ആഗോള സാമ്പത്തിക മേഖലയിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്ന വിധത്തിൽ അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളായ മൂന്ന് രാജ്യങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് ആഗോള തലത്തിൽ എന്ത് പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്? ദീർഘകാലങ്ങളായി സഖ്യകക്ഷികളായ രാജ്യങ്ങൾക്കിടയിൽ വ്യാപാരയുദ്ധത്തിന് വഴിയൊരുക്കുകയും, വടക്കേ അമേരിക്കയിൽ അയൽ രാജ്യങ്ങൾക്കിടയിൽ പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ നീക്കം അമേരിക്കൻ വ്യാപാര നയത്തിലെ പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണെന്ന് പൊതുവേ അഭിപ്രായമുണ്ട്.
താരിഫ് ചുമത്തിയതിന് പിന്നിലെ കാരണങ്ങൾ, അമേരിക്കയിലും അവരുടെ വ്യാപാര പങ്കാളികളിലും ചെലുത്തുന്ന സ്വാധീനം, ആഗോള സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവ ഇവിടെ വിശദീകരിക്കുന്നു.
ട്രംപ് തീരുവ ഏർപ്പെടുത്തിയതിന്റെ കാരണങ്ങൾ
ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം തീരുവയും, മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയും ഏർപ്പെടുത്താനാണ് തീരുമാനം. കൂടാതെ കാനഡയിൽ നിന്നുള്ള ഊർജ ഇറക്കുമതികളായ എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്കും 10 ശതമാനം നികുതിയും ചുമത്തും. ഫെന്റനൈൽ ഉത്പാദനവും അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ പ്രശ്നങ്ങളാണ് തീരുവ ചുമത്തിയതിന് പിന്നിൽ എന്നാണ് ട്രംപിന്റെ വിശദീകരണം.
അമേരിക്കയുടെ വലിയ പ്രതിസന്ധികളിലൊന്ന് മയക്കുമരുത്തിന്റെ അമിതോപയോഗവും അതുമൂലമുള്ള മരണങ്ങളുമാണ് എന്നാണ് ട്രംപ് കണക്കാക്കുന്നത്. സിന്തറ്റിക് ഡ്രഗായ ഫെന്റാനിൽ ഈ ഓവർഡോസ് മരണങ്ങളുടെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്നു. ഫെന്റാനിൽ ഉദ്പാദനവും അനധികൃത കയറ്റുമതിയും തടയുന്നതിനായി ചൈനയും കാനഡയും മെക്സിക്കോയും കൂടുതൽ ശ്രദ്ധചെലുത്തുമെന്ന് ട്രംപ് ആവർത്തിച്ച് പറയാറുണ്ട്. ഇത്തരം ലഹരി മരുന്നുകളുടെ അമിതമായ ഉപയോഗത്തിൽ നിന്ന് അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിന് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ട്രംപ് പറയുന്നു.
തിരിച്ചടിച്ച് മെക്സിക്കോയും കാനഡയും
പുതുതായി ഏർപ്പെടുത്തിയ താരിഫ് വ്യാപാര ബന്ധങ്ങളെ മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും സാരമായി ബാധിക്കുമെന്ന് സൂചന നൽകിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രഖ്യാപനത്തിന് പിന്നാലെ മദ്യം, പഴവർഗങ്ങൾ തുടങ്ങി 155 ബില്യൺ ഡോളർ വരെയുള്ള അമേരിക്കൻ ഇറക്കുമതികൾക്ക് കാനഡ 25 ശതമാനം താരിഫ് പ്രഖ്യാപിച്ചു. പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ കനേഡിയൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യമാണെന്ന് സർക്കാർ വ്യക്തമാക്കി.
ക്രിമിനൽ സംഘടനകളുമായി മെക്സിക്കോയ്ക്ക് ബന്ധമുണ്ട് എന്ന ട്രംപിന്റെ ആരോപണങ്ങൾ അപകീർത്തിപ്പെടുത്തുന്നതാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കി. ഫെന്റാനിൽ പ്രതിസന്ധി പരിഹരിക്കുന്നതിനായി മെക്സിക്കോ ഇതിനോടകം തന്നെ നടപടി എടുത്തതായി ചൂണ്ടിക്കാണിച്ച ക്ലോഡിയ സ്വന്തം അതിർത്തിക്കകത്തെ മയക്കുമരുന്നിന്റെ കടന്നുവരവ് കൈകാര്യം ചെയ്യാൻ കഴിയാത്ത അമേരിക്കൻ സർക്കാരിനെ വിമർശിച്ചു. കൂടാതെ മെക്സിക്കോ അവരുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്ത് താരിഫുകളും മറ്റ് നടപടികളും ഏർപ്പെടുത്തി.
