കുട്ടികളിൽ ഓട്ടിസം ഉണ്ടാകുന്നതിൽ പ്ലാസ്റ്റിക്ക് കാരണമാകുന്നുണ്ടോ എന്ന് പഠനം നടത്തിയിരിക്കുകയാണ് ഗവേഷകർ. ബിസ്ഫെനോൾ എ അല്ലെങ്കിൽ ബിപിഎ എക്സ്പോഷർ കുട്ടികളിൽ ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡർ ഉണ്ടാക്കുന്നുണ്ടോ എന്നതായിരുന്നു പഠനത്തിന്റെ കാതൽ. എങ്കിലും ബിപിഎ നേരിട്ട് ഓട്ടിസത്തിന് കാരണമാകുമെന്ന് പഠനം പറയുന്നില്ലെങ്കിലും പ്ലാസ്റ്റിക്കുമായി ഗർഭാവസ്ഥയിലടക്കം ഉണ്ടാകുന്ന സമ്പർക്കം ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നതായും കാര്യമായ ന്യൂറോളോജിക്കൽ തകരാറിലേക്ക് നയിക്കുവെന്നും പറയുന്നു.
ശിശുക്കളിലും 5 മുതൽ 15 വയസുവരെ പ്രായമുള്ള ആൺകുട്ടികളിലും ഈസ്ട്രജൻ്റെ അളവിൽ വ്യതിയാനം വരുത്തുന്നതിൽ ബിപിഎ പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് ഓട്ടിസം രോഗനിർണയത്തിനുള്ള സാധ്യതയെ ബാധിക്കുന്നതാണ്.
എന്താണ് ബി പി എ?
ഹാർഡ് പ്ലാസ്റ്റിക്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് ബിപിഎ. പലപ്പോഴും ഭക്ഷണം എടുത്തുവയ്ക്കുന്ന പാത്രങ്ങളിലടക്കം ഇവയുടെ സാന്നിധ്യം കാണപ്പെടുന്നു. നാം ഓരോ ദിവസവും ചെറിയ അളവിൽ ബിപിഎയുമായി സമ്പർക്കം പുലർത്തുന്നുണ്ട്. ചില രാജ്യങ്ങൾ കുട്ടികളുടെ സുരക്ഷയ്ക്കായി ബേബി ബോട്ടിലുകളിൽ ബിപിഎ നിരോധിച്ചിട്ടുണ്ട്.
എന്താണ് ഓട്ടിസം ?
ആശയവിനിമയത്തെയും പെരുമാറ്റത്തെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം. ഓട്ടിസം ഉള്ളവർക്ക് പലപ്പോഴും സാമൂഹ്യ ഇടപെടലുകളിൽ പ്രശ്‌നമുണ്ടാകുകയും പെരുമാറ്റ വൈകല്യങ്ങൾ പ്രകടമാവുകയും ചെയ്യും. ഉത്കണ്ഠ, സെൻസറി സെൻസിറ്റിവിറ്റികൾ, ഉറങ്ങാനുള്ള ബുദ്ധിമുട്ട് , തുടങ്ങിയ മറ്റ് വെല്ലുവിളികളും ഈ അവസ്ഥയിലുള്ളവർ അഭിമുഖീകരിക്കാറുണ്ട്. ‘സാമൂഹികപരവും ആശയവിനിമയപവും ബുദ്ധിപരവുമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഓർഗാനിക്ക് ന്യൂറോഡെവലപ്മെൻ്റൽ ഡിസോഡറാണ് ‘ഓട്ടിസം’. ഓട്ടിസത്തെ – ആശയവിനിമയത്തിലും പരസ്‌പരബന്ധങ്ങൾ സ്ഥാപിക്കുന്നതിലും കുട്ടികൾ നേരിടുന്ന പ്രയാസമാണെന്ന് പറയാം. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടിയിലും വ്യതസ്‌തമായിരിക്കും. ആൺകുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാക്കുന്നത്.
ഓട്ടിസം ഉണ്ടാകുന്നതിൽ പാരിസ്ഥിതിക ഘടകങ്ങൾക്ക് ഒരു പങ്കുണ്ട്. പുതിയ പഠനം മറ്റൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗർഭിണികൾ ബിപിഎ അടങ്ങിയ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് കുട്ടികളിൽ ഓട്ടിസം സാധ്യതകൾ വർദ്ധിപ്പിക്കും എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ 1,074 കുട്ടികളിലാണ് ഗവേഷകർ പഠനങ്ങൾ നടത്തിയത്. 43 കുട്ടികളിൽ 29 ആൺകുട്ടികളും 14 പെൺകുട്ടികളും ഉൾപ്പെട്ടിരുന്നു. ഇവരിൽ ഏഴ് മുതൽ പതിനൊന്ന് വയസ്സ് വരെ പ്രായം ഉള്ളവർക്ക് ഓട്ടിസം സ്ഥിരീകരിക്കുകയും ചെയ്തു.
ഗർഭിണികളായ 847 അമ്മമാരുടെ മൂത്രം പരിശോധിച്ചപ്പോൾ കണ്ടെത്തിയ ഉയർന്ന ബിപിഎയുടെ സാന്നിധ്യം ആശങ്കാജനകമാണെന്ന് ഗവേഷകർ പറയുന്നു. ജീനുകൾ ഹോർമോണുകളുടെ അളവിനെ എങ്ങനെ ബാധിക്കുന്നുവെന്നറിയാൻ പൊക്കിൾക്കൊടിയിൽ നിന്നുള്ള രക്തത്തിലും പഠനങ്ങൾ നടത്തിയിരുന്നു. ഉയർന്ന അളവിലുള്ള ബിപിഎ ഈസ്ട്രജൻ ഉൽപാദനത്തിൽ മാറ്റം വരുത്തുകയും തലച്ചോറിലെ ന്യൂറോണുകളെ സാരമായി ബാധിക്കുന്നതായും കണ്ടെത്തി. എന്നിരുന്നാലും, ഓട്ടിസത്തിന്റെ കാരണം പ്ലാസ്റ്റിക്കുകളുമായുള്ള സമ്പർക്കം മാത്രമല്ല ജനിതകശാസ്ത്രം ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും പറയുന്നുണ്ട്.
content summary; Do plastics cause autism? latest study