പുടിന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാറുണ്ടോ? വെളിപ്പെടുത്തലുമായി ക്രെംലിന്‍

എന്റെ കൈവശം സ്മാര്‍ട്ട്‌ഫോണില്ല

എക്കാലവും അതീവ സുരക്ഷാ വലയം കൊണ്ട് ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഈ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും, പുടിന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന കാര്യമാണ്.

സ്ഥിരമായി സുരക്ഷാ ഭീഷണി നേരിടുന്ന പുടിന് സ്വന്തമായി ഒരു സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്നാണ് എഎഫ്പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ല്‍ പുടിന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ശാസ്ത്രജ്ഞന്മാരും അക്കാദമിക് വിദഗ്ധരും പങ്കെടുത്ത ചടങ്ങില്‍, കുര്‍ചാറ്റോവ് ന്യൂക്ലിയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായ മിഖായേല്‍ കോവല്‍ചുക്ക്, ” എല്ലാവരുടെയും പോക്കറ്റില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ട്” എന്ന് പരാമര്‍ശിച്ചു. എന്നാല്‍ ഇതിന് മറുപടിയായി പുടിന്‍ പറഞ്ഞത് ഇങ്ങനെയാണ്: ”എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെന്ന് നിങ്ങള്‍ പറഞ്ഞു, പക്ഷേ, എന്റെ കൈവശം സ്മാര്‍ട്ട്‌ഫോണില്ല”.

ഇതിനെ സ്ഥിരീകരിക്കുന്നതായിരുന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖം. ‘എനിക്കറിയാവുന്നിടത്തോളം പുടിന് ഫോണ്‍ ഇല്ല,’. ‘സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് ഒരാളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലാക്കുന്നു. പ്രത്യേകിച്ച് ഒരു ഉന്നത നേതാവിന് ഇത് വലിയ അപകടമാണ്’ എന്നാണ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്.

സര്‍ക്കാര്‍ ആസ്ഥാനത്തും പുടിന്റെ വസതിയുമായ ക്രെംലിനിലും മൊബൈല്‍ ഫോണുകള്‍ക്ക് പൂര്‍ണ നിരോധനമുണ്ട്. ആരോടെങ്കിലും ആശയവിനിമയം നടത്തേണ്ടി വന്നാല്‍, പകരം ഔദ്യോഗിക ഫോണ്‍ ലൈന്‍ ആണ് ഉപയോഗിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യയില്‍ തനിക്ക് പരിജ്ഞാനം കുറവാണെന്ന് പുടിന്‍ പലതവണ സമ്മതിച്ചിട്ടുള്ളതുമാണ്. കൂടാതെ, ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ചില ഉള്ളടക്കങ്ങളെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

താന്‍ ഇന്റര്‍നെറ്റ് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന് 2017-ല്‍ സ്‌കൂള്‍ കുട്ടികളുമായുള്ള കൂടിക്കാഴ്ചയില്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. ഇന്റര്‍നെറ്റിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം അതിനെ ‘സിഐഎയുടെ പ്രത്യേക പദ്ധതി’ എന്നും ‘പകുതി അശ്ലീലം’ എന്നും വിശേഷിപ്പിച്ചു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതെന്നും, ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച മറ്റ് ഉപകരണങ്ങളില്‍ തനിക്ക് വിശ്വസമില്ലെന്നും പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫോണുകളോ മറ്റ് ഇന്റര്‍നെറ്റ് ഉപകരണങ്ങളോ തന്റെ സമീപത്ത് പോലും ഉണ്ടാവാതെ അകറ്റി നിര്‍ത്താറുണ്ടെന്നും പുടിന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

പുടിന്‍ മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍, അദ്ദേഹത്തിന്റെ സുരക്ഷാ സംഘം വിപുലമായ മുന്‍കരുതലുകളാണ് സ്വീകരിക്കുന്നത്. അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ മുതല്‍ കഴിക്കുന്ന ഭക്ഷണം വരെ, അദ്ദേഹം എത്തുന്നതിനുമുമ്പേ തന്നെ പരിശോധിക്കും. അദ്ദേഹം താമസിക്കുന്ന സ്ഥലങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യും. കൂടാതെ, പുടിന് വിളമ്പുന്ന ഭക്ഷണത്തില്‍, വിഷബാധയോ മറ്റ് മലിനീകരണമോ ഉണ്ടാകാനുള്ള സാധ്യത പൂര്‍ണമായും തടയുന്നതിനായി, പ്രത്യേകം പരിശോധനകള്‍ക്കും വിധേയമാക്കും.

Content Summary: Does Putin use a smartphone?

This post was last modified on December 4, 2025 2:27 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment