ഷാ ബാനു ബീഗം എന്ന വയോധികയെ ഭർത്താവ് വിവാഹമോചനം ചെയ്യുന്നത് വിവാഹം കഴിഞ്ഞ 42 വർഷങ്ങൾക്ക് ശേഷമാണ്. ജീവിതത്തിന്റെ സിംഹഭാഗം വിവാഹ ജീവിതത്തിനും കുടുംബത്തിനും വേണ്ടി ചിലവിട്ട 62 കാരി ബീഗത്തിന് അധ്വാനിച്ച് ജീവിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല അന്നുണ്ടായിരുന്നത്. ഇതോടെ ജീവനാംശം തേടി ബീഗത്തിന് കോടതികൾ കയറി ഇറങ്ങേണ്ടി വന്നു. ഒടുവിൽ സുപ്രിം കോടതിയിൽ നിന്നാണ് അനുകൂല വിധിയുണ്ടാകുന്നത്. ബീഗത്തിനെ പോലെ രാജ്യത്തെ എത്ര മുസ്ലിം സ്ത്രീകൾ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും? സുപ്രിം കോടതിയുടെ അനുകൂല വിധിയോടെ ഇനി ഒരു ബീഗം കൂടി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചിരിക്കണം. പക്ഷെ അതിന് അധിക ആയുസ്സുണ്ടായിരുന്നില്ല.Sc verdict rights of divorced Muslim
മുസ്ലിം സമുദായത്തിനകത്ത് വലിയ ആശങ്കകളാണ് അന്ന് ഉടലെടുത്തത്. തൽഫലമായി രാജീവ് ഗാന്ധി സർക്കാരിന് സുപ്രിം കോടതി വിധിയെ മറികടക്കാനായി 1986-ലെ മുസ്ലീം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണ നിയമം) എന്ന പേരിൽ നിയമം പാസാക്കേണ്ടി വന്നു. വിധി നടപ്പിലായതോടെ ഷാ ബാനു അടക്കമുള്ള മുസ്ലിം സ്ത്രീകൾക്ക് സിആർപിസി 125 നേക്കാൾ മുൻതൂക്കം ലഭിച്ചത് ഈ നിയമത്തിനാണ്. ശരീയത്ത് നിയമമനുസരിച്ചു ഒരു സ്ത്രീ വിവാഹമോചിതയാകുമ്പോൾ ഇദ്ദ കാലയളവിൽ പുരുഷൻ ചിലവിന് കൊടുക്കേണ്ടതായുണ്ട്. മുസ്‌ലിം വ്യക്തിഗത നിയമനുസരിച്ച് ജീവനാംശം നൽകേണ്ടതില്ല. ഈ വ്യവസ്ഥകളെ മറികടക്കാനോ, ചോദ്യം ചെയ്യാനോ മുതിർന്നാൽ മതത്തെ തന്നെ ചോദ്യം ചെയുന്നതായാണ് കണക്കാക്കുക. അതുകൊണ്ട് തന്നെ നിയമം നടപ്പിലാക്കുന്നതിലൂടെ മുസ്ലിം വോട്ട് ബാങ്കുകളെ പ്രീണനം എന്ന അജണ്ട കൂടി അന്നത്തെ സർക്കാരിനുണ്ടായിരുന്നു.
നിയമപ്രകാരം തലാഖിനും ഇദ്ദ കാലയളവിലെ നഷടപരിഹാരം ശേഷം കൂടുതലായി ഒന്നും അവകാശപ്പെടാൻ സ്ത്രീകൾക്ക് കഴിയില്ല. ഇദ്ദ കാലയളവിന് ശേഷവും സ്ത്രീകൾ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ പിൻഗാമികളാണ് ഇത് നൽകേണ്ടത്, അവർക്കും നൽകാൻ കഴിഞ്ഞില്ലെങ്കിലാണ് സംസ്ഥാന വഖഫ് ബോർഡിൽ നിന്നാണ് ജീവനാംശം നേടേണ്ടത്. ഒറ്റയടിക്ക് ഈ വ്യവസ്ഥിതിയിൽ യാതൊരു അപാകതയും കാണാൻ കഴിയില്ല. എന്നാൽ സ്ത്രീകൾ ഒരുപാട് കാലം ആരോഗ്യവും, പ്രായവും, ജീവിത സാഹചര്യവും കണക്കിലെടുക്കാതെ, ചിലപ്പോൾ മരണം വരെയും ഈ ജീവനാംശത്തിന് വേണ്ടി അലഞ്ഞു തിരിയേണ്ടതായി വരും. സ്ത്രീ പുരുഷ തുല്യത പോലുള്ള മാനദണ്ഡങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് അങ്ങേയറ്റം വിവേചനപരമായ നടപടിയാണ്. എന്നാൽ അതെ സമയം മറ്റു സമുദായങ്ങളിൽ നിന്നുള്ളവർക്ക് വിവാഹമോചനത്തിന് ശേഷം സിആർപിസി 125 ലൂടെ എളുപ്പത്തിൽ ജീവനാംശം നേടിയെടുക്കാൻ കഴിയും.
കൂടാതെ ജൂൺ 10 2024 ലെ കോടതി വിധിയിൽ പരാമർശിക്കുന്നതു പോലെ ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് രാജ്യത്തെ എല്ലാ ജാതി മതവിഭാഗങ്ങൾക്കും ബാധകമാണ്. സ്വന്തം നിലയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത വ്യക്തികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത നിയമം, സ്ത്രീകൾക്ക് മാത്രമായല്ല, ജെൻഡർ ന്യൂട്രൽ ആയും രക്ഷിതാക്കൾക്കും, കുട്ടികൾക്കും വരെ ഉപയോഗിക്കാൻ കഴിയും. ഭരണഘടനയ്ക്ക് പുറമെ ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ നയിച്ചിരുന്ന നിയമം മുസ്‌ലിം വ്യക്തിഗത നിയമമാണ്. ഇന്ത്യയുടെ മതേതര സ്വഭാവം കണക്കിലെടുക്കുകയാണെങ്കിൽ ഇവിടെ നടപ്പിലാക്കുന്ന ഏതൊരു നിയമവും ജാതി മത ലിംഗ വ്യത്യസമില്ലാതെ എല്ലാ പൗരന്മാർക്കും ബാധകമാണ്. എന്നാൽ മുസ്ലിം വ്യക്തിഗത നിയമം ഈ ചട്ടക്കൂടിന് പുറത്താണ്. മറ്റൊരു സമുദായത്തിലും കാണാൻ കഴിയാത്ത ഈ പ്രത്യേകത യഥാർത്ഥത്തിൽ മുസ്ലിം സ്ത്രീകൾക്ക്മേലുള്ള വിവേചനമായി നിലനിൽക്കുകയാണ്. ഹർജി നൽകിയവരുടെ വാദം അനുസരിച്ച് സിആർപിസി 125 മുസ്ലിം സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും ശരീയത്ത് നിയമാണ് അവർ പിന്തുടരേണ്ടത് എന്നതുമാണ്. ശരീയത്തെ നിയമത്തെ മറികടക്കാൻ സിആർപിസിയുടെ വകുപ്പിന് കഴിയില്ല എന്ന അവകാശവാദം ഇതാദ്യമായല്ല ഉയർന്നു വരുന്നതും. ഈ സംഭവത്തിന്റെ പശ്ചാത്തലം ഷാ ബാനോ ബീഗം കേസ് മുതൽ നീണ്ടു കിടക്കുന്നതാണ്.
