ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും പ്രശസ്തയായ സെലിബ്രറ്റിയായിരുന്നു, പാരീസില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട ഡയാന രാജകുമാരി. ഞെട്ടലോടെയും വേദനയോടെയും ഓര്‍ക്കേണ്ട ഒരു യക്ഷിക്കഥയിലെ നായികയായിരുന്നു അവര്‍.
ഫോട്ടോ ഫ്‌ളാഷുകളാല്‍ നിരന്തരം വേട്ടയാടപ്പെട്ട്, സ്വകാര്യത നഷ്ടപ്പെട്ട, ഒരു സെലിബ്രിറ്റിയുടെ ദുരന്തകഥയിലെ നായിക കൂടിയാണ് ഡയാന രാജകുമാരി. ഡയാനയുടെ ഓര്‍മ്മ ദിവസമാണിന്ന്.
ഇരുപത്തട്ട് വര്‍ഷം മുന്‍പ് ഓഗസ്റ്റ് 30. അര്‍ദ്ധരാത്രി കഴിഞ്ഞ് സമയം 12.30, ഒരു പുതിയ ദിവസം ആരംഭിക്കുകയാണ്. ആ സമയത്ത് പാരീസിലെ പ്രശസ്തമായ റോഡായ പാലസ് ഡി. കോണ്‍ കോര്‍ഡിലൂടെ ഒരു കറുത്ത മെഴ്‌സിഡസ് ബെന്‍സ് പാഞ്ഞു പോകുന്നുണ്ടായിരുന്നു. 405JVJ75 എന്ന പാരീസ് നമ്പര്‍ പ്ലേറ്റുള്ള ആ ലക്ഷ്വറി കാര്‍ അക്ഷരാര്‍ത്ഥത്തില്‍ റോഡിലൂടെ ഓടുകയല്ല, പറക്കുകയായിരുന്നു. വി.ഐ.പി വാഹനത്തിന് സാധാരണ കാണാറുള്ള പൈലറ്റ് – സുരക്ഷാ വാഹനങ്ങളൊന്നും അതിന്റെ മുന്നിലുണ്ടായിരുന്നില്ല. വിരോധാഭാസമെന്ന് പറയട്ടെ സാധാരണ കാറിന്റെ മുന്നില്‍ കാണാറുള്ള സെക്യൂരിറ്റി വാഹന വ്യൂഹത്തിന് പകരം ആ കാറിനെ പിന്‍തുടര്‍ന്നുകൊണ്ട് തൊട്ടു പിന്നില്‍ കാറുകളും മോട്ടോര്‍ സൈക്കിളുകളും കൂടി ചേര്‍ന്ന ഒരു വാഹനവ്യൂഹം കുതിച്ചു വരുന്നുണ്ടായിരുന്നു.

ചാൾസ് – ഡയാന വിവാഹ വേളയിലെടുത്ത ദമ്പതികളുടെ ഏറ്റവും പ്രശസ്തമായ ഫോട്ടോ
ഈഫല്‍ ടവറിനടുത്തുള്ള പ്ലേസ് ഡി എല്‍ അല്‍മയിലെ റോഡിലൂടെ കറുത്ത Dianaമെഴ്സിഡസ് കാര്‍, അതിവേഗത്തില്‍ നീങ്ങി. ഏതാനും നിമിഷങ്ങള്‍ക്കകം സീന്‍ നദിയുടെ ഇടത് കരയുടെ അടിയിലുള്ള ഇടുങ്ങിയ അല്‍മാ തുരങ്കത്തിലേക്ക് കാര്‍ പ്രവേശിച്ചു. സീന്‍ നദിയുടെ ഇടത് വശത്തെ കരയുടെ അടിയിലുള്ള തുരങ്കത്തിലെ മനോഹരമായ കാഴ്ചയിലൂടെ കാര്‍ മിന്നി പാഞ്ഞു പോയി. തുരങ്കിന് മുകളിലുള്ള, പാരീസിന്റെ മുഖമുദ്രയായ ഈഫല്‍ ടവറിലെ വിളക്കുകള്‍ അപ്പോള്‍ കണ്ണു ചിമ്മുന്നുണ്ടായിരുന്നു.
പാരീസിലെ തെരുവിലെ അനുവദിക്കപ്പെട്ട വേഗത 50 മൈലാണ്. പക്ഷേ, അതിലെ ഡ്രൈവര്‍ ഹെന്‍ട്രി പോള്‍ ഇരട്ടി വേഗത്തിലാണ് ആ വി ഐ പി കാറോടിച്ചത്, ഏകദേശം നൂറു മൈല്‍ വേഗതയില്‍’. അല്‍പനിമിഷം മുന്‍പ് ഡ്രൈവര്‍ ഹെന്‍ട്രി പോള്‍ തന്റെ യാത്രക്കാരെ റിറ്റ്‌സ് ഹോട്ടലില്‍ നിന്ന് അവിടെ ഫോട്ടോ ക്ലിക്ക് ചെയ്യാന്‍ കാത്തു നില്‍ക്കുന്ന ഇരുപതോളം പാപ്പരാസികളെ – പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോ ക്ലിക്ക് ചെയ്യാന്‍, പിടികൊടുക്കാതെ വെട്ടിച്ച് തന്റെ വി.ഐ.പി അതിഥികളെ കറുത്ത മെഴ്സിഡസ് കാറില്‍ കേറ്റി അവിടെ നിന്ന് തിരികെ പാഞ്ഞു പോകുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്റെ തൊട്ടു സീറ്റില്‍ ഇരുന്നിരുന്നത് കാറിലെ അതിലെ ഒരു യാത്രക്കാരന്റെ ബോഡി ഗാര്‍ഡായ ടെവര്‍ റീസ് ജോണ്‍സായിരുന്നു.
പെട്ടെന്ന് ഒരു ഉഗ്രശബ്ദത്തോടെ കാര്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങി. തൊട്ടുമുന്നില്‍ വെളുത്ത നിറത്തിലുള്ള ഒരു ചെറിയ കാര്‍ കണ്ടപ്പോള്‍ അതില്‍ ഇടിക്കാതിരിക്കാന്‍ തന്റെ കാര്‍ വെട്ടിച്ചതാണ്. വെള്ള കാറിന്റെ പിന്നിലെ ടെയില്‍ ലൈറ്റും സ്വന്തം ഹെഡ് ലൈറ്റും ചേര്‍ത്ത് തകര്‍ത്ത്, ആ മെഴ്‌സിഡസ് കാര്‍ തുരങ്കത്തിലെ 13ാം മത്തെ കോണ്‍ക്രീറ്റ് തൂണിലേക്ക് ഇടിച്ച് കയറി, ഒഴിവാക്കാനാവാത്ത ഒരു അപകടമായിരുന്നു അത്. തുരങ്കത്തില്‍, കിഴക്കോട്ടുള്ള റോഡിനെ പടിഞ്ഞാറോട്ടുള്ള റോഡില്‍ നിന്ന് വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് ഇത് സംഭവിച്ചത്. ആഘാതത്തില്‍ ആ കാര്‍ ഏകദേശം അതിവേഗത്തില്‍ 360 ഡിഗ്രിയില്‍ വട്ടം കറങ്ങി.
പാരീസ് നഗരം ചുറ്റി കാണാനെത്തിയ സാന്‍ ഡീഗോയില്‍ നിന്നുള്ള സന്ദര്‍ശകരായ ടോം റിച്ചാര്‍ഡ്സണും ജോവാന ലൂസും തുരങ്കത്തിലെ പാര്‍ശ്വ റോഡിലൂടെ നടക്കുമ്പോള്‍, വാഹനവ്യൂഹത്താല്‍ പിന്‍തുടരുന്ന ഒരു കാര്‍ അമിതവേഗതയില്‍ പാഞ്ഞ് പോകുന്നത് കണ്ടിരുന്നു. നിമിഷങ്ങള്‍ക്കു ശേഷം ഒരു ഉഗ്രമായ സ്‌ഫോടന ശബ്ദം തുരങ്കത്തിലവര്‍ കേട്ടു.

വിവാഹ ചടങ്ങ്
റിച്ചാര്‍ഡ്സണും ലൂസും മുന്നോട്ട് ഓടിക്കയറിയപ്പോള്‍, കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. അവര്‍ കണ്ട മെഴ്‌സിഡസ് കാര്‍ അപകടത്തില്‍ പെട്ട് തൂണിലിടിച്ച് എതിര്‍ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്ന ഭീകരമായ കാഴ്ച. ആ കാറിന്റെ ടോപ്പ് അപ്പാടെ തകര്‍ന്നിരുന്നു. അതിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നു, അതിന്റെ എയര്‍ ബാഗുകള്‍ തുറന്നിരുന്നു. അപകടത്തില്‍ തല്‍ക്ഷണം മരിച്ച കാറിന്റെ ഡ്രൈവറുടെ ശരീരം കാറിന്റെ ജനലിലൂടെ പുറത്തേക്ക് വീണ് പാതി ശരീരം കാറിന്റെ ചക്രത്തിന് മുകളില്‍ കിടന്നു. നിശ്ചലമായ ആ ശരീരത്തിന്റെ ഒരു ഭാഗം കാറിന്റെ ഹോണിന്റെ മുകളിലായതിനാല്‍ ആ ഹോണ്‍, അമര്‍ന്ന് ഉച്ചത്തില്‍ ശബ്ദം നിറുത്താതെ ഒരു അപശകുനം പോലെ ദീര്‍ഘമായി മുഴങ്ങിക്കൊണ്ട് ആ ദൃശ്യത്തെ കൂടുതല്‍ ഭയാനകമാക്കി. ഓടിച്ചെന്ന അവര്‍ അവശ്വസനീയമായ മറ്റൊരു കാഴ്ച കണ്ടു. തകര്‍ന്ന കാറിന് മുന്നില്‍, ഒരു പാപ്പരാസി ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറ ഉയര്‍ത്തി ഈ നൂറ്റാണ്ടിലെ തന്നെ ലോകത്തിലെ ഏറ്റവും വില പിടിച്ച ഫോട്ടോവാകാന്‍ സാധ്യതയുള്ള പടങ്ങള്‍ക്ക് വേണ്ടി, ആ ചോരക്കളമായി മാറിയ കാറിനെ തുരുതുരെ ക്ലിക്ക് ചെയ്യുകയായിരുന്നു. ‘അതൊരു മിഷ്യന്‍ ഗണ്ണില്‍ നിന്ന് വെടിയുണ്ടകള്‍ തുരുതുരെ ഉതിരുന്ന പ്രതീതി ഉണര്‍ത്തി.’
നിമിഷങ്ങള്‍ക്ക് ശേഷം അപകട വിവരമറിഞ്ഞ പാരീസ് പോലീസ് ക്രൂയിസറുകള്‍ ലൈറ്റുകള്‍ മിന്നിച്ചു കൊണ്ട് തുരങ്കത്തിലേക്ക് പാഞ്ഞു വന്നു. അവര്‍ രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞു: ഒരു ഗ്രൂപ്പ് നേരെ തകര്‍ന്ന കാറിനടുത്തേക്ക് ഓടി ചെന്നു. മറ്റേ സംഘം പോലീസ് അപകടത്തിന് കാരണക്കാരെന്ന് കരുതുന്ന കാറിനെ അപകടകരമാംവണ്ണം പിന്‍തുടര്‍ന്നു എന്ന് കരുതപ്പെടുന്ന അപ്പോഴും തുരങ്കത്തിലുണ്ടായിരുന്ന ഫോട്ടോ എടുക്കാന്‍ തുനിഞ്ഞ അഞ്ച് പാപ്പരാസികളെ പെട്ടെന്ന് അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ടുപോയി. അവരുമായി പോലീസ് നീങ്ങുമ്പോള്‍, അവിടെയുണ്ടായിരുന്ന ഓടിക്കൂടിയ ജനക്കൂട്ടം, രോഷാകുലരായി ഒരു പാപ്പരാസിയെ മര്‍ദ്ദിച്ചു.
ജനക്കൂട്ടം നോക്കിനില്‍ക്കെ, രക്ഷാപ്രവര്‍ത്തകര്‍ മെഴ്സിഡസിന്റെ മേല്‍ക്കൂരയും വാതിലുകളും പൊളിച്ച് ജീവനുള്ള രണ്ട് പേരെയും പുറത്തെടുത്ത്, ആംബുലന്‍സില്‍ നഗരത്തിലെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നായ പിറ്റി-സാല്‍പെട്രിയറില്‍ എത്തിച്ചു. വഴിയില്‍, പാരാമെഡിക്കുകള്‍ പരിക്കേറ്റ യുവതിയെ പരിശോധിച്ചപ്പോള്‍ അവളുടെ നില ഗുരുതരമാണെന്ന് കണ്ടെത്തി. നെഞ്ചില്‍ വലിയ പരിക്കുകളും ഇടതു ശ്വാസകോശത്തില്‍ വലിയ മുറിവുകളും ഉണ്ടായിരുന്നു. നിരവധി അസ്ഥികള്‍ ഒടിഞ്ഞിരുന്നു. അവളുടെ രക്തസമ്മര്‍ദ്ദം വളരെ കുറവായിരുന്നു.
വ്യാപകമായ പരിക്കുകള്‍ ആ യുവതിയുടെ ആന്തരിക രക്തസ്രാവത്തിന് കാരണമായി. രണ്ട് മണിക്കൂറിലധികം അവളെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചു. ഒടുവില്‍ അവളുടെ നെഞ്ച് തുറന്ന് ഹൃദയത്തില്‍ നേരിട്ട് മസാജ് ചെയ്തു. എന്നാല്‍ രക്തനഷ്ടവും അത് മൂലം സംഭവിച്ച സിസ്റ്റമിക് വൈഡ് ട്രോമയും വളരെ കൂടുതലായിരുന്നു ഒടുവില്‍ എല്ലാം അവസാനിച്ചു. ‘പാരീസ് സമയം പുലര്‍ച്ചെ 4 മണിക്ക്, ഡോക്ടര്‍മാര്‍ അപകടത്തില്‍ പെട്ട യുവതി മരിച്ചതായി പ്രഖ്യാപിച്ചു.

ചാൾസും ഡയാനയും വിവാഹ നിശ്ചയം കഴിഞ്ഞ നിമിഷം പോസു ചെയ്ത ഫോട്ടോ
ഈ നൂറ്റാണ്ടില്‍ തന്നെ ലോകത്തിലെ ഏറ്റവും പ്രശസ്തയായ സെലിബ്രറ്റി, ഡയാന രാജകുമാരിയായിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ട ആ ഹതഭാഗ്യയായ യുവതി. 1997 ഓഗസ്റ്റ് 31, ഈ നൂറ്റാണ്ടിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ അപകടമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആ ദുരന്ത വാര്‍ത്ത അതീവ ദുഃഖത്തോടെ, ലോകമെമ്പാടുമുള്ള ജനങ്ങള്‍ ടെലിവിഷനിലൂടെയും പത്രങ്ങളിലൂടെയും അറിഞ്ഞു.
‘പാരീസില്‍ വെച്ച് ഒരു കാര്‍ അപകടത്തില്‍’ ജനങ്ങളുടെ രാജകുമാരി ‘ഡയാന കൊല്ലപ്പെട്ടു. ആ അപകടത്തില്‍ ഡയാനയുടെ അപ്പോഴത്തെ കാമുകന്‍, ഈജിപ്റ്റുകാരനായ ഡോഡി ഫയെദ്, കാര്‍ ഡ്രൈവര്‍ ഹെന്റി പോള്‍ എന്നിവരും മരിച്ചു. പാരീസിലെ ഹോട്ടല്‍ റിറ്റ്‌സ് നിന്ന് ഡോഡിയുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കാറില്‍ പോകുമ്പോള്‍ തങ്ങളെ പിന്‍തുടരുന്ന മോട്ടോര്‍ സൈക്കിളുകളിലെ പാപ്പരാസികളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം’ ദുരന്തത്തെ കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ ലോകമെങ്ങും പടര്‍ന്നു.
ലോകത്തെ മുഴുവന്‍ ഞെട്ടലിലും ദുഃഖത്തിലും ആഴ്ത്തിയ ഡയാന രാജകുമാരി കാറപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ അന്ന് 36 വയസ്സു മാത്രമേ അവര്‍ക്ക് പ്രായമുണ്ടായിരുന്നുള്ളൂ. ഒരു യക്ഷിക്കഥ പോലെ സുന്ദരിയും കുലീനയുമായ ഡയാനയുടെ ജീവിതം ഒടുവില്‍ ദുരന്ത പര്യവസായിയായ ഒരു കഥയായി അവസാനിച്ചു.
ഒരു സിന്‍ഡ്രല്ല കഥ പോലെ മനോഹരമായിരുന്നു ഡയാനയുടെ ജീവിതം. രാജകുമാരിയായിട്ടല്ല ഡയാനാ സ്‌പെന്‍സര്‍ ജനിച്ചതെങ്കിലും ബ്രിട്ടീഷ് രാജകുടുംബവുമായി 500 വര്‍ഷത്തെ അടുപ്പം പുലര്‍ത്തിയിരുന്ന ഇംഗ്ലണ്ടിലെ അതിപുരാതന കുടുംബത്തില്‍ നിന്ന് വന്ന കുലീനയായിരുന്നു അവര്‍. ചാള്‍സ് രാജകുമാരനെ വിവാഹം കഴിച്ചതോടെയാണ് അവര്‍ ലോകമെങ്ങും അറിയപ്പെടാന്‍ തുടങ്ങിയത്. 1981 ജൂലൈ 29-ന് ‘നൂറ്റാണ്ടിന്റെ വിവാഹം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ചടങ്ങില്‍ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി. 1981 ജൂലൈ 29 ബുധനാഴ്ച ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ വച്ച് വിവാഹം നടന്നു. ക്ഷണിക്കപ്പെട്ട 3,500 അതിഥികളും (എലിസബത്ത് രാജ്ഞിയുടെ അമ്മയായ ശ്രീമതി പാര്‍ക്കര്‍ ബൗള്‍സും ഭര്‍ത്താവും ഉള്‍പ്പെടെ) ലോകമെമ്പാടുമുള്ള ഏകദേശം ഒരു ബില്യണ്‍ ടെലിവിഷന്‍ പ്രേക്ഷകരും വീക്ഷിച്ച ചടങ്ങില്‍ അവര്‍ വിവാഹിതരായി.
ഡയാന രാജകുമാരി ലോകമെമ്പാടും ആകര്‍ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. അവരുടെ ഉയര്‍ച്ചയ്ക്കും ഒരു യക്ഷിക്കഥയുടെ ആകര്‍ഷണീയത ഉണ്ടായിരുന്നു: രാജകുമാരിയായി മാറിയ സുന്ദരിയായ സാധാരണ പെണ്‍കുട്ടിയായിരുന്നു ഡയാന.
ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തയായ സ്ത്രീകളില്‍ ഒരാളായിരുന്നു അവര്‍. ചാള്‍സ് രാജകുമാരന്റെ ലജ്ജാശീലയായ ഭാര്യയില്‍ നിന്ന് പരമ്പരാഗത രാജകുടുംബത്തിലെ മാറ്റങ്ങള്‍ക്ക് കാരണമായി, ഒരു ആഗോള വ്യക്തിത്വമായി അവര്‍ പരിണമിക്കുന്നത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. ഡയാന ക്രമേണ ഒരു അന്താരാഷ്ട്ര ഐക്കണായി വളര്‍ന്നു, ബ്രിട്ടീഷ് പൊതുജനങ്ങള്‍ക്ക് പ്രിയപ്പെട്ടവളായി അവര്‍ അവളെ ‘ജനങ്ങളുടെ രാജകുമാരി’ എന്ന് വിളിച്ചു.
15 വര്‍ഷത്തിനുശേഷം ചാള്‍സ് രാജകുമാരനുമായുള്ള വിവാഹമോചനത്തില്‍ അവസാനിച്ചു. ദാമ്പത്യ തകര്‍ച്ചയ്ക്കിടയിലും, അവരെ എല്ലാവരും ഇഷ്ടപ്പെട്ടു. ഡയാനലോകമറിയുന്ന ജീവകാരുണ്യ പ്രവര്‍ത്തകയായി മാറുന്നത് 80 കളുടെ മധ്യത്തിലായിരുന്നു. വില്യം, ഹാരി എന്നീ രണ്ട് ആണ്‍കുട്ടികളുടെ ജനനശേഷം ഡയാന സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഗൗരവതരമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഏറെ താമസിയാതെ ചാള്‍സ് രാജകുമാരന്റെ ഭാര്യ എന്ന സ്ഥാനത്തു നിന്ന് സ്വതന്ത്രയായ ഒരു പൊതുജനപ്രീതി നേടിയ സെലിബ്രിറ്റിയായി ഡയാന ഉയര്‍ന്നു. 1984 ല്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ഡോ. ബാര്‍നാഡോയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ലഹരിക്കടിമയായവരെ പുനരധിവസിക്കപ്പെടുന്ന സംഘടനകളുടെ രക്ഷാധികാരിയായി. 1987 ല്‍ ലണ്ടനിലെ മിഡില്‍ സക്‌സ് ആശുപത്രിയില്‍ ഡയാന ഒരു AIIDS ചികിത്സാ യൂണിറ്റ് ആരംഭിച്ചത് ലോകമെമ്പാടും ശ്രദ്ധനേടി. അവരുടെ ജനസമ്മതി കുതിച്ചുയരുകയായിരുന്നു.
എന്നാല്‍ ചാള്‍സുമായുള്ള വിവാഹ ബന്ധത്തില്‍ വിള്ളലുകള്‍ പ്രതൃക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ജനസമ്മതി കുതിച്ചുയരുന്ന ഡയാന പൊതുജനങ്ങളുമായി അടുപ്പമില്ലാത്ത ചാള്‍സ് രാജകുമാരനും വ്യതസ്തമായ ധ്രുവങ്ങളിലായിരുന്നു. ഇരുവരും പൊതുജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പല ട്രസ്റ്റുകളിലും അംഗമായിരുന്നു. ഡയാന ഇതിലൊക്കെ സജീവമായി പങ്കെടുക്കുകയും പൊതു ജനങ്ങളുമായി ഇടപഴകുകയും ചെയ്തു. എന്നാല്‍ ചാള്‍സ് ഇതിനൊന്നും ചെവി കൊടുക്കാതെ അയാള്‍ക്ക് താല്‍പ്പര്യമുള്ള പോളോ കളികളില്‍ മുഴുകി. മുന്തിയ കുതിരകളും പോളോ കളിക്കാരുടെയും ലോകത്തിലായിരുന്നു അയാള്‍ പലപ്പോഴും.

ആൻഡ്രൂ മോർട്ടൺ, എഴുതിയ ഡയാനയുടെ ജീവചരിത്രം
മാധ്യമങ്ങള്‍ ഡയാനയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്തു. ഡയാനയുടെ ജനപ്രീതി അനുദിനം വര്‍ദ്ധിക്കുന്നത്, എലിസബത്ത് രാജ്ഞി ഉള്‍പ്പടെയുള്ള ബ്രിട്ടീഷ് രാജവംശം അസഹിഷ്ണുതയോടെയാണ് നോക്കിക്കണ്ടത്. ഇത് ചാള്‍സ് രാജകുമാരനെ വല്ലാതെ അലസോരപ്പെടുത്തി. പാവങ്ങളുടെ ക്ഷേമത്തിനായി ഡയാന രാജകുമാരി എല്ലായ്‌പ്പോഴും നിലകൊണ്ടപ്പോള്‍ പത്രങ്ങളും ടിവിയിലും അവര്‍ പ്രിയങ്കരിയായപ്പോള്‍ ചാള്‍സ് രാജകുമാരന്‍ ആ ചിത്രത്തിലേ ഇല്ലായിരുന്നു.
മാധ്യമങ്ങള്‍ ഡയാനയുടെ പക്ഷം പിടിച്ച ഒരു സംഭവം ചാള്‍സ് രാജകുമാരനെ അസ്വസ്ഥനാക്കി. 1991 ല്‍ ചാള്‍സും ഡയാനയും മക്കളായ വില്യമും ഹാരിയും കാനഡയില്‍ ഒരു വെക്കേഷന് പോയ അവസരത്തില്‍ സെലിബ്രിറ്റി ചിത്രങ്ങള്‍ ആവശത്തോടെ അച്ചടിക്കുന്ന ബ്രിട്ടീഷ് ‘ടാബ്ലോയിഡുകള്‍ ഡയാന മക്കളെ ചേര്‍ത്ത് നിറുത്തുന്ന, ആലിംഗനം ചെയ്യുന്ന, ഉമ്മ വെയ്ക്കുന്ന നിരവധി സന്തോഷകരമായ ഫോട്ടോകള്‍ പ്രാധാന്യത്തോടെ അച്ചടിച്ചു. എന്നാല്‍ ചാള്‍സ് രാജകുമാരനും കുട്ടികളുമായുള്ള ഒരു ചിത്രം പോലും അവര്‍ എവിടെയും നല്‍കിയില്ല. പൊതുജനങ്ങളുടെ കണ്ണില്‍ ഇത് ഡയാനയും മക്കളും എന്ന ഇമേജ് തിളക്കം ഉറപ്പിക്കാന്‍ നിമിത്തമായി. പിതാവായ ചാള്‍സ് ജനങ്ങളുടെ മനസില്‍ കടന്നു വന്നതേയില്ല. ചാള്‍സിന് പൊറുക്കാനാവാത്ത ഒന്നായിരുന്നു ഈ മാധ്യമ പക്ഷപാതം.
1991 ജൂണില്‍ സ്‌ക്കൂള്‍ ബോര്‍ഡിംഗില്‍ പഠിക്കുകയായിരുന്ന മകന്‍ വില്യം രാജകുമാരന് ഗോള്‍ഫ് ക്ലബില്‍ വെച്ച് തലയോട്ടിക്ക് പരിക്കേറ്റു. ഉടനെ കുട്ടിയെ റോയല്‍ ബെര്‍ക്ക് ഷെയര്‍ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് സാരമായതിനാല്‍ ഉടനെ സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ച്. ഡയാനയും ചാള്‍സും ഉടനെ ആശുപത്രിയില്‍ എത്തി. ഡോക്ടര്‍മാരില്‍ നിന്ന് കാര്യമറിഞ്ഞ ചാള്‍സ് ഇത് അത്ര ഗൗരവമുള്ള സര്‍ജറിയല്ലെന്നും തനിക്ക് മുന്‍കൂട്ടി തീരുമാനിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്നും പറഞ്ഞ് സ്ഥലം വിട്ടു.
പിറ്റേന്നത്തെ ലണ്ടന്‍ പത്രങ്ങള്‍ ചാള്‍സിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. പ്രത്യേകിച്ചും ടാബ്ലോയ്ഡ് ആയ സണ്‍ പൊട്ടിത്തെറിച്ച് മുന്‍പേജില്‍ ചോദിച്ചു. ‘What kind of Dad are you ?’ ചാള്‍സ് പോയത് ലണ്ടനില്‍ ഒരു ഓപ്പറ കാണാനാണെന്ന് പത്രങ്ങള്‍ കണ്ടുപിടിച്ച് എഴുതി. അതോടെ ജനരോഷം ചാള്‍സിന് നേരെ തിരിഞ്ഞു.
1992 ലെ ദമ്പതികളുടെ ഇന്ത്യാ സന്ദര്‍ശനത്തിലും ഇരുവരുടെ ബന്ധം കൂടുതല്‍ വഷളായതിന്റെ സൂചനകള്‍ പുറത്ത് വന്നു. ഡയാനയുടെ ജനസമ്മതിയില്‍ അസംതൃപ്തനായ ചാള്‍സ് തിരിച്ചടിച്ചു. ചാള്‍സിന്റെ ഉപദേശകന്മാരും സുഹൃത്തുകളും ഡയാനയുടെ പക്വതയില്ലാത്ത വൈകാരികമായ പെരുമാറ്റത്തെയും ജനശ്രദ്ധ പിടിച്ച് പറ്റാനുള്ള പദ്ധതികളെയും കുറിച്ച് പല വിമര്‍ശനങ്ങളും സംഭാഷണ വിഷയത്തിലൂടെ പ്രചാരണം നടത്തി.
