതമാനം ആളുകളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ളവർ

കസ്റ്റഡി മരണങ്ങൾ വീണ്ടും മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കഴിഞ്ഞ ദിവസം വയനാട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അമ്പലവയൽ സ്വദേശിയായ ആദിവാസി യുവാവിനെ സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് പുതിയ ചർച്ചകൾക്ക് കാരണം. ഗോകുലിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബവും രംഗത്തു വന്നിട്ടുണ്ട്. ഗോകുലിന് പ്രായപൂർത്തി ആയില്ലെന്ന രേഖകൾ പുറത്തുവന്നതോടെ 18 തികയാത്ത ആദിവാസി ബാലനെ രാത്രി മുഴുവൻ ലോക്കപ്പിൽ വെച്ചത് ഗുരുതര വീഴ്ചയാണെന്ന വിമർശനങ്ങളും ഉയരുന്നു.

കഴിഞ്ഞ ദിവസം ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടിയെ കാണാതായിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയെ ഗോകുലിനോടൊപ്പം കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ​ഗോകുലിനെ കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു. രാവിലെ ശുചിമുറിയിലേക്ക് പോയ ​ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ്  പൊലീസിന്റെ വിശദീകരണം. ഗോകുലിന്റെ മരണത്തില്‍ പൊലീസിന് ​ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണങ്ങൾ ശക്തമാണ്‌. എന്നാൽ ​ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. സംഭവത്തിൽ നിയമപരമായ നടപടി ക്രമങ്ങളും അന്വേഷണവും ഉണ്ടാവുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

കസ്റ്റഡി മരണങ്ങൾ ഇന്ത്യയിൽ ആദ്യത്തെ സംഭവമല്ല. രാജ്യത്ത് കസ്റ്റഡി മരണങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പാർശ്വവൽക്കൃത വിഭാഗങ്ങൾക്കിടയിലാണെന്ന് സ്റ്റാറ്റസ് ഓഫ് പൊലീസിം​ഗ് ഇന്ത്യയുടെ 2025ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കസ്റ്റഡി മർദനങ്ങളിൽ മരണപ്പെട്ട 60 ശതമാനം ആളുകളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കർത്തവ്യ നിർവഹണത്തിനിടെ പീഡനമുറകൾ ഉപയോ​ഗിക്കുന്നതിനെ പകുതിയിലേറെ ഉദ്യോ​ഗസ്ഥരും ന്യായീകരിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളുടെ ചരിത്രം പരിശോധിച്ചാൽ റിപ്പോർട്ടിലെ വിവരങ്ങൾ ശരി വയ്ക്കുന്നുമുണ്ട്.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഇപ്പോഴും ച‌‍ർച്ച ചെയ്യപ്പെടുന്ന കേസുകൾ നിരവധിയാണ്.  2024 ഡിസംബറിലാണ് മുംബൈയിലെ പർഭണി റെയിൽവേ സ്റ്റേഷന് സമീപം ഭരണഘടന സ്തൂപം തകർത്തതിനെ തുടർന്ന് അംബേദ്കറിന്റെ അനുയായികൾ നടത്തിയ സമരത്തിലെ അക്രമത്തിന്റെ പേരിൽ മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലുൾപ്പെട്ട സോമനാഥ് സൂര്യവംശിയെന്ന യുവാവാണ് മരിച്ചത്. കേസിൽ പ്രാദേശിക നേതാവ് ഉൾപ്പെടെ അറസ്റ്റിലായിരുന്നു.

2024 ജൂണിലാണ്  ഉത്തർപ്രദേശിലെ ഫിറോസബാദിൽ പൊലീസിന്റെ മർദനമേറ്റ് യുവാവ് മരണപ്പെടുന്നത്. രണ്ട് കുട്ടികളുടെ പിതാവായ ആകാശ് സിങ്ങിനെ ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പറയുന്നത്.

ചൂതാട്ടം നടത്തിയെന്ന് ആരോപിച്ച് 30 വയസുകാരനായ മുസ്ലിം യുവാവിനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഒരു വർഷമാവുന്നതെയുള്ളൂ. 2024 മെയ് 24നാണ് കർണാടകയിലെ ദാവൻഗെരെ ജില്ലയിലെ ചന്നഗിരിയിൽ വച്ചാണ് ചൂതാട്ടം നടത്തിയെന്നാരോപിച്ച് മുഹമ്മദ് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച നടത്തുന്നുവെന്നാരോപിച്ച് ആദിലിന്റെ കുടുംബം രംഗത്ത് വന്നിരുന്നു.