ശരീയത്ത് വിവാദത്തിന് ഒടുവിൽ നിലവിൽ വന്ന നിയമത്തെ പ്രതി നിരവധി വിമർശനങ്ങൾ നിലനിന്നിരുന്നെങ്കിലും പിന്നീട് കുറെയധികം വർഷങ്ങൾക്ക് ശേഷമാണ് ഈ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ 2001 ലെ ഡാനിയാൽ ലത്തീഫ് കേസിൽ (Daniel Latiff Vs Union Of India -2001 ) നിയമത്തിന് സാധുതയുള്ളതായി സുപ്രിം കോടതി ചൂണ്ടികാണിച്ചിരുന്നു. പക്ഷെ ജീവനാംശം കൊടുക്കാനുള്ള ബാധ്യത ഇദ്ദ കാലയളവിൽ മാത്രമായി ചുരുങ്ങാൻ പാടില്ല. മറ്റു സമുദായങ്ങൾക്ക് കൊടുക്കാമെങ്കിൽ എന്ത് കൊണ്ട് മുസ്ലിം സ്ത്രീകൾക്ക് ജീവനാംശം നൽകുന്നില്ലെന്ന കണ്ടെത്തൽ കോടതി നടത്തിയിരുന്നു. എന്നാൽ അതിൽ വിശദമായി തീർപ്പുകല്പിക്കപ്പെട്ടില്ല. കേസിൽ ഡാനിയാൽ ലത്തീഫ് മഹർ നൽകിയത് കൊണ്ട് തന്നെ നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്ന് വാദിച്ചിരുന്നു. അതിൽ മറഞ്ഞു കടക്കുന്ന മറ്റൊരു വസ്തുത കൂടി പരിശോധിക്കാം. സാധാരണ ഗതിയിൽ ഒരു രാജ്യത്തെ സാംസകാരിക ജീവിത സാഹചര്യങ്ങൾ കൂടി മുഖവിലക്കെടുത്താണ് നിയമ നിർമ്മാണം നടത്തുക എന്നാൽ ഇവിടെ സ്ഥിതി വിപരീതമാണ്. ശരീയത്ത് നിയമങ്ങളിൽ പലതും അറേബ്യൻ രാജ്യങ്ങളിലേതു പോലെ സമാനമാണ്. എന്നാൽ അവിടെ മഹർ ആയി സ്ത്രീക്ക് നൽകുന്നത് ആജീവനാന്തം വരെ ഉപയോഗിച്ച് പോരാൻ മൂല്യമുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ബന്ധം വേർപ്പെടുത്തുമ്പോൾ ഈ വലിയ മൂല്യമുള്ള മഹർ കൂടാതെ ജീവനാംശം ആവശ്യമായി വരുന്നില്ല. പക്ഷെ ഇന്ത്യയിലേക്കെത്തുമ്പോൾ അവസ്ഥ ഇതായിരിക്കില്ല. മഹറായി നൽകുന്നതിന്റെ സാമ്പത്തിക മൂല്യം തീരെ ചെറുതായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ മഹർ നൽകിയത് കൊണ്ട് ജീവനാംശം നൽകില്ലെന്ന വാദത്തിന് അടിസ്ഥനപരമായി പോര്യ്മകളുണ്ട്.
ഇതിനു പുറമെ മഹർ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ മുസ്‌ലിം വ്യക്തിഗത നിയമത്തിൽ വ്യക്തമായി പരാമർശിക്കുന്നുണ്ടെങ്കിലും, നഷ്ടപരിഹാരത്തെ കൃത്യമായി നിർവചിക്കുന്നില്ല. സിആർപിസി 125 ഉയർത്തിക്കാണിക്കുന്ന വിധിയിൽ സ്ത്രീകൾക്കിടയിൽ നിന്ന് തന്നെ എതിർപ്പ് ഉയരാൻ സാധ്യതയുണ്ട്. കാരണം മഹറിന് വ്യക്തമായ നിർവചനം കൊടുക്കുകയും, ജീവനാംശത്തിനും നഷ്ടപരിഹാരത്തിനും വ്യക്തമായ ശ്രദ്ധ നൽകാതെയും സൃഷ്ട്ടിച്ചെടുത്ത ഒരു പൊതുബോധ്യമാണ് ഇത്തരത്തിൽ വിമർശിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.