ഇതറിഞ്ഞ ഡയാന രോഷാകുലയായി. കാര്യങ്ങള്‍ സത്യസന്ധമായി വെളിപ്പെടുത്തണമെന്ന് അവര്‍ തീര്‍ച്ചയാക്കി. ആ സമയത്ത് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ആന്‍ഡ്രു മോര്‍ട്ടന്‍ ഡയാനയുടെ ജീവചരിത്രം എഴുതാനാരംഭിച്ചിരുന്നു. അവസരം പാഴാക്കാതെ ഡയാന മോര്‍ട്ടനെ ബന്ധപ്പെട്ടു. രഹസ്യമായി നടന്ന അഭിമുഖത്തില്‍ പല രഹസ്യങ്ങളും നേരിട്ട് നല്‍കി. തന്നെക്കുറിച്ചറിയാവുന്ന തന്റെ അടുത്ത സുഹൃത്തുക്കളുടെ പേരും മോര്‍ട്ടന് ഡയാന നല്‍കി.
1992 ല്‍ ആന്‍ഡ്രു മോര്‍ട്ടന്‍ എഴുതിയ Diana : A True Story പുറത്ത് വന്നു. ‘ഞാന്‍ എന്റെ സഹനശക്തിയുടെ അവസാനത്തിലാണ്; ഞാന്‍ നിരാശയിലാണ് ‘ ഡയാനയുടെ ഈ വാക്കുകള്‍ ഉദ്ധരിച്ച് പുറത്ത് വന്ന മോര്‍ട്ടന്റെ പുസ്തകം ഇംഗ്ലണ്ടില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. രാജവംശത്തിന്റെ ഉള്ളറകളിലെ കറുത്ത പാടുകള്‍ തെളിയുന്ന ആ ജീവചരിത്രത്തിലൂടെ ഏകാകിയായ, അസന്തുഷ്ടയായ, സ്‌നേഹരഹിതമായ ഒരു വിവാഹത്തില്‍ കുടുങ്ങിയ, തണുത്തുറഞ്ഞ, അകലം പാലിക്കുന്ന ഭര്‍ത്താവുമുള്ള ഡയാനയുടെ ചിത്രം ലോകത്തിന് മുന്നില്‍ തെളിഞ്ഞു.
തനിക്ക് bulimia എന്ന അസുഖമുണ്ടെന്ന് അവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തി. (പതിവായി, രഹസ്യമായി അമിത ഭക്ഷണം കഴിക്കുകയും തുടര്‍ന്ന് സ്വയം ഛര്‍ദ്ദിച്ച് കളയുകയും ചെയ്യുന്ന അസുഖം) ഇത് അമിതമായ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് വരുന്ന രോഗമാണ്. രാജകുടുംബാംഗങ്ങളെ സന്തോഷിപ്പിച്ച് നിറുത്താനുള്ള തന്റെ വിഷമങ്ങളും എന്തുകൊണ്ട് താന്‍ അവര്‍ക്ക് അനഭിമതയായിക്കൊണ്ടിരിക്കുന്നു എന്നൊക്കെ പുസ്തകത്തില്‍ വന്നത് പലരെയും ഞെട്ടിച്ചു. ആന്‍ഡ്രു മോര്‍ട്ടന്റെ പുസ്തകം പുറത്ത് വന്നതോടെ രാജകുടുംബം രോഷാകുലരായി. ‘ഇത് പരിധിക്കപ്പുറം കടന്നു, ഡയാന നിയന്ത്രണ രേഖ ലംഘിച്ചിരിക്കുകയാണ്’ എലിസബത്ത് രാജ്ഞി ഈര്‍ഷ്യയോടെ തന്റെ പ്രതികരണം പ്രകടിപ്പിച്ചു. ചാള്‍സ് രാജകുമാരന്‍ ഡയാന തന്നെ വഞ്ചിച്ചതില്‍ ക്ഷുഭിതനായി.
1992 മാര്‍ച്ച് 28 ന് ഡയാനയുടെ പ്രിയപ്പെട്ട പിതാവ് എള്‍ സ്‌പെന്‍സര്‍ അന്തരിച്ചു. ഡയാന ആ സമയത്ത് ചാള്‍സിനോടൊപ്പം ഓസ്ട്രിയയിലായിരുന്നു. മരണവാര്‍ത്തയറിഞ്ഞ ഡയാന പൊട്ടിക്കരഞ്ഞു. തന്നെ സ്വാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച ചാള്‍സിനെ അവര്‍ തള്ളി മാറ്റി. രാജവംശത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് ഡയനാ ദമ്പതികള്‍ ഒരുമിച്ച് മരണവീട്ടില്‍ പോകേണ്ടതാണ്. പക്ഷേ, ഡയാന ചാള്‍സിനോടൊത്ത് പോകാന്‍ വിസമ്മതിച്ചു. ഒടുവില്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചാള്‍സിനോടൊത്ത് പോകാന്‍ സമ്മതിച്ചു. എയര്‍പോര്‍ട്ടില്‍ ഇരുവരും ഒന്നിച്ച് പോകുന്ന ചിത്രങ്ങള്‍ ഫോട്ടോ ഗ്രാഫര്‍മാര്‍ പകര്‍ത്തിയത് പത്രങ്ങളില്‍ വന്നു.
പക്ഷേ വിമാനത്താവളത്തില്‍ നിന്ന് ഇരുവരും രണ്ടു സ്ഥലത്തേക്കാണ് പോയത്. ഡയാന ആള്‍തോര്‍പ്പിലെ തന്റെ വീട്ടിലേക്കും ചാള്‍സ് തന്റെ കുടുംബ വീടായ ഹൈഗ്രോവിലേക്കും പോയി. രണ്ട് നാള്‍ കഴിഞ്ഞ് ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചാള്‍സ് ഹെലികോപ്റ്ററില്‍ എത്തി. എന്നാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ രാജകുടുംബത്തിന്റെ യാതൊരു സഹായമോ അവരുടെ പദ്ധതികളില്‍ പങ്കാളിയാവാനോ ഇല്ലെന്ന് ഡയാന തീരുമാനിച്ചു.

എലിസബത്ത് രാജ്ഞിയും ചാൾസ് – ഡയനാ കുടുംബവും
1992 എലിസബത്ത് രാജ്ഞിക്ക് ദുരിതം നല്‍കിയ വര്‍ഷമായിരുന്നു. ഇതേ വര്‍ഷം അവരുടെ രണ്ട് മക്കളുടെ വിവാഹ ബന്ധം ഇതിനകം തകര്‍ന്നു വിവാഹമോചനത്തിലവസാനിച്ചിരുന്നു. സ്വന്തം കൊട്ടാരമായ വിന്‍ഡ്‌സര്‍ തീപിടുത്തത്തില്‍ നശിച്ചപ്പോള്‍ പുനര്‍ നിര്‍മ്മാണത്തിനായി 37 ദശലക്ഷം രൂപ നികുതിപ്പണത്തില്‍ നിന്ന് ചിലവാക്കാന്‍ തീരുമാനിച്ചത് പൊതുജനങ്ങള്‍ ശക്തിയായി എതിര്‍ത്തു. രാജ കുടുംബത്തിലുള്ളവര്‍ അവരുടെ ഭാരിച്ച വരുമാനത്തിന്റെ നികുതി അടയ്ക്കണമെന്ന ആവശ്യം ബ്രിട്ടീഷ് ജനതയില്‍ നിന്ന് ഉയര്‍ന്നു. കൂടാതെ മൂത്ത മകന്‍ ചാള്‍സിന്റെ ഡയാനയുമായുള്ള പ്രശ്‌നങ്ങള്‍ വേറെയും, എല്ലാ പ്രശ്‌നങ്ങളും അവരെ അലട്ടി.
അവസാനം ഒഴിവാക്കാനാവാത്ത കാര്യം സംഭവിച്ചു. 1992 നവംബര്‍ 25 ന് ചാള്‍സ് രാജകുമാരന്‍ ഡയാനയോട് വിവാഹ മോചനം ആവശ്യപ്പെട്ടു. ചാള്‍സ് പറഞ്ഞു ‘നമുക്ക് പിരിയാം’. ഡിസംബര്‍ 9 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജര്‍ ഹൗസ് ഓഫ് കോമണ്‍സില്‍ 651 മെമ്പര്‍മാരുടെ സാന്നിധ്യത്തില്‍ രാജവംശത്തിലെ വേര്‍പിരിയല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ, ചര്‍ച്ച ചെയ്യപ്പെട്ട ചാള്‍സ് – ഡയാന രാജകീയ ബന്ധം അവസാനിച്ചു.
1993 ല്‍ ചാള്‍സ് – ഡയാന ദമ്പതികളുടെ വിവാഹേതര ബന്ധങ്ങള്‍ പുറത്ത് വന്നതോടെ മാധ്യമങ്ങള്‍ വീണ്ടും സജീവമായി രംഗത്തിറങ്ങി. അച്ചടി മാധ്യമങ്ങള്‍ വിവാഹമോചനത്തിന് മുന്‍പ് തന്നെ നടന്ന ചാള്‍സിന്റെ കാമുകിയായ കാമിലയുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണങ്ങള്‍ വാര്‍ത്തയാക്കി. – കൂടാതെ ആദ്യമായി ഡയാനയുടെ – വിവാഹഹേതര ബന്ധങ്ങള്‍ പുറം ലോകമറിഞ്ഞു. 1985 മുതല്‍ റോയല്‍ പ്രൊട്ടക്ഷന്‍ സ്‌ക്വാഡില്‍ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന, ഡയാനയുടെ ബോഡി ഗാര്‍ഡായിരുന്ന ബാരി ആല്‍ബര്‍ട്ട് മന്നകീയുമായി താന്‍ പ്രണയത്തിലായിരുന്നു എന്ന് ഡയാന പറയുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ പത്രങ്ങള്‍ പുറത്ത് വിട്ടു.
