June 18, 2025 |
ഷൗക്കത്ത്
ഷൗക്കത്ത്
Share on

ശരീരത്തിന് എന്നതുപോലെയാണ് മനസ്സിന്റെയും രോഗങ്ങള്‍, മറച്ചുവച്ച് വിഷാദികളാകുകയല്ല വേണ്ടത്

മാറാവുന്ന മാനസികസംഘര്‍ഷങ്ങള്‍ ഒരു ജീവിതകാലം മുഴുവന്‍ മൂടിവെച്ച് കൊണ്ടുനടക്കുന്നു

പാശ്ചാത്യരെ നോക്കി പരിഹസിച്ചുകൊണ്ടും പൗരസ്ത്യതയില്‍ അഭിമാനിച്ചുകൊണ്ടും പലരും പറയുന്ന ഒരു കാര്യമുണ്ട്. അവരെ നോക്കൂ. എല്ലാവരും മനോരോഗം അനുഭവിക്കുന്നു. അവര്‍ക്കെല്ലാം ഡിപ്രഷനാണ്. കൗണ്‍സിലിങ്ങിന് വിധേയരാകുന്നു. മനശ്ശാസ്ത്രജ്ഞരെ കാണാത്ത, മാനസിക പിരിമുറുക്കത്തിന് മരുന്നുകഴിക്കാത്ത ആരുണ്ടവിടെ? നാം നമ്മുടെ സംസ്‌ക്കാരത്തെവിട്ട് അവരെ പിന്തുടര്‍ന്നാല്‍ അതുതന്നെയാകും നമ്മുടെയും സ്ഥിതി.

എന്താണ് സത്യം? ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ താമസിക്കുമ്പോഴാണ് പാശ്ചാത്യരുമായി സഹവസിക്കാന്‍ കഴിഞ്ഞത്. നമുക്ക് യാതൊരു അസ്വസ്ഥതയുമില്ലാത്ത കാര്യങ്ങളില്‍ അവര്‍ അസ്വസ്ഥരാകുന്നതുകണ്ട് ഞാന്‍ അസ്വസ്ഥനാവുകയും ഒരുതരം നീരസം അവരോട് തോന്നുകയും ചെയ്തിട്ടുണ്ട്. പിന്നീട് കുറെക്കാലം കഴിഞ്ഞപ്പോള്‍ ഞാനും അവരെപ്പോലെ പലതിനും അസ്വസ്ഥനാവാന്‍ തുടങ്ങി.

എന്തിനൊക്കെയാണ് അവര്‍ അസ്വസ്ഥരായിരുന്നത്? വഴിവക്കില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകള്‍ കണ്ടാല്‍, വൃത്തിയും വെടിപ്പുമില്ലാത്ത ഇടങ്ങള്‍ കണ്ടാല്‍, ഉറക്കെ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതു കേട്ടാല്‍, അനുവാദമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതകളില്‍ ഇടപെടുന്നത് അനുഭവിച്ചാല്‍, ആണ്‍പെണ്‍ വ്യത്യാസത്തോടെ ആരെങ്കിലും ആരോടെങ്കിലും പെരുമാറുന്നതു കണ്ടാല്‍, കുഞ്ഞുങ്ങളെ വ്യക്തികളായി മാനിക്കാതിരിക്കുന്നത് കണ്ടാല്‍, എരിവും പുളിയും മസാലയുമൊക്കെ വാരിക്കോരിയിട്ട് ഭക്ഷണം പാചകം ചെയ്യുന്നതും കഴിക്കുന്നതും കണ്ടാല്‍, ഇങ്ങനെ നമുക്ക് യാതൊരു പ്രശ്‌നവുമില്ലാത്ത കാര്യങ്ങളിലാണ് അവര്‍ അത്യധികം അസ്വസ്ഥരാകുന്നത്.

ജീവിതത്തില്‍ തെളിച്ചമുണ്ടായി വരുമ്പോഴാണ് ഇരുട്ടിനെ നാം അറിയുകയും അനുഭവിക്കുകയും അതില്‍ അത്യധികം അസ്വസ്ഥരാവുകയും ചെയ്യുക. ഇരുട്ടില്‍ കഴിയുന്നവര്‍ക്ക് ഇരുട്ട് ഒരു സ്വാഭാവിക ജീവിതാവസ്ഥയായി മാത്രമെ തോന്നുകയുള്ളൂ. എന്നാല്‍ വെളിച്ചം കാണുമ്പോള്‍ അതുവരെ സ്വാഭാവികമായി തോന്നിയിരുന്നത് മരണമെന്നപോലെ മാരകമായി നാം അനുഭവിക്കാന്‍ തുടങ്ങും.

നമ്മുടെ ശരീരത്തിന്റെ കാര്യമെടുക്കുക. കിട്ടുന്നതെല്ലാം വാരിവലിച്ചുതിന്ന് തമസ്സു ബാധിച്ച് ആലസ്യത്തില്‍ കഴിയുന്ന നമ്മില്‍ പലര്‍ക്കും എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അതില്‍നിന്ന് പുറത്തുവരേണ്ടതുണ്ടെന്നോ തോന്നുന്നില്ല. എന്നാല്‍ നല്ല ആരോഗ്യത്തോടെയും ഉണര്‍വ്വോടെയുമിരിക്കുന്ന ശരീരത്തിന് ചെറിയ ആലസ്യംപോലും അസ്വസ്ഥതയായിരിക്കും.