ചൈനയുടെ പ്രതികരണവും പ്രതിരോധവും
അമേരിക്കയുമായി ദീർഘകാലങ്ങളായി വ്യാപാരയുദ്ധം തുടരുന്ന രാജ്യമായ ചൈന ട്രംപിന്റെ പുതിയ നടപടിയെ വിമർശിച്ചു. താരിഫ് നടപടി അന്യായമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡൈനീസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവിശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ പുതിയ നയത്തിനെതിരെ ലോകവ്യാപാര സംഘടനക്ക് ഔപചാരികമായി പരാതി നൽകുമെന്നും ചൈനയുടെ വാണിജ്യമന്ത്രാലയം അറിയിച്ചു.
പ്രശ്നങ്ങൾക്കിടയിലും ഫെന്റനൈലിന്റെ കടന്നുകയറ്റത്തെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തങ്ങൾ മുൻപ് നടത്തിയിട്ടുള്ള ശ്രമങ്ങളെ ചൈന ചൂണ്ടിക്കാണിച്ചു. 2019 മുതൽ ഫെന്റാനിൽ നിയന്ത്രിക്കുന്നതിനും, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ അമേരിക്കയോട് സഹകരിക്കുന്നതിനും മുൻകൈ എടുത്തിട്ടുള്ളതായി ചൈന വാദിച്ചു. സ്വന്തം അതിർത്തിക്കുള്ളിലെ മയക്കുമരുന്ന് പ്രശ്നത്തെ പരിഹരിക്കാൻ അമേരിക്കയെ വെല്ലുവിളിക്കുകയും ചെയ്തു.
സാമ്പത്തിക ആഘാതത്തിനുള്ള സാധ്യത
താരിഫ് ചുമത്തിയത് അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെങ്കിലും ഇത് വലിയ അപകടത്തിനുള്ള സാധ്യത തുറന്ന് കാണിക്കുകയാണ്. പണപ്പെരുപ്പം ഉയരാനുള്ള സാധ്യതതയാണ് പ്രധാന ആശങ്കകളിലൊന്ന്. യേലിന്റെ ബജറ്റ് ലാബിന്റെ വിശകലനം പരിശോധിക്കുമ്പോൾ, താരിഫ് ഒരു ശരാശരി കുടുംബത്തിന്റെ 1,170 ഡോളറോളം വരുമാനം നഷ്ടപ്പെടുത്തുമെന്ന് മനസിലാകുന്നു. പലചരക്ക്, ഗ്യാസോലിൻ, ഓട്ടോമൊബൈൽ തുടങ്ങിയ സാധനങ്ങളുടെ വില ഉയരുന്നത് അമേരിക്കയിലെ ഉപഭോക്താക്കളിൽ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
മെക്സിക്കൻ, കനേഡിയൻ ഇറക്കുമതികളുടെ, പ്രത്യേകിച്ച് കനേഡിയൻ തടി പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ മേൽ താരിഫ് ചുമത്തപ്പെടുന്നത്, ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഈ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിക്കുന്ന വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. വീട് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലക്കയറ്റം, അതിന്റെ ചിലവ് വർധിപ്പിക്കുന്നത് പോലെയും, ഓട്ടോ പാർട്സുകളിൽ ഏർപ്പെടുത്തുന്ന താരിഫ് വാഹനത്തിന്റെ വില വർധനവിന് കാരണമാകുന്നത് പോലെയും.
പണപ്പെരുപ്പത്തിന് പുറമേ, താരിഫുകൾ അമേരിക്കൻ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കും. മറ്റ് വിദേശ രാജ്യങ്ങൾ അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുകയാണെങ്കിൽ, അമേരിക്കൻ ബിസിനസുകാരുടെ കച്ചവടത്തെ അത് സാരമായി ബാധിക്കും. ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ കൂടുതൽ മന്ദഗതിയിലാക്കാൻ കാരണമാകുന്നു.