ഡയാനയുടെ സെക്യൂരിറ്റി വിഭാഗത്തിലുണ്ടായിരുന്ന ഓഫീസര്‍ കെന്‍ വാര്‍ഫ്, Diana: Closely Guarded Secret എന്ന തന്റെ പുസ്തകത്തില്‍ കാവല്‍റി ഓഫീസറും ടാങ്ക് കമാന്‍ഡറുമായ ജെയിംസ് ഹെവിറ്റുമായി ഡയാനയുമായുള്ള അഞ്ച് വര്‍ഷത്തെ പ്രണയത്തെക്കുറിച്ച് എഴുതി –
1995 ല്‍ ഡയാന തന്നെ ഒരു അഭിമുഖത്തില്‍ അത് വെളിപ്പെടുത്തി ”ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലായിരുന്നു’ 1990 കളില്‍, തന്നേക്കാള്‍ 16 വയസ്സ് കൂടുതലുള്ള എറ്റോണിയന്‍ കലാ വ്യാപാരിയായ ഒലിവര്‍ ഹോറെയുമായി എന്നതായിരുന്നു മറ്റൊരു പ്രണയബന്ധം. തന്റെ ഭാര്യയുമായുള്ള ബന്ധം വിടാന്‍ ഹോറെ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡയാനയുമായുള്ള ബന്ധം അവസാനിച്ചു.

ചാൾസിൻ്റെ കാമുകി കമിലാ പാർക്കർ
ജനങ്ങളുടെ രാജകുമാരിയെന്നറിയപ്പെട്ട ഡയാനയുടെ ജനപ്രീതിക്കോ, സെലിബ്രിറ്റി സ്ഥാനത്തിനോ ഇതു കൊണ്ടൊന്നും പരിക്കേറ്റില്ല. പക്ഷേ, അതോടെ അവരെ മാധ്യമങ്ങള്‍ വിടാതെ പിടികൂടി.
രാജവംശത്തിന്റെ നിയന്തണ രേഖകളില്‍ നിന്ന് മോചിതയായതോടെ സ്വതന്ത്രയായ ഡയാന പുതിയൊരു വ്യക്തിയായി പരിണമിച്ചു. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അവര്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു. ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന് വേണ്ടി ധനസമാഹരണത്തിനായി അവര്‍ തന്റെ സെലിബ്രറ്റി പദവി ഉപയോഗിച്ചു. മദര്‍ തെരേസയുടെ ഇന്ത്യയിലെ പ്രശസ്ത ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ഡയാന സഹകരിച്ചു. AIDIs , Cancer ഫണ്ടുകള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സന്തോഷം കണ്ടെത്തി. ഉദേശശുദ്ധി നല്ലതായിരുന്നതിനാല്‍ അവര്‍ക്ക് മികച്ച പിന്തുണ മാധ്യമങ്ങളും ജനങ്ങളും ഒരേ രീതിയില്‍ നല്‍കി ‘ഞാന്‍ സഹായം വേണ്ടവരെ ഓര്‍ത്തു… ആശ്വസിപ്പിച്ചു, അതിനായുള്ള എല്ലാ സന്ദര്‍ശനങ്ങളും, എല്ലാ കൂടിക്കാഴ്ചകളും പ്രത്യേകതയുള്ളതായിരുന്നു.’ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ച് അവര്‍ പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ നാലു ഭൂഖണ്ഡങ്ങളിലും പര്യടനം നടത്തി.
വമ്പിച്ച ജനപ്രീതി ഡയാനക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്‌തെങ്കിലും, അവരുടെ സ്വകാര്യത പതുക്കെ പതുക്കെ നഷ്ടപ്പെടുകയായിരുന്നു. ‘ പാപ്പരാസികള്‍’ എന്ന് വിളിക്കപ്പെടുന്ന പത്ര ഫോട്ടോഗ്രാഫര്‍മാര്‍ അവരെ നിരന്തരം ശല്യപ്പെടുത്തി. പാപ്പരാസികള്‍ നിരന്തരമായി തന്നെ പിന്തുടരുന്നത് കണ്ട് ഡയാന പലപ്പോഴും അസ്വസ്ഥയായി.
1960-ല്‍ പുറത്തിറങ്ങിയ ഫെഡറിക്കോ ഫെല്ലിനിയുടെ ചിത്രമായ ലാ ഡോള്‍സ് വീറ്റയില്‍ നിന്നാണ് ‘പാപ്പരാസി’ എന്ന പദം ഉത്ഭവിച്ചത്, അതിലെ ഒരു ന്യൂസ് ഫോട്ടോഗ്രാഫര്‍ കഥാപാത്രത്തിന് ‘പാപ്പരാസോ’ എന്ന പേര് നല്‍കി. ഇറ്റാലിയന്‍ ഭാഷയില്‍ ‘കൊതുക്’ എന്നര്‍ത്ഥമുള്ള, ശല്യപ്പെടുത്തുന്നതും ബഹളമുണ്ടാക്കുന്നതുമായ സ്വഭാവമുള്ള ഫോട്ടോഗ്രാഫര്‍മാരെ വിവരിക്കുന്നതിനാണ് ഈ പദം സിനിമയില്‍ ഉപയോഗിച്ചത്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍’ എന്നര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ പദമായ ‘പാപ്പരാസോ’യില്‍ നിന്ന് ഉത്ഭവിച്ചതാണ് പാപ്പരാസി. സെലിബ്രിറ്റികളുടെ ഫോട്ടോകള്‍ എടുത്ത് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതില്‍ പാപ്പരാസികള്‍ കുപ്രസിദ്ധരാണ്. എവിടേയും എപ്പോഴും സെലിബ്രിറ്റികള്‍ക്കായി അവര്‍ കാത്തിരിക്കും.,
1961-ല്‍, TIME മാസിക ഒരു ലേഖനത്തില്‍ ‘പാപ്പരാസി’ എന്ന പദത്തെ നിര്‍വചിച്ചു. ‘സമൂഹത്തില്‍ അവരില്‍ നിന്ന് ആരും സുരക്ഷിതരല്ല, രാജകീയത പോലും.”
1960 കളുടെ അവസാനത്തില്‍, മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്ക് ബ്രിട്ടീഷ് പത്ര വ്യവസായത്തില്‍ പ്രവേശിച്ചതോടെയാണ് ‘റെഡ് ടോപ്പുകള്‍’ എന്നറിയപ്പെടുന്ന ടാബ്ലോയിഡ് പത്രങ്ങള്‍ ബ്രിട്ടീഷ് സമൂഹത്തിലെ ഒരു പ്രധാന ഘടകമായി വളര്‍ന്നത്. 60 കളുടെ അവസാനത്തില്‍ മര്‍ഡോക്കിന്റെ ദി സണ്‍ ആരംഭിച്ച ടാബ്ലോയിഡ് പത്രത്തിന്റെ വരവ് പാപ്പരാസി ഫോട്ടോകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിപ്പിച്ചു.
80 കള്‍ക്ക് ശേഷം, ബ്രിട്ടീഷ് സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഇപ്പോഴും നിലനില്‍ക്കുന്ന, കുപ്രസിദ്ധരും കഠിനഹൃദയരുമാണ് ഈ ടാബ്ലോയിഡ് പത്രങ്ങളും അവരുടെ പാപ്പരാസികളും. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സണ്‍, എതിരാളികളായ ഡെയ്ലി മിറര്‍, ഡെയ്ലി സ്റ്റാര്‍ എന്നിവ മുതല്‍ അവരുടെ സഹോദര പ്രസിദ്ധീകരണങ്ങളായ ഡെയ്ലി മെയില്‍, ഡെയ്ലി എക്‌സ്പ്രസ് എന്നിവ ഈ രംഗത്ത് അദ്വതീയരാണ്. ഈ പത്രങ്ങള്‍ വായനക്കാര്‍ക്ക് മസാല ചേരുവയില്‍ മുങ്ങിക്കുളിച്ച വാര്‍ത്തകളും ഗോസിപ്പുകളും നിര്‍ലോഭം നല്‍കുന്നു. ഇത് സമൂഹത്തിലെ മധ്യവര്‍ഗത്തിന്റെ വിശാലമായ ഒരു വിഭാഗത്തിന്റെ അഭിനിവേശത്തെ പ്രതിഫലിപ്പിക്കുന്നു. സെലിബ്രിറ്റികളുടെ വാര്‍ത്തകള്‍ ഇപ്പോഴും പത്രങ്ങളുടെ ‘പ്രചാരത്തില്‍ ഒരു പ്രധാന ഘടകമാണ്.
ഡയാനയുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ചതിന് ബ്രിട്ടീഷ് പാപ്പരാസികള്‍ പ്രശസ്തിയോ കുപ്രസിദ്ധിയോ നേടിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോ ക്ലിക്കില്‍ പതിഞ്ഞ വശ്യസുന്ദര മുഖമായിരുന്നു ഡയാനയുടേത്. അവരുടെ ഫോട്ടോകള്‍ ലക്ഷക്കണക്കിന് ഡോളറിന് മാധ്യമങ്ങള്‍ വാങ്ങിച്ചു… ‘ഞാന്‍ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും ഫോട്ടോജെനിക് വ്യക്തി ഡയാനയായിരുന്നു’ ഫോട്ടോ ഏജന്‍സിയായ സില്‍വര്‍ഹബിന്റെ മാനേജിംഗ് എഡിറ്ററും മുന്‍ ഡെയ്ലി മിറര്‍ പിക്ചര്‍ എഡിറ്ററുമായ ഇയാന്‍ ഡൗണ്‍ ഒരു അഭിമുഖത്തില്‍ ടൈമിനോട് പറഞ്ഞു. ‘ഡയാന ഫോട്ടോകള്‍ എത്ര ലഭിച്ചാലും എഡിറ്റര്‍മാര്‍ക്ക് തൃപ്തിയാകില്ല’
1993-ല്‍, വ്യായാമം ചെയ്യുന്ന തന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഡയാന, മിറര്‍ ഗ്രൂപ്പ് ന്യൂസ്പേപ്പറിനെതിരെ കേസ് കൊടുത്തു. പാപ്പരാസികള്‍ നിരന്തരം തന്നെ പിന്തുടരുന്നതിലുള്ള ആശങ്കയും അനിഷ്ടവും അവര്‍ തുറന്നു പറഞ്ഞു; 1993-ല്‍ ഒരു സിനിമാ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ ചിത്രം എടുത്ത ഒരു ഫോട്ടോഗ്രാഫറോട് ‘Go to Hell ‘ എന്നവര്‍ പൊട്ടിത്തെറിച്ചു.
1997 ല്‍ പ്രശസ്തരായ ബ്രിട്ടീഷ് പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരായ സോണ്ടേഴ്സും ഗ്ലെന്‍ ഹാര്‍വിയും ചേര്‍ന്നെഴുതിയ Dicing With DI: The Amazing Adventures of Britain’s Royal Chasers. എന്ന പുസ്തകത്തില്‍ ഡയാന രാജകുമാരി പിന്‍തുടര്‍ന്ന് അതിസാഹസികമായി ക്ലിക്ക് ചെയ്ത ഡയാനയുടെ, ഏറ്റവും പ്രശസ്തമായ ചില ഫോട്ടോഗ്രാഫുകളുടെ പശ്ചാത്തലം വെളിപ്പെടുത്തുന്നു. രാജകുടുംബത്തിലെ അംഗങ്ങളെ മാത്രം പിന്‍തുടര്‍ന്ന് ഫോട്ടോ എടുക്കുന്ന ഈ രണ്ടു പേരും 1994 മാര്‍ച്ച് 3 ന് രാത്രിയില്‍ 9 മണിക്ക് തന്റെ കാമുകനായിരുന്ന ശതകോടീശ്വരന്‍ ആര്‍ട്ട് ഡീലര്‍ ഒലിവര്‍ ഹോറെയെ ഒരു കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് ഡയാന കൊണ്ടുപോകുന്ന ഹാര്‍വി ഫോട്ടോ എടുത്ത സാഹസിക സന്ദര്‍ഭം വിവരിക്കുന്നു. അതിവേഗതയില്‍ പാഞ്ഞു പോകുന്ന കാറില്‍ ഇരിക്കുന്ന ഡയാനയുടെയും കാമുകന്റെയും പടം ഹാര്‍വി തന്റെ കാറിന്റെ ബോണറ്റിന് കുറുകെ ചാടിയാണ് ക്യാമറ ക്ലിക്ക് ചെയ്തത്. ബ്രിട്ടീഷ് ടാബ്ലോയിഡ് ന്യൂസ് ഓഫ് ദി വേള്‍ഡിന് കനത്ത പ്രതിഫലം വാങ്ങി വിറ്റ ആ ഫോട്ടോ ബ്രിട്ടീഷ് സമൂഹത്തില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു – ആ പാപ്പരാസികളുടെ ക്യാമറക്കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.
1993 ഡിസംബറില്‍ ഒരു പ്രസംഗത്തില്‍, ഡയാന പറഞ്ഞു ‘തന്റെ പൊതുജീവിതം മാധ്യമശ്രദ്ധ നേടുമെന്ന് തനിക്ക് അറിയാമായിരുന്നു, പക്ഷേ തന്റെ സ്വകാര്യ ജീവിതം ഇത്ര സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമെന്ന് എനിക്കറിയില്ലായിരുന്നു. ‘ആ ശ്രദ്ധ എത്രത്തോളം അമിതമാണെന്നും അത് സഹിക്കാന്‍ പ്രയാസമുള്ള രീതിയില്‍, അത് തന്റെ വ്യക്തിജീവിതത്തെയും എത്രത്തോളം ബാധിക്കുമെന്നും എനിക്ക് അറിയില്ലായിരുന്നു’ അവര്‍ പറഞ്ഞു. ഒടുവില്‍ അതവരുടെ ജീവിതം തന്നെ ഇല്ലാതാക്കി.
1997 ല്‍ ഡയാന തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി. പക്ഷേ, പണം ഒരു പ്രശ്‌നമായിരുന്നു. ഫണ്ട് സമാഹരിക്കാന്‍ അതിന് വേണ്ടി വിവിധ കാലഘട്ടങ്ങളില്‍ അണിഞ്ഞ ഡയാനയുടെ ഫാഷന്‍ വസ്ത്രങ്ങള്‍ ലേലം ചെയ്യാന്‍ മകനായ വില്യം രാജകുമാരന്‍ ഡയാനയോട് ആവശ്യപ്പെട്ടു. അത് വളരെ നല്ലൊരു ആശയമായി ഡയാനക്ക് തോന്നി. 1997 ജൂണ്‍ 25 ന് ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ ഫാഷന്‍ ലേലക്കമ്പനിയായ ‘ക്രിസ്റ്റീസില്‍’ തന്റെ വിലപിടിച്ച വസ്ത്രങ്ങള്‍ ലേലം ചെയ്തു. വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഈ സംഭവത്തില്‍ വൈറ്റ് ഹൗസില്‍ പ്രശസ്ത ഹോളിവുഡ് നടന്‍ ജോണ്‍ ട്രിവോള്‍ട്ട യോടൊപ്പം നൃത്തം ചെയ്ത വേളയില്‍ ഡയാന ധരിച്ച വസ്ത്രം മാത്രം 222,50 ഡോളറിനാണ് വിറ്റ് പോയത്. (1997 ലെ -ഏകദേശം 19 ലക്ഷം രൂപ). വന്‍ വിജയകരമായ ഈ സംരംഭം 3.26 ദശലക്ഷം ഡോളര്‍ നേടി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഡയാനയുടെ ജീവിതത്തിലേക്ക്, പ്രണയ ജീവിതത്തിലേക്ക് ഒരിക്കല്‍ കൂടി ഒരാള്‍ കടന്നു വന്നു. 1997 ജൂലൈയില്‍ ഏകാന്ത ജീവിതം നയിക്കുന്ന ഡയാനയെ തേടി ഒരു കാമുകന്‍ കടന്നുവന്നു. ഈജിപ്ഷ്യന്‍ ശതകോടീശരനും, ചലച്ചിത്ര നിര്‍മ്മാതാവും, ബിസിനസുകാരനുമായ മുഹമ്മദ് അല്‍-ഫായിദിന്റെ മൂത്ത മകനും സുന്ദരനും, അവിവാഹിതനുമായ ഇമാദ് അബ്ദുല്‍ മെനാം ഫായിദ് ആയിരുന്നു അത്. അയാള്‍ ”ഡോഡി” എന്നറിയപ്പെടുന്നു.
ബ്രിട്ടനിലെ ലോകപ്രശസ്തമായ ഹാരോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറ് വിലക്ക് വാങ്ങിയതോടെയാണ് ഈജിപ്ഷ്യന്‍ ശതകോടീശ്വരനും ബിസിനസുകാരനായ മുഹമ്മദ് അല്‍-ഫായിദ് ശ്രദ്ധേയനാകുന്നത്. നൂറു വര്‍ഷത്തിലേറെയായി ഇംഗ്ലണ്ടിലെ പ്രീമിയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറാണ് ഹാരോഡ്‌സ്. ലണ്ടനിലെ ഹൃദയ ഭാഗത്തുള്ള നൈറ്റ്‌സ് ബ്രിഡ്ജിലാണ് ഈ സ്റ്റോര്‍. 1849 ല്‍ ചാള്‍സ് ഹെന്റി ഹാരോഡ് സ്ഥാപിച്ചതാണ് ഇത്. അന്നുതൊട്ട് ഭക്ഷണം മുതല്‍ ഫര്‍ണിച്ചര്‍ വരെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഈ സ്റ്റോര്‍ വിപണനം ചെയ്തിരുന്നു. ‘Everything for Everybody Everywhere’ എന്നായിരുന്നു അവരുടെ പരസ്യവാചകം തന്നെ. ലണ്ടനിലെ ഏറ്റവും വലുതും ആഡംബരപൂര്‍ണ്ണവുമായ സ്റ്റോറായിരുന്നു ഹാരോഡ്‌സ്: 1985 ല്‍, മുഹമ്മദ് അല്‍ ഫയദ് ഇത് വാങ്ങി, അയാള്‍ സ്റ്റോര്‍ ആഡംബരപൂര്‍ണ്ണവും ആധുനിക രീതിയിലും പുനര്‍നിര്‍മ്മാണം നടത്തി. ഹാരോഡ്‌സ് ഷോപ്പിംഗ് കേന്ദ്രമെന്നതിലേറെ, ലണ്ടനിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറി.