2017- ൽ വിവാഹമോചനം നേടിയ മുഹമ്മദ് അബ്ദുൾ സമദിനോട് കോടതി ഭാര്യയ്ക്ക് 20000 രൂപയോളം ജീവനാംശം കൊടുക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇദ്ദ കാലയളവിൽ ഭാര്യയ്ക്ക് ജീവനാംശം നൽകിയതായി അവകാശപ്പെട്ട ഹർജിക്കാരൻ സിആർപിസി 125 – നെ തള്ളിക്കളഞ്ഞിരുന്നു. മുസ്ലിം സ്ത്രീകൾക്ക് ഇദ്ദ കലയളവിന് ശേഷവും ജീവനാംശം ചോദിക്കാനുള്ള അവകാശമുണ്ടെന്ന് വിധിച്ചിരിക്കുകയാണ് ഹർജി തള്ളിയ കോടതി. എന്നാൽ മുൻകാലങ്ങളിലെ കോടതി വിധിയിൽ ഏതെങ്കിലും ഒരു നിയമത്തിലൂടെ മാത്രമേ ജീവനാംശം ആവശ്യപ്പെടാൻ കഴിയുള്ളു എന്ന് അവർത്തിച്ചിരുന്നു. കൂടാതെ 1986- ലെ നിയമത്തിന് കീഴിൽ നഷ്ടപരിഹാരം സ്വീകരിച്ച വ്യക്തിക്ക് സിആർപിസി 125 ലൂടെ ജീവനാംശം ആവശ്യപ്പെടാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ജൂൺ 10 ന് പുറത്ത് വന്ന വിധിയിൽ അമിക്കസ് ക്യൂറിയുടെ നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആ നിർദേശത്തിൽ 1986- ലെ നിയമത്തിന് കീഴിൽ സ്വീകരിച്ച നഷ്ടപരിഹാരം മതിയാകതെ വരുന്ന സാഹചര്യത്തിൽ സിആർപിസി 125 ഫയൽ ചെയ്യാമെന്ന വാദം അമിക്കസ് ക്യൂറി പങ്കുവച്ചിരുന്നു. കൂടാതെ 1986- ലെ നിയമം ഉപയോഗപ്പെടുത്തിയത് കൊണ്ട് മാത്രം മറ്റൊരു നിയമത്തിന്റെ അവകാശങ്ങളെ എടുത്തുകളയാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ ജീവനാംശമെന്ന അവകാശത്തെ ചാരിറ്റിയായി കാണാൻ കഴിയില്ലെന്നും കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. 1986- ലെ നിയമത്തിൽ ഇദ്ദ കലയളവിൽ ആവിശ്യപെട്ടതിനേക്കാൾ കൂടുതൽ തുക പിന്നീട് ആവശ്യപ്പെടാൻ കഴിയില്ല. പുരുഷന് ലഭിക്കുന്ന ശമ്പളത്തിൽ കൂടുതൽ നഷടപരിഹാരമോ, ജീവനാംശമോ ആയി ആവശ്യപ്പെടാൻ കഴിയില്ലെന്ന് പറയുന്നുണ്ട്. എന്നാൽ പുരുഷന്റെ അകെ സമ്പത്ത് കണക്കിലെടുത്താണ് നഷടപരിഹാരം നൽകേണ്ടത്.
കുറെയധികം വർഷങ്ങളായി ഈ വിഷയം പല കോടതികളിലുമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത് വിധി ഏറെക്കുറെ അന്തിമമാക്കപ്പെട്ടിട്ടുണ്ട്, ഇനി വിധിയിൽ ഏതെങ്കിലും തരത്തിൽ അവലോകനം ആവശ്യപ്പെടുകയാണെങ്കിൽ കോടതി അത് പ്രോത്സാഹിപ്പിക്കില്ലെന്ന് തന്നെ വേണം കരുതാൻ. കൂടാതെ ഈ വിഷയത്തെ കുറെയധികം സ്ത്രീകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ അവകാശബോധം സമുദായത്തിലെ ഒരു ചെറിയ വിഭാഗത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്, മറുപുറത്ത് ഒരു വലിയ വിഭാഗം ഈ സ്റ്റിഗ്മ മുറുകെ പിടിച്ച് തുടരുന്നുണ്ട് താനും. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യസം നിഷേധിക്കപെട്ട ആ കാലത്ത് നിന്ന് ആളുകൾ മുന്നോട്ട് നടന്നു കൊണ്ടിരിക്കുകയാണ്. വീട്ടമ്മമാർ എന്ന വാക്കുകിൽ ചുരുക്കിയ സ്ത്രീകൾ പോലും തങ്ങളാലവും വിധം ചെറിയ തോതിൽ വരുമാനം ഉണ്ടാക്കാനായി പരിശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ അവകാശത്തിന്റെ പൊതുബോധ്യത്തിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തുന്നതിന് വേണ്ടിയായിരുന്നു ഒരു കാലത്ത് വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടിരുന്നത്. ഈ പൊതുവിധികളെ സ്വാഗതാർഹമായി കണക്കാക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഇന്നിവിടെയുണ്ട്. Sc verdict rights of divorced Muslim
Content summary; Can the Supreme Court verdict on the rights of divorced Muslim women be considered a fixed solution