സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇന്ന് വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. യൂട്യൂബര്‍മാരുടെ ദിനചര്യകളും സാഹസികതകളും സന്തോഷങ്ങളും ഈ കാലഘട്ടത്തില്‍ വൈറലാണ്. അതിനോടൊപ്പം തന്നെ സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഈ കണ്ടന്റ് ക്രിയേറ്റേഴ്സ് നിയമം ലംഘിക്കുകയും അഴിയ്ക്കുള്ളിലാവുകയും ചെയ്ത സാഹചര്യങ്ങള്‍ നിരവധിയാണ്.youtube
മണവാളന്റെ റിമാന്‍ഡ് ‘റീല്‍’
കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളന് എന്ന മുഹമ്മദ് ഷഹീന് ഷാ പൊലീസ് കസ്റ്റഡിയിലായത് ഈയിടെയാണ്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് കസ്റ്റഡിയിലായത്. ഏപ്രില്‍ 19 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. കേരളവര്‍മ്മ കോളേജില്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ശ്രമിക്കുകയായിരുന്നു. കേസില്‍ പ്രതിയായ മുഹമ്മദിനെ കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീല്‍ എടുത്തിരുന്നു. വിയ്യൂര്‍ ജയിലിന്റെ കവാടത്തിലൂടെ അകത്ത് കയറും മുന്‍പ് ഇന്സ്റ്റഗ്രാമിന് വേണ്ടി റീല്‍സ് ഷൂട്ട് നടത്തിയത്. കേസിലെ ഒന്നാം പ്രതിയായ സഞ്ജയ് ആയിരുന്നു മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തത്.ഫോളോവേഴ്സിന് മുന്പില് ആള് ചമയാന്‍ റീല്‍ എടുത്തത് പൊലീസ് വിലക്കിയെങ്കിലും റീല്‍ ഷൂട്ട് തുടര്‍ന്നു. 15 ലക്ഷം ഫോളോവേഴ്സുള്ളയാളാണ് മണവാളന് എന്ന മുഹമ്മദ്.
കാര്‍ ചേസിംഗ് റീല്‍സില്‍ പൊലിഞ്ഞ ജീവന്
കോഴിക്കോട് ചേസിംഗ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അതേ കാറിടിച്ച് യുവാവിന് ദാരുണാന്ത്യമുണ്ടായത് കേരളത്തെ ഞെട്ടിച്ച വാര്‍ത്തയാണ്. വീഡിയോഗ്രാഫറായ കടമേരി വേളത്ത് താഴെ കുനി നെടുഞ്ചാലില്‍ ടികെ ആല്‍വിനാണ് മരിച്ചത്. കോഴിക്കോട് ബീച്ച് പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിക്കായി റീല്‍സ് ചിത്രീകരിക്കുകയായിരുന്നു ആല്വിന്. അതിവേഗത്തിലെത്തിയ ഡിഫന്‍ഡന്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പുകള്‍ ചേര്‍ത്താണ് വാഹനം ഓടിച്ചയാള്‍ക്കെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തത്. കമ്പനി പ്രതിനിധിയാണ് വാഹനമോടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്
കാറിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയില്‍ യൂട്യൂബര്‍ സഞ്ജു ടെക്കി നിയമനടപടികളെ നേരിട്ടത് സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും ചര്‍ച്ചയായതാണ്. ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള് ഒരുക്കിയതിനാണ് യൂട്യൂബര്‍ സഞ്ജു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നേരിട്ടത്. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തു. ടാറ്റാ സഫാരി കാറിനെ സ്വിമ്മിംഗ് പൂളാക്കി മാറ്റി യാത്ര ചെയ്തത്. സംഭവം വിവാദമായതോടെ സഞ്ജു ടെക്കി മോട്ടോര്‍ വാഹനവകുപ്പിനെയും മാധ്യമങ്ങളേയും പരിഹസിച്ച് വീണ്ടും യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി. കേസെടുത്തപ്പോള്‍ ചാനലിന് റീച്ച് കിട്ടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് നന്ദിയെന്നുമായിരുന്നു സഞ്ജു ടെക്കിയുടെ വീഡിയോ. സംഭവത്തില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുകയും വാഹനം ഓടിച്ച സഞ്ജുവിന്റെ സുഹൃത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
സാഹസികത ജീവന് കവര്‍ന്നപ്പോള്‍
മഹാരാഷ്ട്രയിലെ റായ്ഗഡില്‍ റീല്‍സ് എടുക്കുന്നതിനിടെ കുംഭെ വെള്ളച്ചാട്ടത്തില്‍ വീണാണ് ട്രാവല്‍ വ്ളോഗറായ ആന്‍വി കാംദാര്‍ മരിച്ചത്. 300അടി താഴ്ചയുള്ള വെളളച്ചാട്ടത്തിലേക്ക് വീണ ആന്‍വിയെ രക്ഷാപ്രവര്‍ത്തകരാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലൈക്കുകളും കമന്റുകള്‍ക്കും പിന്നാലെ പാഞ്ഞ് എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് യൂട്യൂബേഴ്സ് എത്തിയിരിക്കുകയാണോ എന്നും സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ചയുണ്ടാകുന്നുണ്ട്. ഓടുന്ന ബസിനും ട്രെയിനിനും അരികില്‍ നിന്നും ജീവന് പണയം വെച്ചും റീലെടുക്കുന്നവര് അശ്രദ്ധ കൈമുതലാക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ വരുന്നുണ്ട്.
സമൂഹത്തിലേറെ ചര്‍ച്ചയായ ചില സംഭവങ്ങളാണിത്. വരും കാലങ്ങളില്‍ യുവതലമുറ ‘ട്രെന്റിനൊപ്പം’ ചെയ്യുന്ന പല കാര്യങ്ങളും നിയമലംഘനങ്ങളിലേക്ക് വഴിവെയ്ക്കാം. യൂട്യൂബര്‍ അല്ലെങ്കില്‍ കണ്ടന്റ് ക്രിയേറ്റഴ്സ് നിയമം കയ്യിലെടുക്കുമ്പോള്‍, സ്വയം പ്രചരിപ്പിക്കാന്‍ അറസ്റ്റുകളും മറ്റ് നിയമനടപടികളും സഹായകരമാവുകയാണ്. എല്ലാ പ്രവര്‍ത്തികളുടെയും പരിധി നിശ്ചയിക്കാന്‍ കഴിയാതെ വരികയാണ്. നിയമലംഘനങ്ങളും പ്രശസ്തി നേടാനുള്ള വഴികളായി തെരഞ്ഞെടുക്കുന്നവര്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് നല്കുന്ന മാതൃക എന്തെന്നും ചിന്തിക്കേണ്ടതാണ്.youtube
content summary; Do YouTubers and social media influencers think they’re above the law