1985 ല്‍ ലണ്ടനിലെ ഹാരോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഈജിപ്റ്റുകാരനായ മുഹമ്മദ് അല്‍-ഫായിദ് വാങ്ങിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒരു കാലത്ത് ഇന്ത്യയിലെ രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കിയ ചന്ദ്രാ സ്വാമിയായിരുന്നു ഇതിന്റെ ഇടനിലക്കാരന്‍. ലോണ്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ഹാരോഡ്‌സ് കമ്പനി ചെയര്‍മാന്‍ പോലും അറിയാതെ ചരടുവലിച്ചാണ് ചന്ദ്രാ സ്വാമി ഇത് സാധിച്ചത്. ഈ ഇടപാടില്‍ വന്‍ തുക കമീഷനായി നേടുകയും ചെയ്തു. ഈ ഇടപാടിലൂടെയാണ് ചന്ദ്രസ്വാമി രാഷ്ട്രാന്തര വ്യവസായ രംഗത്ത് വന്‍കിട ഇടനിലക്കാരനായി അറിയപ്പെടാന്‍ തുടങ്ങിയത്. പാരീസിലെ RItz ഹോട്ടലും ഫായിദിന്റെതായിരുന്നു.
മുഹമ്മദ് അല്‍-ഫായിദ് ന് സ്‌പെന്‍സര്‍ കുടുംബമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ ഡോഡിയും ഡയാനയും പഴയ പരിചയക്കാരായിരുന്നു. ആ സമയത്ത് ഡയാനയുടെ ഒരു പാക്കിസ്ഥാനിയായ കാമുകന്‍ സര്‍ജനായ ഡോക്ടര്‍ ഹസ്നത്ത് ഖാനുമായുള്ള പ്രണയ ബന്ധം തകര്‍ന്നിരുന്നു. അതിന്റെ ആഘാതത്തില്‍ വിഷാദത്തോടെ ഏകാകിയായി ജീവിക്കുമ്പോഴാണ് സുന്ദരനും സുമുഖനും അവിവാഹിതനുമായ ഡോഡിയില്‍ ഡയാന ആകൃഷ്ടനാകുന്നത്. അതിസമ്പന്നനായ അയാള്‍ ലണ്ടനിലെ അതിസമ്പന്നരായ സാമൂഹിക വൃത്തങ്ങളില്‍ സുന്ദരികളായ യുവതികളുടെ ഇഷ്ടതാരവുമായിരുന്നു…
ഡോഡി തന്റെ ഫ്രാന്‍സിലെ വാസസ്ഥലമായ സെന്റ് ടോപ്പാസിലേക്ക് ഡയാനയെ ക്ഷണിച്ചു. ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു ഡയാനയ്ക്ക് അത്. അതിസമ്പന്നനായ ഡോഡിയെ അവര്‍ ഇഷ്ടപ്പെട്ടു. ഫ്രാന്‍സിലെ ഡോഡിയുടെ സ്വകാര്യ പഞ്ചനക്ഷത്ര നൗകയായ ”ജോനിക്കല്‍”ലിലും സ്വകാര്യ ബീച്ചിലും അവര്‍ ഉല്ലസിച്ചു. വളരെക്കാലമായി താന്‍ അനുഭവിച്ചിരുന്ന മാനസികവ്യഥ ഈ ബന്ധത്തിലൂടെ അപ്രതൃക്ഷമായി. പ്രത്യാശയോടെ ‘തന്റെ പുതിയ ജീവിതത്തില്‍ ഡയാന അതീവ ആഹ്ലാദത്തിലമര്‍ന്നു.

കാമുകനായ ഡോഡി ഫയെദും ഡയാനയും
ഫ്രാന്‍സില്‍ നിന്ന് തിരികെയെത്തിയ ഡയാനക്ക് പുതിയൊരു ഉണര്‍വും പ്രസരിപ്പും കൈവന്നു. അവര്‍ വീണ്ടും പൂര്‍വ്വാധികം ശക്തയായി തന്റെ ജോലികളിലേക്ക് പ്രവേശിച്ചു. ഇതിനിടെ ബ്രിട്ടീഷ് ടാബ്ലോയ്ഡുകള്‍ ഡയാനയുടെ പുതിയ പ്രണയ ബന്ധം കണ്ടെത്തിയിരുന്നു. പുതിയ പ്രേമ കഥകളോടെ പത്രങ്ങള്‍ സജീവമായി. ‘ഡോഡി- ഡയാന, പുതിയ പ്രണയബന്ധത്തിന് ഒരു ടാബ്ലോയ്ഡ്, ഒരു പേരും ചാര്‍ത്തി കൊടുത്തു.
‘The Princess and Playboy’ .
ഓഗസ്റ്റ് 30. ഡയാന മിലാനില്‍ തന്റെ സുഹൃത്തായ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ജിയാനി വെര്‍സാസിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തി. ഒരിക്കല്‍ കൂടി ഡോഡിയെ കാണാന്‍ പാരീസിലേക്ക് പോയി. അവിടെ വെച്ച് സന്ധിച്ച ഇരുവരും സായാഹ്നം ഹോട്ടല്‍ ‘റിറ്റ്‌സ് ല്‍ ചിലവിടാന്‍ തീരുമാനിച്ചു. ഡോഡിയുടെ ഡ്രൈവര്‍ ഹെന്‍ടി പോള്‍ ഇരുവരെയും മെഴ്‌സിഡെസ് ബെന്‍സില്‍ ഹോട്ടലിലേക്ക് പുറപ്പെട്ടു. ഇതിനിടെ ഏറ്റവും പ്രശസ്തരായ സെലിബ്രറ്റി കാമുകി കാമുകന്മാരെ തിരിച്ചറിഞ്ഞ 20 ഓളം പാപ്പരാസ്സിമാര്‍ കാറിന് പിറകെ മോട്ടോര്‍ ബൈക്കുകളില്‍ പാഞ്ഞെത്തി. വേഗതയാര്‍ന്ന കാര്‍ പാപ്പരാസികളുടെ ബൈക്കുമായി ഇടിച്ച് ഒരു അപകടം അപ്പോഴെ സംഭവിക്കേണ്ടതായിരുന്നു. പക്ഷേ, ഭാഗ്യം കൊണ്ട് അതൊഴിവായി.
റിറ്റ് സിലെത്തിയ ഇരുവരും ഡിന്നര്‍ കഴിച്ചു. 10 മണിയോടെ ഹോട്ടലിലെ മറ്റു സന്ദര്‍ശകരെ ഒഴിവാക്കാനായി ഡോഡിയം ഡയാനയും ഹോട്ടലിലെ അവരുടെ പ്രൈവറ്റ് സൂട്ടിലേക്ക് പോയി. അപ്പോള്‍ റിറ്റ്‌സിന് പുറത്ത് 20 ഓളം പാപ്പരാസികള്‍ തങ്ങളുടെ ക്യാമറയുമായി സെലിബ്രറ്റികള്‍ പുറത്ത് വരുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നു. പാപ്പരാസികളുടെ ക്യാമറക്കണ്ണുകളെ ഒഴിവാക്കാന്‍ ഹോട്ടലിന്റെ പിറക് വശത്തെ വാതിലിലൂടെ പോകാന്‍ അവര്‍ തീരുമാനിച്ചു. ഡ്രൈവര്‍ ഹെന്‍ട്രി പോള്‍ കാറ് പിറകിലേക്ക് കൊണ്ടുവന്നു. നേരത്തെ അയാള്‍ പാപ്പരാസികളെ അധിക്ഷേപിക്കുകയും ഒരിക്കലും അവര്‍ക്ക് ഫോട്ടോ എടുക്കാന്‍ താനുള്ളപ്പോള്‍ സാധിക്കില്ലെന്ന് വീമ്പു പറയുകയും ചെയ്തു. സാമാന്യം നല്ല മദ്യപാനിയായ അയാള്‍ അപ്പോള്‍ മദ്യപിച്ചിരുന്നു എന്ന് മാത്രമല്ല ചില മരുന്നുകളും കഴിച്ചിരുന്നു.
1997 ഓഗസ്റ്റ് 31 സമയം അതിരാവിലെ 12.20. റിറ്റ്‌സില്‍ നിന്ന് കറുത്ത മെഴ്സിഡസ് കാര്‍ കുതിച്ചു പാഞ്ഞു. മുന്‍സീറ്റില്‍ ഡ്രൈവര്‍ ഹെന്‍ട്രി പോളും തൊട്ട് പിന്‍സീറ്റില്‍ ഡോഡിയുടെ ബോഡി ഗാര്‍ഡായ ടെവര്‍ റീസ് ജോണ്‍സും, പിറകില്‍ ഡയാനയും ഡോഡിയും. പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെട്ടു എന്ന വിശ്വാസത്തില്‍ പോള്‍ അതിവേഗത്തില്‍ കാര്‍ പായിച്ചു.