രാഷ്ട്രീയ പ്രത്യാഘാതങ്ങൾ; ഡെമോക്രാറ്റുകളുടെ കാഴ്ച്ചപ്പാട്
പ്രതീക്ഷിച്ചത് പോലെ, ഈ നീക്കം ഡെമോക്രാറ്റിക് നേതാക്കളിൽ വലിയ അതൃപ്തിയുണ്ടാക്കി. താരിഫ് ദൈന്യംദിന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന വലിയ വിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന് സെനറ്റ് ഡെമോക്രറ്റിക് നേതാവ് ചക്ക് ഷുമർ ചൂണ്ടിക്കാണിച്ചു. അമേരിക്കൻ പൗരന്മാർക്കിടയിൽ താരിഫിന്റെ പ്രതിഫലനം ഉടൻ അനുഭവപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തക്കാളി, പലചരക്ക്, കാറുകൾ എന്നീ ഉൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റം വരുത്തുമെന്നും ഷുമർ പറഞ്ഞു.
ഇതേ വികാരം തന്നെയാണ് മറ്റ് ഡെമോക്രാറ്റിക് എം.പിമാരും പ്രകടിപ്പിക്കുന്നത്. ട്രംപിന്റെ സാമ്പത്തിക നയങ്ങൾ ആദ്യടേമിൽ വോട്ടർമാർ അദ്ദേഹത്തിനുമേൽ അർപ്പിച്ച വിശ്വാസത്തെ ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു. അവശ്യ സാധനങ്ങളുടെ വില കുറയ്ക്കുമെന്ന ട്രംപിന്റെ വാദഗ്ദാനങ്ങളെ പലരും പിന്തുണച്ചിരുന്നുവെങ്കിലും താരിഫ് നടപടി ഇതിനെയെല്ലാം പഴയ നിലയിലെത്തിക്കുമെന്ന് കരുതുന്നു.
അമേരിക്കൻ വ്യവസായങ്ങളെ ബാധിക്കുന്നതെങ്ങനെ?
അമേരിക്കയിൽ പൊതുവേ കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്നത് കാനഡയിൽ നിന്നുള്ള ലമ്പർ തടിയാണ്. തടിയ്ക്ക് 25 ശതമാനം താരിഫ് ചുമത്തുന്നതിലൂടെ ഭവന നിർമാണത്തിന്റെ ചിലവ് വർധിക്കുന്നു. ചൈനയിൽ നിന്നോ മെക്സിക്കോയിൽ നിന്നുമുള്ള വസ്തുക്കളെ ആശ്രയിക്കുന്ന വ്യവസായികൾക്ക് വലിയ സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നു. ആഗോളതലത്തിൽ അമേരിക്കൻ വ്യവസായികളുടെ മത്സരക്ഷമതയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ, അസംസ്‌കൃത വസ്തുക്കൾക്ക് നികുതി ചുമത്തുന്നതിന് പിന്നിലെ ന്യായവാദങ്ങളെ ചില വ്യാപാര വിദഗ്ദർ ചോദ്യം ചെയ്തു. വ്യവസായികൾക്ക് കുറഞ്ഞ ഇൻപുട്ട് ലഭിക്കുന്നതിനായി സാധാരണ ഗതിയിൽ അസംസ്‌കൃത വസ്തുക്കൾക്ക് താരിഫ് കുറവാണ് ചുമത്തുന്നത് എന്ന് അമേരിക്കയുടെ മുൻ വ്യാപാര ഉദ്യോഗസ്ഥൻ വില്യം റെയിൻഷ് വ്യക്തമാക്കി. ഇത്തരം സാധനങ്ങളെ ഉദേശം വച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവിലെ സാമ്പത്തിക യുക്തിയും ചോദ്യം ചെയ്യപ്പെടുകയാണ്.
ഇനിയെന്ത്? എന്താണ് അമേരിക്കൻ വ്യാപാര നയത്തിന്റെ ഭാവി?
ഈ എക്സിക്യൂട്ടീവ് ഉത്തരവ് ഒരു തുടക്കം മാത്രമാണ്. താരിഫ് പ്രഖ്യാപനത്തിന് മുൻപുള്ള ദിവസങ്ങളിൽ, കമ്പ്യൂട്ടിങ് ചിപ്പുകൾ, സ്റ്റീൽ, ഓയിൽ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ എന്നീ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് വടക്കേ അമേരിക്കയുടെ അയൽരാജ്യങ്ങളെ ബാധിക്കുമെന്നതിനപ്പുറം വ്യാപാരബന്ധങ്ങളെയും സാരമായി ബാധിക്കും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ചുമത്തുന്നതിനെക്കുറിച്ച് ട്രംപ് സൂചനകൾ നൽകിയിരുന്നു. ഇത് ആഗോള തലത്തിൽ വ്യാപാര സംഘട്ടനത്തിന് വഴിയൊരുക്കാം. പല രാജ്യങ്ങളും ഇതിനകം തന്നെ അമേരിക്കൻ സംരക്ഷണ നയങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്.
ഇന്ത്യയെ ഒഴിവാക്കിയ നടപടിയും വ്യാപാര ബലതന്ത്രങ്ങളും
”താരിഫ് കിങ്” എന്നാണ് ഇന്ത്യയെ പലപ്പോഴും ട്രംപ് വിമർശിച്ചിരുന്നതെങ്കിലും ഇറക്കുമതി തീരുവയിൽ നിന്ന് രാജ്യത്തെ ഒഴിവാക്കി. അമേരിക്കൻ വ്യാപാര ഓഹരിയുടെ 3.2 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുണ്ടാകുന്നത്. കാനഡ, ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളെക്കാൾ വളരെ പിറകിൽ. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോർസൈക്കിളുകളുടെ താരിഫ് കുറക്കുന്ന നയപരമായ മാറ്റം ഈയിടെ ഇന്ത്യ കൊണ്ടുവന്നിരുന്നു. ഇത് അമേരിക്കൻ ഭരണകൂടത്തിനെ സംതൃപ്തി പെടുത്തിയോ എന്നത് ഇനിയും കാത്തിരുന്ന് കാണണം. കൂടുതൽ അമേരിക്കൻ നിക്ഷേപകരെ ആകർഷിക്കാനും ഇന്ത്യ ശ്രമിച്ചിരുന്നു, പ്രത്യേകിച്ച് ആണവോർജ രംഗത്ത്. ഇതൊക്കെയാണെങ്കിലും അമേരിക്കയുടെ മൊത്ത വ്യാപരരംഗത്ത് ഇന്ത്യയുടെ ഓഹരി തുലോം തുച്ഛമായത് കൊണ്ട് ഇപ്പോൾ പ്രതിസന്ധികളില്ല.
വെല്ലുവിളി നിറഞ്ഞ വ്യാപാര ബന്ധങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം
മെക്സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങൾക്ക് ചുമത്തിയ ഇറക്കുമതി തീരുവ അമേരിക്കൻ വ്യാപാര നയത്തിലെ നാടകീയ മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ്. അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഈ നടപടികൾ അനിവാര്യമാണെന്ന് ട്രംപിന്റെ അനുയായികൾ വാദിക്കുമ്പോൾ, അതിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് വിമർശകർ. ഈ നടപടിയോടുള്ള മറുപടി എന്ന നിലയിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ മൂന്ന് രാജ്യങ്ങളും ഏർപ്പെടുത്തുന്ന ഇറക്കുമതി തീരുവ നടപ്പായി കഴിഞ്ഞു. സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള ആശങ്കയും വിലക്കയറ്റവും മുന്നിൽ കാണുമ്പോൾ അമേരിക്ക ഒരു വെല്ലുവിളി നിറഞ്ഞ കാലത്തെ അഭിമുഖീകരിക്കാൻ പോവുകയാണ് എന്നാണ് സൂചന.
ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഇറക്കുമതി തീരുവ വിജയമോ പരാജയമോ എന്ന് നിശ്ചയിക്കുന്നത് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്കോ പ്രധാന വ്യാപാര പങ്കാളികളുമായുള്ള ബന്ധത്തിനോ കാര്യമായ ദോഷം വരാതെ അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചാണ്. ആഗോള സമ്പദ് വ്യവസ്ഥയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, ട്രംപിന്റെ അയൽരാജ്യങ്ങൾക്കും വ്യാപാര പങ്കാളികൾക്കും എതിരായ നീക്കത്തിന്റെ യഥാർത്ഥ ആഘാതം അടുത്ത കുറച്ച് മാസങ്ങളിൽ തന്നെ മനസിലാക്കാൻ കാഴിയും.
content summary; Donald Tariff war: What it means for the world and India