മനസ്സിന്റെ കാര്യവും അങ്ങനെതന്നെ. സദാ അതൃപ്തിയിലും ആര്‍ത്തിയിലും കഴിയുന്ന മനസ്സ് എപ്പോഴും കാര്‍മേഘംമൂടിയ ആകാശം പോലെയാണ്. തിന്നാനും കുടിക്കാനും പുണരാനും ഉറങ്ങാനും മാത്രമാണ് ജീവിതമെന്നും അത് എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ത്താല്‍ മതിയെന്നുമാകും അത്തരം മനസ്സിന്റെ തീരുമാനം.

എന്നാല്‍ പ്രസന്നമായിരിക്കുന്ന മനസ്സിന് ചെറിയ മേഘക്കീറുപോലും ഒഴിവാക്കേണ്ടതായ അസ്വസ്ഥതയാകും. ജീവിക്കുന്ന നിമിഷങ്ങളെ സര്‍ഗ്ഗാത്മകമാക്കാന്‍ അവര്‍ പ്രയത്‌നിക്കും. ചെറിയ ഇരുള്‍പോലും ഒഴിവാക്കാന്‍ അവര്‍ പലവഴിയില്‍ ശ്രമിച്ചുകൊണ്ടിരിക്കും.

പറഞ്ഞുവരുന്നത് ഇത്രമാത്രം. സദാ അസ്വസ്ഥരായി കഴിയുന്നവര്‍ അതറിയുന്നില്ല. അത് ഒരു സ്വാഭാവിക ജീവിതാവസ്ഥയായി അനുഭവിച്ച് ആ പൊട്ടക്കിണറ്റില്‍തന്നെ അവര്‍ കഴിഞ്ഞുകൂടും. പ്രസന്നതയിലേക്ക് ഉണരുന്നവര്‍ മാത്രമാണ് തന്നെ ബാധിച്ചിരിക്കുന്ന രോഗത്തെപ്രതി ബോധവാന്മാരാകുന്നത്. അവര്‍ അത് മൂര്‍ച്ഛിക്കുമ്പോള്‍ പരിഹാരം തേടും. ചികിത്സ തേടും. നാമോ രോഗത്തിലിരുന്ന ആരോഗ്യം തേടുന്നവരെ രോഗിയെന്ന് പരിഹസിക്കും.

പണ്ട് ഗുഹ്യരോഗങ്ങള്‍ വന്നാല്‍ നാം ഡോക്ടറെ കാണാന്‍ മടിക്കുമായിരുന്നു. അപമാനംപോലെയാണ് നമുക്കത് തോന്നിയിരുന്നത്. ഇന്നതു മാറിയിട്ടുണ്ട്. ശാരീരികമായ എല്ലാ രോഗങ്ങളും മടികൂടാതെ പറയുന്ന ഒരവസ്ഥയിലേക്ക് നാം എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ശരീരത്തിനു രോഗം വരുന്നതുപോലെ തന്നെയാണ് മനസ്സിനു രോഗംവരുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമൂഹം ഇനിയും സജ്ജമായിട്ടില്ല. അതുകൊണ്ടുതന്നെ പല മനോരോഗങ്ങളെയും ദുരഭിമാനത്തില്‍ മറച്ചുവെച്ച് സദാ വിഷാദികളായി നാം ജീവിതം തള്ളിനീക്കുന്നു.

നല്ലൊരു കൗണ്‍സിലിങ് കൊണ്ടോ ചെറിയ മരുന്നുകൊണ്ടോ മാറാവുന്ന മാനസികസംഘര്‍ഷങ്ങള്‍ ഒരു ജീവിതകാലം മുഴുവന്‍ മൂടിവെച്ച് കൊണ്ടുനടക്കുന്നു. എത്ര സങ്കടകരമായ ഒരു സാമൂഹികാവസ്ഥയാണത്!

നാം ഈ ദുരവസ്ഥയെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. സ്വയം ബോധവത്ക്കരിക്കുകയും സമൂഹത്തോട് സംവദിക്കുകയും ചെയ്യേണ്ടതുണ്ട്. അത്രമാത്രം ശ്രദ്ധ ആവശ്യപ്പെടുന്ന ഒരിടമാണത്. വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും മറ്റു സാമൂഹികബന്ധങ്ങളിലും നിലനില്ക്കുന്ന മാനസിക സങ്കീര്‍ണ്ണതകളെ തുറന്നമനസ്സോടെ പരസ്പരം ചര്‍ച്ചചെയ്യാനും പരിഹാരംതേടാനും നാം തയ്യാറാകേണ്ടതുണ്ട്.

ദുരഭിമാനത്തിന്റെ ഇരുട്ടറയില്‍ ഇനിയും നാം പതുങ്ങിയിരുന്നാല്‍ രോഗം പകരുക ഇനി വരുന്ന തലമുറയെ കൂടിയാണ്. അതിന് ഒരവസരം നാമായിട്ടുണ്ടാക്കാന്‍ ഇടവരാതിരിക്കണം. Diseases of the mind are like those of the body 

Content Summary: Diseases of the mind are like those of the body

ഷൗക്കത്ത്

ഷൗക്കത്ത്

ഗുരു നിത്യചൈതന്യയുടെ ശിഷ്യനും എഴുത്തുകാരനും പ്രഭാഷകനുമാണ് ഷൗക്കത്ത്. നാരായണ ഗുരുവിന്റെയും യതിയുടെയും നടരാജ ഗുരുവിന്റെയും ആത്മീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഷൗക്കത്ത് നിര്‍വഹിക്കുന്നത്.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×