ലോൺ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് സംഭാൽ സ്വദേശിയായ ഇർഫാൻ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മരണമടയുന്നത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു ഇർഫാന്റെ മരണം. ബന്ധുക്കൾ ഇർഫാന്റെ രോഗാവസ്ഥയെക്കുറിച്ച് അറിയിച്ചിട്ടും അവശ്യ മരുന്നുകൾ നിഷേധിച്ചതായും, കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താമിർ ജഫ്രിയെന്ന യുവാവ് 2023ൽ ഓ​ഗസ്റ്റിൽ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മരണമടയുന്നത്. കസ്റ്റഡി മർദനമാണ് മരണകാരണമെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പൊലീസിനെ കണ്ട് ലഹരിവസ്തുക്കൾ താമിർ വിഴുങ്ങിയതാണ് മരണകാരണമെന്നാണ് പൊലീസ് വാദം. എന്നാൽ ലഹരി വസ്തുക്കൾ അമിതമായി ശരീരത്തിൽ കലർന്നതിന് പുറമേ മർദനവും മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് കേസ് പൊലീസുകാരിലേക്ക് നീണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട്‌ പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. നാല്‌ പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് 2024 മെയിൽ കേസിൽ നാല് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സാമ്പത്തിക തട്ടിപ്പ് കേസിൽ 2019ലായിരുന്നു നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ജൂൺ 12ന് കസ്റ്റഡിലെടുത്ത രാജ്കുമാറിനെ ജൂൺ 21നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തുന്നത്. 2019 ജൂൺ 12 മുതൽ 15 വരെ മൂന്ന് ദിവസമാണ് രാജ്കുമാറിനെയും ജീവനക്കാരി ശാലിനിയെയും അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചുവെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. സമാനതകളില്ലാത്ത പൊലീസ് പീഡനം എന്നായിരുന്നു അന്വേഷണ സംഘം സംഭവത്തെ വിശേഷിപ്പിച്ചത്.

2018ൽ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് ക്രൂരമായ മർദനമാണ് ഏറ്റിരുന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. മർദനത്തെ തുടർന്ന് ശ്രീജിത്തിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു. പോലീസ് ലോക്കപ്പില്‍ ഉരുട്ടല്‍ അടക്കമുള്ള മര്‍ദനങ്ങള്‍ക്ക് ശ്രീജിത്തിന് നേരിടേണ്ടി വന്നുവെന്നും ഇത് ആരോഗ്യനില മോശമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിന്റെ ശരീരത്തില്‍ കണ്ട പാടുകള്‍ ലോക്കപ്പ് മര്‍ദനത്തിന്റെ ലക്ഷണങ്ങളുള്ളതാണ്. അതുകൊണ്ട് ശ്രീജിത്തിന്റേത് കസ്റ്റഡി മരണമാണെന്ന് ഉറപ്പിച്ച് പറയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശ്രീജിത്തിന്റെ മര്‍ദിക്കാനായി ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാവാമെന്നും കടുത്ത രീതിയിലാവാം ഇത് പ്രയോഗിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്റെ നീതിയ്ക്കായി സഹോദരൻ വർഷങ്ങളായി പോരാട്ടം നടത്തുകയാണ്.

2017ൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരി​ഗണനയ്ക്കെത്തിയ ഒരു കേസിലെ വിവാദത്തെ തുടർന്ന് കസ്റ്റഡി മരണങ്ങളിലെ മൃതദേഹങ്ങൾ പരിശോധിക്കാൻ കുറഞ്ഞത് മൂന്ന് വി​ദ​ഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം വേണമെന്ന് കർശന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ രം​ഗത്തു വന്നിരുന്നു. കസ്റ്റഡി മരണങ്ങൾ പലതും ഉദ്യോ​ഗസ്ഥരുടെ ക്രൂരമായ മർദ്ദനം മൂലമാണ് സംഭവിക്കുന്നതെന്ന ആരോപണങ്ങളും ഉയരാറുണ്ട്. പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർമാരെ സ്വാധീനിച്ച് അത്തരം തെളിവുകൾ മായ്ക്കുകയോ രേഖപ്പെടുത്താതിരിക്കുകയോ ചെയ്യുന്നതായി പരാതികളുയരാറുണ്ട്. ഇത് പരിഹരിക്കുന്നതിനായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. ഇത്തരം നിർദ്ദേശങ്ങളെല്ലാം നിയമങ്ങളെല്ലാം നിലവിലുണ്ടായിട്ടും നീതി കിട്ടുന്നവർ ചുരുക്കമാണ്.

ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരനായി പോലും പൊലീസ് ഉദ്യോ​ഗസ്ഥരെ സമീപിക്കാൻ പൊതുജനം വിമുഖത കാണിക്കുന്നത്. കേസിന്റെ നടപടിക്രമങ്ങളെക്കാൾ ജനം ഭയക്കുന്നത് പൊലീസിന്റെ ഇടപെടലുകളെയാണ്

content summary: Discussing custodial deaths in India, particularly in light of the death of Gokul, a tribal youth from Wayanad district

Leave a Reply

Your email address will not be published. Required fields are marked *

×