ഡ്രൈവർ ഹെൻടി പോളും തൊട്ട് സീറ്റിൽ ഡോഡിയുടെ ബോഡി ഗാർഡായ ടെവർ റീസ് ജോൺസും അപകടത്തിൽ പെട്ട കാറിൽ
എന്നാല്‍ അവര്‍ക്ക് തെറ്റിയിരുന്നു. റിറ്റ്‌സിന് പിറകിലെ ഗേറ്റില്‍ കാത്ത് നിന്നിരുന്ന പാപ്പരാസികള്‍ കാറുകളിലും ചിലര്‍ ബൈക്കിലും മെഴ്‌സി ഡെസിനെ അതേ വേഗതയില്‍ പിന്‍തുടര്‍ന്നു. അത് ഡയാനയുടെ അവസാന യാത്രയായിരുന്നു. 15 മിനിറ്റിന് ശേഷം അല്‍മാ തുരങ്കത്തിലെ കോണ്‍ക്രീറ്റ് തൂണിലിടിച്ച് യാത്രക്കാരില്‍ ഡയാനയും ഡോഡിയും കാറോടിച്ച പോള്‍ ഹെന്‍ട്രിയും കൊല്ലപ്പെട്ടു. സീറ്റ് ബല്‍ട്ട് ധരിച്ച ബോഡി ഗാര്‍ഡായ ടെവര്‍ റീസ് ജോണ്‍സ് മാത്രം ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.
ആ രാത്രി സംഭവിച്ചത് കേവലം ഒരു ദാരുണമായ അപകടമായിരുന്നില്ല. പകരം, ഡയാനയെ വധിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഏജന്റുമാര്‍ രഹസ്യമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു അതെന്ന് പിന്നീട് ആരോപണങ്ങള്‍ വന്നു. ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാന്‍ ദീര്‍ഘമായ അന്വേഷണം നടത്തി. ഇത് വര്‍ഷങ്ങളോളം നീണ്ടുനിന്നു, ദശലക്ഷക്കണക്കിന് പൗണ്ട് ചിലവായി – ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും ആ രാത്രിയില്‍ സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമായ ഒരു അപകടമാണെന്നും കണ്ടെത്തി.
ഡോഡിന്റെ പിതാവായ മുഹമ്മദ് അല്‍-ഫായിദിന്റെ ആരോപണം, ഡയാന തന്റെ മകനില്‍ നിന്ന് ഗര്‍ഭിണിയായി, രാജകുടുംബത്തിന് അത് അസ്വീകാര്യമായിരുന്നു എന്നാണ്. ‘ഡയാന ഗര്‍ഭിണിയായിരുന്നു. ഒരു ഈജിപ്ഷ്യന്‍ മുസ്ലീം ഇംഗ്ലണ്ടിലെ ഭാവി രാജാവിന്റെ രണ്ടാനച്ഛനാകുന്നത് രാജകുടുംബത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല’ ഫയദ് പറയുന്നു. അതിനാല്‍ അവളെ കൊല്ലാന്‍ അവര്‍ പദ്ധതിയിട്ട് നടപ്പാക്കി.
ഡയാന മരിക്കുന്നതിന് മുമ്പുതന്നെ ഗര്‍ഭിണിയായിരിക്കാമെന്ന് ചില പത്രങ്ങള്‍ പ്രചരിപ്പിച്ചു, എന്നാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ഗര്‍ഭധാരണത്തിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഡയാനയുടെ രക്തത്തില്‍ നടത്തിയ കൂടുതല്‍ പരിശോധനകളില്‍ ഗര്‍ഭധാരണത്തിന്റെ ഒരു ലക്ഷണവും കണ്ടെത്തിയില്ല. ഡയാന ഗര്‍ഭിണിയാണെന്ന് സംശയിച്ചതിന് പോലും തെളിവുകളൊന്നുമില്ല: ഭരണകൂടം തന്നെ കൊല്ലുമെന്ന് ഡയാന വിശ്വസിച്ചിരുന്നു
ഡയാനയുടെ പഴയ ബട്ട്‌ലറായിരുന്ന പോള്‍ ബറല്‍ വെളിപ്പെടുത്തിയ ഒരു കത്തില്‍ തന്നെ അപകടപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് ഡയാന വിശ്വസിച്ചതായി പറയുന്നു.” ചാള്‍സിന് വിവാഹിതനാകാനുള്ള വഴി വ്യക്തമാക്കുന്നതിനായി എന്റെ കാറില്‍ ഒരു അപകടം ആസൂത്രണം ചെയ്യുക” അതില്‍ പറയുന്നു. ഡയാനയ്ക്ക് അവരുടെ സുരക്ഷയെക്കുറിച്ച് വ്യക്തമായ ആശങ്കകളുണ്ടായിരുന്നു: എന്നാല്‍ അവള്‍ യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടുയെന്നതിന് ഔദ്യോഗിക സൂചനകളൊന്നുമില്ല.

തകർന്ന മെഴ്സിഡസ് ബെൻസ് കാർ നമ്പർ : 405JVJ75
പാപ്പരാസികള്‍ അവരുടെ ജോലിക്കിടെ മനഃപൂര്‍വ്വം കാര്‍ അപകടത്തിലാക്കി. ഔദ്യോഗിക അന്വേഷണം ചൂണ്ടിക്കാട്ടി:
ഡയാന ഉണ്ടായിരുന്ന മെഴ്സിഡസ് കാര്‍ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാഗികമായി വേഗത്തില്‍ ഓടിച്ചതായി തോന്നുന്നു എന്ന് ഔദ്യോഗിക അന്വേഷണങ്ങള്‍ കണ്ടെത്തി. അന്വേഷണം കണ്ടെത്തിയത് അത് പാപ്പരാസികളുടെ സ്വാഭാവിക രീതിയാണെന്നും അവര്‍ ഒരു ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നും ആയിരുന്നു.
ഡ്രൈവര്‍ ഹെന്റി പോളാണ് മനഃപൂര്‍വ്വ അപകടത്തിന് കാരണക്കാരന്‍. അപകടസമയത്ത് പോള്‍ മദ്യപിച്ചിരുന്നു എന്ന അവകാശവാദം തെറ്റാണെന്ന് മാത്രമല്ല, കൊലപാതകം മറച്ചുവെക്കാന്‍ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു നുണയാണെന്നും ചിലര്‍ പറയുന്നു.
ദാരുണമായ ഈ അപകടത്തിന് പാപ്പരാസികളാണ് കാരണമെന്ന് തുടക്കത്തില്‍ പലരും കുറ്റപ്പെടുത്തിയെങ്കിലും 1999-ല്‍ ഒരു ഫ്രഞ്ച് ജഡ്ജി അവരെ കുറ്റവിമുക്തരാക്കി. ഡ്രൈവറായ പോളിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് രാജ്യത്തിന്റെ നിയമപരമായ പരിധിയേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പിന്നീട് വെളിപ്പെടുത്തി. 2006-ലെ വിപുലമായ ഒരു അന്വേഷണത്തില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അപകടം ഒരു ‘ദാരുണമായ അപകടം’ മാത്രമാണെന്ന് കണ്ടെത്തി. 2008 ഏപ്രിലില്‍, ഡ്രൈവറും പാപ്പരാസിയും കടുത്ത അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഒരേപോലെ ഉത്തരവാദികളാണെന്ന് ഒരു ബ്രിട്ടീഷ് ജൂറി വിധിച്ചു.
ഡയാനയുടെ അടുത്ത കുടുംബാംഗങ്ങള്‍ പാപ്പരാസികള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഡയാനയുടെ സഹോദരന്‍ ചാള്‍സ് സ്‌പെന്‍സര്‍ തന്റെ സഹോദരിയെ ‘ആധുനിക കാലഘട്ടത്തിലെ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തി’ എന്നാണ് വിശേഷിപ്പിച്ചത്.

ചാൾസിൻ്റെ പിതാവായ ഫിലിപ്പും ഡയനയുടെ മക്കളായ ഹാരിയും വില്യമും ചാൾസും ഡയാനയുടെ ശവസംസ്കാര വേളയിൽ പള്ളിയിലേക്ക് പോകുന്നു
ഡയാനയുടെ അപകട മരണം ബ്രിട്ടനില്‍ പൊതുജനങ്ങളുടെ വികാരം പാപ്പരാസികള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരായി മാറി. അതിന്റെ ഫലമായി, ബ്രിട്ടീഷ് ടാബ്ലോയിഡുകളായ ദി സണ്‍, മിറര്‍ എന്നിവ 1962 ന് ശേഷമുള്ള പ്രചാരം കുത്തനെ ഇടിഞ്ഞു. ഡയാനയുടെ മരണത്തിന് എട്ട് ദിവസത്തിന് ശേഷം, ജനപ്രീതി നിലനിര്‍ത്താനുള്ള ശ്രമത്തില്‍, ഡെയ്ലി മെയില്‍ പാപ്പരാസികളുടെ ഫോട്ടോകള്‍ അതിന്റെ പത്രത്തിന്റെ പേജുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞെങ്കിലും അത് ഒരിക്കലും പാലിച്ചില്ല.
1997 സെപ്റ്റംബര്‍ 6-ന് നടന്ന ഡയാന രാജകുമാരിയുടെ ശവസംസ്‌കാരം ലോകമെമ്പാടുമുള്ള ടെലിവിഷനില്‍ 2 മുതല്‍ 2.5 ബില്യണ്‍ ആളുകള്‍ കണ്ടതായി കണക്കാക്കപ്പെടുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നായി മാറി. യുകെയില്‍ മാത്രം ഏകദേശം 32.1 ദശലക്ഷം പേര്‍ ഈ പരിപാടി കണ്ടു. വിവാഹത്തില്‍ മാത്രമല്ല മരണത്തിലും ഡയാന അപൂര്‍വ്വ സെലിബ്രിറ്റിയാണ് എന്ന് ലോകം കണ്ടു എന്നതായിരുന്നു ആ യക്ഷിക്കഥയുടെ അവസാനം. Queen Diana: a victim of the camera flashes
Content Summary: Queen Diana: a victim of the camera flashes
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.