June 26, 2026 |
Share on

മാരക രോഗങ്ങള്‍ തടയാന്‍ ഗൂഗിളിന്റെ കൊതുക് നിവാരണ പദ്ധതി

കൊതുക് മൂലമുണ്ടാകുന്ന രോഗങ്ങള്‍ തടയാനുള്ള ശാസ്ത്രീയ വഴിയായാണ് ഗൂഗിള്‍ ഡിബഗ് പ്രൊജക്ട് അവതരിപ്പിക്കുന്നത്‌

കമ്പ്യൂട്ടര്‍ കോഡിംഗിലെ പിഴവുകള്‍ (ബഗ്‌സ്) തിരുത്തുന്നതുപോലെ, പ്രകൃതിയിലെ ‘വില്ലന്‍’ കൊതുകുകളെ തുരത്താന്‍ ഒരുങ്ങി ഗൂഗിള്‍. വന്ധ്യംകരിച്ച ആണ്‍കൊതുകുകളെ ഉപയോഗിച്ച് മാരക രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ പ്രകൃതിയില്‍ നിന്ന് തന്നെ ഇല്ലാതാക്കാനുള്ള ‘ഡിബഗ്’ എന്ന പുതിയ പ്രോജക്റ്റുമായിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി കാലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നീ സംസ്ഥാനങ്ങളിലായി രണ്ട് വര്‍ഷത്തിനിടെ 3.2 കോടി വന്ധ്യംകരിച്ച ആണ്‍കൊതുകുകളെ അന്തരീക്ഷത്തിലേക്ക് തുറന്നുവിടാന്‍ അനുമതി തേടി ഗൂഗിള്‍ യു.എസ് സര്‍ക്കാരിനെ സമീപിച്ചു..

ഡെങ്കിപ്പനി, വെസ്റ്റ് നൈല്‍ വൈറസ്, സിക, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയ മാരക രോഗങ്ങള്‍ പരത്തുന്ന കൊതുകുകള്‍ പ്രതിവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യരുടെ ജീവനെടുക്കുന്ന ജീവികളാണ്. ഇതിനൊരു ശാസ്ത്രീയ പരിഹാരമെന്ന നിലയിലാണ് പ്രതിവര്‍ഷം 1.6 കോടി വീതം കൊതുകുകളെ തുറന്നുവിടാനുള്ള പരീക്ഷണാത്മക പെര്‍മിറ്റിനായി ഗൂഗിള്‍ യു.എസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിക്ക് അപേക്ഷ നല്‍കിയത്. ഈ അപേക്ഷയിന്മേലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയപരിധി ജൂണ്‍ 5-ന് അവസാനിക്കാനിരിക്കെ, അതിനുശേഷമായിരിക്കും ഇ.പി.എ അന്തിമ തീരുമാനമെടുക്കുക.

ആണ്‍കൊതുകുകള്‍ മനുഷ്യരെ കടിക്കുകയോ രോഗങ്ങള്‍ പടര്‍ത്തുകയോ ഇല്ലെന്ന ശാസ്ത്രീയ വസ്തുതയെ അടിസ്ഥാനമാക്കിയാണ് ഗൂഗിളിന്റെ ഈ പരീക്ഷണം. ‘വോള്‍ബാക്കിയ’ എന്ന പ്രകൃതിദത്ത ബാക്ടീരിയ ശരീരത്തില്‍ കുത്തിവെച്ചാണ് ഗൂഗിള്‍ ലബോറട്ടറികളില്‍ ആണ്‍കൊതുകുകളെ വളര്‍ത്തിയെടുക്കുന്നത്. ഈ വന്ധ്യംകരിച്ച ആണ്‍കൊതുകുകള്‍ അന്തരീക്ഷത്തിലെ സാധാരണ പെണ്‍കൊതുകുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന മുട്ടകള്‍ വിരിയില്ല. തല്‍ഫലമായി, ഓരോ തലമുറ കഴിയുമ്പോഴും കൊതുകുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള കീടനാശിനി പ്രയോഗങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമാണെന്നതിനാനും, കൊതുകുകള്‍ക്ക് ഇവയ്‌ക്കെതിരെ പ്രതിരോധശേഷി കൈവരുന്നതിനാലും പുതിയ ജൈവ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു വന്‍കിട ടെക് കമ്പനി കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളിലേക്ക് തിരിയുന്നത് വിചിത്രമായി തോന്നാമെങ്കിലും, ഗൂഗിളിന്റെ മാതൃകമ്പനിയായ ‘ആല്‍ഫബെറ്റിന്’ ശാസ്ത്രരംഗം പുത്തരിയല്ല. ആല്‍ഫബെറ്റിന്റെ ആരോഗ്യ-അക ഗവേഷണ വിഭാഗമായ ‘വെരിലി ഹെല്‍ത്ത്’ ആണ് വര്‍ഷങ്ങളായി ഈ പ്രോജക്റ്റിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബറോടെ ‘ഡിബഗ്’ പദ്ധതിയെ ഗൂഗിള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തു. ഒരു പതിറ്റാണ്ട് മുന്‍പാണ് കൊതുകുനിവാരണത്തിനായുള്ള സാങ്കേതിക സാധ്യതകളെക്കുറിച്ച് ഈ പ്രോജക്റ്റ് പഠനം ആരംഭിക്കുന്നത്. നിലവില്‍ ഡെങ്കിപ്പനിക്കും സികയ്ക്കും കാരണമാകുന്ന ‘ഈഡിസ് ഈജിപ്തി’ എന്ന ഇനം കൊതുകുകളിലാണ് ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവയെ വളര്‍ത്താനും, ആണ്‍കൊതുകുകളെയും പെണ്‍കൊതുകുകളെയും കൃത്യമായി വേര്‍തിരിക്കാനും, അവയെ കൃത്യമായ എണ്ണത്തില്‍ ശരിയായ സ്ഥലങ്ങളില്‍ നിക്ഷേപിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും അത്യാധുനിക സെന്‍സറുകളുമാണ് ഗൂഗിള്‍ എന്‍ജിനീയര്‍മാര്‍ ഉപയോഗിക്കുന്നത്.

ഗൂഗിളിന്റെ ഈ പദ്ധതി ഇതിനകം സിംഗപ്പൂരില്‍ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നും ദശലക്ഷക്കണക്കിന് വോള്‍ബാക്കിയ കൊതുകുകളെ തുറന്നുവിട്ടതിലൂടെ, വെറും 6 മുതല്‍ 12 മാസത്തിനുള്ളില്‍ ‘ഈഡിസ് ഈജിപ്തി’ കൊതുകുകളുടെ എണ്ണത്തില്‍ 80 മുതല്‍ 90 ശതമാനം വരെ കുറവുണ്ടാക്കാന്‍ സാധിച്ചതായി കമ്പനി അറിയിച്ചു. മാത്രമല്ല, അവിടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന നിരക്കില്‍ 70 ശതമാനത്തിലധികം കുറവുണ്ടാവുകയും ചെയ്തു. സിംഗപ്പൂരിലെ ഈ മികച്ച വിജയം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് അമേരിക്കയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.

Content Summary: Google seeks US government approval to release 32 million sterilized mosquitoes in California and Florida under its ‘Debug’ project to fight deadly diseases

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×